Image

അഭിലാഷ്‌ ടോമി രാജ്യത്തിന്‌ മാതൃക; പ്രധാനമന്ത്രി

Published on 30 September, 2018
അഭിലാഷ്‌ ടോമി രാജ്യത്തിന്‌ മാതൃക;  പ്രധാനമന്ത്രി


ഗോള്‍ഡന്‍ ഗ്ലോബ്‌ മല്‍സരത്തിനിടെ പായ്‌വഞ്ചി തകര്‍ന്ന്‌ അപകടത്തില്‍പ്പെട്ടിട്ടും മനക്കരുത്തോടെ അതിനെ അതിജീവിച്ച മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ അഭിലാഷ്‌ ടോമി രാജ്യത്തെ യുവജനങ്ങള്‍ക്ക്‌ പ്രചോദനമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

അദ്ദേഹത്തിന്റെ ഉത്സാഹവും ധൈര്യവും മാതൃകയാക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ്‌ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

ഫോണില്‍ അഭിലാഷ്‌ ടോമിയുമായി സംസാരിച്ചിരുന്നു. എങ്ങനെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ്‌ അദ്ദേഹം ജീവനുവേണ്ടി പോരാടിയത്‌.

അദ്ദേഹത്തെ സല്യൂട്ട്‌ ചെയ്യുന്നു. ഇത്രവലിയ ദുരന്തം നേരിട്ടിട്ടും അദ്ദേഹം കാണിക്കുന്ന മനഃശ്ശക്തി എല്ലാവര്‍ക്കും മാതൃകയാണ്‌. അദ്ദേഹം രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും പ്രചോദനമാകുമെന്നാണു കരുതുന്നതെന്നും പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്‌ അഭിവാദ്യമര്‍പ്പിച്ചാണ്‌ പ്രധാനമന്ത്രി തന്റെ പ്രഭാഷണം തുടങ്ങിയത്‌. ലോകസമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയാറാണ്‌. പക്ഷേ ആത്മാഭിമാനത്തില്‍ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാനാകില്ല. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വിഘാതമാകുന്നവര്‍ക്ക്‌ ഉചിതമായ മറുപടി നമ്മുടെ ജവാന്മാര്‍ നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക