Image

കേരള പുനര്‍നിര്‍മാണം : ജിഎസ്‌ടി സെസ്‌ പരിഗണനയില്‍

Published on 21 September, 2018
കേരള പുനര്‍നിര്‍മാണം : ജിഎസ്‌ടി സെസ്‌ പരിഗണനയില്‍

ന്യൂഡല്‍ഹി: കേരള പുനര്‍നിര്‍മാണത്തിനുള്ള മൂലധനചെലവുകള്‍ക്ക്‌ പണം കണ്ടെത്താന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ജിഎസ്‌ടിയില്‍ സെസ്‌ ചുമത്തുന്നത്‌ പരിഗണിക്കുമെന്ന്‌ കേന്ദ്രം ഉറപ്പുനല്‍കിയതായി ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചില ഉല്‍പ്പന്നങ്ങള്‍ക്കുമാത്രമായി നിശ്ചിത കാലയളവിലേക്ക്‌ ചെറിയ നിരക്കില്‍ സെസ്‌ ഈടാക്കാനാണ്‌ ആലോചന. കേരളത്തിന്‌ വായ്‌പാപരിധി ഉയര്‍ത്തിനല്‍കുന്ന കാര്യത്തിലും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ക്രിയാത്മകനിലപാട്‌ സ്വീകരിച്ചതായി തോമസ്‌ ഐസക്‌ പറഞ്ഞു.

ജിഎസ്‌ടിയില്‍ 10 ശതമാനം സെസ്‌ ചുമത്താന്‍ അനുവദിക്കണമെന്ന്‌ കേന്ദ്രധനമന്ത്രി, സാമ്പത്തികകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ധനവ്യയ സെക്രട്ടറി എന്നിവരുമായുള്ള ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജിഎസ്‌ടി സോഫ്‌റ്റ്‌വെയറില്‍ ഇതിനുവേണ്ടി മാറ്റം വരുത്തുന്നത്‌ നൂലാമാലകള്‍ സൃഷ്ടിച്ചേക്കാം. സെസ്‌ ഈടാക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ കേസും നിലവിലുണ്ട്‌.
ഈ സാഹചര്യത്തില്‍ പ്രകൃതിക്ഷോഭ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സെസ്‌ ഈടാക്കാന്‍ ഓര്‍ഡിനന്‍സ്‌ ഇറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്റെ വിശദാംശങ്ങള്‍ 28ന്‌ ചേരുന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യും. കേരളം 10 ശതമാനം സെസ്‌ വഴി സമാഹരിക്കാന്‍ ലക്ഷ്യമിട്ട തുകയ്‌ക്ക്‌ തുല്യമായ പണം കേന്ദ്രം എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഈടാക്കിനല്‍കും. 2,000 കോടിയോളം രൂപ ഇതുവഴി ലഭിക്കുമെന്ന്‌ കണക്കാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക