Image

ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍)

Published on 30 September, 2018
ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍)
ചെന്നൈ മഹാനഗരത്തിലെ അധോലോക തലവനായ സേനാപതിയുടെ കഥയല്ല ഇത്. സേനാപതിയുടെ അധികാരത്തിന്റെ അടുത്ത അവകാശിയാവാനുള്ള അയാളുടെ മൂന്ന് ആണ്‍മക്കളുടെ വെറിയുടെയും വാശിയുടെയും തന്ത്രങ്ങളുടെയും കഥയാണ് ചെക്ക സിവന്ത വാനം. പേര് സൂചിപ്പിക്കുന്നത് പോലെ ചോരയുടെ കടും ചുവപ്പു നിറമാര്‍ന്ന ആകാശത്തിനു താഴെ ഇതള്‍ വിരിയുന്ന സംഘര്‍ഷഭരിതമായ കഥ.

കണ്ണഞ്ചിക്കുന്ന വിധത്തില്‍ കുമിഞ്ഞു കൂടിയ സമ്പത്തിന് അധിപനാണ് സേനാപതി. എന്തും ചെയ്യാന്‍ തയ്യാറായ ഒരു സ്വകാര്യ സൈന്യവും അയാള്‍ക്കുണ്ട്. മൂത്ത മകനായ വരദന്‍ എന്ന വരദരാജന്‍ സേനാപതിയോടൊപ്പം കുടുംബത്തില്‍ തന്നെയാണ് താമസം. മറ്റൊരു മകനായ ത്യാഗു എന്ന ത്യാഗരാജന്‍ ദുബായിലും എത്തി എന്ന എത്തിരാജ് സെര്‍ബിയയിലും ബിസിനസ്സുകള്‍ ചെയ്യുകയാണ്.

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം പുത്രന്മാരായി ജനിക്കുന്നതെന്നു പഴമക്കാര്‍ പറയുമല്ലോ. തരം കിട്ടിയാല്‍ അച്ഛനെ കൊന്നിട്ടായാലും കോടികള്‍ മതിക്കുന്ന അയാളുടെ സാമ്രാജ്യവും അതിനേക്കാള്‍ ശക്തിയുള്ള അധികാരവും കൈക്കലാക്കണം എന്ന ആഗ്രഹം ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ് അയാളുടെ മക്കളില്‍ രണ്ടു പേര്‍. നഗരത്തിലെ അധോലോകങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ പൊലീസിന് ഒരു വെല്ലുവിളിയായത്‌കൊണ്ട് അവര്‍ക്കും സേനാപതി ഒരു തലവേദനയായിരുന്നു. ഒരാള്‍ക്കെതിരെ പലര്‍. അധികാരത്തിനും സമാധാനത്തിനും വേണ്ടിയുള്ള അവരുടെ ശ്രമങ്ങളുടെ സംഘര്‍ഷഭരിതമായ കഥയാണ് ചിത്രം പറയുന്നത്.

മരിയോ പുസോയുടെ ഗോഡ്ഫാദറിനെ ആസ്പദമാക്കി ലോകത്തൊരുപാട് ചിത്രങ്ങള്‍ വന്നിട്ടുണ്ടല്ലോ. കപ്പോളയുടെ വിഖ്യാതമായ ചിത്രത്തിന് ഒരുപക്ഷെ ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച സമര്‍പ്പണമായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മണിരത്‌നം തന്നെ സംവിധാനം ചെയ്തു പുറത്തിറങ്ങിയ 'നായകന്‍'. എന്നാല്‍ ഒരു ഇമോഷണല്‍ ഡ്രാമയായ നായകനില്‍ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷന്‍ ത്രില്ലര്‍ ഫോര്‍മാറ്റിലാണ് അദ്ദേഹം ഈ കഥ പറഞ്ഞിരിക്കുന്നത് . ടൈറ്റിലുകള്‍ മുറിച്ചു മാറ്റി ഇതിന്റെ അണിയറക്കാര്‍ ആരാണെന്നറിയാതെ സിനിമ മാത്രം കണ്ടാല്‍ സംവിധായകന്‍ ആരാണെന്നറിയാന്‍ കഴിയാത്ത വിധം തമിഴ് മസാല സിനിമകളിലെ ചില ക്‌ളീഷേ രംഗങ്ങളും കഥാ സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലുണ്ട് ( അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പറയുന്ന ഇപ്പോഴത്തെ വലിയ സംവിധായകര്‍ പലരും ഒരു ടെക്സ്റ്റ് ബുക്കായി കാണുന്നയാളാണ് മണിരത്‌നം. അവരുടെ സിനിമകളില്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ സ്വാധീനവും ഉണ്ടാവും ).

രണ്ടു കഥാപാത്രങ്ങള്‍ സംസാരിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാമതൊരാള്‍ വന്നു നാലാമത്തെയാളോട് തികച്ചും വ്യത്യസ്തമായ സംഭാഷണത്തിലേര്‍പ്പെടുന്നതും അവര്‍ മൂന്നു പേരുടെയും വോയ്സ് കുറയ്ക്കാതെ ആ മൂന്നുപേരുടെയും സംഭാഷണം ഉച്ചസ്ഥായിയില്‍ തന്നെ കേള്‍പ്പിക്കുക , ചിരി കരച്ചില്‍ ദുഃഖം തുടങ്ങിയ വികാരങ്ങളുടെ അല്പമാത്രമായ മിശ്രണം , കഴിവതും റിയല്‍ ആയി തന്നെ കാര്യങ്ങള്‍ കാണിക്കുക തുടങ്ങി ആദ്യചിത്രത്തില്‍ അദ്ദേഹം തുടങ്ങിവച്ച, പിന്നീട് അദ്ദേഹത്തിന്റെ തന്നെ ട്രേഡ് മാര്‍ക്കുകളായി മാറിയ പല സിനിമാറ്റിക് ടെക്‌നിക്കുകളും ഈ ചിത്രത്തിലും കാണാം.

ഒരു സാധാരണ തമിഴ് അണ്ടര്‍ വേള്‍ഡ് ചിത്രമായി മാറുമായിരുന്ന ഈ ചിത്രത്തെ രക്ഷപ്പെടുത്തിയതില്‍ ഇത്തരം സംഭാവനകള്‍ ഒരുപാടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്‌സ്. ചിത്രം കഴിഞ്ഞു ഒന്ന് തിരിഞ്ഞു നോക്കുമ്പോളാണ് അവസാനത്തെ അരമണിക്കൂര്‍ അത്രയും മികച്ചതായി ഒരുക്കിയതില്‍ അദ്ദേഹത്തിന്റെ ബ്രില്യന്‍സ് മനസ്സിലാവുന്നത്. വൈകാരികവും അതേ സമയം സംഘര്‍ഷം നിറഞ്ഞതുമായ ഒരുപാടു കഥാ സന്ദര്‍ഭങ്ങള്‍, കഥാഗതികള്‍ തുടങ്ങിയവ മികച്ച കയ്യടക്കത്തോടെ വളരെ കുറച്ചു സമയം കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് തോന്നിയത്.

റോജാ മുതലുള്ള മിക്ക സിനിമകളും തീയറ്ററില്‍ തന്നെ പോയി കണ്ടിട്ടുള്ള ഒരു ആരാധകനെന്ന നിലയ്ക്ക് ഈ ചിത്രത്തെയും ഉജ്ജ്വലം എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല . രണ്ടാണ് കാരണങ്ങള്‍. ഒന്ന് അദ്ദേഹം തന്നെ ഉണ്ടാക്കി വച്ചിട്ടുള്ള ഉയര്‍ന്ന ബെഞ്ച്മാര്‍ക്ക്. രണ്ടാമത് ഈ ചിത്രത്തിന്റെ അണിയറയിലുള്ള വലിയ പേരുകാര്‍. റഹ്മാന്‍, വൈരമുത്തു , സന്തോഷ് ശിവന്‍ , ശ്രീകര്‍ പ്രസാദ് തുടങ്ങി കൊതിപ്പിക്കുന്ന ഒരു കൂട്ടം കലാകാരന്‍മാര്‍. അവരൊക്കെ അവരുടെ നിലവാരം കാണിച്ചിട്ടുണ്ടെങ്കിലും ഇതുപോലുള്ള ഒരു ചിത്രമുണ്ടാക്കാന്‍, അതും മണിരത്‌നത്തെപ്പോലുള്ള ഒരു സംവിധായകന് ഇവരുടെയൊന്നും ആവശ്യമില്ലായിരുന്നു.

മണിരത്‌നം സ്വന്തമായി രചന നിര്‍വഹിച്ചിട്ടുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ പലതും. ശിവാ അനന്തുമായുള്ള കൊളാബറേഷന്‍ കൊണ്ട് ഈ ചിത്രത്തില്‍ എന്തെങ്കിലും മെച്ചം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ല. മറ്റൊരാളുടെ സഹായമില്ലാതെ തന്നെ അദ്ദേഹത്തിന് ചെയ്യാമായിരുന്ന ഒരു കഥയാണ് ഈ ചിത്രത്തിലേത് എന്ന് അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാവും. വിചിത്രവും മനോഹരവുമായ മനുഷ്യ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും ചിലപ്പോഴെങ്കിലും ജീവിതത്തിന്റെ ഭാഗമാകുന്ന അതിവൈകാരികതയുടെയും കഥകളാണ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത് . ഒരുപക്ഷെ മണിരത്‌നത്തിന്റെ മാത്രം ഒരു സ്‌പെഷ്യാലിറ്റി. അതോടൊപ്പം തന്നെ പുതിയ തലമുറ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് അങ്ങേയറ്റം ബോധവാനുമാണദ്ദേഹം .അതിന്റെ റിഫ്ളക്ഷന്‍സ് ഓ കാദല്‍ കണ്മണി , കാട്രു വെളിയിടെ തുടങ്ങിയ അദ്ദേഹത്തിന്റെ അവസാനം വന്ന ചിത്രങ്ങളില്‍ കാണാന്‍ കഴിയും. ഒരുപക്ഷെ തമിഴിലെ പാടിപുകഴ്ത്തപ്പെടുന്ന പുതു തലമുറ സംവിധായകരില്‍ ഒരാള്‍ പോലും പരീക്ഷിക്കാന്‍ തുനിയാത്ത തരം കഥകള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ പറഞ്ഞു വിജയിച്ചയാളാണ് അദ്ദേഹം എന്നതുകൂടി ഓര്‍ക്കുമ്പോള്‍ ഈ ചിത്രത്തിന്റെ ലക്ഷ്യം ബിസിനസ്സ് മാത്രമായിരുന്നിരിക്കാനാണ് സാദ്ധ്യത.

പ്രകാശ് രാജില്‍ തുടങ്ങി ഒന്നോ രണ്ടോ സീനില്‍ വരുന്ന ശരത് കുമാര്‍ വരെ അതിമനോഹരമായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടമായത് വിജയ് സേതുപതിയും ജയസുധയും സിമ്പുവുമാണ്. തനി ഒരുവനിലെ വേഷത്തെ ഓര്‍മിപ്പിക്കുന്ന വരദന്‍ എന്ന കഥാപാത്രത്തെ അരവിന്ദ് സ്വാമിയും ഉജ്ജ്വലമായി അവതരിപ്പിച്ചിട്ടുണ്ട്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതയായ ജയസുധയെ കുറേക്കാലം കൂടിയാണ് നല്ലൊരു വേഷത്തില്‍ കാണുന്നത്. ഒരു കാലത്ത് മാദക വേഷങ്ങളിലൂടെ അറിയപ്പെട്ടിരുന്ന അവര്‍ പിന്നീട് മികച്ച വേഷങ്ങളിലേക്ക് കൂടു മാറുകയായിരുന്നു.

ഏറ്റവും നല്ല അഭിനേത്രിക്കുള്ള ആന്ധ്രാ ഗവണ്‍മെന്റ് അവാര്‍ഡ് നാലു തവണയും സഹനടിക്കുള്ള അവാര്‍ഡ് മൂന്നു തവണയും സ്വഭാവ നടിക്കുള്ള അവാര്‍ഡ് ഒരു തവണയും നേടാന്‍ അവര്‍ക്ക് സാധിച്ചത് വെറുതെയല്ല എന്ന് ഇതിലെ ചില രംഗങ്ങള്‍ കണ്ടാല്‍ പിടികിട്ടും. അസാമാന്യമായ കണ്ടിന്യൂയിറ്റി അവരുടെ അഭിനയത്തിനുണ്ട്. ഫഹദ് ഫാസില്‍ ചെയ്യാനിരുന്ന വേഷമാണ് പിന്നീട് അരുണ്‍ വിജയ് അഭിനയിച്ചത് എന്ന് കേട്ടിരുന്നു. എന്തായാലും അരുണ്‍ ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അടങ്ങിയൊതുങ്ങി, ചെയ്യുന്ന പണിയില്‍ ശ്രദ്ധിച്ചാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നും മറ്റു സൂപ്പര്‍ സ്റ്റാറുകളെക്കാള്‍ അഭിനയശേഷിയും ഏതു തരം വേഷങ്ങള്‍ ചെയ്യാനും കഴിവുള്ളയൊരാള്‍ ആണ് സിമ്പുവെന്നും പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഒന്ന് രണ്ടു പടങ്ങളില്‍ ഒരു അടുക്കും ചിട്ടയുമില്ലാത്ത പെരുമാറ്റം കാരണം അദ്ദേഹത്തെ സിമ്പു ശരിക്കും മെനക്കെടുത്തിച്ചിട്ടുണ്ടെങ്കിലും ആ അഭിപ്രായം പറയാന്‍ അതൊരു തടസ്സമല്ല എന്നും അദ്ദേഹം അതില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അത്രയേ എനിക്കും പറയാനുള്ളൂ.

റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഇഷ്ടപ്പെട്ടത്. ബാക്കിയുള്ള പാട്ടുകളിലെ കൂക്കും വിളിയുമൊക്കെ എങ്ങനെയാണാവോ സിനിമയില്‍ വരുന്നതെന്ന് ഒരു ആകാംക്ഷയുണ്ടായിരുന്നു. ആവശ്യമുള്ളിടങ്ങളില്‍ മാത്രം പാട്ടുകളുടെ ആവശ്യമുള്ള ഭാഗം മാത്രം ഉപയോഗിച്ചുകൊണ്ട് മണിരത്‌നം അത് മറികടന്നിട്ടുണ്ട്. കുറച്ചു പ്രേക്ഷകര്‍ക്കെങ്കിലും അത് അനവസരത്തിലുള്ള പാട്ടുകളായി തോന്നാതിരുന്നാല്‍ നല്ലത്. പാട്ടുകള്‍ക്ക് വലിയ ഗുണമൊന്നുമില്ലെങ്കിലും പശ്ചാത്തല സംഗീതത്തില്‍ ആ റഹ്മാന്‍ മാജിക് ഇപ്പോഴുമുണ്ട്. ആദ്യ ചിത്രം മുതല്‍ അദ്ദേഹം തുടര്‍ന്ന് വരുന്ന രീതിയാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും സ്വയം ചെയ്യുന്ന രീതി. അതുകൊണ്ട് റഹ്മാന്‍ തന്നെയാണോ അങ്ങനെ ചെയ്തതെന്നും അറിയില്ല.

എട്ടു തവണ നാഷണല്‍ അവാര്‍ഡ് വാങ്ങിയ ശ്രീകര്‍ പ്രസാദിനും മണിരത്‌നത്തിന്റെ തന്നെ രണ്ടു ചിത്രങ്ങള്‍ക്കടക്കം അഞ്ച് നാഷണല്‍ അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള സന്തോഷ് ശിവനും ഏഴുതവണ നാഷണല്‍ അവാര്‍ഡ് വാങ്ങിയ വൈരമുത്തുവിനും ഇതില്‍ അധികമൊന്നും പണിയെടുക്കേണ്ടി വന്നിട്ടില്ലെന്നാണ് സിനിമ കണ്ടപ്പോള്‍ തോന്നിയത്. അപ്പോഴും അവസാനത്തെ അരമണിക്കൂറിലെ ചടുലമായ രംഗങ്ങള്‍ ഇഴുക്കി ചേര്‍ത്തതിലെ മികവിന് ശ്രീകര്‍ പ്രസാദിനെ അഭിനന്ദിക്കാതിരിക്കാന്‍ തരമില്ല.

ജ്യോതിക, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവരും പ്രശസ്ത അന്താരാഷ്ട്ര ഇന്ത്യന്‍ മോഡല്‍ ഡയാന ഈരപ്പയുമാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. ഇവരൊക്കെയുണ്ടെങ്കിലും മുകളില്‍ പറഞ്ഞത് പോലെ ജയസുധയാണ് ഏറ്റവും മികച്ചു നിന്നത്.

അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ മണിരത്‌നം പിന്തുടരുന്ന ലോജിക് കൗതുകകരമാണ്. ഒരു മാനേജ്മന്റ് കണ്‍സല്‍ട്ടന്റ് ആയിരുന്ന അദ്ദേഹം അത്തരമൊരു ആംഗിള്‍ കൂടി അതില്‍ കാണുന്നുണ്ട്. തന്റെ സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ പോകുന്ന സ്ഥലങ്ങളുടെ റഫറന്‍സ്, അവിടത്തെ ജനപ്രീതിയുള്ള താരങ്ങള്‍ മുതലായവയെ തന്റെ സിനിമയില്‍ വിദഗ്ദ്ധമായി ഉള്‍ക്കൊള്ളിക്കാന്‍ പണ്ടേ ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം. ദളപതിയില്‍ മമ്മൂട്ടിയെ ഉപയോഗിച്ചതിനും ഇരുവരില്‍ മോഹന്‍ലാലിനെ ഉപയോഗിച്ചതിനും പിന്നില്‍ വേറെ മികച്ച നടന്മാരുടെ അഭാവമാണ് കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരുപക്ഷെ ഇരുവറില്‍ മോഹന്‍ലാലിന് പകരം വയ്ക്കാന്‍ ഒരാളുണ്ടായിരുന്നിരിക്കില്ല. പക്ഷെ ദളപതിയില്‍ തീര്‍ച്ചയായും ആര്‍ക്കു വേണമെങ്കിലും ചെയ്യാമായിരുന്നു വേഷമാണ് മമ്മൂട്ടി ചെയ്തത്. പ്രതിഭാധനനായ അദ്ദേഹത്തെ പോലൊരു അഭിനേതാവിന് ആ കഥാപാത്രം പൂ പറിക്കുന്നതു പോലെ നിസ്സാരമായി അഭിനയിച്ചു തീര്‍ക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ഈ ചിത്രത്തിലെ താരങ്ങളെയും അങ്ങനെ തന്നെയാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് തോന്നുന്നു.

മണിരത്‌നത്തിന്റെ ക്ലാസ്സിക് ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരില്‍ ഒരു ചലനവും ഉണ്ടാക്കാത്ത ചിത്രമാണ് ചെക്ക സിവന്ത വാനം. അതേ സമയം തന്നെ, ആ ചിത്രങ്ങളൊക്കെ ഇറങ്ങുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത ഇപ്പോഴത്തെ യുവാക്കളെ രസിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു എന്നതും അത്ഭുതകരമാണ് . വെറും മുപ്പതു വയസ്സുള്ളപ്പോള്‍ എഴുതി സംവിധാനം ചെയ്ത മൗനരാഗം പോലൊരു ചിത്രം അദ്ദേഹം അറുപത്തിരണ്ടിലെത്തി നില്‍ക്കുന്ന ഇതുവരെ വേറെയാരും അത്രയും മനോഹരമായി കൈകാര്യം ചെയ്തിട്ടില്ല . മണിരത്‌നം എന്ന മഹാനായ ചലച്ചിത്രകാരനില്‍ നിന്ന് മസാല ചിത്രങ്ങളേക്കാള്‍ ഗൗരവമുള്ള സിനിമകളാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും ചെക്ക സിവന്ത വാനം ഒരു തവണ തീര്‍ച്ചയായും കാണാവുന്ന ചിത്രമാണ്. പലയിടത്തും കണ്ട പുകഴ്ത്തലുകളിലെ മണി മാജിക് ഒന്നും ഈ സിനിമയിലല്ല എന്നത് ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു.
ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍) ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍) ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍) ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍) ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍) ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍) ചെക്ക സിവന്ത വാനം (സനുജ് സുശീലന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക