Image

ദുരിതാശ്വാസത്തിനായി പെര്‍ത്തില്‍ കര്‍ഷക മാര്‍ക്കറ്റും മള്‍ട്ടികള്‍ച്ചറല്‍ മാസ് ഗാനമേളയും

Published on 01 October, 2018
ദുരിതാശ്വാസത്തിനായി പെര്‍ത്തില്‍ കര്‍ഷക മാര്‍ക്കറ്റും മള്‍ട്ടികള്‍ച്ചറല്‍ മാസ് ഗാനമേളയും

പെര്‍ത്ത്: കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി സരിഗമ ’സംഗീത സ്വാന്ത്വനം’ പ്രോഗ്രാം ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ കാനിംഗ്ടണ്‍ ടൗണ്‍ ഹാളില്‍ അരങ്ങേറും. അഞ്ചു മുതല്‍ ആറുവരെ നടക്കുന്ന കിസാന്‍ മാര്‍ക്കറ്റില്‍ അടുക്കള തോട്ടത്തിന് വേണ്ട കറിവേപ്പ്, പച്ചമുളക്, കാന്താരി മുളക്, പയര്‍, തക്കാളി, തുളസി, കപ്പ, വെറ്റിലച്ചെടി മാവ്, പ്ലാവ്, പുളി, സപ്പോട്ട, വാഴ, ചാന്പ, മുല്ല തുടങ്ങിയ തൈകളും മിതമായ നിരക്കില്‍ ലഭ്യമായിരിക്കും.

കൂടാതെ, മുഖ്യപ്രായോജകരായ ഗോ4ഓര്‍ഗാനിക് കമ്പനി ഇന്ത്യയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തു വിതരണം ചെയ്യുന്ന ജൈവവളവും കീടനാശിനികളും കിസാന്‍ മാര്‍ക്കറ്റിലെ കമ്പനി സ്റ്റാളില്‍ നിന്നും വാങ്ങാവുന്നതാണ് .

പരിപാടിയിലെ പ്രധാന ആകര്‍ഷണമായ ജനകീയ ഗാനമേളയില്‍ മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, ഗുജറാത്തി തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള മുപ്പതോളം ഗായകര്‍ ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിക്കും. കലാഭവന്‍ മണിയുടേതുള്‍പ്പെടെയുള്ള നാടന്‍ പാട്ട്, നാടോടിനൃത്തം, കവിതാലാപനം തുടങ്ങിയ ഇനങ്ങള്‍ പ്രോഗ്രാമിന് വൈവിധ്യമേകും. 

പെര്‍ത്തിലെ പതിനഞ്ചോളം ഹാസ്യസാമ്രാട്ടുകള്‍ ഹാസ്യരസം വാരിക്കോരി വിളന്പുന്ന തട്ടുതകര്‍പ്പന്‍ കോമഡി സ്‌കിറ്റാണ് പരിപാടിയിലെ മറ്റൊരു ഹൈലൈറ്റ്. 

പ്രോഗ്രാം വഴിയായി ലഭിക്കുന്ന അത്യാവശ്യ ചെലവു കഴിച്ചുള്ള മുഴുവന്‍ തുകയും കേരളത്തിലുണ്ടായ ദുരന്തം മൂലം ഏറ്റവും ക്ലേശമനുഭവിക്കുന്നവര്‍ക്ക്, ഇടനിലക്കാരെയും മറ്റും ഒഴിവാക്കി നേരിട്ടെത്തിക്കുവാനാണ് ഉപയോഗപ്പെടുത്തുക. ജാതി, മത, സംഘടനാ ഭേദമന്യേ എല്ലാ സുമനസുകളും ഈ യജ്ഞത്തില്‍ സദയം കൈകോര്‍ക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക