Image

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഫോമാ വില്ലേജ് പദ്ധതി പ്രഖ്യാപിച്ചു

Published on 21 September, 2018
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഫോമാ വില്ലേജ് പദ്ധതി പ്രഖ്യാപിച്ചു
ന്യുയോര്‍ക്ക്: ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ കേരള മുഖ്യമന്ത്രി അമേരിക്കയിലെ മലയാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുകയും അവര്‍ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആവണമെന്നും അഭ്യര്‍ഥിച്ചു.

പ്രസ്തുത ചടങ്ങില്‍ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമയുടെ പ്രസിഡണ്ട് ശ്രീ ഫിലിപ്പ് ചാമത്തില്‍ ഫോമാ ഏറ്റെടുക്കുന്ന ഫോമാ വില്ലേജ് എന്ന പദ്ധതിയെക്കുറിച്ച് വിവരിക്കുകയുണ്ടായി. രണ്ടോ മൂന്നോ സ്ഥലങ്ങളിലായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഈ പദ്ധതിയുടെ തുടക്കം മലപ്പുറം ജില്ലയില്‍നിന്ന് തന്നെയായിരിക്കുമെന്നും ഫോമാ പ്രസിഡണ്ട് പറഞ്ഞു. ഫോമയുടെ ഒരു നാഷണല്‍ കമ്മിറ്റി അംഗമായ നോയല്‍ മാത്യു ദാനമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ ആയിരിക്കും ഫോമയുടെ ഈ പദ്ധതിയുടെ തുടക്കം. തുടര്‍ന്ന് ഇടുക്കിയിലും ഈ സംരംഭം വ്യാപിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

കേരളത്തെ ആകെ നടുക്കിയ പ്രളയദുരന്തത്തില്‍ തുടക്കം മുതല്‍ തന്നെ ഫോമാ സേവന സഹായങ്ങളുമായി മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. കടുത്ത മഴ കേരളത്തെ വലച്ചു തുടങ്ങിയ സമയത്ത് തന്നെ ഭക്ഷണസാധനങ്ങളും അതുപോലെതന്നെ അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകളും നിരവധി പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ പ്രവര്‍ത്തകരും എക്‌സിക്യൂട്ടീവ് അംഗങ്ങളും കേരളത്തിലുണ്ടായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് കേരളത്തിലുണ്ടായ ഈ പ്രളയക്കെടുതിയില്‍ കേരളത്തോടൊപ്പം ഫോമായും ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ യോഗത്തില്‍ ഫിലിപ്പ് ചാമത്തില്‍ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ യോഗത്തില്‍ പ്രസിഡന്റിനോടൊപ്പം ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ്, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, കമ്മിറ്റി അംഗങ്ങള്‍ ആയ കുഞ്ഞു മാലിയില്‍, ഗോപിനാഥ് കുറുപ്പ്, ചാക്കോ കൊയ്ക്കലേത്തു , ചെറിയാന്‍ കോശി, ജിബി തോമസ്, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് തോമസ് , അഡ്വൈസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി സാബു ലൂക്കോസ് എന്നിവരും, കൂടാതെ മുന്‍ സെക്രെട്ടറി ഷാജി എഡ്വാര്‍ഡ്, മുന്‍ ജോയിന്‍ സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, സജി അബ്രഹാം, ബിജു ഉമ്മന്‍ തുടങ്ങിയവരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക