Image

ഭക്തിമാര്‍ഗ്ഗം (ജയിന്‍ ജോസഫ്)

Published on 21 September, 2018
ഭക്തിമാര്‍ഗ്ഗം (ജയിന്‍ ജോസഫ്)
കടുത്ത വേനലില്‍ ഭൂമി ചുട്ടുപൊള്ളുന്ന ഏപ്രില്‍ മാസത്തിലെ ഒരു ശനിയാഴ്ച. സമയം ഏതാണ്ട് ഉച്ചയോടടുക്കുന്നു. വിശന്നവശനായ ഒരു യാചകന്‍ വഴിയരികില്‍ കണ്ട പള്ളിയുടെ മുറ്റത്തേക്ക് നടന്നു. പള്ളിയില്‍ നിന്ന് ഉച്ചത്തില്‍ പാട്ടു കേള്‍ക്കാം. പള്ളിയുടെ ഒരു വശത്ത് കുറച്ച് പുറകിലായി ഒരു പന്തലിട്ടിരിക്കുന്നു. പന്തലിന്റെ പുറകുവശത്തായി രണ്ട് അടുപ്പുകള്‍ കൂട്ടിയിട്ടുണ്ട്. രണ്ടാളുകള്‍ അടുപ്പിന്നടുത്ത് നില്‍ക്കുന്നു. യാചകന്‍ അവരുടെ അടുത്തേക്ക് നടന്നു.

ഒരടുപ്പില്‍ വലിയൊരു പാത്രത്തില്‍ അരി വെട്ടിത്തിളയ്ക്കുന്നു. രണ്ടാമത്തെ അടുപ്പില്‍ പയറും. പള്ളിയിലെ കുശിനിക്കാരനും സഹായിയുമാണ് യാചകന്‍ കണ്ട രണ്ടാളുകള്‍. അവര്‍ അരിയും പയറും ഇളക്കുകയും അടുപ്പിലെ തീ ഊതിക്കെടുത്തുകയും ചെയ്യുന്നു. അതിനിടയില്‍ യാചകനെ അവര്‍ കണ്ടില്ല. ""വല്ലതും തരണേ'' യാചകന്‍ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു.

""അച്ചന്‍ പള്ളിയില്‍ ധ്യാനിപ്പിക്കുവാ. പിന്നെയെങ്ങാനും വാ.'' കുശിനിക്കാരന്‍ ചോറിന്റെ വേവ് നോക്കുന്നതിനിടയില്‍ പറഞ്ഞു.
വേവാറായ ചോറിന്റെ മണം! യാചകന്റെ മൂക്ക് വിടര്‍ന്നു; വയര്‍ എരിഞ്ഞു.
""വല്ലതും കഴിക്കനെങ്കിലും തരണേ. രാവിലെ മുതല്‍ പട്ടിണിയാ.'' യാചകന്‍ കേണു പറഞ്ഞു.
""ഇയാളോടല്ലേ പോവാന്‍ പറഞ്ഞത്. കുഞ്ഞൂഞ്ഞേ അരി വാര്‍ക്കാറായിട്ടുണ്ട്. അരമണിക്കൂറിനുള്ളില്‍ ധ്യാനം കഴിയും. ഉടനെ കഞ്ഞിയും പയറും കിട്ടിയില്ലെങ്കില്‍ എന്തു ധ്യാനാരൂപിയിലാണെങ്കിലും ജനം വയലന്റാവും.''
സഹായി കുഞ്ഞൂഞ്ഞ് പയറ് വേവുന്ന അടുപ്പിന്റെ വിറകിളക്കി തീയ്ക്ക് ശക്തി കൂട്ടി.
യാചകന്‍ വിറയ്ക്കുന്ന കാലുകള്‍ വലിച്ചുവെച്ച് പള്ളിയുടെ അടുത്തേക്ക് നടന്നു. വാതിലിനടുത്ത് നിന്ന് അയാള്‍ അകത്തേക്ക് തലയെത്തിച്ചു നോക്കി.

ഭക്തജനം കൈകളുയര്‍ത്തി വീശി ഗായകസംഘത്തിനൊപ്പം സ്തുതിഗീതങ്ങള്‍ പാടുന്നു. യാചകന് വിശന്നിട്ട് തല കറങ്ങുന്നതുപോലെ തോന്നി. അയാള്‍ പള്ളിക്കകത്തേക്ക് കയറി വാതിലിനടുത്തായി ഒതുങ്ങിയിരുന്നു.
""അടുത്ത സ്‌തോത്രപ്രാര്‍ത്ഥനയ്ക്കു ശേഷം ഉച്ചഭക്ഷണത്തിനായി പിരിയുന്നതാണ്.'' അച്ചന്‍ മൈക്കില്‍ കൂടി അറിയിച്ചു.
""ഹാലേല്ലുയ്യാ'' അച്ചന്‍ കരങ്ങള്‍ ആകാശത്തിലേക്ക് ഉയര്‍ത്തി.
""ഹാലേല്ലൂയ്യാ.. ഹാലേലുയ്യാ'' ജനം ഏറ്റു പറഞ്ഞു. വെന്ത ചോറിന്റേയും പയറിന്റേയും ദൃശ്യം യാചകന്റെ മനസ്സില്‍ തെളിഞ്ഞു.

അയാളും അവരോടൊപ്പം കൈകള്‍ ഉയര്‍ത്തി, വിശപ്പിന്റെ വിറയാര്‍ന്ന ശബ്ദത്തില്‍ അര്‍ത്ഥമറിയാതെ ഏറ്റു പറഞ്ഞു. ""ആ ... ലേ... ലുയാ.'' അപ്പോള്‍ പുറത്ത് കുശിനിക്കാരന്‍ പയറു വേവിച്ചതില്‍ കടുക് താളിച്ച് ചേര്‍ക്കുകയായിരുന്നു.
Join WhatsApp News
Vasudev Pulickal 2018-09-23 10:24:22
Good
വിദ്യാധരൻ 2018-09-23 12:29:03
കപട ഭക്തിയുടെ കഥ ഞാൻ വായിച്ചപ്പോൾ 
ഓർത്തുപോയി  'നല്ല ശമരിയാക്കാരൻ' കഥ 
ചുണ്ടിൽ നിന്നുതിരുന്നു ആമേനും ഓംങ്കാരവും
പിന്നാലെ വരുന്നതോ   അധർമ്മ പ്രവൃത്തികൾ 
ഒന്നു നാം പറയുന്നു മറ്റൊന്നു ചെയ്തീടുന്നു 
കാലങ്ങൾ മാറിയിട്ടും 'ഭക്തിമാർഗ്ഗ'ത്തിനിന്നും
മാറ്റങ്ങളില്ലാതത്   തുടർന്നീടുന്നു നമ്മൾ 
വയറു നിറഞ്ഞാലും അടിച്ചു കേറ്റും നമ്മൾ 
വിശന്നു വരുന്നോനെ അടിച്ചും ഓടിച്ചിടും 
ലജ്ജ തോന്നുന്നെനിക്കെന്റെ ഭക്തിയെക്കുറിച്ചോർത്തിട്ട് 

ഇടയ്ക്കിടക്ക് ഒരു സ്വയപരിശോധനയ്ക്കായി ഇത്തരം ചെറു കഥകൾ ആവശ്യമാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക