Image

കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം ഈവര്‍ഷം തന്നെ; മുഖ്യമന്ത്രി

Published on 29 September, 2018
കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം ഈവര്‍ഷം തന്നെ; മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം ഈവര്‍ഷം തന്നെ ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ നടന്ന വിമാനത്താവള ഓഹരി ഉടമകളുടെ ഒമ്പതാമത്‌ വാര്‍ഷികയോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവൃത്തി തുടങ്ങാനുള്ള എല്ലാ നടപടികളും നിര്‍വ്വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉദ്‌ഘാടന തീയ്യതി അദ്ദേഹം പ്രഖ്യാപിച്ചില്ല. പിന്നീട്‌ ഓഹരി ഉടമകളുടെ ചോദ്യങ്ങള്‍ക്ക്‌ കിയാല്‍ എം ഡി ഡോ വി തുളസിദാസ്‌ മറുപടി പറഞ്ഞു.
നിലവിലുള്ള ഷെയര്‍ ഉടമകള്‍ക്ക്‌ ഓഹരിക്കായി സമീപിക്കാവുന്നതാണ്‌. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം ലാഭകരമാക്കാന്‍ കൊച്ചിയെപ്പോലെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാഭകരമായി കഴിഞ്ഞാല്‍ ഓഹരിയുടെ വില മാറുമെന്നും അതുവരെ നിലവിലുള്ള അടിസ്ഥാന വിലക്ക്‌ ആവശ്യക്കാര്‍ക്ക്‌ ലഭിക്കും. ഓഹരികള്‍ വലുതും ചെറുതുമായി അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ പഴയ ഓഹരിയുടെ വിലയില്‍ 25 കോടിയുടെ ഷെയര്‍ ഒരു വ്യക്തിക്ക്‌ കൊടുക്കാനുള്ള നീക്കത്തില്‍ ആദ്യകാല ഓഹരിയുടമകള്‍ അതൃപ്‌തി പ്രകടിപ്പിച്ചു. പകരം എല്ലാ ഓഹരി ഉടമകള്‍ക്കും തുല്യമായി 25 കോടി വീതിച്ച്‌ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു.

ഓഹരി ഉടമകളുടെ വാര്‍ഷികയോഗം രജിസ്‌റ്റേര്‍ഡ്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്ത്‌ മാത്രമേ ചേരാന്‍ കഴിയുകയുള്ളൂവെന്നും അസാധാരണ ജനറല്‍ബോഡി യോഗം കണ്ണൂരില്‍ ചേരാമെന്നും ഡോ തുളസിദാസ്‌ അറിയിച്ചു.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ആയതിനാല്‍ ലോകവ്യോമയാന നിയമങ്ങള്‍ പ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിക്കപ്പെടേണ്ടതുണ്ടെന്നും ലൈസന്‍സുകളെല്ലാം ഉടന്‍ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടനം സര്‍ക്കാറിനും കമ്പനി ബോര്‍ഡിനും തീരുമാനിക്കാമെന്നും ഡോ തുളസിദാസ്‌ ചൂണ്ടിക്കാട്ടി.

ഉദ്‌ഘാടന തീയ്യതി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന്‌ ഓഹരി ഉടമകള്‍ ആവശ്യമുന്നയിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക