Image

ബലാല്‍സംഗാരോപിതനായ ഇടയനും നീതി തേടുന്ന ഇരയും- (ദല്‍ഹികത്ത് - പി.വി.തോമസ്)

പി.വി.തോമസ് Published on 22 September, 2018
ബലാല്‍സംഗാരോപിതനായ ഇടയനും നീതി തേടുന്ന ഇരയും- (ദല്‍ഹികത്ത് - പി.വി.തോമസ്)
ആമേന്‍. ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാല്‍സംഗി ആണോ എന്ന് അദ്ദേഹത്തിനും ഇരയായ കന്യാസ്ത്രീക്കും ഒഴികെ ആര്‍ക്കും അറിയില്ല. ഒരു പക്ഷേ, കേരള പോലീസിന് അറിയാമായിരിക്കാം തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍. ഇരയായ കന്യാസ്ത്രീ മജിസ്്‌ട്രേറ്റ് മുമ്പാകെ ഇന്‍ഡ്യന്‍ ശിക്ഷാനിയമം 164 പ്രകാരം രേഖപ്പെടുത്തിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നു ബിഷപ്പ് അവരെ ബലാല്‍സംഗം ചെയ്തിട്ടുണ്ട് എന്ന്. ഒന്ന 13 പ്രാവശ്യം. 2014- നും 2016നും ഇടയില്‍ കുറവിലങ്ങാട്ട് മഠത്തില്‍ വച്ച്. പ്രകൃതിവിരുദ്ധ ലൈംഗീകതയും ആരോപിക്കപ്പെട്ടിട്ടുണ്ട്. സത്യാവസ്ഥ ബിഷപ്പിനും ഇരയായ കന്യാസ്ത്രീക്കും മാത്രമെ അറിവുള്ളൂ. പക്ഷേ, സാമാന്യബുദ്ധിയും ആള്‍ദൈവങ്ങളുടെ മുന്‍കാല പെരുമാറ്റമുറകളും ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഇത് അവയില്‍ നിന്നും വ്യത്യസ്തം ആകുവാന്‍ കാരണം എന്ത്? എന്തുകൊണ്ടാണ് ഗുരുമീത രാം റഹീമും ആശാറാം ബാപ്പുവും ഇന്നും ജയിലില്‍ കഴിയുന്നത്? മെഴുകുതിരി കത്തിയെരിയുന്ന അള്‍ത്താരയില്‍ അതുപോലെ ആത്മസമര്‍പ്പണത്തിന്റെ ജീവിതത്യാഗം നടത്തുന്ന വൈദീകരും കന്യാസ്ത്രീകളും എന്തുകൊണ്ട് ഇതുപോലെ പോലീസ് ചോദ്യത്തിനും തെരുവ് പ്രക്ഷോഭണത്തിനും കോടതി വിചാരണക്കും വിധേയരാകേണ്ടി വരുന്നു? എന്താണ് സഭയുടെ ഉത്തരവാദിത്വം ഇതില്‍.

ഒരു ഇടയലേഖനത്തിനും ചാക്രിക ലേഖനത്തിനും തടഞ്ഞുനിര്‍ത്താവാത്ത പ്രതിഷേധപെരുമഴയാണ് ബലാല്‍സംഗാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേരളം ഒട്ടാകെ തകര്‍ത്തടിക്കുന്നത്. ഈ സമൂഹബലിയുടെ പ്രതിഷേധം നയിക്കുന്നത്, അത് റാസയോ ലദീഞ്ഞോ എന്തും ആകാം, കുഞ്ഞാടുകളും ഇതര മതസ്ഥരും കന്യാസ്ത്രീകളും ഒരു സംഘം വൈദീകരും ആണ്. അവര്‍ മനുഷ്യാവകാശത്തിലും സ്ത്രീകളുടെ ആത്മാഭിമാനത്തിലും വിശ്വസിക്കുന്നവര്‍ ആണ്. എന്നിട്ടും ആരോപണ വിധേയനായ വല്ലിടയന്‍ നിരപരാധിത്വത്തിന്റെ അരക്കച്ചകെട്ടി തിരസ്‌ക്കരണത്തിന്റെ വീഥിയില്‍ ആണ്.

എന്താണ് ഇവിടെ സംഭവിച്ചത്? സംഭവിക്കുന്നത്? ആരാണ് ശരി? ആരാണ് തെറ്റ്? ഇരയായ കന്യാസ്ത്രീ കത്തേലിക്കസഭയെ കരിവാരിതേക്കുവാന്‍ ശ്രമിക്കുകയാണെന്നും അവര്‍ക്ക് ബിഷപ്പിനോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടെന്നും ആണ് ബിഷപ്പിന്റെ ആരോപണം ശരിയാണോ ഇത്? തിരുസഭയും ഒരുവിഭാഗം പട്ടക്കാരും ഇത് ഏറ്റ് പാടുന്നു. ഇരയായ കന്യാസ്ത്രീ ആരോപിക്കുന്നതുപോലെ ബിഷപ്പ് ബലാല്‍സംഗം ചെയ്‌തോ? ഇതൊന്നും ഒരു കുമ്പസാരത്തിലൂടെ വെളിപ്പെടുവാന്‍ പോകുന്നില്ല. തിരുസഭയുടെ നിയമങ്ങള്‍ ഇവിടെ പരാജയപ്പെട്ടിരിക്കുന്നു. ഇനി ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിനു മുമ്പാകെ ബിഷപ്പിനും കന്യാസ്ത്രീക്കും മറ്റുള്ളവര്‍ക്കും കുമ്പസാരിക്കേണ്ടിയിരിക്കുന്നു. പ്രായശ്ചിത്തം ചെയ്യേണ്ടിയിരിക്കുന്നു. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ പറഞ്ഞ് അനുതപിക്കേണ്ടിയിരിക്കുന്നു. തെറ്റുകാരന്‍ ആണെങ്കില്‍ ഫ്രാങ്കോ അനുതപിക്കുമോ? ഇരയായ കന്യാസ്ത്രീക്ക് നീതിലഭിക്കുമോ?

80 ദിവസത്തിലേറെ ആയിട്ടും കന്യാസ്ത്രീക്ക് നീതി ലഭിച്ചിട്ടില്ല. തിരുസഭ ആ പരാതിയിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. വത്തിക്കാനും നിദ്രയില്‍ ആണ്. കാരണവും ഉണ്ട്. യൂറോപ്പും അമേരിക്കയും ആഫ്രിക്കയും എല്ലാം വൈദികരുടെയും ബിഷപ്പുമാരുടെയും ലൈംഗീക പീഢനകഥകളില്‍ കത്തിനില്‍ക്കുകയാണ്. അപ്പോള്‍ ഈ കൊച്ചു കേരളത്തിലെ ഈ കഥന കഥയില്‍ എന്ത് പ്രത്യേക താല്‍പര്യം അല്ലേ?
ഇന്‍ഡ്യയിലെ കത്തോലിക്ക സഭയുടെ കുറ്റകരമായ മൗനം ചരിത്രപരമായ ഒരു തെറ്റായി സഭാചരിത്രം പിന്നീട് രേഖപ്പെടുത്തേണ്ടതായിരിവരും. ബിഷപ്പ് ബലാല്‍സംഗം ചെയ്‌തെന്ന ഒരു മുന്‍വിധിയിലേക്ക് ഇവിടെ വരുന്നില്ല. ഇല്ല എന്ന ഒരു നിഗമനത്തിലേക്കും വരുന്നില്ല. പക്ഷേ, സഭാവസ്ത്രം ഇട്ട ഒരു കന്യാസ്ത്രീ ആണ് ഇത് പരസ്യമായി പറയുന്നത്. പൊതുജനസമക്ഷം കുമ്പസാരിക്കുന്നത്. അതും സഭാധികാരികള്‍ മൗനം പാലിച്ചപ്പോള്‍. എവിടെപോയി സഭാ മേലദ്ധ്യക്ഷന്മാര്‍? എവിടെപോയി വത്തിക്കാന്‍? എന്തുകൊണ്ട് ഇവര്‍ അക്രമിയെന്ന് ആരോപിക്കപ്പെട്ട ബിഷപ്പിന്റെ കൂടെ നിന്നു?
തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസരെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ച് കൈവെട്ടിയപ്പോഴും ഇവര്‍ നിശബ്ദരായിരുന്നു. അദ്ധ്യാപകനെ കോളേജില്‍ നിന്നും പുറത്താക്കി. നിര്‍ദ്ധനനായ അദ്ധ്യാപകന്റെ ഭാര്യ ദിവസക്കൂലിക്ക് ജോലിക്ക് പോകേണ്ടതായി വന്നു. അവസാനം ആത്മഹത്യ ചെയ്തു പട്ടിണിയും പരിവട്ടവും ആയി. അപ്പോഴും അരമനകളിലും പള്ളിമേടകളിലും വിരുന്നും വീഞ്ഞും തകര്‍ക്കുകയായിരുന്നു. പള്ളി ഒരിക്കലും നീതിക്കുവേണ്ടി നിന്നിട്ടില്ല. കച്ചവടം ആയിരുന്നു പള്ളിയുടെ വേദവാക്യം. അതില്‍ ക്രിസ്തുവിന്റെ മേലങ്കിവരെയും ലേലം ചെയ്ത് വിറ്റെന്നിരിക്കും. ആത്മീയത അല്ല പള്ളികളുടെ വിശ്വാസപ്രമാണം. മറിഞ്ഞ് കര്‍സാള സംസാക്കാരം ആണ് അതിന്റെ വേദപ്രമാണം.

അപ്പോള്‍ ഇതൊക്കെ സംഭവിക്കും. കൈവെട്ടപ്പെട്ട പ്രൊഫസറും കുടുംബവും ബലാല്‍സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ മാനാഭിമാനവും ഒന്നും തിരുസഭക്ക് വിഷയം ആവുകയില്ല. കോടികളുടെ പള്ളികള്‍ കെട്ടിപ്പടുക്കുന്നതാണ് തിരുസഭയുടെ അഭിമാനസ്തംഭം. അതിനുള്ളില്‍ മെഴുകുതിരിപോലെ കത്തി എരിയുന്ന കന്യാസ്ത്രീകളുടെ ജീവനും ചാരിത്ര്യവും വെറും തൃണം ആണ് ഈ ആത്മീയ കച്ചവട വ്യവസായ ശൃംഖലയില്‍.

ആരോപണ വിധേയനായ ബിഷപ്പിന് കുറ്റവിമുക്തന്‍ ആകുന്നതുവരെ സ്ഥാനം ഒഴിഞ്ഞു നില്‍ക്കാമായിരുന്നു. എന്തുകൊണ്ട് അദ്ദേഹം അത് ചെയ്തില്ല? കാരണം ആത്മീയയേക്കാള്‍ അദ്ദേഹത്തിന് അധികാരവും സ്ഥാനവും പ്രതാപവും പണവും ആണ് പ്രധാനം. അത് ഉപയോഗിച്ച് കന്യാസ്ത്രീയെ ദ്രോഹിക്കുവാനും അവയ്‌ക്കെതിരെ ജലന്ദറില്‍ കേസ് ഫയല്‍ ചെയ്യുവാനും ഒറിജിനല്‍ കേസ് അട്ടിമറിക്കുവാനും സാക്ഷികളായ അച്ഛന്മാരെ വിലക്ക് വാങ്ങിക്കുവാനും ആയിരുന്നു ഫ്രാങ്കോയുടെ ലക്ഷ്യം. ഫ്രാങ്കോ സ്ഥാനം ഒഴിഞ്ഞെങ്കില്‍-ഇപ്പോഴത്തെ പ്രഹസനം അല്ല-അത് ഒരു കുറ്റസമ്മതം ആയി ആരും കണക്കാക്കി വ്യാഖ്യാനിക്കുകയില്ലായിരുന്നു. മറിച്ച് സത്യത്തിലും നീതിയിലും നിയമത്തിലും തിരുസഭയുടെ ധാര്‍മ്മീകമൂല്യങ്ങളായും ഉള്ള ഉറച്ച വിശ്വാസം ആയിട്ട് മാത്രമെ അതിനെ കണക്കാക്കുകയുണ്ടായിരുന്നുള്ളൂ. സത്യവും നീതിയും നെറിയും അദ്ദേഹവും വെടിഞ്ഞു. തിരുസഭയും വെടിഞ്ഞു. തികച്ചും പരിതാപകരം എന്നല്ലാതെ എന്തുപറയേണ്ടു. തിരുസഭയെ കരിവാരിതേക്കുന്നത്, തിരുസഭക്കെതിരെ ഗൂഢാലോചന നടത്തുന്നത് ഇരയായ കന്യാസ്ത്രീയെ പോലുള്ളവര്‍ അല്ല. ഇതുപോലുള്ള ബിഷപ്പുമാരും വൈദികരും നിഷ്‌ക്രിയരായ വൈദിക മേലദ്ധ്യക്ഷന്മാരും ആണ്. ആയിരക്കണക്കിന് നിസ്വാര്‍ത്ഥ സേവികളായ വൈദികരുടെയും കന്യാസ്ത്രീകളുടെയും തിരുസഭയുടെയും പ്രേഷിത പ്രവര്‍ത്തിയാണ് ഇവര്‍ ഇല്ലായ്മ ചെയ്യുന്നത്. കാമാന്ധരും ധനാസക്തരും അധികാരപ്രമത്തരും ആയ ഇവരെ നിലക്ക് നിര്‍ത്തണം. സഭക്ക് അത് സാധിച്ചില്ലെങ്കില്‍ രാജ്യത്തെ നിയമം അത് ചെയ്യണം.

എണ്‍പതിലേറെ ദിവസവും കന്യാസ്ത്രീകളുടെ സമരവും ഇരയുടെ സഹോദരിയുടെ അനിശ്ചിതകാല നിരാഹാര സമരവും ഒക്കെ നടന്നിട്ടും എന്തുകൊണ്ടാണ് പോലീസ് നടപടി വൈകിച്ചത്? അറസ്റ്റിനായി അനന്തമായ അന്വേഷണവും ജനന്ദര്‍വരെയുള്ള യാത്രയും പിന്നെ പലകുറി ചോദ്യചെയ്യലും നടത്തിയത്? ഇരയുടെ 164-ാം വകുപ്പുപ്രകാരമുള്ള പ്രസ്താവനക്ക് യാതൊരു വിലയും ഇല്ലേ? ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ വ്യാജചാരക്കേസില്‍ അറസ്റ്റു ചെയ്തു ജയിലില്‍ ഇടുവാന്‍ ഇത്രയും സമയം എടുത്തില്ലല്ലോ? എന്ത് തെളിവിനാണ് പോലീസ് അന്വേഷിച്ചത്? ഇതുപോലുള്ള കേസിനൊന്നും ദൃക് സാക്ഷി വിവരണം ലഭിക്കുകയില്ല യജമാനന്മാരെ.
ഭരണകക്ഷിയും പ്രതിപക്ഷവും വോട്ട്ബാങ്ക് രാഷ്ട്രീയം ആണ് കളിക്കുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. സഭാനേതൃത്വവും അല്‍മായരും രണ്ടും രണ്ടാണ്. ബിഷപ്പിനൊപ്പം നിന്നതുകൊണ്ട് ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് പള്ളിയുടെ വോട്ട് ലഭിക്കുകയില്ല. മനസിലാക്കൂ ഈ കേസിലെ ജനവികാരം.

ഒരു സാമാജികന്‍ ഉള്‍പ്പെടെ ചിലര്‍ വഴിപിഴച്ച, വികലമായ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. 12 പ്രാവശ്യം ബലാല്‍സംഗത്തിന് വിധേയയായ കന്യാസ്ത്രീ എന്തുകൊണ്ട് 13-ാം പ്രാവശ്യം വിലപിച്ചുവെന്ന്. സാമാജികന്‍ കന്യാസ്ത്രീയെ വേശ്യയെന്നും വിളിക്കുകയുണ്ടായി. അത് അദ്ദേഹത്തിന്റെ സംസ്‌ക്കാരം. ജനരോക്ഷത്തെ തുടര്‍ന്ന് അദ്ദേഹം പ്രസ്താവന തിരുത്തിയെങ്കിലും അദ്ദേഹത്തെ കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായിട്ടറിയാം.

ബലാല്‍സംഗത്തിന് ഇരയായ ഒരു വ്യക്തിയുടെ മാനസീകാവസ്ഥ- അതും ഒരു കന്യാസ്ത്രീയുടെ-മനസിലാക്കണം ഈ 12-ന്റെയും 13-ന്റെയും കണക്കുകള്‍ ഉദ്ധരിക്കുമ്പോള്‍. സാധാരണ ഗതിയില്‍ അവര്‍ ഇത് നിശബ്ദമായി സഹിക്കുകയേയുള്ളൂ. അവര്‍ അത് ആസ്വദിക്കുകയും ആഘോഷിക്കുകയും ആണെന്ന് കരുതുന്നവര്‍ക്ക് സ്ത്രീയുടെ മാനസീകശാസ്ത്രം അറിയുകയില്ല- അതും ഒരു കന്യാസ്ത്രീയുടെ. ഒരു ബിഷപ്പിനെതിരെ ഇതുപോലുള്ള ഒരു പരാതി ഉന്നയിക്കുവാന്‍  ആര് ധൈര്യപ്പെടും? ആരോട് പരാതി പറയും? ഇപ്പോള്‍ കണ്ടില്ലേ?

 ഇത് രണ്ടുപേരുടെയും സമ്മത്താലുള്ള ലൈംഗീക വേഴ്ച ആയിരുന്നുവെന്ന് വരുത്തിതീര്‍ക്കുവാനും ഉള്ള നീക്കം ഉണ്ട്. ശുദ്ധ അസംബന്ധം ആണ് അത്. ആയാസം ഇല്ലാതെ വേട്ടക്കാരന്‍ ഇരയെ നായാടി പിടിക്കുക ആയിരുന്നിരിക്കാം സാഹചര്യം വച്ചുനോക്കുമ്പോള്‍. എങ്കില്‍ തന്നെയും ബിഷപ്പിന്റെ ബ്രഹ്മചര്യ വ്രതം എവിടെ പോയി? കന്യാസ്ത്രീക്കും അത് ബാധകമല്ലേ?

ബലാല്‍സംഗാരോപിതനായ ഇടയനും നീതി തേടുന്ന ഇരയും- (ദല്‍ഹികത്ത് - പി.വി.തോമസ്)
Join WhatsApp News
സഭ പീഡകന്‍റെ കൂടെ 2018-09-22 18:19:55
 കത്തോലിക്കാ സഭയ്ക്ക് നിമിഷ നേരം കൊണ്ട് പരിഹരിക്കാവുന്ന വിഷയമായിരുന്നു കന്യാസ്രി പീഡന വിഷയം ഇരയോടൊപ്പം നിൽക്കേണ്ട സഭ പീഡകനു വേണ്ടി അവസാനം വരെ പൊരുതി ഇരയുടെ നിശ്ചയദാർഡ്യത്തിനു മുൻപിൽ തോൽവി ഏറ്റുവാങ്ങി പൊതു സമൂഹത്തിനു മുൻപിൽ അപഹാസ്യരായ് അതിന് പൊതുജനത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല . സഭയുടെ പണവും അധികാരത്തിലുള്ള പിടിപാടും പക്ഷെ ഈ വിഷയത്തിൽ ചില വായില്ല
FB POST
വിദ്യാധരൻ 2018-09-22 19:01:25
ചെകുത്താനും ദൈവവും ഒന്നെന്നപോലെ 
സഭയും രാഷ്ട്രീയോം ഒന്ന് തന്നെ 
പൊതു ജനം കഴുതകളായവരെ 
എന്നെന്നും ചുമലിലേറ്റിടുന്നു 
സത്യത്തിനും നീതിക്കും നിലകൊള്ളുവോരേ 
കഴുകിലെറ്റും തീർച്ചതന്നെ 
എന്നിട്ടവർ അവരെ ദൈവപുത്രരാക്കും 
മറ്റുചിലർ വിശുദ്ധരാകും 
ജനങ്ങൾ പിന്നെയും നോമ്പു നോക്കും 
മല ചവിട്ടും മക്കതാണ്ടും 
വിശുദ്ധനാട്ടിൽ സന്ദർശനോം 
കഥയിതു സീരിയൽ കഥകൾപോലെ 
നൂറ്റാണ്ടുകൾ തുടർന്നിടുന്നു 
നമ്മൾ സൃഷ്ട്ടിച്ച മതവും ദൈവങ്ങളും 
നമ്മളെ അടക്കി ഭരിച്ചിടുന്നു 
ഇതിൽ നിന്ന് മോചനം നേടിടുവാൻ 
സ്വതന്ത്രരാകൂ  നിങ്ങൾ ഉള്ളിൽ 

George 2018-09-22 21:16:03
പത്രക്കാരൻ (കോൺഗ്രസ് ഫാൻ) ശ്രി പി വി തോമസ്, ആത്മീയ പുത്രൻ ബാബു പോൾ ഐഎസ്, ജഡ്ജി കുര്യൻ ജോസഫ്, ആന്റണി ഡൊമനിക് തുടങ്ങിയ അനേകം ...... മക്കൾ ആണ് സഭയുടെ മുതൽ കൂട്ട്. ആയിരം കന്യാസ്ത്രീകൾ (സ്ത്രീകൾ) അപമാനിക്കപ്പെട്ടാലും ഒരു പുരോഹിതൻ പോലും കുറ്റാരോപിതൻ ആവരുത് എന്നാണല്ലോ വചനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക