Image

189 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന എയര്‍ ഇന്ത്യ ബോയിങ് വിമാനം ഇന്ന് കണ്ണൂരില്‍ ഇറങ്ങും

Published on 19 September, 2018
189 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന എയര്‍ ഇന്ത്യ ബോയിങ് വിമാനം ഇന്ന് കണ്ണൂരില്‍ ഇറങ്ങും
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് വിമാനമിറങ്ങും. വിമാനത്താവളത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്തിമപരിശോധന പൂര്‍ത്തിയായി. ബുധനാഴ്ച വൈകീട്ടോടെയാണ് രണ്ടു ദിവസത്തെ പരിശോധന പൂര്‍ത്തിയാക്കി വിദഗ്ധസംഘം മടങ്ങിയത്. റണ്‍വേയില്‍ യാത്രാവിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ നടക്കും. 189 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിന് കണ്ണൂരിലെത്തുന്നത്.
രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം 9.45ഓടെ വിമാനത്താവളത്തിലെ റണ്‍വേയിലിറങ്ങും. പലതവണ ലാന്‍ഡിങ് നടത്തിയാണ് പരീക്ഷണപ്പറക്കല്‍ നടത്തുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.
വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ടോള്‍ സ്‌റ്റേഷനും അനുബന്ധ സംവിധാനങ്ങളുമാണ് ഡി.ജി.സി.എ. സംഘം രണ്ടാം ദിവസം പരിശോധിച്ചത്. റിപ്പോര്‍ട്ട് പരിഗണിച്ച് ഈമാസം തന്നെ കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ ആദ്യം മുതല്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയും.
ഡി.ജി.സി.എ. പരിശോധനപൂര്‍ത്തീകരിച്ചതോടെ കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും. കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ച് എയര്‍പോര്‍ട്ട് അഥോറിറ്റി നടത്തിയ പരിശോധനകളെ തുടര്‍ന്ന് തയ്യാറാക്കിയ ഇന്‍സ്ട്രമെന്റ് അപ്രോച്ച് നടപടി അനുസരിച്ചാണ് വിമാനം ലാന്റിങ് നടത്തുക.
കേരളപ്പിറവി ദിനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടനം നടത്താനും ശിശുദിനത്തില്‍ സര്‍വ്വീസ് ആരംഭിക്കാനുമുള്ള ഒരുക്കത്തിലാണ് അധികൃതര്‍. എന്നാല്‍ എയര്‍ ഇന്ത്യ സര്‍വ്വീസിന്റെ ഷെഡ്യൂള്‍ പുറത്ത് വിട്ട് ഒന്നാമതായി രംഗത്ത് ഇറങ്ങിയിരിക്കയാണ്. ഒക്ടോബര്‍ 29 ന് പ്രാവര്‍ത്തികമാവത്തക്ക ഷെഡ്യൂള്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. അന്തിമാനുമതി ലഭിച്ചാല്‍ ദിവസങ്ങള്‍ക്കകം ഷെഡ്യൂള്‍ തീയ്യതിയും സമയവും തീരുമാനിക്കാമെന്നാണ് അവര്‍ ലക്ഷ്യമിടുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസുകളുടെ കാര്യത്തിലും തീരുമാനമാകും. ആദ്യഘട്ടത്തില്‍ അബുദാബി, ദുബായ്, ഒമാന്‍, മസ്‌ക്കറ്റ്, ഷാര്‍ജ, റിയാദ്, ദമാം, എന്നീ ഏഴ് രാജ്യങ്ങളിലേക്കാണ് വിമാന സര്‍വ്വീസ് നടത്തുക. ദിവസം മൂന്ന് സര്‍വ്വീസെങ്കിലും ഉണ്ടാകും.
എയര്‍ ഇന്ത്യക്ക് പുറമേ ജറ്റ് എയര്‍വേസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍, കസ്റ്റംസ് പരിശോധനാ സംവിധാനം, സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇന്‍സ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്റ് അഥോറിറ്റി, ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി എന്നീ പരിശോധനയെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക