Image

സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)

Published on 24 September, 2018
സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)
സമഗ്ര സംഭാവനക്കുള്ള ഇ-മലയാളിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ജോണ്‍ വേറ്റം അവാര്‍ഡ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് മുതല്‍ വിവിധ അവാര്‍ഡുകള്‍ നാട്ടിലുള്ള സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്ന പോലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് കിട്ടുന്നില്ല., രചനകളുടെ മേന്മക്കുറവ് ഒരു കാരണമായി പറയാമെങ്കിലും അത് മാത്രമാണോ അവര്‍ അവഗണിക്കപ്പെടാന്‍ കാരണം. 

സമാധാനവും, സ്നേഹവും, സുരക്ഷിതത്വവും, ലോകത്തിന് നല്‍കുന്നതിനു വേണ്ടി, ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വഴിയില്‍ യാത്ര ചെയ്യുന്നവരുടെ നേട്ടങ്ങള്‍ക്ക് നല്‍കിയ പുരസ്‌കരണമാണ് പൂര്‍വ്വകാല അവാര്‍ഡ്. ഇപ്പോള്‍, അത്, വിവിധ ഉദ്ദേശങ്ങളോടെ വിപുല വ്യാപകമായി. നമ്മുടെ മുമ്പിലും എത്തി. സന്തുഷ്ടമായ കാര്യം.

അവാര്‍ഡുകള്‍ നാട്ടിലുള്ള സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്ന പോലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് കിട്ടുന്നില്ല എന്ന അര്‍ത്ഥവത്തായ ചോദ്യം, അമേരിക്കയിലെ ഭൂരിപക്ഷം എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്ന ഈ മലയാളിയില്‍നിന്നും ഉയര്‍ന്നു വന്നിരിക്കുന്നു. അതിന് യുക്തമായ ഉത്തരം കണ്ടെത്തുന്നതിനു മുമ്പ്, കേരളത്തില്‍ കൊടുക്കപ്പെടുന്ന പുരസ്‌കാരങ്ങളുടെ ചരിത്രപശ്ചാത്തലത്തില്‍ ഒന്നെത്തിനോക്കാം.

1950 വരെ അറിയപ്പെടുന്ന അവാര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും, 1955 നു ശേഷമാണ് കേന്ദ്രസാഹിത്യ അക്കാദമിയും കേരളസാഹിത്യ അക്കാദമിയും പ്രവര്‍ത്തനത്തില്‍ വന്നതെന്നും, അതിനുശേഷം സ്വകാര്യ പുരസ്‌കാരങ്ങള്‍ കൊടുത്തു തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. 1970 മുതല്‍ നോവല്‍ സാഹിത്യത്തിനും അവാര്‍ഡുകള്‍ നല്‍കുന്നു. ഇപ്പോള്‍, വിവിധതരത്തിലുള്ള പുരസ്‌ക്കാരങ്ങളുമായി അനവധി സ്വകാര്യ സംഘടനകള്‍ സാഹിത്യമത്സരരംഗത്ത് നിരന്നിട്ടുണ്ട്. പുസ്തക പ്രകാശകരും ഗ്രന്ഥശാലകളും സാഹിത്യ സംഘങ്ങളും, അവരുടെ പുസ്തകങ്ങള്‍ അറിയപ്പെടുന്നതിനും വില്‍ക്കുന്നതിനും വേണ്ടി, സാഹിത്യ മത്സരങ്ങള്‍ ഇപകരിക്കുമെന്നു കരുതി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. അക്കാരണത്താല്‍, മത്സര വേദികളില്‍ നിയന്ത്രണവും  നിയമവും വന്നു.

ഇപ്പോള്‍, വിവിധ പേരുകളില്‍ അറിയപ്പെടുന്ന 150-ല്‍ പരം പുരസ്‌കാരങ്ങള്‍ കേരളത്തില്‍ നല്‍കപ്പെടുന്നുണ്ട്. സാഹിത്യ പ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പ്രതിഭകളുടെ പാവന സ്മരണക്കുവേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് അധികം. അഴീക്കോട്, ഇടമറുക്, ഇ.വി., ഉള്ളൂര്‍, ഓ.എന്‍.വി., എന്‍.എന്‍.പിള്ള, എം.ജി.രാധാകൃഷ്ണന്‍, കടമ്മനിട്ട, കാരൂര്‍, കുഞ്ഞന്‍പിള്ള, കുഞ്ഞുണ്ണി, കേശവദേവ്, കുമാരനാശാന്‍, കുഞ്ഞുണ്ണി, കേശവദേവ്, കുമാരനാശാന്‍, കോവൂര്‍, ഗുരു ഗോപിനാഥ്, ജി.ദേവരാജന്‍, ജി.ശങ്കരക്കുറുപ്പ്, ജി.ശങ്കരപ്പിള്ള, തകഴി, തോപ്പില്‍ഭാസി, പവനന്‍, പി.ജെ.ആന്റണി, പാലാ, പുത്തേഴത്ത്, പൊന്‍കുന്നം വര്‍ക്കി, ബഷീര്‍, ബാലാമണിയമ്മ, മാത്തന്‍ തരകന്‍, മുണ്ടശ്ശേരി, വള്ളത്തോള്‍, ശ്രീചിത്തിരതിരുനാള്‍, സാമ്പശിവന്‍, സ്വാതിതിരുനാള്‍- ഇവര്‍ പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ഇപ്രകാരം അവാര്‍ഡുകള്‍ സജ്ജീകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഓഫീസേഴ്സ് അസോസിയേഷന്‍, കലാസാഹിത്യവേദികള്‍, ക്ഷേത്രങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, ദേവസ്വം ബോര്‍ഡുകള്‍, ദേവാലയങ്ങള്‍, പാഠശാലകള്‍, ഫൗണ്ടേഷനുകള്‍, മറുനാടന്‍ മലയാളി സമാജങ്ങള്‍, മാദ്ധ്യമങ്ങള്‍, മിശ്രവിവാഹ സംഘടനകള്‍, യുക്തിവാദി സംഘങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ഈ ഘട്ടത്തില്‍, അവാര്‍ഡുകള്‍ക്കു വേണ്ടി കേരളത്തില്‍ നടത്തപ്പെടുന്ന സാഹിത്യ മത്സരങ്ങളില്‍ സ്വീകരിക്കപ്പെടുന്ന പുസ്തകങ്ങളിലധികവും, വ്യത്യസ്ത ആശങ്ങളിലോ ദര്‍ശനങ്ങളിലോ ഉറച്ചു നില്‍ക്കുന്നവയാണ്. പ്രത്യേകിച്ച്, ആത്മീയ സംസ്‌ക്കാരം, കലാസാഹത്യം, കാര്‍ഷിക സംസ്‌കാരം, മാനവ സംസ്‌കാരം, രാഷ്ട്രീയ സംസ്‌കാരം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയില്‍ അധിഷ്ഠിതമായ രചനകള്‍. അതുകൊണ്ട്, നിശ്ചിത താല്‍പര്യത്തോടെ നടത്തപ്പെടുന്ന സാഹിത്യ മത്സരങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രചനകള്‍ അയച്ചു കൊടുക്കണം. മതേതരത്വം നിലനിര്‍ത്തുന്നതിനോ വളര്‍ത്തുന്നതിനോ സഹായിക്കുന്ന ഗ്രന്ഥങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, ഇതരവിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ അയച്ചുകൊടുക്കരുതെന്ന് വിവക്ഷ.

ഇനി, അവാര്‍ഡുകള്‍ നാട്ടിലുള്ള സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നതു പോലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് കിട്ടാത്തതിന്റെ കാരണങ്ങള്‍ എന്താണെന്ന് കാണാം. ഇക്കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍, നോര്‍ത്തമേരിക്കയില്‍ മലയാളി എഴുത്തുകാരും, ഭാഷാസ്നേഹികളായ വായനക്കാരും, മാദ്ധ്യമങ്ങളും ക്രമേണ വര്‍ദ്ധിച്ചു. സാഹിത്യകാരന്മാര്‍ അല്പമായോ കൂടുതലായോ മാദ്ധ്യമങ്ങളില്‍ എഴുതുന്നവരാണ്. എങ്കിലും, പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുടെ സംഖ്യ ചുരുക്കമാണ്. അവരില്‍ ഏതാനും എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അത് അഭിമാനകരമായ കാര്യമാണെങ്കിലും, അവാര്‍ഡുകള്‍ എങ്ങനെ എന്തിന് എവിടെനിന്നും എപ്പോള്‍ ലഭിച്ചു എന്നും മറ്റുമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുകയോ  ജേതാക്കളെ ആദരിക്കുകയോ ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇവിടെയുള്ള മലയാളി എഴുത്തുകാര്‍ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു, അവ എങ്ങനെ വിതരണം ചെയ്തു എന്ന് പരിശോധിക്കേണ്ടതാണ്. 

എഴുത്തുകാര്‍, അവരുടെ പുസ്തകങ്ങള്‍ സ്വന്തമായി പ്രസിദ്ധീകരിക്കുകയും, വിതരണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും, അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്യുന്ന രീതിയാണ്, ഇപ്പോഴും ഇവിടെയുള്ളത്. നല്ലനിലയില്‍ സ്ഥാപിതമായിട്ടുള്ള വിതരണശാലകളുടെ അഭാവമാണ് അതിന്റെ കാരണം.

കേരളത്തില്‍ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്, യഥാവസരം പ്രസിദ്ധപ്പെടുത്തുന്ന പാരമ്പര്യം മാദ്ധ്യമങ്ങളും സാഹിത്യ സംഘടനകളും സ്വീകരിച്ചിട്ടില്ല. ഇവിടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ കേരളത്തിലും വിദേശങ്ങളിലും വിതരണം ചെയ്ത്, എഴുത്തുകാരുടെയും സാഹിത്യസംഘടനകളുടെയും ശ്രദ്ധപിടിച്ചുപറ്റാനും സാങ്കേതിക തടസ്സങ്ങളുണ്ട്. എഴുത്തുകാര്‍ക്കു നേരിടേണ്ടി വരുന്ന സാമ്പത്തികച്ചിലവുകളും സമ്മര്‍ദ്ദസാഹചര്യങ്ങളും സാഹിത്യ മത്സരങ്ങളില്‍ നിന്നും മാറി നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഓരോ ദിവസവും ഓരോ പുസ്തകം വീതം പ്രസിദ്ധപ്പെടുത്തുന്ന സാഹിത്യ സംഘടനകളും, അനുദിനം അനേകം ഗ്രന്ഥങ്ങള്‍ വിറ്റഴിക്കുന്ന പുസ്തക വില്പനശാലകളും, സാഹിത്യ പ്രവര്‍ത്തനത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന മലയാള മാദ്ധ്യമങ്ങളും, സുദീര്‍ഘമായ സേവന ചരിത്രമുള്ള അനേകം എഴുത്തുകാരുമുള്ള, കേരളത്തിന്റെ വിസ്തൃതമായ സാഹിത്യ മണ്ഡലത്തില്‍ നടത്തപ്പെടുന്ന, തീഷ്ണതയുള്ള സാഹിത്യ മത്സരങ്ങളില്‍ പ്രവാസി മലയാളികളുടെ രചനകള്‍, മേന്മ ഉള്ളതാണെങ്കിലും, അവഗണിക്കപ്പെടുന്നത് അപൂര്‍വ്വ സംഭവമല്ല. പിന്നെയോ സജീവ സത്യമാണ്. അങ്ങനെയാണെങ്കിലും, പുരോഗതിയുടെ പാതയില്‍ എത്തിയിരിക്കുന്ന അമേരിക്കന്‍ സാഹിത്യത്തിന്റെ മുമ്പില്‍ വികസന സാദ്ധ്യതയുണ്ട്. അതു സഫലമാക്കുവാന്‍ നമുക്ക് കഴിയണം.

നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംവിധാനം ചെയ്യുന്ന സാഹിത്യ മത്സരങ്ങളില്‍, പ്രവാസി മലയാളികളുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ നമ്മള്‍ക്ക് അര്‍ഹതയുണ്ട്. എന്നിട്ടും, അത് നല്ലനിലയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കേരളാ ഗവണ്‍മെന്റുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സാംസ്‌ക്കാരിക സംഘടനകളോ മറ്റ് മലയാളികൂട്ടായ്മകളോ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടില്ല. അതിനും പുറമെ, അമേരിക്കന്‍ മലയാളി എഴുത്തുകാരെ അവഗണിക്കുന്ന തരത്തില്‍, കേരളത്തിലെ സാഹിത്യകാരന്മാരെ ക്ഷണിച്ചുവരുത്തി ആദരിക്കുന്ന പ്രവണതയും പ്രകടമായിട്ടുണ്ട്. 

പുസ്തക പ്രസിദ്ധീകരണവും, വിതരണവും, അമേരിക്കന്‍ മലയാളി എഴുത്തുകാരന്റെ മുമ്പില്‍ നില്‍ക്കുന്ന വലിയ പ്രശ്നങ്ങളാണ്. പുസ്തക പ്രസിദ്ധീകരണത്തിലൂടെ ലഭിക്കുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ ചിലവഴിക്കേണ്ട സന്ദിഗ്ധ സാഹചര്യം ഗ്രന്ഥകര്‍ത്താക്കളെ നോവിക്കാറുണ്ട്. ഈ യാഥാര്‍ത്ഥ്യം മറഞ്ഞുനില്‍ക്കുകയാണ്. ഇപ്രകാരം നിലവിലുള്ളതും, അത്യധികം വൈവിദ്ധ്യം ഉള്ളതുമായ, പ്രതിബന്ധങ്ങളെ തരണം ചെയ്യുവാന്‍ കഴിയാത്തതാണ് അമേരിക്കന്‍ മലയാളി എഴുത്തുകാരെ അവാര്‍ഡുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നു കരുതാം. സാരവത്തായ ഈ സ്ഥിതിവിശേഷം മാറ്റപ്പെടണം. 

അതിനുവേണ്ടിയായിരിക്കട്ടെ നമ്മുടെ അനന്തരപരിശ്രമം.
സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)സാഹിത്യ രംഗത്ത് സങ്കുചിതത്വം; പ്രവാസി എഴുത്തുകാരന് അവഗണന (ജോണ്‍ വേറ്റം)
Join WhatsApp News
വിദ്യാധരൻ 2018-09-24 20:33:58
മഹത്താം ഗ്രന്ഥങ്ങളിൽ 
                    തേടുകിൽ കണ്ടെത്തീടും 
മനുഷ്യ കുലത്തിന്റെ 
                     സംസ്കാര സ്രോതസ്സുകൾ 
പുരസ്‌കാരത്തിനായി 
                      രചിച്ചില്ലവയൊന്നും
രചിച്ചു അവയൊക്കെ 
                       വിമലമാക്കാൻ നമ്മെ 
മുൻവിധി ഇല്ലാതെ നാം 
                        വേദങ്ങൾ തിരയുകിൽ 
കണ്ടിടാം അതിലൊക്കെ 
                         മുൻചൊന്ന കാര്യങ്ങളെ 
പുരസ്‌കാര ചിന്ത വിട്ട് 
                          എഴുത്തിൽ ശ്രദ്ധവച്ച് 
എഴുതി തുടങ്ങുമ്പോൾ 
                          എഴുത്ത്  നന്നായിടും 
പ്രതിഫലം ഇച്ഛിക്കാതെ 
                         എഴുതാൻ പഠിക്കണം
പ്രതിഫലം വരും നിങ്ങൾ 
                      മണ്‍മറഞ്ഞു കഴിയുമ്പോൾ
അറിയാം നിങ്ങൾക്കിത് 
                        ഉൾക്കൊള്ളാൻ ആവില്ലെന്ന് 
തെളിഞ്ഞു വരും പൊരുൾ 
                         അറിയാൻ ശ്രമിക്കുകിൽ 
എന്ന് നീ വെടിയുമോ 
                          പ്രതിഫലേച്ഛയന്ന് 
വന്നെത്തും കീർത്തികളും 
                            യശ്ശസ്സും തന്നത്താനെ 
പ്രാണനെ വെടിയുവാൻ 
                          നീ ശ്രമിക്കച്ചീടും നേരം 
നീ അത് നേടുമെന്ന് 
                         നിൻ ഗുരു ചൊല്ലീട്ടില്ലേ ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക