Image

സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍

Published on 24 September, 2018
സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍

സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ സഭ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. നടപടി ഗൗരവത്തില്‍ എടുക്കുന്നുവെന്നും സമരത്തില്‍ പങ്കെടുത്തവരെ അടിച്ചമര്‍ത്താനുള്ള സഭയുടെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെയാണ് കഴിഞ്ഞ ദിവസം മാനന്തവാടി രൂപത നടപടി എടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനുമാണ് നടപടി.

കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല. വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാ വസ്ത്രം ധരിക്കാതെ പൊതുപരിയിലെത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു നടപടി. മൂന്നു മാസം മുന്‍പു മാനന്തവാടി രൂപത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നുവെന്ന് എഫ്സിസി സന്യാസമൂഹം അധികൃതര്‍‌ അറിയിച്ചു.

സഹനമല്ല സമരവഴി തിരഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി.

അതേസമയം, സിസ്റ്റര്‍ ലൂസിയെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടപടിയെന്നും ഇത്തരം നീക്കങ്ങളെ അവസാനം വരെ എതിര്‍ക്കുമെന്നും കുടുംബം ഒരു ചാനലിനോട് പ്രതികരിച്ചു. നടപടികളറിയിച്ച്‌ വീട്ടിലെത്താനിരുന്ന സഭാ പ്രതിനിധികളോട് ഇക്കാര്യത്തിന് വീട്ടിലേക്ക് വരേണ്ടതില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കുടുംബം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക