Image

സര്‍ക്കാര്‍ പിടിച്ചുപറി അവസാനിപ്പിക്കണം: വി.ടി. ബല്‍റാം എം.എല്‍.എ

Published on 19 September, 2018
സര്‍ക്കാര്‍ പിടിച്ചുപറി അവസാനിപ്പിക്കണം: വി.ടി. ബല്‍റാം എം.എല്‍.എ
VT Balram 

സാലറി ചലഞ്ച് എന്ന പേരിലുള്ള legalised plunder അഥവാ നിയമമാക്കപ്പെട്ട പിടിച്ചുപറിയില്‍ നിന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണം. ഇതിനുവേണ്ടി ഇറക്കിയ അസംബന്ധ ഉത്തരവ് പിന്‍വലിക്കണം. ഒരക്ഷരം മിണ്ടാതുരിയാടാതെ, 'പക്ഷേ' എന്ന് പറയാതെ, ഒരു മാസത്തെ ശമ്പളം കണ്ണുമടച്ച് എടുത്തുനല്‍കാന്‍ എല്ലാ ഉദ്യോഗസ്ഥരും തയ്യാറാകണം എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. സോഷ്യല്‍ പ്രഷറൈസേഷനും ഇമോഷണല്‍ ബ്ലാക്‌മെയിലിംഗും നേരിട്ടുള്ള ഭീഷണിയും സ്ഥലം മാറ്റമടക്കമുള്ള പ്രതികാര നടപടികളുമൊക്കെക്കഴിഞ്ഞ് മോബ് ലിഞ്ചിംഗ് വരെ എത്തിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും ഇത് നമുക്ക് തുറന്ന് പറഞ്ഞേ മതിയാവൂ:

1) ജനങ്ങള്‍ സര്‍ക്കാരിന് നിര്‍ബ്ബന്ധമായും കൊടുക്കാന്‍ ബാധ്യതപ്പെട്ടത് നികുതി മാത്രമാണ്. നിയമസഭയില്‍ നിര്‍ദ്ദേശ രൂപത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച് അതിന്മേല്‍ സഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ചാണ് നികുതികള്‍ ഈടാക്കേണ്ടത്. നിയമസഭയുടെ (അതുവഴി ഇന്‍ഡയറക്റ്റായി ജനങ്ങളുടെ തന്നെ) അംഗീകാരമുള്ള നികുതി പിരിവുകളിലൂടെ ധനസമാഹരണം നടത്താനേ അടിസ്ഥാനപരമായി ഒരു ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിന് അധികാരമുള്ളൂ.

അതിനു പുറമേ വ്യക്തികള്‍ സ്വന്തം ഇഷ്ടപ്രകാരം മനസ്സറിഞ്ഞ് നല്‍കുന്ന സംഭാവനകള്‍ സര്‍ക്കാരിന് പൊതു ആവശ്യത്തിനായി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അതില്‍ ഒരു തരത്തിലുള്ള നിര്‍ബ്ബന്ധവും ചെലുത്താന്‍ സര്‍ക്കാരിന് അധികാരമില്ല. നിര്‍ബ്ബന്ധമെന്നത് പ്രത്യക്ഷത്തിലുള്ളത് മാത്രമല്ല, തൊഴിലിടങ്ങളിലും സമൂഹത്തിലും ചെലുത്തപ്പെടുന്ന അദൃശ്യ സമ്മര്‍ദ്ദങ്ങളും അതിന്റെ ഭാഗം തന്നെയാണ്. ഒരു മാസത്തെ ശമ്പളം നല്‍കാത്തവര്‍ മുഴുവന്‍ മോശക്കാരാണെന്നും അവര്‍ നാടിനോട് കൂറില്ലാത്തവരാണെന്നും വരുത്തിത്തീര്‍ത്ത് നേരിട്ടും അല്ലാതെയും അവഹേളിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ല.

2) സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനായുള്ള സൗകര്യം ചെയ്തു കൊടുക്കുക, ഓണ്‍ലൈനായും ഓഫ് ലൈനായും പണമടക്കാനുള്ള ഗേറ്റ് വേകള്‍ സൃഷ്ടിക്കുക എന്നതൊക്കെയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നേരെ തലതിരിഞ്ഞ രൂപത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ്. 'ഞങ്ങളിതാ ശമ്പളം പിടിക്കാന്‍ പോവുന്നു, ധൈര്യമുള്ളവര്‍ പറ്റില്ല എന്ന് പറ' എന്നമട്ടിലുള്ള ഈ ഉത്തരവ് കേട്ടുകേള്‍വി ഇല്ലാത്തതാണ്. നോ എന്ന് പറയുന്നത് ഒരുപാട് റിസ്‌ക്കുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം എന്ന വീക്ക്‌നെസാണ് സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്.

3) സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതെന്നല്ല, ആരുടേയും ശമ്പളം അവരവര്‍ പണിയെടുക്കുന്നതിന്റെ കൂലിയാണ്. 'സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്ന' ജീവനക്കാര്‍ ഈ ആപത്തുകാലത്ത് സര്‍ക്കാരിനെ സഹായിക്കാന്‍ ബാധ്യസ്ഥരാണ് എന്നമട്ടില്‍ മന്ത്രിമാര്‍ വരെ പരസ്യമായി നിര്‍ബ്ബന്ധം ചെലുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. ആരെയെങ്കിലുമൊക്കെ തീറ്റിപ്പോറ്റാന്‍ വേണ്ടി സര്‍ക്കാര്‍ കൊണ്ടുനടക്കുന്ന ഒരു ഏര്‍പ്പാടല്ല ഉദ്യോഗസ്ഥരടങ്ങുന്ന സിവില്‍ സര്‍വ്വീസ്. മറിച്ച്, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളുടെ ഡെലിവറിക്കായി നിയമാനുസൃതം നിയമിക്കപ്പെട്ട് ആ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഉദ്യോഗസ്ഥര്‍. അവരുടെ ശമ്പളം അവരുടെ അധ്വാനത്തിന്റെ മൂല്യമാണ്, ആരുടേയും ഔദാര്യമല്ല.

4) ഇനി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വാങ്ങുന്ന ശമ്പളം അവര്‍ ചെയ്യുന്ന സേവനവുമായി തുലനം ചെയ്യുമ്പോള്‍ കൂടുതലാണ് എന്ന് സര്‍ക്കാരിന് അഭിപ്രായമുണ്ടെങ്കില്‍ അത് തുറന്ന് പറയണം. അധികശമ്പളവും മറ്റ് അമിത ആനുകൂല്യങ്ങളും നിയമാനുസൃതം തന്നെ വെട്ടിക്കുറക്കണം. അത് ചെയ്യാതെ ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളം പിടിച്ചെടുക്കുന്നത് തോന്ന്യാസമാണ്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കുറിച്ചും അവരുടെ ശമ്പളത്തേക്കുറിച്ചുമൊക്കെ പല അഭിപ്രായങ്ങളുമുണ്ടാകാം. എന്നാല്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിയമിക്കുന്ന ശമ്പള പരിഷ്‌ക്കരണ കമ്മീഷനുകള്‍ പഠിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിട്ടാണ് ഇപ്പോഴത്തെ ശമ്പളവും ആനുകൂല്യങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ആള്‍ക്കൂട്ടത്തിന്റെ പൊതുബോധത്തിനൊപ്പമല്ല, നിയമാനുസൃതവും ജനാധിപത്യപരവുമായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. ഈ പ്രളയകാലത്ത് അപൂര്‍വ്വം ചിലരൊഴിച്ചാല്‍ റവന്യൂ, പഞ്ചായത്ത്, പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം തുടങ്ങി എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായ സേവനങ്ങളാണ് നാടിന് നല്‍കിയത്. അതാണ് അവരുടെ ഉത്തരവാദിത്തം, അല്ലാതെ ശമ്പളം സര്‍ക്കാരിന് തിരിച്ച് നല്‍കലല്ല.

5) കേരളത്തിലെ ഒരു മാസത്തെ ശമ്പളച്ചെലവ് ഏതാണ്ട് 3200 കോടി രൂപയാണ്. അതായത് മുഴുവന്‍ ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം വിട്ടുനല്‍കിയാലും പരമാവധി സര്‍ക്കാരിന് ലഭിക്കാന്‍ പോകുന്നത് ആ തുകയാണ്. എന്നാല്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനാവശ്യം ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപ ആണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറയുന്നു. 75,000 മുതല്‍ ഒരു ലക്ഷം കോടി വരെ വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്കും പറയുന്നു. അതായത് എത്ര മെനക്കെട്ടാലും ആവശ്യമുള്ളതിന്റെ വെറും 5 ശതമാനം മാത്രമേ ഈ സാലറി ചലഞ്ച് വഴി സമാഹരിക്കാന്‍ കഴിയുകയുള്ളൂ. ബാക്കി 95% തുക സര്‍ക്കാര്‍ എങ്ങനെയാണ് കണ്ടെത്താന്‍ പോകുന്നത്? നനഞ്ഞ ഇടം കുഴിക്കുക എന്നതിനപ്പുറം യുക്തിസഹമായ എന്തെങ്കിലും മാര്‍ഗം സര്‍ക്കാരില്‍ നിന്ന് ഇതുവരെ നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

6) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊട്ടിഘോഷിച്ച് പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തില്‍ ഏതാണ്ട് 6500 കോടി രൂപ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും അതിന്റെ പിന്നില്‍ അഴിമതി ആണെന്നും ആരോപിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ പാതി കാലാവധി പിന്നിടുമ്പോള്‍ ഈ കുടിശ്ശികയില്‍ നിന്ന് എത്ര രൂപ പിരിച്ചെടുത്തു എന്ന് ധനകാര്യ വിദഗ്ദന്‍ കൂടിയായ മന്ത്രി തോമസ് ഐസക്കിന് കണക്കുകള്‍ സഹിതം പറയാന്‍ സാധിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ പിരിച്ചെടുക്കാത്ത നികുതി കുടിശ്ശിക ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതും അഴിമതിയുടെ ഭാഗമാണോ? കിട്ടാനുള്ള നികുതി പിരിച്ചെടുക്കാതെ ജീവനക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നതാണോ 'ജനപക്ഷ സര്‍ക്കാരി'ന്റെ ബദല്‍ സാമ്പത്തിക നയം?

7) കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിനാവശ്യമായ സഹായം ഇതുവരെ ലഭിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് സംസ്ഥാന താത്പര്യം ഉയര്‍ത്തിപ്പിടിച്ച് കേന്ദ്രത്തോട് ശക്തമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ല? കേന്ദ്രം ഇടങ്കോലിട്ടതിനാല്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന യുഎഇ യുടെ 700 കോടി അടക്കമുള്ള വിദേശ സഹായങ്ങളും ഇല്ലാതാവുന്ന ലക്ഷണമാണ് കാണുന്നത്. ഇത്രയൊക്കെയായിട്ടും ശക്തമായ കേന്ദ്ര വിരുദ്ധ സമരത്തിന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നിട്ടിറങ്ങാത്തത് എന്താണ്? ജീവനക്കാരോട് കാണിക്കുന്ന തിണ്ണമിടുക്ക് കേന്ദ്രത്തിന് മുന്നിലെത്തുമ്പോള്‍ മുട്ടിലിഴയലാവുന്നത് അപഹാസ്യമാണ്.

8.) പ്രതിപക്ഷമടക്കം എത്രയോ പേര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും CMDRF നു പകരം പുനര്‍നിര്‍മ്മാണാവശ്യത്തിനായി ഒരു പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന സുപ്രധാന നിര്‍ദ്ദേശം സര്‍ക്കാര്‍ ധിക്കാരപൂര്‍വ്വം അവഗണിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാവുന്നില്ല. ഒരു മാസത്തെ ശമ്പളം തരാം, പക്ഷേ അത് പ്രത്യേക അക്കൗണ്ടിലേക്കേ നല്‍കൂ എന്ന് ഏതെങ്കിലും ഒരു ജീവനക്കാരന്‍ പറഞ്ഞാല്‍ എന്ത് ന്യായമാണ് സര്‍ക്കാരിന് തിരിച്ചു പറയാനുള്ളത്?

9) പ്രളയ ദുരന്തം കഴിഞ്ഞ് ഒരു മാസമായിട്ടും കേവലം പതിനായിരം രൂപയുടെ അടിയന്തര സഹായം പോലും ഇനിയും ആയിരക്കണക്കിനാളുകള്‍ക്ക് ലഭിച്ചിട്ടില്ല. അങ്ങേയറ്റം നാശനഷ്ടങ്ങളുണ്ടായ നിരവധി വില്ലേജുകള്‍ ഇപ്പോഴും സര്‍ക്കാര്‍ ഔദ്യോഗികമായി ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്ര ഉദാസീന സമീപനം പുലര്‍ത്തുന്ന, കഴിവുകെട്ട ഒരു സര്‍ക്കാരിനെ എങ്ങനെയാണ് ഒരു സാധാരണ കേരളീയന്‍ വിശ്വസിക്കാന്‍ തയ്യാറാവുക?

10) സര്‍ക്കാരിന്റെ സ്വന്തം അധികച്ചെലവുകളും ധൂര്‍ത്തും അല്‍പ്പമെങ്കിലും വെട്ടിക്കുറക്കാനുള്ള ഒരു നടപടി പോലും ഈ സമയത്തിനുള്ളില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നും കാണേണ്ടതാണ്. പുതിയ മന്ത്രി നിയമനം മുതല്‍ 66 ലക്ഷം രൂപയുടെ വെബ്‌സൈറ്റ് നിര്‍മ്മാണവും ആഡംബര വാഹനം മോടിപിടിപ്പിക്കലുമൊക്കെയായി ധൂര്‍ത്തും പാഴ്‌ച്ചെലവുകളും അരങ്ങു തകര്‍ക്കുമ്പോള്‍ തങ്ങളുടെ ചോര നീരാക്കിയ വരുമാനം എന്തിന് ഈ സര്‍ക്കാരിന് നല്‍കുന്നു എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

അതുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി പറയുന്നു, സര്‍ക്കാര്‍ പിടിച്ചുപറി അവസാനിപ്പിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക