Image

ആറന്മുള കണ്ണാടിയില്‍ കണ്ണീരിന്റെ പ്രതിബിംബം ! (അനില്‍ പെണ്ണുക്കര)

Published on 25 September, 2018
ആറന്മുള കണ്ണാടിയില്‍ കണ്ണീരിന്റെ പ്രതിബിംബം ! (അനില്‍ പെണ്ണുക്കര)
വെള്ളം കേരളത്തെ വിഴുങ്ങിയ ദിവസങ്ങളാണ് കഴിഞ്ഞു പോയത്. നിരവധി പേരുടെ ജീവനപഹരിച്ചു. ജീവന്‍ ബാക്കി വെച്ചവര്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ കൊടുത്തു. സ്വന്തമെന്നു പറഞ്ഞിരുന്നവയെല്ലാം തൂത്തുവാരിക്കൊണ്ട് ആ വെള്ളം എങ്ങോ മറഞ്ഞു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി കേരളമൊട്ടുക്കും. പലരും ജീവിതമാര്‍ഗത്തിനായി മറ്റു പല ജോലികളും ചെയ്ത് തുടങ്ങി. അപ്പോഴും ഗ്രാമം നിസ്സഹായരായി കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. പത്തനംതിട്ടയിലെ ആറന്മുള ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകമെമ്പാടുമുള്ളവര്‍ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും കണ്ട ആറന്മുള കണ്ണാടിയുടെ സ്വന്തം നാടിനെക്കുറിച്ച് തന്നെ.

കേരളത്തില്‍ ആറന്മുള കണ്ണാടിക്ക് 25 നിര്‍മാണശാലകളാണുള്ളത്. അതില്‍ 18 എണ്ണവും കഴിഞ്ഞ മഹാപ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചു. പൂര്‍വ്വികന്മാര്‍ തലമുറകളായി കൈമാറി വന്ന തൊഴില്‍ ഉപേക്ഷിക്കാനാവാതെ ജീവിതമാര്‍ഗത്തിനായി ആറന്മുളക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു. ആറന്മുള സത്രത്തിനടുത്തുള്ള നിര്‍മ്മാണശാലകള്‍ വര്‍ഷങ്ങള്‍ പഴക്കം തോന്നിക്കുന്ന സ്മാരകങ്ങളായി മാറിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ കണ്ണാടികളും തകര്‍ന്ന കളിമണ്ണിന്റെ അച്ചുകളും അങ്ങിങ്ങായി മണ്‍കൂനകളും.അങ്ങനെ ശതാബ്ദങ്ങള്‍ക്കപ്പുറത്തുള്ള ഒരു സംസ്കാരത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുകയാണ് ആറന്മുള ഗ്രാമം.

ഇന്ന് ചെളിയും മണ്ണും നിറഞ്ഞ ആ നിര്‍മ്മാണശാലയിലേക്ക് കടന്നു ചെന്നാല്‍ കാണാം, തുരുമ്പുപിടിച്ച പണിയായുധങ്ങളുമായി പൊട്ടിപ്പൊളിഞ്ഞ നിര്‍മ്മാണവസ്തുക്കളില്‍ അവര്‍ വീണ്ടും പണി തുടങ്ങുന്നത്. എല്ലാം നഷ്ടപ്പെട്ടെങ്കിലും വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങുക മാത്രമായിരുന്നു അവരുടെ മുന്നിലെ ഏക വഴി. അത് ഒരു പക്ഷെ ജീവിതം കരക്കടുപ്പിക്കാന്‍ മാത്രമല്ല പൂര്‍വ്വികര്‍ പകര്‍ന്നു തന്ന കുലത്തൊഴിലിനോടുള്ള ആത്മാര്‍ത്ഥത കൊണ്ട് കൂടിയാണ്. ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ആറന്മുളക്കാര്‍ക്കുണ്ടായത്.

അപ്രതീക്ഷിതമായി ഒഴുകിയെത്തിയ വെള്ളം പണിപ്പുരയും പണിയായുധങ്ങളും വാരിയെടുത്തു അവരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. എല്ലാം സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാന്‍ തുടങ്ങിയപ്പോഴേക്കും വെള്ളം അവിടം തുടച്ചു നീക്കിയിരുന്നു.

പ്രളയം വിതച്ച ദുരന്തങ്ങള്‍ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അത്യധികം കഠിനവും വേദനാജനകവുമാണ്.എങ്കിലും പ്രളയബാധിത മേഖലകള്‍ തങ്ങളുടെ നഷ്ടങ്ങള്‍ മറന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങുന്നു.

അപ്പോഴും ആറന്മുളക്കാര്‍ ഇനി എന്ത് ചെയ്യണമെന്ന ചോദ്യവുമായി കണ്ണീരൊഴുക്കുകയാണ്. കാരണം ആറന്മുളക്കാരുടെ ജീവനും ജീവിതവും ആറന്മുള കണ്ണാടിയാണ്. അവ ഇല്ലാതാവുന്നത് ജീവന്‍ നഷ്ടമാവുന്നതിനു തുല്യമാണെന്നാണ് അവരുടെ വിശ്വാസം.ഗോപകുമാര്‍ എന്ന ആറന്മുളക്കാരന് പറയാനുണ്ട്, പ്രളയം റാഞ്ചിയെടുത്ത തന്റെ ജീവിതകഥ. 40 വര്‍ഷത്തോളം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണത്തില്‍ സജീവമായിരുന്ന ഗോപകുമാര്‍ ഇന്ന് ജീവിതം വഴി മുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ്. ഏകദേശം 6000 കണ്ണാടികളാണ് പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന് പോയതെന്ന് ഗോപകുമാര്‍ പറയുന്നു. ഓണം പ്രമാണിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ ഈ കണ്ണാടികള്‍ക്കായി ആവശ്യക്കാര്‍ എത്തും മുമ്പേ ആ ദുരന്തം കേരളത്തെ തേടിയെത്തി.

തകര്‍ന്ന കണ്ണാടികളെല്ലാം പൊളിച്ചു മാറ്റി പുതിയ കണ്ണാടികളാക്കാം എന്ന് കരുതിയാല്‍ അതിനും ചിലവൊരുപാടാണ്. സ്‌റ്റോക്കുണ്ടായിരുന്ന ഒരു നല്ല ശതമാനം കണ്ണാടിപ്പലകകളും നിര്‍മ്മാണത്തിനാവശ്യമായ മറ്റു അസംസ്കൃത വസ്തുക്കളും പ്രളയത്തില്‍ ഒഴുകിപ്പോയിരുന്നു. ഇന്ന് ആറന്മുള ഗ്രാമവും ആറന്മുള കണ്ണാടിയും കേരളത്തെ ഉറ്റുനോക്കുകയാണ്, പരാജയത്തിന്റെ പടുകുഴിയിലേക്ക് കാല്‍തെന്നി വീഴുമ്പോള്‍ കൈ നീട്ടി ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തുമെന്ന വിശ്വാസത്തോടെ.

"പണിപ്പുരകള്‍ മാത്രമല്ല, ആ വെള്ളം എന്റെ വീടും കൊണ്ടു പോയി " ആറന്മുളക്കാരനായ ശ്യാമിന്റെ വാക്കുകളാണിവ. പാരമ്പര്യമായി ആറന്മുളക്കണ്ണാടി നിര്‍മ്മിക്കുന്ന ശ്യാമും കുടുംബവും വീടിന്റെ ഒരു വശം പണിപ്പുരയായി ഉപയോഗിച്ചിരുന്നു. അച്ഛനും ബന്ധുക്കളുമായി പണിപ്പുരയില്‍ ഒന്നിച്ചിരുന്ന ദിവസങ്ങള്‍ വെറും ഓര്‍മ്മയായി മാറുകയാണെന്ന് പറയുമ്പോള്‍ ശ്യാമിന്റെ വാക്കുകള്‍ ഇടറിയിരുന്നു. നനഞ്ഞ കണ്ണുകളൊപ്പി ശ്യാം പറഞ്ഞു,

" വര്‍ഷങ്ങള്‍ നീണ്ട വിയര്‍പ്പും കഠിനാധ്വാനവും ഒറ്റ നിമിഷം കൊണ്ട് ആ വെള്ളം ഇല്ലായ്മ ചെയ്തു. നിസ്സഹായരായി നോക്കി നില്‍ക്കാനേ ഞങ്ങള്‍ക്കായുള്ളു." 12 വര്‍ഷത്തോളം അച്ഛനൊപ്പം ജോലി ചെയ്ത ശ്യാമിന് ഈ മഹാപ്രളയം സൃഷ്ടിച്ച നഷ്ടങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. വസ്ത്രങ്ങളും വീട്ടുസാധനങ്ങളും പോരാഞ്ഞു വീടിന്റെ മേല്‍ക്കൂരയും പണിപ്പുരയും പ്രളയം കൊണ്ടുപോയി. "ആറന്മുളക്കാരെ സംബന്ധിച്ചിടത്തോളം ഓണക്കാലമാണ് വരുമാനം ഉണ്ടാക്കാവുന്ന കാലം. ഓണക്കാലത്തേക്കുള്ള ആറന്മുള കണ്ണാടികള്‍ നിര്‍മ്മിക്കാന്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുകയും മൂന്നു മാസത്തെ വിറ്റഴിക്കലില്‍ പണം ഉണ്ടാക്കി അടുത്ത ഓണക്കാലം വരെ ജീവിക്കാന്‍ ആ പണം ഉപയോഗിക്കുകയുമാണ് ചെയ്യാറുള്ളത്. ഇത്തവണ ലോണ്‍ എടുത്ത് ഉണ്ടാക്കിയ കണ്ണാടികള്‍ എല്ലാം ആര്‍ക്കും ഉപകരിക്കാതെ ചില്ലുകഷ്ണങ്ങളായി കിടക്കുകയാണ്." ശ്യാം പറഞ്ഞു.

ശ്യാമിന്റെയും ഗോപകുമാറിന്റെയും വാക്കുകള്‍ ആറന്മുള ഗ്രാമം പറയുന്നതാണ്, അവരുടെ കണ്ണുനീര്‍ ആറന്മുള ഗ്രാമത്തിന്റെ ഒന്നടങ്കം കണ്ണുനീരാണ്. ആറന്മുള കണ്ണാടിക്ക് ആവശ്യമായ ആറന്മുളയിലെ ആ പ്രത്യേക മണ്ണ് പോലും ഇന്ന് ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. ഗവണ്മെന്റും ബാങ്കുകളും ആറന്മുളയുടെ നൊമ്പരത്തിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കലയെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന വ്യവസായി സമൂഹങ്ങള്‍ തങ്ങളെ സഹായിക്കുന്നെന്നാണ് ആറന്മുളക്കാര്‍ വിശ്വസിക്കുന്നത്. ആറന്മുളക്കണ്ണാടിയുടെ ഫാക്ടറി പുനര്‍നിര്‍മ്മിക്കണമെങ്കില്‍ മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് ഢഅങങചട (വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍ മിറര്‍ നിറം സൊസൈറ്റി ) യുടെ പ്രസിഡന്റ് അശോകന്‍ പറയുന്നത്. ഏകദേശം ഒരു വര്‍ഷമെങ്കിലും കഴിഞ്ഞാലേ പഴയത് പോലുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ ആറന്മുളയിലുണ്ടാവൂ. കാരണം ഇന്ന് ആറന്മുളക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേരളമെമ്പാടുമുണ്ട്. പ്രളയദുരന്തങ്ങള്‍ ആറന്മുളയെ മാത്രമല്ല കേരളത്തെ ഒന്നടങ്കം ബാധിച്ചിരിക്കുന്നു. അതിനാല്‍ ആറന്മുളക്കണ്ണാടിക്ക് ആവശ്യക്കാര്‍ ഉണ്ടാവണമെങ്കില്‍ പ്രളയബാധിത പ്രശ്‌നങ്ങള്‍ കെട്ടടങ്ങുക തന്നെ വേണം. ആ ദിവസത്തിനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ആറന്മുളക്കാര്‍.

ആറന്മുളക്കണ്ണാടിക്ക് ഒരു കാലത്തുണ്ടായിരുന്ന വിലയും മതിപ്പും എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. സാധാരണകണ്ണാടിയില്‍ നിന്നും വളരെ വ്യത്യസ്തമായ ആറന്മുള കണ്ണാടികള്‍ വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് നിര്‍മ്മിക്കുന്നത്. ഒരു കണ്ണാടി നിര്‍മ്മിക്കാന്‍ രണ്ടോ മൂന്നോ ദിവസം വേണ്ടി വരും. ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണ രീതി ആറന്മുള കുടുംബങ്ങള്‍ സൂക്ഷിക്കുന്ന വലിയ രഹസ്യമാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആറന്മുള കണ്ണാടിയെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. കേരളം കടന്ന് ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങള്‍ വരെ ആറന്മുള കണ്ണാടിക്ക് വേണ്ടി ആ ഗ്രാമത്തില്‍ എത്താറുണ്ട്. 200405 കാലഘട്ടത്തില്‍ ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗും ആറന്മുള കണ്ണാടിക്ക് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ലോകപ്രശസ്തമായ ആറന്മുള കണ്ണാടിയും ആറന്മുള ഗ്രാമവും തകര്‍ച്ചയുടെ വക്കിലാണെന്നറിയുമ്പോള്‍ ലോകം ഒന്ന് ഞെട്ടും, ആറന്മുളയുടെ സ്വന്തം ആറന്മുള കണ്ണാടി നാമാവശേഷമാകുമോ എന്ന ഭയത്താല്‍....

അതെ, ആറന്മുളക്കണ്ണാടിയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കേരളത്തെ വിഴുങ്ങിയ പ്രളയം ആറന്മുളയിലുണ്ടാക്കിയ മാറ്റങ്ങള്‍ അത്ര നിസ്സാരമല്ല. പട്ടിണിയും വലച്ചിലുമായി ആറന്മുള ഗ്രാമം ഇരുണ്ടു തുടങ്ങിയിരിക്കുകയാണ്. വെള്ളം തുടച്ചു നീക്കിയ ആറന്മുള മണ്ണിന്റെ പരിശുദ്ധി തിരിച്ചെടുക്കാന്‍ തന്നെ കാലങ്ങള്‍ വേണ്ടി വരും. ആറന്മുള കണ്ണാടികള്‍ വില പേശി വാങ്ങാനെത്തിയവര്‍ ആരും തന്നെ ഇന്നത്തെ ആറന്മുളക്ക് തുണയായി എത്തിയിട്ടില്ല.ആറന്മുള കണ്ണാടിയുടെ പേരും പ്രശസ്തിയും വാനോളമുയര്‍ത്തിയവര്‍ അതിനു പിന്നിലെ അധ്വാനത്തിന്റെ വില തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. ഗവണ്മെന്റ് പോലും നിസ്സഹായരായി കൈ മലര്‍ത്തിയ സാഹചര്യത്തില്‍ ആ ഗ്രാമത്തിനെ തിരിച്ചു കൊണ്ടുവരാന്‍ ആര്‍ക്ക് സാധിക്കും?

ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയ ജീവിതങ്ങള്‍ ആദ്യം മുതല്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയാണ് കേരളമെമ്പാടും, അവരില്‍ ആറന്മുളക്കാരും. നമ്മുടെ സ്വന്തം എന്ന് അഭിമാനത്തോടെ പറയുന്ന ആറന്മുള കണ്ണാടിക്ക് വേണ്ടി നമുക്ക് രംഗത്തേക്കിറങ്ങാം. ഒരു നാടിന്റെ മാത്രം സ്വത്തായ ആ അമൂല്യ നിധി കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. ആറന്മുള കണ്ണാടിയില്‍ ഇന്ന് കാണുന്ന ഈ കണ്ണീരിന്റെ പ്രതിബിംബങ്ങളെ തുടച്ചു മാറ്റി സന്തോഷത്തിന്റേതാക്കി മാറ്റണം. അതിനു ആദ്യം ആറന്മുള കണ്ണാടികള്‍ ഇനിയും ഈ ഭൂമിയില്‍ ഉണ്ടായിരിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക