Image

ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത്‌ നിന്നും മാറ്റണമെന്ന്‌ ഡിവൈഎഫ്‌ഐ

Published on 21 September, 2018
ചിന്ത ജെറോമിനെ  യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത്‌ നിന്നും മാറ്റണമെന്ന്‌ ഡിവൈഎഫ്‌ഐ


കോട്ടയം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ തല്‍സ്ഥാനത്ത്‌ നിന്നും മാറ്റണമെന്നു ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

കഴിഞ്ഞ രണ്ടു ദിവസമായി കിടങ്ങൂരില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയിലാണ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവു കൂടിയായ ചിന്ത ജെറോമിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുണ്ടായത്‌. യുവജന കമ്മീഷന്‍ എന്ന സുപ്രധാനമായ സ്ഥാനത്ത്‌ ഇരുത്താന്‍ കൊള്ളാത്ത ആളാണു ചിന്ത ജെറോമെന്നാണ്‌ ഭൂരിഭാഗം പ്രതിനിധികളും ചര്‍ച്ചയില്‍ വിമര്‍ശനമുന്നയിച്ചത്‌.

യുവജന കമ്മീഷന്‍ അധ്യക്ഷയ്‌ക്ക്‌ കമ്മീഷന്‍ ആസ്ഥാനത്ത്‌ ഇരിക്കാന്‍ നേരമില്ലെന്നും ബ്യൂട്ടിപാര്‍ലറിലാണു കൂടുതല്‍ സമയമെന്നും വനിതാ പ്രതിനിധി ചര്‍ച്ചയില്‍ പറഞ്ഞു.

യുവജന കമ്മീഷന്‍ എന്ന നിലയില്‍ യുവജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിലും കമ്മീഷന്‍ അധ്യക്ഷ ഇടപെടാറില്ല. ചാനല്‍ ചര്‍ച്ചയിലും പ്രസംഗങ്ങളിലും ഫേസ്‌ ബുക്കിലൂടെയും അനാവശ്യവിവാദങ്ങളുണ്ടാക്കി യുവജനപ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. പലപ്പോഴും ചര്‍ച്ച അതിരുവിടുന്ന രീതിയിലെത്തിയപ്പോള്‍ പ്രസീഡിയം ഇടപെടുകയായിരുന്നു.

അധ്യക്ഷ സ്ഥാനത്തുനിന്നും ചിന്തയെ മാറ്റണമെന്നാണു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെയും സമ്മേളത്തില്‍ വിമര്‍ശനമുയര്‍ന്നു വനിതാ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പാര്‍ട്ടി ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നു പ്രതിനിധികള്‍ പറഞ്ഞു.

ഇടതു സര്‍ക്കാര്‍ യുവജനങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ്‌ തയാറാകുന്നില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡന്റ്‌ എ.എന്‍. ഷംസീറിനും എം. സ്വരാജ്‌ എംഎല്‍എയ്‌ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. രണ്ടു പേരും എംഎല്‍എമാരായതിനാല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം.

ജില്ലാ കമ്മിറ്റിയുടെ സമര രീതികളെക്കുറിച്ചും വിമര്‍ശനമുണ്ടായി പലസമരങ്ങളിലും യുവജന പ്രാതിനിധ്യം കുറയുന്നതായും വഴിപാട്‌ സമരങ്ങളാണു പലതെന്നും ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു.

38 എന്ന പ്രായപരിധി കര്‍ശനമാക്കിയാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. ജില്ലാ സെക്രട്ടേറിയേറ്റില്‍നിന്ന്‌ ഏഴു പേരെ ഒഴിവാക്കി. 19 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണു പുതിയ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചത്‌.

വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടു വനിതകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതേ സമയം ജില്ലാ ട്രഷററായിരുന്ന സി.പി.ജയരാജ്‌, ജില്ലാ പഞ്ചായത്തംഗം കെ.കെ.രജ്ഞിത്ത്‌, കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള വി.എന്‍. രാജേഷ്‌ എന്നിവരെ ഒഴിവാക്കിയത്‌ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്‌. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനു തന്നെയാണ്‌ ഡിവൈഎഫ്‌ഐയുടെ ചുമതല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക