Image

നാടകീയതകള്‍ക്കൊടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലേയ്ക്ക്

Published on 21 September, 2018
നാടകീയതകള്‍ക്കൊടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലേയ്ക്ക്
തൃപ്പൂണിത്തുറ: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാവുമെന്നുറപ്പായി. തെളിവുകളും മൊഴികളും അടക്കം കേസില്‍ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അറസ്റ്റ് അനിവാര്യമായിരിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികള്‍ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായിരുന്നു. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. നീതി ആവശ്യപ്പെട്ട് കൊച്ചിയില്‍ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകളും മറ്റും അറസ്റ്റ് വൈകുന്നതില്‍ കടുത്ത പ്രതിഷേധത്തിലുമാണ്.

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ വെച്ചാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് മൂന്നാം ദിവസവും ചോദ്യം ചെയ്ത്. മൂന്ന് ദിവസം, 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, ഒടുവില്‍ അനിവാര്യമായ അറസ്റ്റ് ഉണ്ടാകും. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീട്ടാതെ രണ്ടാം ദിനം വൈകിട്ട് തന്നെ അറസ്റ്റ് ഉണ്ടായേക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാലത് ഉണ്ടായില്ല. ഒരു ഘട്ടത്തില്‍ അറസ്റ്റ് ഉണ്ടായേക്കില്ല എന്നുള്ള പ്രചാരണങ്ങളും നടക്കുകയുണ്ടായി. ഇതോടെ എല്ലാ കണ്ണുകളും തൃപ്പൂണിത്തുറയിലെ പോലീസ് ഹൈടെക് സെല്ലിലേക്ക് നീണ്ടു. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താന്‍ ഉണ്ടായിരുന്നില്ല എന്ന നിലപാടില്‍ ബിഷപ്പ് ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ബിഷപ്പ് അവിടെ ഉണ്ടായിരുന്നതായി പോലീസ് ആദ്യം കണ്ടെത്തിയിരുന്നു. 
 
ബലാത്സംഗ ആരോപണം ബിഷപ്പ് ഇതുവരെ സമ്മതിച്ചിട്ടില്ല. പകരം മഠത്തിലെ അധികാരത്തര്‍ക്കം മൂലമാണ് തനിക്കെതിരെ കന്യാസ്ത്രീ പീഡനപരാതി ഉന്നയിച്ചിരിക്കുന്നത് എന്ന ആരോപണമാണ് ബിഷപ്പ് പോലീസിന് മുന്നില്‍ ഉന്നയിച്ചത്. പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസത്തിന്റെ പിറ്റേന്ന് കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ കാണിച്ചും തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ ബിഷപ്പ് ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ ആ ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴികള്‍ ബിഷപ്പിന് എതിരായിരുന്നു. കന്യാസ്ത്രീയുടെ ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനായിരുന്നു ബിഷപ്പിനെ ക്ഷണിച്ചത്.

ബിഷപ്പുമാര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന പതിവ് ഇല്ലാത്തത് കൊണ്ട് കന്യാസ്ത്രീ മടിയോടെയാണ് ഫ്രാങ്കോയോട് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ബിഷപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു. ചടങ്ങിന്റെ തലേദിവസം രാത്രി മഠത്തിലെത്തിയ ബിഷപ്പ് താമസിച്ചത് അതിഥി മുറിയില്‍ ആയിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് രാത്രി ബിഷപ്പ് കന്യാസ്ത്രീയെ മുറിയിലേക്ക് വിളിച്ചു. ആ സമയത്താണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത്. പീഡനശ്രമത്തിനിടെ ബഹളം വെച്ച കന്യാസ്ത്രീയെ ബിഷപ്പ് ഭീഷണിപ്പെടുത്തി. താന്‍ ഈ സ്ഥാപനത്തിന്റെ അധികാരി ആണെന്നും എതിര്‍ത്താല്‍ എന്ത് ചെയ്യാനും മടിക്കില്ലെന്നും ഭീഷണി മുഴക്കി. പീഡിപ്പിക്കപ്പെട്ട ശേഷം സ്വന്തം മുറിയിലേക്ക് തിരിച്ചെത്തിയ കന്യാസ്ത്രീ നിശബ്ധയായിരുന്നുവെന്ന് മറ്റുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മൂന്ന് ചോദ്യങ്ങളാണ് ബിഷപ്പിനെ പോലീസിന് മുന്നില്‍ ഉത്തരം മുട്ടിച്ചത്. കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ചു എന്ന് പറയുന്ന ദിവസം കുറുവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല എന്നാണ് ആദ്യം ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പിന്റെ പേരുള്ളത് പോലീസ് ചൂണ്ടിക്കാട്ടി. ഇതോടെ പോയി പക്ഷേ താമസിച്ചില്ല എന്നായി ബിഷപ്പ്. അന്നേ ദിവസം കുറുവിലങ്ങാട് മഠത്തില്‍ അല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചത് എന്നായിരുന്നു പിന്നെ ബിഷപ്പ് പറഞ്ഞത്. എന്നാല്‍ മുതലക്കോട് മഠത്തില്‍ ബിഷപ്പ് താമസിച്ചതിന് സന്ദര്‍ശക രേഖകളില്ല. ഈ തെളിവ് കാട്ടിയതോടെ ബിഷപ്പിന് വീണ്ടും ഉത്തരം മുട്ടി. മാത്രമല്ല കാര്‍ െ്രെഡവറുടെ മൊഴിയും ബിഷപ്പിന് എതിരാണ്.

പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം കന്യാസ്ത്രീയും താനും ഒരുമിച്ച് പങ്കെടുത്ത മാമോദീസ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാട്ടിയുള്ള വാദങ്ങളും പോലീസ് പൊളിച്ചു. ആ ദൃശ്യങ്ങളിലെല്ലാം കന്യാസ്ത്രീയുടെ മുഖത്ത് വിഷമം വ്യക്തമാണ്. മാത്രമല്ല ആ ചടങ്ങില്‍ കന്യാസ്ത്രീ നിശബ്ദ ആയിരുന്നുവെന്നും കരഞ്ഞുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയതും ചൂണ്ടിക്കാട്ടിയതോടെ ബിഷപ്പ് നിരായുധനായി. ബിഷപ്പ് കള്ളം പറയുന്നുവെന്ന് ബോധ്യമായതോടെയാണ് അറസ്റ്റ് അനിവാര്യമായത്.

ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമായ സെപ്റ്റംബര്‍ 21 നാടകീയരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. രാവിലെ പത്ത് മുപ്പതോടെ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ അറസ്റ്റിലേക്കാണ് എന്നുള്ള സൂചനകള്‍ വന്നു തുടങ്ങി. കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ആഹഌദ പ്രകടനങ്ങള്‍ തുടങ്ങി. തുടര്‍ന്ന് അറസ്റ്റ് ഔദ്യോഗികമായി പോലീസ് പ്രഖ്യാപിക്കുന്നതിനുള്ള കാത്തിരിപ്പ്. ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ച് അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ വൈക്കം ഡി.വൈ.എസ്.പി അനൗദ്യോഗികമായി അറിയിച്ചു. അങ്ങനെ റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കാനുളള നടപടികള്‍ തുടങ്ങി. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് ഇതിനകം പഞ്ചാബ് പോലീസിനേയും പഞ്ചാബിലുള്ള അഭിഭാഷകനേയും അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് ബിഷപ്പിന്റെ കുടുംബത്തിനും വിവരം നല്‍കി.

ബിഷപ്പിന്റെ കൂടുതല്‍ വസ്ത്രങ്ങള്‍ എത്തിക്കാനും പോലീസ് നിര്‍ദേശം നല്‍കി. അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ പുറത്ത് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യത്തിനുള്ള ശ്രമവും ആരംഭിച്ചു. പോലീസ് ബിഷപ്പിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പട്ടേക്കും എന്നാണ് സൂചനകള്‍. ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകര്‍ ജാമ്യാപേക്ഷയും നല്‍കും. വൈക്കം കോടതിയിലോ പാലാ മജിസ്ട്രറ്റിന്റെ മുന്നിലോ ആയിരിക്കും ബിഷപ്പിനെ ഹാജരാക്കുക എന്നാണ് അറിയുന്നത്. നിലവില്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 25നാണ് പരിഗണിക്കാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടക്കാല ജാമ്യത്തിനാണ് അഭിഭാഷകരുടെ ശ്രമം. ജാമ്യത്തിനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ബിഷപ്പിന്റെ അഭിഭാഷകര്‍. ഇതിനിടെ പീഡന ആരോപണത്തില്‍ കുടുങ്ങിയതിന് പിന്നാലെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നും ഒഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാന് കത്ത് നല്‍കിയിരുന്നു. ഈ അപേക്ഷ അംഗീകരിച്ച് ബിഷപ്പിനെ ചുമതലകളില്‍ നിന്നും കഴിഞ്ഞ ദിവസം നീക്കുകയുണ്ടായി. 

അതേസമയം കന്യാസത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ബിഷപ്പിനെതിയുള്ള എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണത്രേ. 2014 മെയ് 5ന് കുറുവിലങ്ങാട് മഠത്തില്‍ വെച്ചായിരുന്നു ആദ്യം പീഡിക്കപ്പെട്ടതെന്നും തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ പീഡനം തുടര്‍ന്നെന്നും ലൈംഗികോദ്ദേശ്യത്തോട് തന്നെയാണ് ബിഷപ്പ് മടം സന്ദര്‍ശിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ആദ്യം പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം കുറുവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ഓടെ ബിഷപ്പ് കടന്നു ചെന്നു. ബിഷപ്പ് കതകടച്ചു കുറ്റിയിട്ട് കന്യാസ്ത്രീയെ ബലമായി കടന്നു പിടിച്ചതായി റിപ്പോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീ തിരുവസ്ത്രത്തില്‍ ആയിരുന്നിട്ട് പോലും അതിനെ മാനിക്കാതെ ബിഷപ്പ് പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

പരാതിക്കാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കാണിച്ചുതരാം എന്ന രീതിയില്‍ ഭീഷണിപ്പെടുത്തി. കന്യാസ്ത്രിയെ ഈ രീതിയില്‍ ബിഷപ്പ് 2014 മുതല്‍ 2016 വരെ 13 തവണ പീഡിപ്പിച്ചെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തുന്നു. അതേസമയം ബിഷപ്പിനെതിരായി പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്ത മിഷണറീസ് ഓഫ് ജീസസ് എന്ന സംഘടനയ്‌ക്കെതിരേ കേസെടുത്തിരുന്നു. പരാതിക്കാരിക്കെതിരേയുള്ള പകപോക്കലിന്റെ ഭാഗമായിട്ടാണ് അവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നാണ് ആരോപണം.

കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും തെരുവില്‍ സമരം ഇരിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ സഭയ്‌ക്കെതിരായ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചുള്ള വാര്‍ത്താകുറിപ്പിനൊപ്പമായിരുന്നു കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്. 2015 മെയ് 23ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത സ്വാകാര്യ പരിപാടിയുടെ ചിത്രമാണ് മിഷണറി ഓഫ് ജീസസ് പുറത്തുവിട്ടത്. ഈ ചിത്രം ആരെങ്കിലും പരസ്യപ്പെടുത്തുകയോ വാര്‍ത്തകളിള്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല എന്ന മുന്നറിയിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്. 2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചെന്ന് പറുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രി വളരെ ആവേശത്തോടെയാണ് 2015ല്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരം ദുരുദേശപരമെന്നും ഇപ്പോള്‍ നടക്കുന്നത് സമര കോലാഹലമാണെന്നും രാഷ്ട്രീയ പ്രചരണങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള സമരമെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവീദമുണ്ടാക്കി. കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പി.സി ജോര്‍ജ് എം.എല്‍.എയും നിയമക്കുരുക്കിലായി.

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷയും രംഗത്തെത്തിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ആടിനെ ഇല കാണിച്ച് പോകുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കോടതി കേസ് പരിഗണിക്കുന്നെന്ന പേരില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ല. ഇത് സംബന്ധിച്ച് നിരവധി സുപ്രീം കോടതി വിധികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇച്ഛാശക്തിയുള്ള സര്‍ക്കാരുള്ളിടത്തേ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകുകയുള്ളൂ. സ്ത്രീകളുടെ മാനത്തിനു വില പറയാന്‍ ആരെയും അനുവദിക്കരുതെന്നും കമാല്‍ പാഷെ പറഞ്ഞിരുന്നു. പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ കന്യാസ്ത്രീ മഠത്തിലേയ്ക്ക് അയയ്ക്കുന്നതിന് പകരം പ്രായപൂര്‍ത്തിയായശേഷം സ്വന്തം തീരുമാനപ്രകാരം പോകാന്‍ അനുവദിക്കണമെന്നാണ് അഭിപ്രായമെന്നും കമാല്‍ പാഷ പറഞ്ഞിരുന്നു.

നാടകീയതകള്‍ക്കൊടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലേയ്ക്ക്
നാടകീയതകള്‍ക്കൊടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലേയ്ക്ക്
നാടകീയതകള്‍ക്കൊടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക