Image

അഭിമന്യുവിനെ കുത്തിക്കൊപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Published on 25 September, 2018
 അഭിമന്യുവിനെ കുത്തിക്കൊപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കുത്തിക്കൊപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത 16 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 

കൊലപാതകം നടന്ന് 85 ദിവസം പിന്നിടുമ്പോഴാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെക്കന്‍ഡ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ടി.എസ്.സുരേഷ് കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും പ്രതികളെ സഹായിച്ചവരെയും ചേര്‍ത്തു രണ്ടാം കുറ്റപത്രം പിന്നീടു നല്‍കാനാണു പൊലീസിന്‍റെ നീക്കം. 

മറ്റു പ്രതികള്‍ അറസ്റ്റിലാവുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശം. 

പ്രതികള്‍ ജാമ്യം നേടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടന്ന് 90 ദിവസം പൂര്‍ത്തിയാവും മുന്‍പേ തന്നെ കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യുവിന്‍റെ സഹപാഠികളായ രണ്ടു പേരും, ക്യാംപസ് ഫ്രണ്ടിന്‍റെ ജില്ലാ-സംസ്ഥാന നേതാക്കളും കേസില്‍ പ്രതികളാണ്. 

ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായാല്‍ നിയമപ്രകാരം ജാമ്യം ലഭിക്കും. കേസില്‍ നിലവില്‍ 28 പ്രതികളും 125 സാക്ഷികളുമുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള എട്ടു പേര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. ഇവര്‍ അറസ്റ്റിലാവുന്നതോടെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും പ്രതി ചേര്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക