Image

ആയുഷ്‌മാന്‍ ഭാരത്‌; ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആരോഗ്യ പദ്ധതിക്ക്‌ പ്രധാനമന്ത്രി തുടക്കമിട്ടു

Published on 23 September, 2018
ആയുഷ്‌മാന്‍ ഭാരത്‌; ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആരോഗ്യ പദ്ധതിക്ക്‌ പ്രധാനമന്ത്രി തുടക്കമിട്ടു


ദില്ലി: ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ പദ്ധതിക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ആയുഷ്‌മാന്‍ ഭാരത്‌ എന്നാണ്‌ ആരോഗ്യ പദ്ധതിയുടെ പേര്‌. 50 കോടി ഇന്ത്യക്കാര്‍ക്ക്‌ ഗുണം ചെയ്യുന്ന പദ്ധതിയാണിത്‌. പത്ത്‌ കോടി ദരിദ്ര കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.

നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്‌. സ്വാതന്ത്ര്യദിനത്തില്‍ മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ്‌ പദ്ധതിയുടെ തുടക്കം എന്നാകുമെന്ന്‌ അറിയിച്ചത്‌. ജാര്‍ഖണ്ഡ്‌ തലസ്ഥാനമായ റാഞ്ചിയിലാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിക്കുന്ന ചടങ്ങുകള്‍ നടന്നത്‌. 10 കോടി കുടുംബങ്ങള്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ്‌ പദ്ധതി വിഭാവനം ചെയ്യുന്നത്‌.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയോട്‌ ചില സംസ്ഥാനങ്ങള്‍ മുഖം തിരിച്ചുനില്‍ക്കുന്നുണ്ട്‌. കേരളം, ഒഡീഷ, ദില്ലി, തെലങ്കാന, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ പങ്കാളികളാകുന്നില്ല.

ചെലവേറിയ പദ്ധതിയാണിതെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം പ്രതികരണം തേടിയിരുന്നു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയുണ്ടെന്നും സംസ്ഥാനം അറിയിച്ചു.

ആയുഷ്‌മാന്‍ ഭാരത്‌ ആരോഗ്യ പദ്ധതിയുടെ നേട്ടങ്ങളും ഗുണങ്ങളും വിശദീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കത്ത്‌ പുറത്തിറക്കിയിട്ടുണ്ട്‌. ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക്‌ ഇത്‌ കൈമാറും. ക്രമേണ രാജ്യം മൊത്തം പദ്ധതിക്ക്‌ കീഴില്‍ വരുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉള്‍പ്പെടുന്ന കത്താണ്‌ ഗുണഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക