Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-20: ഏബ്രഹാം തെക്കേമുറി)

Published on 30 September, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-20: ഏബ്രഹാം തെക്കേമുറി)
ഭട്ടതിരി സ്റ്റുഡന്റു്‌വീസായില്‍ അമേരിക്കയില്‍ വന്നതു് മഷിയിട്ടു നോക്കിയാല്‍ ഒരു മലയാളിയെ ഒക്കലഹോമയില്‍ കണ്ടെത്താനാകാത്ത കാലത്തായിരുന്നു. സര്‍വത്ര പൊല്ലാപ്പിലകപ്പെട്ടു് അയാള്‍ നട്ടംതിരിയുംകാലം, ടൈറ്റസു് പീറ്റര്‍ മാത്യൂസു് എന്ന പേരു് ഒരു ടെലിഫോണ്‍ ഡിറക്ടറിയില്‍ കണ്ടു. ആ ബുക്കിലെ നമ്പര്‍ ടെലിഫോണിലൂടെ കടന്നു് മലയാളം പറയുന്ന ഒരു മന്ഷ്യജീവിയിലൂടെ ഒരു സ്‌നേഹബന്ധമായി വളര്‍ന്നു. ആ വളര്‍ച്ച ടൈറ്റസിന്റെ ശിക്ഷണത്തില്‍ വെറും ഭട്ടതിരി സ്വാമിജിയാ കുന്നതുവരെ തുടര്‍ന്നു.
പത്തുവര്‍ഷങ്ങള്‍കൊണ്ടു് ഭട്ടതിരി സ്വാമിജിയായി. കഞ്ചാവും ലഹരിപദാര്‍ത്ഥങ്ങളും കൊണ്ടു് ഏതു മന്ഷ്യനെയും സ്വാധ്വീനിച്ചു് കൈകളിലാക്കാമെന്നുള്ള തത്വജ്ഞാനം പ്രയോഗിച്ച ഭട്ടതിരി അമേരിക്കയില്‍ കാല്‍കുത്തിയതിന്റെ പതിനഞ്ചാം വര്‍ഷം അമേരിക്കന്‍ ഗവണ്മെന്റിനാല്‍ നാടു കടത്തപ്പെട്ടു. അപ്പോഴേക്കും ഇന്ത്യയില്‍ എണ്ണമില്ലാത്ത സ്വത്തുക്കളുടെ ഉടമയായി മാറിയിരുന്നു.
ആ പുകിലാനന്ദസ്വാമികളുടെ ദ്വാരകയിലാണു് ഡോ. ടൈറ്റസു് എത്തിയിരിക്കുന്നതു്. കുശലാന്വേഷണങ്ങളൊന്നുമില്ല. ആര്‍ യു ഓകെ? യെന്നു മാത്രം. എല്ലാം സുരക്ഷിതമാണോ?യെന്നു മാത്രം. ഈ കോഡുഭാഷ സംജാതമായതു് വമ്പന്മാരുടെ ബന്ധങ്ങളില്‍ നിന്നുമാണല്ലോ.
“മിസ്റ്റര്‍ ഭട്ടതിരി, താന്‍ ഇതൊക്കെ എങ്ങനെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നു. തീര്‍ത്തും അത്ഭുതം തന്നെ!”
“എന്താണു സാര്‍! അമേരിക്കയേക്കാള്‍ നാലിരട്ടി എളുപ്പമാണിവിടെ. കാരണം പണമെറിഞ്ഞാല്‍ കൈയ്യില്‍ വീഴാത്ത ഒരൊറ്റ ഭരണാധികാരിയുമില്ലിവിടെ. ഇവിടുത്തെ ജനത്തെയൊതുക്കാനാണു് പ്രയാസം. അമേരിക്കയില്‍ നേരെ തിരിച്ചല്ലേ? കള്ളും, പെണ്ണും, പണവും ഇവ മൂന്നും കൂടി സമം കലര്‍ത്തി ഒരു മന്ത്രം ജപിച്ചു് സമസ്തലോകത്തെയും നടയ്ക്കു് വടിവച്ചു് ഞാന്‍ നിര്‍ത്തിയിരിക്കയാ. പിന്നെ ഈ ഭക്തിയുടെ വേഷമല്ലേ? തൊടാന്‍ അറെയ്ക്കും. എല്ലാവര്‍ക്കും ദൈവത്തെ ഭയമല്ലേ?” പുകിലാനന്ദന്‍ താടിമീശയിലൂടെ വിരലുകളോടിച്ചു.
“ശരിയാണു്. മതത്തിന്റെ മറവിലല്ലേ ഈ ലോകത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ തട്ടിപ്പുകളും കുലപാതകങ്ങളും അരങ്ങേറിയിട്ടുള്ളതു്. വിപ്‌ളവങ്ങളെ സൃഷ്ടിക്കാന്‍ മതങ്ങള്‍ക്കല്ലേ കഴിയൂ?” ടൈറ്റസു് അതു ശരിവച്ചു.
“സാറേ, ജനങ്ങളെ കൈകളിലൊതുക്കണമെങ്കില്‍ മതത്തിന്റെ സ്വാധീനം വേണം. എന്നാല്‍ മതതത്വങ്ങളെ അതേപ്പടി പഠിപ്പിക്കുകയോ, നടപടിക്രമത്തിലെത്തിക്കയോ അരുതു്. കാലാകാലങ്ങളില്‍ വേണ്ടുന്ന പരിവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കണം. അപ്പോള്‍ എല്ലാക്കാലവും ജനം നേതൃത്വത്തിന്റെ കൈകളില്‍ അമര്‍ന്നിരിക്കും. ദൈവമെന്നതു് ഒരു സത്യമാണു്. എന്നാല്‍ മതഗ്രന്ഥങ്ങളില്‍പ്പറയുന്ന ദൈവം ഈ ഭൂതലത്തിന് നേരെ കണ്ണടച്ചിരിക്കയാണു്. കാരണം മതത്തിന്റെ പഠിപ്പിക്കല്‍ വെറും മിഥ്യയും, മതനേതാക്കന്മാരുടെ നിലനില്‍പ്പു് കാല്‍വിദ്യയും മുക്കാല്‍ തട്ടിപ്പുമാണു്. ഇത്തരം തട്ടിപ്പുകാരെ വെട്ടിച്ചുകൊണ്ടുള്ള ഒരു നയം ഞാന്‍ മെനഞ്ഞു. ദൈവമെനിക്കു തുണയായി. ദൈവത്തിന് നേരിട്ടു് ഒന്നും കൊടുക്കുവാന്‍ മന്ഷ്യനാവില്ലല്ലോ. അതുകൊണ്ടു് എല്ലാ പൊല്ലാപ്പിന്ം ഞാനിവിടെ അഭയം കൊടുത്തു ദൈവത്തോടു് നന്ദി കാട്ടുന്നു.” സ്വാമിജി സെലീന ഒഴിച്ചുവച്ച സ്‌കോച്ചു് വലിച്ചു കുടിച്ചു.
“എങ്കിലും ഭട്ടതിരി ഇതെന്തൊരു ലോകം? തന്റെ ജന്മംതന്നെ പിതാക്കന്മാരുടെ മുന്‍കാലസുകൃതം.”
“പിന്നെയെന്താ സാറിന്റെ ആഗമനോദ്ദ്യേശം?. ജസ്റ്റു് വിസിറ്റു്?”
“അല്ല. ഭട്ടതിരി, അമേരിക്ക മടുത്തു. ആ പഴയ ഓര്‍മ്മകളിലേയ്ക്കു് ഊളിയിട്ടു് കുട്ടികളുമായി അല്‍പ്പം സൈ്വരതയ്ക്കായി ഈ ജന്മനാട്ടിലേയ്ക്കു് മടങ്ങിയതാണു്.”
“എന്തൊരു വിഡ്ഡിത്വം സാറേ? അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെപ്പച്ച. അമേരിക്കയില്‍ കിടന്നു് സുരലോകസുഖം അന്ഭവിക്കുമ്പോഴും ആ നാടിന്് പുച്ഛിക്കുന്ന മലയാളിയാണേറെ. പാലുകൊടുക്കുന്ന കൈയ്ക്കു് കൊത്തുന്ന മൂര്‍ഖന്‍. തോക്കുണ്ടു്, വെടിയുണ്ടു് എന്നൊക്കെപ്പറഞ്ഞു് സ്വയം ഭയക്കുകയല്ലേ? ഇന്നാട്ടിലെ ഇന്നത്തെ സ്ഥിതിയോ? നേരം വെളുക്കുമ്പോള്‍ തല കഴുത്തിലുണ്ടെങ്കില്‍ ഭാഗ്യം എന്നതാണു്. ഒരുവിധത്തിലും നിങ്ങള്‍ക്കൊന്നും ഈ നാട്ടില്‍ പിടിച്ചുനില്‍ക്കാനാവില്ല.”
“എനിക്കും കുറെയൊക്കെ മനസിലായി ഭട്ടതിരി. മടക്കയാത്രയ്ക്കു് പ്‌ളാന്‍ ചെയ്യുകാ.”
“സാറേ ഒരു ഡോളര്‍പോലും ഇന്ത്യന്‍ മണിയാക്കരുതു്. ആകെ തകരാറിലാ ഇന്നത്തെ ഇവിടുത്തെ സ്ഥിതി. സകല മൂലധനങ്ങളും രാഷ്ട്രീയമത നേതാക്കന്മാരുടെ രഹസ്യഅറകളില്‍ സ്വര്‍ണ്ണക്കട്ടിയായി മാറുകയാണു്. അധികം താമസിയാതെ സെന്‍ട്രല്‍ ഗവണ്‍മെന്റു് അടിയറവു് പറയും. അതോടെ കലാപം പൊട്ടിപ്പുറപ്പെടും. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി മാറും. ഇന്ത്യാ മഹാരാജ്യം സുബോധത്തോടു് കൈക്കൊള്ളുന്ന അന്ത്യകൂദാശയാണിന്നത്തെ എന്‍.ആര്‍.ഇ. അക്കൗണ്ടുകള്‍. ഒരു മതലഹളയിലൂടെ ഈ രാജ്യം സൗത്താഫ്രിക്കന്‍ രാജ്യങ്ങളേപ്പോലെ നിലം പരിചാകും.”
“ഏകദേശം എല്ലാം എനിക്കു മനസിലായി.. .മടക്കയാത്രയാണിനീം ലക്ഷ്യം ഭട്ടതിരി.”
“സാറേ, പാരമ്പര്യത്തിന്റെ മറവില്‍ മക്കള്‍ സമ്പാദ്യമെന്നു് നിനച്ചു് താങ്കളും പലതും ചെയ്യാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഞാനൊരു നിത്യസത്യം തുറന്നുപറയട്ടെ. ‘മക്കള്‍ കാലത്തിന്റെ പ്രതീകങ്ങളാണു്. അല്ലാതെ മാതാപിതാക്കന്മാരുടെ ചിന്താഗതികളുടെ വ്യക്താക്കളല്ല.’ അതുകൊണ്ടു് മക്കളെച്ചൊല്ലി ഇന്നാട്ടിലേയ്ക്കു് അഭയം തേടാതെ, ഒരു മന്ഷ്യജന്മത്തിന് ലഭിക്കാവുന്നതില്‍വച്ചു് ഏറ്റം സൗഭാഗ്യം നല്‍കുന്ന അമേരിക്കയിലേക്കു് മടങ്ങി അവിടെ ‘ജീവിത’ത്തിന്റെ അന്ത്യത്തിനായി ആരംഭം കുറിക്കുക.” പുകിലാനന്ദസ്വാമിജിയുടെ കണ്ണുകള്‍ ചെറുതായിക്കൊണ്ടിരുന്നു.
ഗ്‌ളാസുകള്‍ കാലിയാകപ്പെടാതെ സെലീന ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അകലങ്ങളില്‍ നിന്നും അലയടിച്ചെത്തുന്ന ഹാഡ്‌റോക്കിന്റെ താളലയങ്ങളില്‍ അവളുടെ പാദങ്ങള്‍ ചാഞ്ചാടുന്നതിനൊപ്പം താളാത്മകമായി ശാരീരികഭാഗങ്ങളോരോന്നും തുളുമ്പിത്തുടിക്കുന്നുണ്ടായിരുന്നു. സെലീനയുടെ മാംസളഭാഗങ്ങളിലേയ്ക്കു് കണ്ണെയ്തുകൊണ്ടു് ഭട്ടതിരി സംസാരം തുടര്‍ന്നു.
“എനിവേ സാറെ ജീവിതമൊരു നിഴല്‍നാടകം. എന്തുകൊണ്ടു് സാറിന്് ഒരാഴ്ച ഈ അന്തഃപുരത്തിലെ റാണികളുമൊത്തു ഇവിടെ ചിലവഴിച്ചുകൂടാ?’ ഇവിടുള്ളതൊന്നും മോശമല്ല. ഹംഗറി, മലേഷ്യ, ലണ്ടന്‍ തുടങ്ങി അമേരിക്ക വരെയുള്ള മഹാന്മാരുടെ സന്തതികളാണിതൊക്കെ. ഉന്നതവിദ്യാഭ്യാസത്തിന്് കൊണ്ടുവന്നു് ഇന്നാട്ടിലെ വലിയ വലിയ കോളജുകളില്‍ ചേര്‍ത്തതാ. എല്ലാം ഓം ശാന്തി. അന്തിമയങ്ങിയാല്‍ സകല പഞ്ചതന്ത്രവും പഞ്ചവാദ്യവും തമ്മില്‍ സമ്മേളിക്കുന്നതിവിടെയാ. എല്ലാനിറവും, എല്ലാമണവും, എല്ലാരുചിയും ഈ ഭൂമിയിലെ പറുദീസ ഇവിടെയാ. ‘പനിനീരു ചൊരിയുന്ന പറുദീസ നല്‍കി പാരില്‍ മന്ഷ്യനായ് ദൈവം’മെന്നല്ലേ നിങ്ങളുടെ പുരാണം പറയുന്നതു്. ഞാന്‍ അതു് ഇവിടെ പുനര്‍ജ്ജീവിപ്പിച്ചുവെന്നുമാത്രം. എന്ത്യേ!, ഏതു പൊല്ലാപ്പിലും ഞാന്‍ പിടിച്ചുനില്‍ക്കും സാറേ ! ഞാന്ം ഒരു ഹിന്ദുവല്ലേ? ‘ആരും കാണാതെയും ഇരുവര്‍ക്കും ദോഷമില്ലാതെയുമാണെങ്കില്‍ ഓമനേ നിനക്കെന്റെ ആഗ്രഹം സാധിച്ചുതന്നുകൂടെയെന്നു് പരാശര മഹര്‍ഷി ചോദിച്ചപ്പോള്‍, ഈ മഹാത്മാവിന്റെ ചോദ്യത്തെ താനെങ്ങനെ നിഷേധിക്കുമെന്നല്ലേ മുക്കുവകന്യകയായ കാളിയുടെ ഉത്തരം. അവിടെയല്ലേ വേദവ്യാസന്‍ പിറന്നതു്.’ മാത്രമോ. . . .തന്നെ കാമിക്കുന്ന കാമിനിയെ പരിത്യജിക്കുന്നവന്‍ പാപിയാണെന്നു് ധര്‍മ്മശാസ്ത്രം. . .വംശാഭിവൃദ്ധിക്കു വേണ്ടി കുലസ്ത്രീകള്‍ക്കുപോലും ബ്രാണ്മണസംഭോഗംകൊണ്ടു് സന്താനോല്‍പ്പാദനം നടത്താമെന്നു് ആചാര്യവിധി. അതുമൂലം അവരുടെ ചാരിത്ര്യത്തിന് കളങ്കം സംഭവിക്കുകയുമില്ല, പ്രത്യുത യോനീശുദ്ധിയും ഫലം.”
“ഭട്ടതിരി ഞാന്‍ ആകപ്പാടെ ഒരു വല്ലാത്ത ചിന്താക്കുഴപ്പത്തിലാ. എന്തൊക്കെയോ സദാചാരചിന്ത കള്‍ മനസിലേറിക്കൊണ്ടു് നടന്നു. അവസാനം ജീവിക്കാന്‍ മറന്നുപോയ ഒരു അവസ്ഥാവിശേഷത്തി ലാണിപ്പോള്‍. അതുകൊണ്ടു് ഇതൊന്നും ആസ്വദിക്കാന്ള്ള ശാരീരികമാനസിക നിലപാടല്ല എന്റേതു്.”
“ എന്താ സാറേ. . . .അദൈ്വതത്തിന്റെ ഉത്ഭവത്തിങ്കല്‍ ആശ്രമത്തില്‍ കഞ്ചാവും ശരസും ധാരാളം സൂക്ഷിച്ചിരുന്നതായി അദൈ്വതസിദ്ധാന്തിയുടെ ജീവചരിത്രത്തിലും കാണുന്നു. ലഹരിയുടെ മറവില്‍ മറക്കുക സകലതും. ഭോഗസംതൃപ്തിയിലൂടെ ഈശ്വരസാക്ഷാത്കാരം നേടുക. ഇതാണു് ഇന്നത്തെ അദൈ്വതം.”
“ഭട്ടതിരി, നിങ്ങളുടെ സത്ക്കാരത്തിന്റെ വീതാംശം ഞാന്‍ കൈപ്പറ്റി. സലീനാ. . .ഇതാ ഇവള്‍ തന്നെ.” സെലീനയുടെ കൈത്തണ്ടയില്‍ പിടിച്ചു് ടൈറ്റസു് തന്റെ മടിയിലിരുത്തി. അവളുടെ അളകങ്ങളെ തന്റെ കൈകള്‍ കൊണ്ടു് തലോടി ആ കവിളില്‍ ചുബിച്ചു.
“എന്റെയും തന്റെയും കഴിഞ്ഞകാല ബന്ധങ്ങളുടെ ഓര്‍മ്മകള്‍ക്കിടയില്‍ ഒരു പതിക്കപ്പെട്ട മുദ്രയായി ഇവള്‍ നില്‍ക്കുന്നു. തന്റെ എല്ലാവിധ സല്‍ക്കാരങ്ങള്‍ക്കും നന്ദി. ഞാന്‍ വിട പറയുന്നു.”
“സെലീനാ. . . സാറിന് വേണ്ടുന്നതെല്ലാം ചെയ്തു കൊടുക്കുക.” സ്വാമിജി ആജ്ഞാപിച്ചു.
“ഗുഡു് ബൈ”. കാഷായവസ്ത്രം പിടിച്ചു് നേരെയിട്ടു് സ്വാമിജി പരിവാരസന്നിധിയിലേക്കു് മോക്ഷമന്ത്രവുമായി മറഞ്ഞു.


(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക