Image

ഗുരുവിനെ തിരിച്ചറിയേണ്ട വഴികള്‍(അശോകന്‍ വേങ്ങശേരി)

അശോകന്‍ വേങ്ങശേരി Published on 21 September, 2018
ഗുരുവിനെ തിരിച്ചറിയേണ്ട വഴികള്‍(അശോകന്‍ വേങ്ങശേരി)
(സെപ്റ്റംബര്‍ 21 നു ശ്രീനാരായണഗുരുവിന്റെ മഹാസമാധി ദിനം ആചരിക്കപ്പെടുന്നു)

നന്നാവുക എന്നതാണു വ്യക്തിയെന്ന നിലയില്‍ മനുഷ്യന്റെ ആത്യന്തിക ദൗത്യമെന്നു ഹൃദയഭാഷയില്‍ ഉപദേശിച്ച മഹാത്മാവാണ് ശ്രീനാരായണഗുരു. 1928 സെപ്റ്റംബര്‍ 20ന് ശിവഗിരിയിലെ വൈദിക മഠമെന്ന പുണ്യസങ്കേതത്തില്‍ വച്ചായിരുന്നു ഗുരു വിശ്വപ്രകൃതിയുടെ ആന്തരാത്മാവില്‍ വിലയിച്ചുചേര്‍ന്നത്. കുടിലു മുതല്‍ കൊട്ടാരം വരെ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ കണ്ണീരണിയിച്ച ചരിത്രവേദനയായിരുന്നുവല്ലോ ഗുരുവിന്റെ മഹാസമാധി.

1888 ല്‍ അരുവിപ്പുറത്തു സമാരംഭിച്ച ഗുരുവിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നാലു പതിറ്റാണ്ടുകള്‍ കൊണ്ടു സാധ്യമാക്കിയ മാറ്റങ്ങളുടെ ആഴവും വ്യാപ്തിയും അപഗ്രഥിക്കുമ്പോഴാണ് ലോക ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത ഒരു പ്രതിഭാസമായി ഗുരുവിന്റെ ഇടപെടലിനെ നാം തിരിച്ചറിയുന്നത്.

മഹാസമാധിയോടെ ചരിത്രത്തിലേക്കു പിന്‍വലിയുകയല്ല, പ്രത്യുത, സമൂഹത്തിന്റെ മുമ്പില്‍ത്തന്നെ നിലയുറപ്പിച്ചുകൊണ്ട് ചരിത്രത്തെ മുമ്പോട്ടു നയിക്കുന്ന ശ്രീനാരായണഗുരുവിനെയാണ് കേരളം പിന്നീടു കണ്ടത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളത്തെ സ്വാധീനിച്ച ഏറ്റവും വലിയ ശക്തിയായി ഗുരു പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിത്തില്‍ ഉജ്ജ്വല സാന്നിദ്ധ്യമായി ഗുരു വിരാജിക്കുന്നു.

അസമത്വവും അരാജകത്വവും അരങ്ങു തകര്‍ത്താടിയ ഒരു സാമൂഹിക പശ്ചാത്തലത്തെ മാന്ത്രിക സിദ്ധിയാലെന്നവണ്ണം മാനവികതയുടെ ഉദാത്ത ഭൂമികളിലേക്കുയര്‍ത്തുകയാണ് ഗുരു ചെയ്തത്. ഒരു തുള്ളിചോര പടരാതെ, മനസ്സുകളകലാതെ, സര്‍വ്വസ്വീകാര്യമായ  ഒരു ചിന്താപദ്ധതിയും കര്‍മ്മപാതയും ഗുരു കാട്ടിത്തന്നു. അന്ധകാരാവൃതമായ ഭ്രാന്താലയത്തിന്റെ അകത്തളങ്ങളെ ഭേദിച്ചുകൊണ്ട് പ്രകാശോന്മുഖവും പുരോഗമനാത്മകവുമായ മാതൃകാലോകത്തിലേക്കുള്ള ഒരു സമൂഹത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച സാധ്യമാക്കിയതില്‍ ഗുരുവിന്റെ പങ്ക് നിര്‍ണ്ണായകമാണ്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും മനുഷ്യന് ഒരു ജാതിയും ഒരു മതവും ഒരു ദൈവവും മാത്രമേ ഉളളൂവെന്നും പ്രഖ്യാപിച്ച ഗുരു ഭാരതീയ-സാംസ്‌കാരിക പാരമ്പര്യത്തില്‍ തന്റേതായ ആധ്യാത്മിക ശാസ്ത്രപാഠഭേദങ്ങള്‍ എഴുതിച്ചേര്‍ത്തു.
ജാതിയെയും പൗരോഹിത്യ ദുര്‍വാഴ്ചയെയും ഹിംസയെയും ഉച്ചാടനം ചെയ്യാന്‍ ഭാരതചരിത്രത്തില്‍ ഉദയംകൊണ്ട ആദ്യത്തെ ചരിത്രപുരുഷനായിരുന്നുവല്ലോ ശ്രീബുദ്ധന്‍. അനുകമ്പാമൂര്‍ത്തിയായ ബുദ്ധദേവന്റെ പുനരവതാരമെന്നോണം 2500 വര്‍ഷങ്ങള്‍ക്കുശേഷം പിറവിയെടുത്ത ശ്രീനാരായണഗുരുവിനു വീണ്ടും ചോദ്യം ചെയ്യേണ്ടിവന്നതും ബുദ്ധന്‍ നേരിട്ട അതേ വെല്ലുവിളികളായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം.

ശ്രീ.ശങ്കരന്റെ ശാസ്ത്രബന്ധിതമായ അദൈ്വതം എന്ന ചിന്താപദ്ധതിക്കു മനുഷ്യമുഖം നല്‍കി ഒരു പുതിയ വിമോചനദൈവശാസ്ത്രത്തിനു ഗുരുരൂപം നല്‍കി. മനുഷ്യനും ദൈവവും(ജീവാത്മാവും പരമാത്മാവും) ഒന്നാണെന്ന ശാങ്കരതിയറിയില്‍ പാഠഭേദം ചമച്ചുകൊണ്ട് മനുഷ്യനും മനുഷ്യനും ഒന്നാണെന്നു ഗുരു എഴുതിച്ചേര്‍ത്തു.
സാമൂഹിക പരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനുമായി ചരിത്രത്തില്‍ ഇടം നേടിയ ഗുരു, ആദ്ധ്യാത്മികാചാര്യനായും, അവതാരപുരുഷനായും ജനമനസ്സുകളില്‍ കുടിയേറി. എന്നാല്‍, ആത്മോപദേശ ശതകം, ദര്‍ശനമാല, അദൈ്വതദീപിക തുടങ്ങിയ ഒട്ടു വളരെ ഉത്കൃഷ്ട കൃതികളുടെ രചനയിലൂടെ, ദാര്‍ശനികന്‍ എന്ന തന്റെ തലം സംശയാതീതമായി എന്നന്നേക്കുമായി ഉറപ്പിച്ചശേഷമാണ് ഗുരു സമാധി പൂണ്ടത്.

അതോടൊപ്പം, സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ പകര്‍ത്തുകയും പാലിക്കുകയും ചേയ്യേണ്ട ഒട്ടേറെ സദാചാരപാഠങ്ങളും മൂല്യവത്തായ ഉപദേശസാരങ്ങളും ഗുരു പകര്‍ന്നു നല്‍കിയിട്ടുണ്ട്.

ചരിത്രാതീതകാലം മുതല്‍ മഹാഗുരുക്കന്മാരും ആചാര്യന്മാരും ഊട്ടിയുറപ്പിച്ച മൂല്യസംസ്‌ക്കാരത്തെ ആത്മാവില്‍ അലിയിച്ചുചേര്‍ത്തുകൊണ്ട് ആനന്ദപൂര്‍ണ്ണവും ശാന്തവുമായ ജീവിതം നയിച്ച് ഭൗതികമായും ആധ്യാത്മികവുമായി വിജയിക്കുക എന്നതാണ് ഓരോ മനുഷ്യാത്മാവിന്റെയും ധര്‍മ്മം. ഇതുതന്നെയാണ് അവര്‍ക്കു നല്‍കാവുന്ന ഏറ്റവും മഹത്തരമായ ഗുരുദക്ഷിണയും.

ഹൃദയാന്തരാളങ്ങളില്‍ നിന്നും പകയും വിദ്വേഷവും മദമാത്സര്യചിന്തകളും പാടെ ദൂരികരിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമെ ആത്യന്തികമായ വിശ്രാന്തിയുടെ മേരുഭൂമികളിലേക്കു ഏതു മനുഷ്യനും ഉയര്‍ത്തപ്പെടുകയുള്ളൂ.
'ഗിരിപ്രഭാഷണ' ത്തിലൂടെ ക്രിസ്തുദേവന്‍ പകരുന്ന സന്ദേശവും kingdom of God is Within You' എന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ട് ടോള്‍സ്‌റ്റോയി ഉറപ്പിക്കുന്നതു മനുഷ്യാത്മാവിന്റെ വിമലീകരണം തന്നെ.

'അതെ, എല്ലാ മനുഷ്യരും നന്നാവട്ടെ!'ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിദിനം ഒരിക്കല്‍ക്കൂടി ആചരിക്കപ്പെടുമ്പോള്‍ അതാവട്ടെ നമ്മുടെ പ്രാര്‍ത്ഥന.
Note. ലേഖകന്‍ Sree Narayana Guru The Perfect Union Of Buddha and Sankara എന്ന ഇംഗ്ലീഷ് ജീവചരിത്രകൃതിയുടെ കര്‍ത്താവാണ്)

ഗുരുവിനെ തിരിച്ചറിയേണ്ട വഴികള്‍(അശോകന്‍ വേങ്ങശേരി)
Join WhatsApp News
വിദ്യാധരൻ 2018-09-21 23:24:06
ശ്രീനാരായണഗുരുവിനെക്കുറിച്ച് വയലാർ എഴുതിയ 'ശ്രീനാരായണഗുരു' എന്ന കവിത, ആ സാത്വികന്റെ വ്യക്തി പ്രഭാവത്തെ  സ്‌പഷ്‌ടമായികോറിയിട്ടിരിക്കുന്നു  

മതങ്ങൾക്കതീതമായി മനുഷ്യൻ മാറ്റാരുമീ 
മധുരാക്ഷരമന്ത്രം ചൊല്ലിയില്ലെന്നേവരെ
മരണം മരണമേന്നെപ്പോഴുമോർമ്മിപ്പിക്കും 
മതമാ മനുഷ്യന്റെ ശബ്ദത്തിൽ നടുങ്ങിപ്പോയി 
കർമ്മത്തിൽനിന്നെ ധർമ്മചൈതന്യം വിളയിച്ച 
നമ്മുടെ ജന്മാന്തര സഞ്ചിതസംസ്കാരങ്ങൾ 
അ 'ശ്ശിവഗിരി' കുന്നിൽ കത്തിച്ച വിളക്കത്ത് 
വിശ്വസൗഹാർദ്ദത്തിന്റ യജ്ഞമൊന്നാരംഭിച്ചു 
മനുഷ്യത്വത്തെ തള്ളിപ്പറഞ്ഞ മതങ്ങളാ 
മണൽത്തട്ടിന്മേൽ നിലത്തെഴുത്തിനിരുന്നപ്പോൾ 
വടിയും കുത്തിച്ചെല്ലുമക്കർമ്മയോഗീന്ദ്രന്റെ 
വിടരും മിഴികളിൽ വിശ്രമംകൊണ്ടു വിശ്വം 
യുഗഹംസങ്ങൾ നീന്തുമാ മനോയമുനയിൽ 
ഒരു താമരമൊട്ടായ് വിടരാൻ നിന്നു കാലം 
വെളിച്ചം കണ്ടാലപ്പോൾ വിടരും -ഇരുട്ടൊന്ന് 
വിളിച്ചാൽ മിഴിക്കൂമ്പും കാലത്തിൻ ചെന്താമര 
ഞാനതിൻ സ്വപ്നങ്ങളിലുറങ്ങിയുണരുന്ന 
ഗാനമാണ് ഇരുപതാം നൂറ്റാണ്ടു മൂളും ഗാനം 
എന്റെ പൂഞ്ചിറകിന്മേലാമ്പെയ്തു വീഴ്ത്താൻ, വീണ്ടും 
മെന്നന്തഃ സംഗീതത്തെ രക്തത്തിൽ മുക്കിക്കൊല്ലാൻ 
കൂടിനു തീ കത്തിക്കാൻ വന്നു നിൽക്കുന്നു ചില 
വേടന്മാർ പള്ളിസിമിത്തേരിക്കുള്ളിൽ നിന്നും 
അവർതന്നമ്പും വില്ലും തട്ടിമാറ്റുവാനിന്നോട-
ടരുളും മനസ്സിന്റെ മൗന മന്ത്രങ്ങൾക്കുള്ളിൽ 
നിന്നു കത്തുന്നു പോയനൂറ്റാണ്ടാ ശിവഗിരി 
കുന്നിന്മേൽ കൊളുത്തിയ വിളക്കിൻ ജ്വാലാനാളം (വയലാർ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക