Image

പ്രവാസജീവിതത്തിനു വിട ; യുഎഇ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാരണവര്‍ ഇനി നാട്ടിലേക്ക്

Published on 25 September, 2018
പ്രവാസജീവിതത്തിനു വിട ; യുഎഇ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാരണവര്‍ ഇനി നാട്ടിലേക്ക്

അബുദാബി : നാലുപതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിന് വിട നല്‍കി ഇടവ സൈഫ് ഇനി നാട്ടിലെ രാഷ്ട്രീയ ചൂടിലേക്ക് . യു എ ഇ യിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ 'കിംഗ് മേക്കര്‍ ' സ്ഥാനത്ത് വിരാജിച്ചിരുന്ന സൈഫുക്ക പ്രവാസി മലയാളികളുടെ സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളിലും നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ച ശേഷമാണ് നാട്ടിലെ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്നത് . 

1979 മുതല്‍ അബുദാബി മലയാളി സമാജത്തിന്റെ അരങ്ങിലും അണിയറയിലുമായി ഇടവ സൈഫ് നേതൃ പാടവത്തിന്റെ പുതിയ അധ്യയങ്ങള്‍ എഴുതിച്ചേര്‍ത്തു . ആദ്യം ജനറല്‍ സെക്രട്ടറി പദത്തില്‍ .പിന്നീട് അധ്യക്ഷപദവിയിലും ഇരുന്ന് മലയാളി സമാജത്തെ പ്രവാസി മലയാളികളുടെ ഏറ്റവും ശക്തമായ സാമൂഹ്യ സാംസ്‌കാരിക കായിക സംഘടനായി ഉയര്‍ത്തി . അതോടോപ്പോം യു എ ഇ യില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോഷകസംഘടന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു . 

1977ല്‍ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയടക്കമുള്ള നേതാക്കള്‍ തോറ്റു തുന്നം പാടിയതിന്റെ ദുഖവുമായി മരുഭൂമിയില്‍ ജീവിതം തേടിയെത്തിയ ഇടവ സൈഫ് അന്നുമുതല്‍ ത്രിവര്‍ണ പതാക നെഞ്ചേറ്റി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകി. കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പ്രിയ സുഹൃത്തിന് കെ പി സി സി അടക്കമുള്ള ഉന്നതാധികേന്ദ്രങ്ങളുടെ ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. നിലവില്‍ ഇന്‍കാസ് യു എ ഇ യുടെ വര്‍ക്കിംഗ് പ്രസിഡന്റാണ് . 

പ്രമുഖ ആതുരാലയ ഗ്രൂപ്പായ അല്‍ റാഹ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ കഴിഞ്ഞ 41 വര്‍ഷക്കാലം ജോലി ചെയ്ത ശേഷമാണ് 71 കാരനായ ഇടവ സൈഫ് മടങ്ങുന്നത് . . രാഷ്ട്രീയ ഭേദമില്ലാത്ത സൗഹൃദങ്ങളും, നിറഞ്ഞ പുഞ്ചിരിയും ,ഇടപെടലുകളിലെ വിനയവുമായി മലയാളി പ്രവാസികളുടെ ജീവിതത്തെ സമ്പന്നമാക്കി മടങ്ങുമ്പോള്‍ ഇടവ സൈഫ് നു ഒറ്റ ലക്ഷ്യമേ മനസിലുള്ളൂ ; നാട്ടിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ചൂടിലേക്ക് തന്നെയാവണം ശിഷ്ട ജീവിതം. 

അബുദാബി മലയാളി സമാജത്തില്‍ ഇന്‍കാസ് അബുദാബിയും സമാജവും ചേര്‍ന്നൊരുക്കിയ യാത്രയയപ്പ് ഇടവ സൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്‌നേഹോപഹാരമായി . സമാജം പ്രസിഡന്റ് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി നിബു സാം ഫിലിപ്പ്, രക്ഷാധികാരി സോമരാജന്‍, , കെ.കെ . മൊയ്തീന്‍ കോയ, ഇന്‍കാസ് അബുദാബി പ്രസിഡന്റ് ബി . യേശുശീലന്‍, സെക്രട്ടറി സലിം ചിറക്കല്‍, ഐഎസ്സി. പ്രസിഡന്റ് രമേശ് പണിക്കര്‍, കെഎസ് എസി പ്രസിഡന്റ് ബീരാന്‍ കുട്ടി, ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍ സെക്രട്ടറി ഉസ്മാന്‍ കരിപ്പത്ത്, മാധ്യമ പ്രതിനിധി അനില്‍ സി. ഇടിക്കുള, അബ്ദുള്ള ഫാറൂക്കി, പള്ളിക്കല്‍ ഷുജാഹി, ഷിബു വര്‍ഗീസ്, എ.എം. അന്‍സാര്‍, കെ.ബി. മുരളി, സുരേഷ് പയ്യന്നൂര്‍ , കെ.എച്ച് താഹിര്‍, അപര്‍ണസന്തോഷ് എന്നിവര്‍ സംസാരിച്ചു. സമാജം രക്ഷാധികാരി സോമരാജനും വിവിധ സംഘടനാ പ്രതിനിധികളും പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക