Image

കൈയിലുള്ള കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണോ ? (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Published on 24 September, 2018
കൈയിലുള്ള കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണോ ? (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
'ബാ'....ന്നു പറഞ്ഞപ്പോ
ബാപ്പാനെ കടിച്ചു ,
' പോ '...ന്നു പറഞ്ഞപ്പോ
ഉമ്മാനെ കടിച്ചു ,
ഞാന്പറഞ്ഞില്ലേ ബാപ്പാ
പട്ടി ബളക്ക ബേണ്ടാന്ന് ?

ലോക കത്തോലിക്കാ തിരു സഭയിലെ കരുത്തനായ ഒരു ' പരിശുദ്ധ പിതാവ് ' ബലാത്സംഗ കേസില്‍ പിടിയിലായി അകത്തായപ്പോള്‍ ഏതോ മുസ്ലിം പയ്യന്‍ എന്നോ പാടിപ്പോയ ഈ വായ്പ്പാട്ടാണ് ഓര്‍മ്മയില്‍ ഓടി എത്തുന്നത്.

ചാനല്‍ ചര്‍ച്ചകള്‍ തകര്‍ക്കുകയാണ്. മാടപ്രാവിന്റെ ഹൃദയവും, മുട്ടനാടിന്റെ സ്വഭാവവുമുള്ള ഇത്തരം പരിശുദ്ധ പിതാക്കന്മാരില്‍ നിന്ന് മഠങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ട സ്ത്രീ ശരീരങ്ങള്‍ക്കു രക്ഷ കിട്ടുമോ എന്നാണ് മനുഷ്യ സ്‌നേഹികളായ മിക്കവരുടെയും ആശങ്ക. അതിനുള്ള വിവിധങ്ങളായ പരിഹാര സൂത്രങ്ങളും പൊതു നന്മയെ ലാക്കാക്കി ഇവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇവരാരും ഉറക്കെ പറയാന്‍ മറന്നു പോയ ഒരു കാര്യമുള്ള കാര്യമാണ് നമ്മുടെ മുസ്ലിം പയ്യന്‍ അവന്റെ വായ്പ്പാട്ടിലൂടെ പറഞ്ഞു വച്ചത് എന്ന് എനിക്ക് തോന്നുന്നു.

കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ കത്തോലിക്കാ മഠങ്ങളില്‍ മാത്രം ദുരൂഹ സാഹചര്യങ്ങളില്‍ മരണമടഞ്ഞ കന്യാസ്ത്രീ കളുടെ എണ്ണം മുപ്പതിന് അടുത്തു വരും. അതില്‍ ഒരാള്‍ മാത്രമാണ് സിസ്റ്റര്‍ അഭയ. മറ്റു മത വിഭാഗങ്ങളിലെ മഠങ്ങളില്‍ നിന്നും ആശ്രമങ്ങളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ശാരീരികവും , മാനസികവുമായ പീഠനങ്ങള്‍ സഹിക്കാന്‍ കഴിയാതെ സ്ഥാന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു പുറത്തുകടന്ന ആയിരങ്ങള്‍ തന്നെയുണ്ട്,നമ്മളറിയാതെ.

ഇവിടെയാണ്, ' ഞാന്പറഞ്ഞില്ലേ ബാപ്പാ, പട്ടി ബളക്ക ബേണ്ടാണ് ?' എന്ന വരിയുടെ പ്രസക്തി. അത്യാവശ്യം സ്കൂള്‍ വിദ്യാഭ്യാസം എങ്കിലും നേടിക്കഴിഞ് ചോരയും നീരും ഉറച്ച പ്രായത്തിലാണല്ലോ മഠത്തിലേക്കുള്ള പോക്ക്. ഒരു തൊഴിലും സുരക്ഷിതത്വവുമാവാം ഇതിനുള്ള പ്രചോദനം. ഏതെങ്കിലും കുളത്തില്‍ ചത്തു പൊങ്ങുന്‌പോള്‍ മാത്രമാണ് ഈ സംവിധാനങ്ങളില്‍ ഒളിഞ്ഞിരുന്ന ട്രാപ്പ് ബന്ധപ്പെട്ടവര്‍ ( മാത്രം ) മനസിലാക്കുന്നത്. അഭ്യൂഹങ്ങള്‍ക്കുപരി ആധികാരിക തെളിവുകളോടെ സത്യങ്ങള്‍ പുറത്തു വരുന്‌പോള്‍ എങ്കിലും ' പട്ടി ബളക്ക ബേണ്ടാന്ന് ' തീരുമാനിച്ചു കൂടെ? സ്വന്തം ഓമനകളെ കാമക്കഴുകന്മാര്‍ക്ക് എറിഞ്ഞു കൊടുക്കുകയില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറച്ച തീരുമാനങ്ങള്‍ എടുത്തുകൂടെ? മേലനങ്ങി ജോലി ചെയ്യാന്‍ ആളില്ലാത്തത് കൊണ്ട് തകര്‍ന്നു പോയ കാര്‍ഷിക സാമൂഹ്യ മേഖലകളില്‍ സധൈരര്യം ഇറങ്ങിച്ചെന്നു പ്രവര്‍ത്തിച്ചു കൊണ്ട് തങ്ങള്‍ക്കും സമൂഹത്തിനും പ്രയോജനകരമായ സദ്ഫലങ്ങള്‍ പുറപ്പെടുവിച്ചു കൂടേ ?

പടിഞ്ഞാറന്‍ അധിനിവേശ സംസ്കാരം അതി രഹസ്യമായി നമ്മുടെ മനസ്സില്‍ നട്ടു വളര്‍ത്തിയ ' വൈറ്റ് കോളര്‍ തൊഴിലിട മോഹങ്ങള്‍ ' ഏറ്റു വാങ്ങിയ ഭരണകൂടങ്ങളും, സാമൂഹ്യാവസ്ഥയും കൂടിയാണ് കാര്‍ഷിക സമൃദ്ധിയുടെ തേനുറവകള്‍ അവഗണിച്ചു കൊണ്ട് നമ്മുടെ വളക്കൂറുള്ള ട്രോപ്പിക്കല്‍ കന്നി മണ്ണ് തരിശിട്ടിട്ട് കോര്‍പ്പറേറ്റുകളുടെ ഓഫീസ് ശിപ്പായിമാരുടെ അടിമപ്പണിക്ക് സ്വന്തം കഴുത്തുകള്‍ പിണച്ചു കൊടുത്തത്. മാന്യമായി കൃഷി ചെയ്ത് മനസമാധാനത്തോടെ ജീവിക്കുന്നതിന് പകരം വന്‍കിട ബാങ്കുകളുടെ കഴുത്തറുപ്പന്‍ വായ്പകളോടെ വ്യാവസായിക കൃഷി നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച താളപ്പിഴകളിലാണ് സ്വച്ഛന്ദ സുന്ദരമായ ഗ്രാമ വീഥികളില്‍ ജപ്തിച്ചെണ്ടയുടെ കര്‍ണ്ണ കഠോര ശബ്ദങ്ങള്‍ അലയടിച്ചുയര്‍ന്നതും, സ്വന്തം കുടുംബങ്ങളെപ്പോലും അനാഥമാക്കി പലരും ആത്മഹത്യയില്‍ അഭയം തേടിയതും.?

കോര്‍പ്പറേറ്റുകളുടെ മറ്റൊരു മാറ്റപ്പേര് തന്നെയാണ് മതങ്ങളും. ഇവര്‍ക്കും ശിപ്പായികളെ ആവശ്യമുണ്ട്. കൂലിയില്ലാ ചുമട് ചുമക്കാനായി തങ്ങളുടെ പെണ്മക്കളെ ഈ തടവറകളില്‍ ഏല്‍പ്പിക്കുന്നത് സ്വന്തം മാതാപിതാക്കള്‍ തന്നെ ആണെന്നുള്ളതാണ് ഇതിലെ വിചിത്രമായ വിരോധാഭാസം. തങ്ങളുടെ പെണ്മക്കളുടെ റെക്കമെന്റേഷനില്‍ തങ്ങള്‍ക്കും സ്വര്‍ഗ്ഗത്തില്‍ ഒരു സീറ്റു തരപ്പെട്ടേക്കും എന്നും ഇവര്‍ വിശ്വസിക്കുന്നുണ്ടാവും. ദൈവത്തെ ഇടനിലക്കാരനായി നിര്‍ത്തിക്കൊണ്ടാണ് മതങ്ങളുടെ ബിസ്സിനസ്സ് എന്നതിനാല്‍ ഈയാം പാറ്റകളെ അതി വിദഗ്ദമായി ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ചിറകുകള്‍ കരിഞ്ഞു വീണാലും അവസാനം കിട്ടാന്‍ പോകുന്ന സ്വര്‍ഗ്ഗം എന്ന പ്രലോഭനം ഏവരെയും എന്തും സഹിച്ചും അവരുടെ തടവറകളില്‍ തളച്ചിടുന്നു.

ഇന്ന് കാലം മാറി, കഥ മാറി. സത്യാനേഷികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ കാലങ്ങളായി സ്വര്‍ണ്ണപ്പാത്രങ്ങള്‍ക്കടിയില്‍ മൂടി വച്ചിരുന്ന പല സത്യങ്ങളും പുറത്തു കൊണ്ട് വന്നു കഴിഞ്ഞു. ആത്മ ഹത്യകള്‍ എന്നെഴുതി തള്ളിയിരുന്ന പല മരണങ്ങളും ക്രൂരമായ കൊലപാതകങ്ങള്‍ ആയിരുന്നുവെന്ന് വേദനയോടെ നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്ത്രീ ശരീരങ്ങളുടെ നിമ്‌നോന്നതങ്ങള്‍ മത മേധാവികളുടെ മേച്ചില്‍പ്പുറങ്ങള്‍ ആയിരുന്നു എന്നും, ഇപ്പോഴും ആണ് എന്നും നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

എങ്കില്‍പ്പിന്നെ ദാരിദ്ര്യത്തിലും, പട്ടിണിയിലും പെറ്റു വളര്‍ത്തി, തഴുകിയും തലോടിയും , ചുംബിച്ചും ചൂട് പകര്‍ന്നും വളര്‍ത്തിയെടുക്കുന്ന ഈ പൊന്നോമനകളെ എന്തിനീ മത കോര്‍പ്പറേറ്റുകളുടെ തടവറയില്‍ ആര്‍ക്കാനും വേണ്ടി എറിഞ്ഞു കൊടുക്കണം ? അവസാനം ഒരു പോട്ടക്കിണറ്റിലെ മരിച്ചു മരവിച്ച പ്രേതമായി കണ്ടെത്തുവാനോ, അല്ലെങ്കില്‍ ആണ്‍ കരുത്തന്മാരായ പരിശുദ്ധ പിതാക്കന്മാരുടെ അധികാര ആസക്തിയില്‍ അടിപിണഞ്ഞു ആത്മാവിന്റെയും, ശരീരത്തിന്റെയും എല്ലുകള്‍ തകര്‍ന്ന് ജീവിച്ചിരിക്കുന്ന പ്രേതങ്ങളായി അവശേഷിപ്പിക്കുവാനോ ?

മനുഷ്യ വര്‍ഗ്ഗത്തിന്റെ സാമൂഹിക ജീവിത ക്രമത്തിന്റെ നട്ടെല്ലായിട്ടാണ് ഏതൊരു സമൂഹത്തിലും മത രാഷ്ട്രീയ സംവിധാനങ്ങള്‍ രൂപം പ്രാപിച്ചിട്ടുള്ളത് എന്ന് സമ്മതിക്കുന്‌പോള്‍ തന്നെ അതിന് കാരണമായിത്തീര്‍ന്ന ഗോത്ര സംസ്കൃതി ഗോത്രത്തലവന്മാര്‍ക്കും രൂപം നല്‍കുകയുണ്ടായി. ഈ ഗോത്രത്തലവന്മാരുടെ പരിഷ്കൃത പതിപ്പുകളാണ് ആധുനിക സമൂഹത്തിലെ ഇന്നുകളിപ്പോലും നമ്മുടെ ചോരയൂറ്റി ജീവിക്കുന്ന മത രാഷ്ട്രീയ കുളയട്ടകളായ ' പരിശുദ്ധ പിതാക്കന്മാര്‍?'

പ്രിയ മാതാപിതാക്കളെ, ഇനിയെങ്കിലും നിങ്ങള്‍ സത്യം തിരിച്ചറൊയുക. നിങ്ങളുടെ പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കുക. ആര്‍ക്കോ വേണ്ടി നട തള്ളാന്‍ വിധിക്കപ്പെട്ട ഉപകാരണങ്ങളല്ലാ അവര്‍. സ്വപ്നങ്ങളും വ്യക്തിത്വവുമുള്ള മനുഷ്യ ജീവികളാണ് അവരും. ദുരഭിമാനത്തിന്റെ ചിതല്‍പ്പുറ്റുകള്‍ പിളര്‍ന്ന് അവരെ പുറത്ത് കൊണ്ട് വരിക. വേണ്ടി വന്നാല്‍ വൈറ്റ് കോളര്‍ വര്‍ണ്ണ സ്വപ്നം വലിച്ചെറിഞ് മുടി മാടിക്കെട്ടി, മുണ്ടു മടക്കിക്കുത്തി ചളിപ്പാടങ്ങളില്‍ കതിര്‍ക്കുലകള്‍ കൊയ്യുന്ന കാതര മിഴികളാക്കി അവരെ മാറ്റിയെടുക്കൂ. കണ്ണില്‍ കത്തുന്ന കനലുകളോടെ കൈയില്‍ തിളങ്ങുന്ന അരിവാളിന്റെ വായ്ത്തലയില്‍ തങ്ങളുടെ മാനം കൊയ്യാന്‍ വരുന്നവരുടെ ലിംഗം കൊയ്‌തെറിയുവാനുള്ള തന്റേടവും അവര്‍ക്ക് പകര്‍ന്നു കൊടുക്കൂ. ഇനിയാരെയും ഇത്തരം തടവറകളിലേക്ക് അയക്കില്ലാ എന്ന പ്രതിജ്ഞയോടെ ഇപ്പോള്‍ അവിടെയുള്ളവരെ ധൈര്യമായി തിരിച്ചു വിളിച്ചു കൊണ്ട് പോരിക, ഭയപ്പെടേണ്ടാ, അതി വിശാലമായ ഈ ഭൂമിയില്‍ അവര്‍ക്കു വേണ്ടി ഇനിയും ഇടമുണ്ട്. വയലിലെ ചെളിയുടെ ആഴങ്ങളില്‍ വേരിറക്കി വിരിഞ്ഞു നിന്ന വയല്‍പ്പൂവിനെ ആരും കണ്ടില്ലാ; പക്ഷെ, യേശു കണ്ടു. കാണുക മാത്രമല്ലാ, യഹൂദ രാജാവായ ശലോമോന്റെ സര്‍വ മഹത്വത്തെക്കാളും മഹത്തരമായി അടയാളപ്പെടുത്തുകയും ചെയ്തു. ആ യേശുവിനെയാണല്ലോ നിങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്.ഭയപ്പെടേണ്ടാ, നന്മയെ വരൂ.ൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക