Image

പ്രതികരിക്കാത്ത, പ്രബുദ്ധരല്ലാത്ത വായനക്കാര്‍ (കോരസണ്‍)

- കോരസണ്‍ Published on 22 September, 2018
പ്രതികരിക്കാത്ത, പ്രബുദ്ധരല്ലാത്ത വായനക്കാര്‍  (കോരസണ്‍)
പ്രതികരിക്കാത്ത, പ്രബുദ്ധരല്ലാത്ത വായനക്കാര്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെ മുരടിപ്പിക്കുന്നു. നിങ്ങള്‍ യോജിക്കുന്നോ? വായനക്കാരുടെ സ്വീകരണമാണോ ഒരു എഴുത്തുകാരന്റെ കഴിവിന്റെ മാനദണ്ഡം. 

ജനപ്രിയ എഴുത്തുകാരനുള്ള ഇ-മലയാളി അവാര്‍ഡ് സ്വീകരിച്ച് നടത്തിയ പ്രസംഗം 

ഇത്തരം ഒരു അക്ഷരമേളനം ഒരുക്കിയ ഇമലയാളിക്കു പ്രശംസകള്‍ നേരുന്നു. മലയാളത്തിന് , അമേരിക്കന്‍ മലയാള സാഹിത്യം എന്ന പേര് സമ്മാനിച്ച, മലയാളത്തെ നെഞ്ചോട് ചേര്‍ത്ത് നിറുത്തി കനല്‍ ഊതി അതിനെ ജീവനും തുടിപ്പും നിലനിര്‍ത്തിയ എല്ലാ പ്രതിഭകളെയും മണ്‍മറഞ്ഞുപോയ എല്ലാ മാനുഷികളെയും ആദരപൂര്‍വം സ്മരിക്കുന്നു. ഈ അവാര്‍ഡില്‍ പങ്കെടുക്കുക വഴി ഒരു ഒരു പുതിയ പരിശീലനമാണ് ആണ് എന്നില്‍ നടന്നത്. അവാര്‍ഡ് അറിയിച്ചതുമുതല്‍ ഇപ്പോള്‍ വരെ മനഃസാന്നിധ്യമുള്ള ഒരു എഴുത്തുകാരനിലേക്കു അടുത്ത് നിര്‍ത്തി ഒരുക്കിയെടുക്കാന്‍ , മെരുക്കിയെടുക്കാന്‍ ഇമലയാളി എന്ന മാദ്ധ്യമം കാണിച്ച വിശാലമായ ഉള്‍കാഴ്ച്ച പ്രശംസനീയമാണ്.

കാട്ടില്‍ ഒരു വന്മരം മറിഞ്ഞുവീണു, ആരും ശബ്ദം കേട്ടില്ല എന്ന് കരുതി മരം വീണിട്ടില്ല എന്ന് പറയാനൊക്കുമോ? പ്രതികരിക്കാത്ത വായനക്കാര്‍ ഉണ്ട് എന്നത് വാസ്തവം. അമേരിക്കന്‍ വായനക്കാര്‍ പല തട്ടിലുള്ളവരാണ്. അവനവനെപ്പറ്റി യുള്ള വിഷയങ്ങള്‍ മാത്രം വായിക്കുന്നവര്‍, പ്രകോപിക്കപ്പെടുമ്പോളോ ആകാംഷകൊണ്ടോ മാത്രം വേഗത്തില്‍ വായിച്ചു വിടുന്നവര്‍, ജാതീയ വിഷയം നോക്കുന്നവര്‍, അസൂയ കൊണ്ട് ചിലരെ അപ്പാടേ ഒഴിവാക്കുന്നവര്‍, സമയം ഉള്ളതുകൊണ്ട് എന്തെകിലും ഒക്കെ വായിക്കണം എന്ന് ചിന്തിച്ചു വായിക്കുന്ന നിര്‍ദോഷ വായനക്കാര്‍, സ്വന്തം കൃതികള്‍ മാത്രം പലവുരു വായിച്ചു സായൂജ്യം അടയുന്നവര്‍, തീഷ്ണതയയോടെ വായിക്കുന്നവര്‍ അങ്ങനെ വിചിത്രമായ കപ്പല്‍ യാത്രക്കാരാണ് അമേരിക്കന്‍ വായനക്കാര്‍.

മനപൂര്‍വ്വം പ്രതികാത്തവര്‍ ഉണ്ട്, അതിനു പല കാരണങ്ങള്‍ കണ്ടേക്കാം, അവര്‍ അങ്ങനെയാണ് . ചിലര്‍ക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. നേരില്‍ കാണുമ്പോള്‍ കൈയ്യില്‍ മുറുക്കി പിടിച്ചു, കൊള്ളാം, ഇനിയും എഴുതണം എന്ന് പ്രോത്സാഹിപ്പിക്കുന്ന നല്ലമനസ്സുകള്‍ ഉണ്ട്. കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് ആത്മാര്‍ഥമായി പറയാന്‍ ധൈര്യമുള്ളവരും ഉണ്ട്. എന്തോ പ്രതികരണം എഴുതുന്നത് അമേരിക്കന്‍ വായനക്കാര്‍ക്ക് ശീലമില്ലാത്ത കാര്യം ആണെന്ന് തോന്നുന്നു. അതുകൊണ്ടാകാം മറുപേരുകളില്‍ ഇമലയാളി യില്‍ വരുന്ന കമെന്റുകള്‍, അവ വളരെ താല്പര്യത്തോടെയാണ് ഞാനും നോക്കാറുള്ളത്. ചിലര്‍ക്ക് മാത്രം പ്രതികരണം എഴുതിയാല്‍ പരസ്പരം പുറം ചൊറിയല്‍ ആണെന്ന് കരുതി പ്രതികരിക്കാത്ത എഴുത്തുകാരും ഉണ്ട്. എന്തായാലും പ്രതികരണം എഴുത്തിനെ നല്ലതാക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. മാതൃഭൂമി വീക്കിലിയിലെ പത്രാധിപര്‍ക്കുള്ള കത്തുകള്‍ ഇപ്പോള്‍ തുടക്കം പേജുകളിലാക്കി , കൂടുതല്‍ പേജുകളും കൂട്ടി. ചില പ്രതികരണങ്ങള്‍ ലേഖനത്തേക്കാള്‍ അറിവിലും ആഴത്തിലും മെച്ചതായി കാണുന്നു . അതുകൊണ്ടു പ്രതികരണം നോക്കിയാണ് പലപ്പോഴും വായന തിരഞ്ഞെടുക്കുന്നത്.

ഈ കഴിഞ്ഞ ലക്കം വാല്‍ക്കണ്ണാടിയില്‍ വന്ന 'സമാധാനം ആഗ്രഹിച്ചാല്‍ മാത്രം പോരാ' എന്ന ലേഖനത്തിനു വായനക്കാരന്‍ എന്ന പേരില്‍ ഒരാള്‍ കുറിച്ചു , 'എന്താണ് പ്രതിവാദ്യ വിഷയം എന്ന് മനസ്സിലായില്ല'. വളരെ ശ്രദ്ധയോടും ഗൃഹപാഠത്തോടും കൂടി തയ്യാറാക്കിയ ആ ലേഖനത്തില്‍ വിഷയം എന്താണെന്നു മനസ്സിലാകാത്ത വായനക്കാരന്‍ എന്നെ ഉണര്‍ത്തി എന്ന് പറയാം. കെ .കെ .പൊന്‍മലേത്തിന്റെ വ്യാസന്‍ പറഞ്ഞ കഥകള്‍ , സി . രാധാകൃഷ്ണന്റെ ഗീതാദര്‍ശനം ഒക്കെ നോക്കി എന്റെയുള്ളിലെ ഒരു ചിന്ത വികസിച്ചെടുക്കയായിരുന്നു. അത്യാവശ്യം ചിലരുമായി ചര്‍ച്ചചെയ്തും, പലവുരു വായിച്ചു തെളിമ ഉണ്ടോ എന്ന് ഉറപ്പു വരുത്തിയുമാണ് ലേഖനം പുറത്തുവിട്ടത്. അദ്ധ്യാല്‍മികമായ വിഷയമായതിനാല്‍ വളരെ സസൂക്ഷ്മം തെറ്റുതിരുത്തിയ ഒരു ആവിഷ്‌കരണം ആണെന്നു ഉറപ്പാക്കണമായിരുന്നു. എന്നാല്‍ ഹിന്ദു വിശ്വാസപ്രകാരം വിധിയെ മാനിക്കുക എന്ന തത്വം ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്ക് പഥ്യമല്ല. അതുകൊണ്ടു സെന്റ് പോളിന്റെ ഗലാത്യലേഖനത്തിലെ വരികളെ മഹാഭാരത വരികളുമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍ ഏതോ ഒരു വായനക്കാരന്റെ വിശ്വാസത്തിന്റെ ഉള്‍ക്കാമ്പില്‍ ചെറിയ ചൊറിച്ചിലുകള്‍ ഉണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍ എനിക്ക് ഉറപ്പായും അവിടെ ഒരു ഒരുമ ദര്‍ശിക്കാനായത് വായനക്കാരുമായി പങ്കുവെയ്ക്കയായിരുന്നു ഉദ്ദേശം. എത്രയോ പേര്‍ അത് വായിച്ചു അലക്ഷ്യമായി മറിച്ചുവിട്ടു. അപ്പോള്‍ ആ ഒരു വായനക്കാരനു നമസ്‌കാരം.

പ്രബുദ്ധരല്ലാത്ത വായനക്കാര്‍ മറ്റെവിടയും പോലെ അമേരിക്കയിലും ഉണ്ട്. മുഖംമൂടിവെച്ചു കാടടച്ചു വെടിവെക്കുന്നവരും ഇല്ലാതില്ല. വായിക്കാതെ തന്നെ മുന്‍വിധിയോടെ അഭിപ്രായം നാല് ആള്‍ കൂടുമ്പോള്‍ തട്ടിവിടുന്ന വിരുതന്മാരും ഉണ്ട്. ബൈബിളില്‍ പറയുന്നപോലെ, പന്നിയുടെ മൂക്കില്‍ പൊന്‍ മൂക്കൂത്തി ഇട്ടപോലെ. ഇത്തരം പ്രതിഭാസങ്ങളെ അവഗണിക്കുക അല്ലാതെ മാര്‍ഗമില്ല. എഴുത്തുകാരനെ സംബന്ധിച്ച് വായനക്കാരുടെ സ്വീകരണം ഒരു മാനദണ്ഡം തന്നെയാണ്. അത്തരം ഒരു മാനദണ്ഡത്തിലൂടെയാണ് ഞാനും ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ ഇടയായത്. നിശബ്ദരായി എന്നാല്‍ ഗൗരവമായി വസ്തുതകളെ വിലയിരുത്തുന്ന ആസ്വാദകര്‍ നമ്മുടെ ഇടയില്‍ ഉണ്ട് എന്നത് ശുഭപ്രതീക്ഷ നല്‍കുന്നു. അതാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ചു കിട്ടുന്ന സായൂജ്യം.

ഓരോ ലേഖനത്തിനും ഓരോ ജാതകമാണെന്നാണ് ഞാന്‍ കരുതുന്നത് . ചിലവ കാലത്തെ അതിജീവിക്കും , ചിലവ അല്പായുസ്സുള്ളതാവും, ഒരു ചിന്ത മൊട്ടിട്ടു വരുമ്പോള്‍ പിന്നെ കാര്‍മേഘപടലങ്ങള്‍ ഉള്ളില്‍ വന്നു നിറയുകയായി . ഒന്ന് കുറിച്ച് വയ്ക്കുന്നതുവരെ പിന്നെ ആകെ ഒരു അസ്വസ്ഥതയാണ്, പ്രകാശിക്കപ്പെടുന്നതുവരെ നിദ്രാരഹിതമായ രോഗാവസ്ഥയാണ്. ചിലന്തി വല കെട്ടി ഇരക്കായി കാത്തിരിക്കുന്നതുപോലെ ക്ഷമയോടെ കാത്തിരിക്കും പ്രതികരണം അറിയാന്‍. യാതൊരു പ്രതികരണവും ഇല്ലെങ്കിലോ? അത്തരം ഒരു മുഹൂര്‍ത്തത്തില്‍ ഞാനൊരു ലേഖനം കുറിച്ചു , 'അണിഞ്ഞൊരുങ്ങി വയലില്‍ നില്‍ക്കുന്നവര്‍ ' എന്റെ പുസ്തകത്തില്‍ അവ ചേര്‍ത്തിട്ടുണ്ട്.

കിടാവിനുവേണ്ടിയാണു പശു പാലു ചുരത്തുന്നതെങ്കിലും, ആരു കുടിക്കുന്നു എന്ന് പശു ശ്രദ്ധിക്കാറില്ല , എല്ലാ മുട്ടയും വിരിയും എന്ന് ചിന്തിച്ചു കോഴി ഇടുന്ന മുട്ടകളൊക്കെ മറ്റുള്ളവര്‍ക്ക് ഭക്ഷണമാകും എന്ന് കോഴി ശ്രദ്ധിക്കാറില്ലല്ലോ. എന്നാല്‍ എഴുത്തുകാരന്റെ സര്‍ഗ്ഗശേഷി പ്രകൃതിദത്തമാണെങ്കിലും സൃഷ്ടി പൂര്‍ണമാകണമെങ്കില്‍ അവ ശ്രദ്ധിക്കപ്പെടണം. ശ്രദ്ധിക്കപ്പെടണമെങ്കില്‍ എഴുത്തുകാരന്‍തന്നെ അവയുടെ രീതിയും മാര്‍ഗവും കൂടി കണ്ടു പിടിക്കണം എന്നതാണ് ആധുനിക തത്വം. കല കലക്കുവേണ്ടി എന്ന് പറയാമെങ്കിലും അടിസ്ഥാനപരമായ ഒരു വിപണനസാദ്ധ്യത ഇല്ലാതെ എഴുത്തുകാരനു നിലനിക്കാനാവില്ല.

ഒരു മില്ലി ലിറ്റര്‍ പുരുഷ ബീജത്തില്‍ 20 മുതല്‍ 40 മില്യണ്‍ ശുക്‌ളണുക്കളാണ് സാധാരണ ഉണ്ടാവുക. അതില്‍ ഒരു ശുക്‌ളണുവിനാണ് പൂര്ണതയിലെത്താന്‍ സാധ്യത. പ്രകൃതിക്കു തന്നെ സാധ്യതകളുടെ പരിമിതിയെപ്പറ്റി ബോദ്ധ്യമുള്ളതിനാലാകാം ഇത്രയും അധികോല്‍പ്പാദന പ്രവണത. എഴുത്തുകാര്‍ അധികമായി എഴുതിത്തുടങ്ങുന്നത് അഭികാമ്യമാണ് പ്രതേകിച്ചു അമേരിക്കന്‍ മലയാള സാഹിത്യരംഗത്തു . പൂര്ണതയിലെത്തണമെങ്കില്‍ എഴുത്തുകാര്‍ക്ക് സ്വാഗതോകാരമായ ഒരു തുറസ്സു ഉണ്ടായേ മതിയാകയുള്ളൂ . അത്തരം ഒരു തുറസ്സാണ് , തുരുത്താണ് ഇമലയാളീ നല്‍കുന്ന ഇടം. അവിടെ എല്ലാവര്ക്കും സ്വാഗതം. അവിടെ വലിയ പ്രതികരണങ്ങള്‍ എപ്പോഴും ലഭിച്ചില്ലെങ്കിലും മടികൂടാതെ എഴുതുക എന്നതാണ് ഇവിടുത്തെ എഴുത്തുകാരുടെ ധൗത്യം. 'വയലിലെ താമരകളെ നോക്കു, ശലോമോനുപോലും തന്റെ സര്‍വ മഹത്വത്തിലും ഇവ ഒന്നിനോടൊപ്പം ചമഞ്ഞിരുന്നില്ല' എന്ന് ക്രിസ്തു പറഞ്ഞു. ആര്‍ക്കു വേണ്ടിയാണ് ആരും കടന്നു വരാത്ത കാടുകളിലും ആരും ശ്രദ്ധിക്കാത്ത വയലുകളിലും അവ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് ? പക്ഷെ അവയെ ക്രിസ്തു ശ്രദ്ധിച്ചിരുന്നു.

നിമിഷങ്ങള്ക്കുള്ളില് വന്നു നിറയുന്ന നിറംപിടിച്ച വായനഘടകങ്ങള്, ഏതാനും നിമിഷം മുമ്പു വന്നു നിന്ന സൃഷ്ടികള് പോലും, അപ്രസ്‌ക്തമായി വിസ്മൃതിയില് ലയിക്കുകയാണ്. സ്വസ്ഥമായി വായിക്കാനോ, വായനയില് അഭിരമിക്കാനോ സാധിക്കാത്ത രീതിയിലുള്ള അതികോല്പ്പാദന പ്രവണതയില്, അഭിപ്രായങ്ങളും, ലൈക്കുകളും, ഷേയറിങ്ങുകളുമാണ് അത്യാവശ്യ ഘടകങ്ങള്. എത്ര നന്മ കണ്ടാലും അഭിനന്ദിക്കാനോ, അഭിപ്രായം പറയാനോ പിശുക്കുകാട്ടുന്ന പ്രവണത, ഒളിഞ്ഞു നോക്കി നിസ്സംഗം അരസികമായി കടന്നു പോകുന്ന അമേരിക്കന്‍ മലയാളി സ്വഭാവം നിലനില്ക്കുമ്പോള്, വയലില് ചമഞ്ഞു നില്ക്കുക, അത്രതന്നെ!

പ്രതികരണങ്ങള്‍ പ്രതീക്ഷകളാണ്,ഉത്‌പ്രേരകമാണ് . പ്രതികണങ്ങളോട് എഴുത്തുകാരന്‍ എങ്ങനെ പതികരിക്കണമെന്നു കൂടി പറയാതെ ഈ വിഷയത്തിന് പൂര്‍ണത വരില്ല.

ഉള്ളിന്റെ ഉള്ളിലെ നല്ല എഴുത്തുകാരനെ പുറത്തുകൊണ്ടുവരികയാണ് പ്രതികരണങ്ങള്‍

മറ്റു എഴുത്തുകാരുടെ അഭിമാനത്തെ മുറിവാക്കാതെ അവരുടെ എഴുത്തിനെക്കുറിച്ചു ഒരു അഭിപ്രായം പറയാന്‍ കഴിഞ്ഞില്ല എന്ന് തോന്നിയിട്ടില്ലേ?

ഒരാള്‍ക്ക് വ്യക്തമാകുന്നത് മറ്റൊരാള്‍ക്ക് വ്യതമാകണമെന്നില്ല , അതുകൊണ്ടു ഏതു പ്രതികരണമാണ് ഉള്‍ക്കൊള്ളേണ്ടതെന്നു നിങ്ങള്‍ തന്നെ തീരുമാനിക്കുക

പ്രതികരണങ്ങളെ പ്രതിരോധിക്കരുത്, അവര്‍ക്കെന്തറിയാം, അവര്‍ക്കു പിടികിട്ടില്ല , എന്ന രീതിയില്‍ അഭിപ്രായങ്ങളെ കാണരുത്.

ഒരു കൃതിയിയെപ്പറ്റി ഉള്ള നിശിതമായ വിമര്‍ശങ്ങള്‍ നിങ്ങളുടെ മൊത്തമായ എഴുത്തിനെയും അറിവിനെയും അടിച്ചപേക്ഷിക്കലല്ല , അത് നിങ്ങളുടെ വ്യക്തിത്വത്തെ അധിക്ഷേപിക്കലല്ല, ഒരു പ്രതേക സാഹചര്യത്തിലെ നിങ്ങളുടെ എഴുത്തിന്റെ വിമര്‍ശനം മാത്രമാണ്.

പ്രശംസകളെയും വിമര്‍ശനങ്ങളെയും ഒരേ തീവ്രതയില്‍ ഉള്‍ക്കൊള്ളുക, നമുക്ക് സ്വയ വിമര്‍ശകനാകാം നല്ലതു പറയുമ്പോള്‍ , അവര്‍ വെറുതേ പറയുന്നതാണ് എന്ന് വിചാരിക്കാതെ, ആത്മാര്‍ഥമായ പ്രശംസകള്‍ മുഖവിലക്കെടുക്കുക

ആവര്‍ത്തിക്കപ്പെടുന്ന പ്രതികരണങ്ങള്‍ കുറിച്ചുവയ്ക്കുക. എഴുത്തിലെ ഘടനാരീതികള്‍ മെച്ചപ്പെടുത്തണം, ഉപസംഹാരം ഒന്നുകൂടി ശരിയാക്കണം , വായനക്കാരന്‍ എന്ത് ഉള്‍ക്കൊള്ളണം എന്ന് വ്യതമാക്കണം , കുറച്ചുകൂടി ലളിതമാക്കണം , ആത്മാര്‍ഥതയും സുതാര്യതയും ഉള്ള എഴുത്താണ് , അവതരണം നന്നായിരുന്നു , കുറച്ചു പുതിയ കാര്യങ്ങള്‍ മനസ്സിലായി , വരികള്‍ക്ക് തീഷ്ണതയുണ്ട് , ധൈര്യമുണ്ട് എന്നൊക്കെ ആരെങ്കിലുമൊക്കെ നേരിട്ടോ അല്ലാതെയോ പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളുടെ എഴുത്തു ശക്തമാക്കും.

പ്രതികരണശേഷിയുള്ള വായനക്കാരും പരസ്പരം പ്രചോദിപ്പിക്കുന്ന എഴുത്തുകാരും അമേരിക്കന്‍ മലയാള സാഹിത്യ രംഗത്തെ ധന്യമാക്കട്ടെ എന്ന് ആശംസിക്കുന്നു. മലയാളസാഹിത്യത്തെ പരിപോഷിപ്പിക്കുന്ന അമേരിക്കന്‍ മലയാളിയെ ഒരേ കുടകീഴില്‍ അടുപ്പിച്ചു നിര്‍ത്തുന്ന ഇമലയാളീ മാദ്ധ്യമത്തോടും , ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.
പ്രതികരിക്കാത്ത, പ്രബുദ്ധരല്ലാത്ത വായനക്കാര്‍  (കോരസണ്‍)പ്രതികരിക്കാത്ത, പ്രബുദ്ധരല്ലാത്ത വായനക്കാര്‍  (കോരസണ്‍)പ്രതികരിക്കാത്ത, പ്രബുദ്ധരല്ലാത്ത വായനക്കാര്‍  (കോരസണ്‍)
Join WhatsApp News
വിദ്യാധരൻ 2018-09-23 01:03:54
നമ്മുടെ പൊന്നു ചീത്തയാൽ 
തട്ടാനേ  പറഞ്ഞിട്ടെന്തു കാര്യം ?
ഒന്നാന്തരം തങ്കമെന്നു ചൊല്ലി 
വ്യാജനെ  ചിലർ മാർക്കെറ്റിൽ വിട്ടിടുന്നു 
ഞങ്ങടെ കയ്യിൽ മാറ്റുരച്ചു നോക്കാൻ 
കല്ലുകൾ ഉണ്ടതറിഞ്ഞിടേണം 
ഒരു ചീഞ്ഞ ആപ്പിൾ പോരെ 
ഒരു കൊട്ട ആപ്പിൾ ചീത്തയാക്കൻ 
കാണുന്ന പട്ടിക്കും പൂച്ചക്കും അവാർഡ് നൽകി  
ഇവിടെ കെട്ട സംസ്ക്കാരം പടുത്തുയർത്തി
ശരിയാണ് നിങ്ങൾ പറഞ്ഞതൊക്കെ 
നല്ല എഴുത്തുകാർ ഉണ്ടിവിടെ 
അവരെ വളർത്തുവാൻ ഇവിടെയെങ്ങും 
ഒരുത്തനും മുന്നോട്ട് വരികയില്ല 
സാഹത്യമണ്ഡലം കീഴടക്കി 
മാഫിയാ സംഘം ചുറ്റിടുന്നു 
അവർക്കായി എഴുതുവാൻ ഉയർത്തിടാനായി 
കങ്കാണി  വർഗ്ഗം കറങ്ങിടുന്നു 
അവരൊരുക്കും  പൗരസ്വീകരണം 
പൊന്നാട നൽകി മാനിച്ചിടും 
പോകുക നിങ്ങൾ  എഴുത്തുകാരാ 
കച്ചവട സാങ്കേതിക വിദ്യതേടി 
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 
ശണ്ഠകൂടിയിട്ടെന്തു കാര്യം 
വായനക്കാരെ മുഴുവൻ കൂട്ടമായി 
ചീത്ത വിളിച്ചിട്ടെന്തു കാര്യം 
ഉള്ളത് ഞങ്ങൾ പറഞ്ഞിടുമ്പോൾ 
ഭള്ളു വിളിക്കല്ലേ എഴുത്തുകാരെ 
ശത്രുക്കളല്ല ഞങ്ങൾ നിങ്ങളുടെ 
ഗുരുക്കന്മാരാണ് ഓർത്തിടുക 
നിങ്ങൾ നന്നായി എഴുതിടുമ്പോൾ 
ഞങ്ങൾ സംതൃപ്തരാണ് ഓർത്ത് കൊൾക 

"വിദ്യത്ത്വം ച നൃപത്വം ച
നൈവതുല്യം കദാചന 
സ്വദേശേ  പൂജ്യതേ രാജാ 
വിദ്വാൻ സർവത്ര പൂജ്യതേ "  (ഹിതോപദേശം )

അറിവും രാജ്യത്വവും ഒരിക്കലും തുല്യമല്ല സ്വന്തം നാട്ടിൽ രാജാവ് പൂജിക്കപ്പെടുന്നു വിജ്ഞാനി എല്ലായിടത്തും പൂജിക്കപ്പെടുന്നു

(പൊന്നാടയും അവാർഡും കിട്ടിയ  രാജാക്കന്മാരെ  പൂജിക്കുന്നില്ല . പക്ഷെ വിനയമുള്ള അറിവിന്റെ മുന്നിൽ ഞങ്ങൾ തലകുനിക്കും ) 

Sudhir Panikkaveetil 2018-09-23 09:18:14
"ഇവിടെ എഴുത്തുകാരില്ല" എന്ന കവചം വായനക്കാരോ 
പൊതുജനമോ കൊടുത്തുകൊണ്ടിരിക്കുന്ന 
കാലത്തോളം ധാരാളം എഴുത്തുകാർ പ്രത്യക്ഷപ്പെടും 
കാരണം അവർക്കറിയാം പൊതുജനം 
എല്ലാവരെയും ഒരു പോലെ കാണുന്നു. നല്ല 
എഴുത്തുകാരും മോശം എഴുത്തുകാരും 
ഒരേപോലെ കരുതപ്പെടുന്ന ഒരു സമൂഹം 
സാഹിത്യം വളർത്തുകയില്ല. ഇ മലയാളി 
പ്രതിവർഷം നൽകുന്ന അവാർഡുകൾ എഴുത്തുകാർക് 
പ്രോത്സാഹനവും  അംഗീകാരവും ആണ്. ശ്രീ 
കോരസൺന്റെ ലേഖനവും ശ്രീ വിദ്യാധരന്റെ 
കമന്റും നന്നായിരുന്നു. നല്ല എഴുത്തുകാർ 
വിദ്യാധരന്റെ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട്. 
അമേരിക്കയിലെ ഒരു പ്രശസ്ത എഴുത്തുകാരി 
അമേരിക്കൻ മലയാള സാഹിത്യത്തിൽ കള്ളനാണയങ്ങൾ ഉണ്ടെന്നു 
എഴുതിയിരുന്നു. വിദ്യാധരൻ മാഷ് ഇവിടെ ഒരു 
ഡിമോണിറ്ററിസഷൻ(demonetization) നടപ്പാക്കണം. 
മോഡി അഞ്ഞൂറിന്റെയും ആയിരത്തിന്റെയുംപഴയ നോട്ടുകൾ നിരോധിച്ചപോലെ. 
കണ്ണൻ 2018-09-23 21:55:50
ചുറ്റുവട്ടത്തുള്ളതെല്ലാം 
കാണുകയും കേൾക്കുകയും 
ചെയ്യുന്നതോടൊപ്പം 
അവ 
എഴുതിയും പറഞ്ഞും 
പ്രതികരിക്കാനുള്ള പ്രതിബദ്ധത കൂടി 
നാം സമൂഹത്തോടു കാട്ടണം 

വായിക്കാതെ 
കാണാതെ 
എഴുതാതെ
പറയാതെ 

അന്നും ഇന്നും എന്നും ഇരു 
പാളത്തിലൂടെ ഓടുന്ന തീവണ്ടിയാകരുത് 
നമ്മൾ.

എരിച്ചുവിട്ട വാണം പോലെയും 
കയറു പൊട്ടിച്ച കാളക്കൂറ്റനായും 
മാറണം 
കെട്ടു പൊട്ടിയ പട്ടം പോലെ 
അലയണം 

അനുഭവ സമ്പത്തിന്റെ ഉറവിടങ്ങൾ 
അവിടെയാണ് കുടികൊള്ളുന്നത് 

അക്ഷരണങ്ങളുടെയും വാക്കുകളുടെയും 
തിരയൊത്ത വരികളിലൂടെയും 
കൈപിടിച്ചു നടത്തി 
ഖണ്ഡികകളും താളുകളും താണ്ടി 

അനുഭവങ്ങളുടെ 
നൊമ്പരങ്ങളുടെ 
നീർക്കാഴച പ്രതിബിംബിച്ച

"വാൽക്കണ്ണാടി" ക്കു 
ലഭിച്ച 
അംഗീകാരമാണ് ഈ 
പുരസ്കാരം 
***
കണ്ണൻ 
ചിത്രശാല, 
പന്തളം  
Korason 2018-09-24 08:52:35
പ്രതികരണങ്ങൾ പ്രതികാര കണങ്ങളാവില്ല എന്ന വിദ്യാധരൻ സാറിന്റെ സത് വചനങ്ങളും , നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കള്ളനാണയങ്ങൾക്ക് നേരെ സുധീർ സാറിന്റെ മുന്നറിയിപ്പും, കണ്ണൻറെ കടാക്ഷവും നന്ദി അർഹിക്കുന്ന കുറിപ്പുകൾ. നല്ല നാണയങ്ങളോടൊപ്പം വേദി പങ്കിടാനായത് സുകൃതം. 
കോരസൺ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക