Image

ആഫ്രിക്കയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി, തീവ്രവാദികളെന്ന് സംശയം

Published on 19 September, 2018
ആഫ്രിക്കയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി, തീവ്രവാദികളെന്ന് സംശയം
നിയാമെ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഇറ്റാലിയന്‍ മിഷ്ണറി കത്തോലിക്ക വൈദികനെ തട്ടികൊണ്ട് പോയി. സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ് (ടഅങ) അംഗമായ ഫാ. പിയര്‍ലുയിജി മക്കാലിയെയാണ് സെപ്റ്റംബര്‍ പതിനേഴ് അര്‍ദ്ധരാത്രി മുതല്‍ കാണാതായിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാണ് തിരോധാനത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. നിയാമെയില്‍ മിഷ്ണറിയായി സേവനമനുഷ്ഠിക്കുന്ന ഫാ. മൗറോ അര്‍മാനിനോ എന്ന മറ്റൊരു വൈദികനാണ് തട്ടികൊണ്ടുപോയ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി മാലി, ബുര്‍ക്കിന ഫസോ എന്നിവിടങ്ങളിലെ തീവ്രവാദികളുടെ സാന്നിദ്ധ്യം മൂലം നിയാമെയില്‍ അരക്ഷിതാവസ്ഥ രൂക്ഷമായിരിന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ക്രേമ രൂപതാംഗമായ ഫാ. മക്കാലി നേരത്തെ ഐവറി കോസ്റ്റില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന്, നിയാമെയില്‍ ബൊമാങ്ക ഇടവക വികാരിയായിരിക്കെയാണ് അദ്ദേഹത്തിന്റെ തിരോധാനം. സുവിശേഷവത്ക്കരണം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങള്‍, യുവകര്‍ഷക പരിശീലനം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചിരിന്നു. തലസ്ഥാന നഗരിയില്‍ നിന്നും നൂറ്റിയിരുപത്തിയഞ്ച് കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ഗോര്‍മന്‍സിലാണ് സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ് വൈദികരുടെ ആശ്രമം.

കാര്‍ഷിക മേഖലയായ പ്രദേശത്തെ ജനസംഖ്യ മുപ്പതിനായിരത്തോളമാണ്. തൊണ്ണൂറുകളില്‍ സ്ഥാപിതമായ മിഷന്‍ കേന്ദ്രത്തില്‍ ഇരുപതോളം മിഷ്ണറിമാര്‍ ശുശ്രൂഷ ചെയ്ത് വരുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുകയും ദാരിദ്രനിര്‍മ്മാര്‍ജനം, ആരോഗ്യപരിപാലനം, സാക്ഷരത പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയവ അടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നൈജറിലെ കത്തോലിക്ക സഭ നടത്തിവരുന്നത്. ഇതിനിടെയാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപ്പോയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക