Image

ആക്ടിവിസ്റ്റുകള്‍ക്ക്‌ എതിരായ നടപടികളുമായിപൊലീസിന്‌ മുന്നോട്ട്‌ പോകാമെന്ന്‌ സുപ്രീം കോടതി

Published on 28 September, 2018
ആക്ടിവിസ്റ്റുകള്‍ക്ക്‌ എതിരായ നടപടികളുമായിപൊലീസിന്‌ മുന്നോട്ട്‌ പോകാമെന്ന്‌ സുപ്രീം കോടതി

ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക്‌ എതിരായ നടപടികളുമായി പൂനെ പൊലീസിന്‌ മുന്നോട്ട്‌ പോകാമെന്നു സുപ്രീം കോടതി. അറസ്റ്റിനെതിരെ റൊമില ഥാപ്പര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെക്കുറിച്ച്‌ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവും കോടതി തള്ളി. എതിരഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിലാണ്‌ അറസ്റ്റെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു. ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നാലാഴ്‌ച കൂടി കോടതി നീട്ടുകയും ചെയ്‌തു.

`അവര്‍ക്ക്‌ താല്‍പര്യമുള്ള അന്വേഷണം വേണമെന്നു പറയാന്‍ ആരോപണ വിധേയര്‍ക്ക്‌ കഴിയില്ലെന്നും ഏത്‌ രീതിയില്‍ അറസ്റ്റു ചെയ്യപ്പെടണമെന്നത്‌ അവര്‍ക്ക്‌ തിരഞ്ഞെടുക്കാനാവില്ലെന്നും' ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര, ജസ്റ്റിസ്‌ എ.എം ഖാന്‍വില്‍കര്‍ എന്നിവര്‍ നിരീക്ഷിച്ചു.

എന്നാല്‍ ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഢ്‌ ഇവരുടെ നിലപാടിനോടു വിയോജിക്കുകയും ഇതുസംബന്ധിച്ച്‌ സ്വതന്ത്ര അന്വേഷണം അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുകയും ചെയ്‌തു.

കേസ്‌ കോടതിയുടെ പരിഗണനയിലിരിക്കെ വാര്‍ത്താസമ്മേളനം നടത്തിയ പൂനെ പൊലീസ്‌ നടപടിയേയും ചന്ദ്രചൂഢ്‌ വിമര്‍ശിച്ചു. `കോടതി മേല്‍നോട്ടത്തിലുള്ള എസ്‌.ഐ.ടി അന്വേഷണം ആവശ്യമായ കേസാണിത്‌. അന്വേഷണം കുറ്റമറ്റതല്ലെന്ന തോന്നലുണ്ടാക്കുന്നതാണ്‌ പൂനെ പൊലീസിന്റെ ഇടപെടലുകള്‍.' എന്നായിരുന്നു ചന്ദ്രചൂഢിന്റെ വിധി.

ഭീമ കൊറേഗാവ്‌ അക്രമത്തില്‍ മാവോയിസ്റ്റ്‌ ഇടപെടലുണ്ടെന്ന്‌ ആരോപിച്ച്‌ ആഗസ്റ്റ്‌ 28നാണ്‌ അഞ്ച്‌ ആക്ടിവിസ്റ്റുകളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക