Image

ഒരുപിടി മണ്ണ് (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 01 October, 2018
ഒരുപിടി മണ്ണ് (കവിത: ചാക്കോ ഇട്ടിച്ചെറിയ)
ഒരുപിടിമണ്ണിനു ജീവന്‍ നല്‍കി
ഒരു നരവേഷം നല്‍കി
പരിപാവനനാം പരമപിതാവിന്‍
പരിവേഷത്താല്‍ പുല്‍കി

ഒരുചിരമവനൊരു തുണയേകീടാന്‍
പരനൊരു തിരുഹിതമായി
അവനുടെയരികിലണഞ്ഞൊരു മതിമുഖി
പരിചരണം നല്‍കീടാന്‍

തനിയെയൊരേകാന്തതയുടെ കരിനിഴല്‍
അഴലൊരുലേശവുമേശാ
തവനൊരു താങ്ങയ് തണലയ് തീരാന്‍
അവളൊരു തരുണീമണിയായ്

പരനേ തവഹിതമെത്രമനോഹര
മറിയുവതാരിഹ ലോകെ
അത്ഭുതമെത്ര വിശേഷപ്രപഞ്ചമി
തവികലമുളവായ് വന്നു

തരുനിരചൂടിയ തകിടികളടിമുടി
അമരുമൊരേദന്‍ തോട്ടം
പലവിധ ഫലമൂലാദികള്‍ സുലഭം
മലര്‍നിര മധുമയമിയലും

അവികലമവനൊരു നിദ്രവരുത്തി
അടര്‍ത്തിയൊരെല്ലതു 'വാരി'
അതിനൊരു രൂപം നല്‍കീ നാഥന്‍
അവന്നുകൊടുത്തൊരു നാരി!

നിദ്രയി്‌ലാണ്ടു കിടന്നൊരു നരനെ
തട്ടിവിളിച്ചൂ നാഥന്‍ !
'ആദം'! തല്‍ക്ഷണമവനുണരുകയായ്
നാദം കാതില്‍ ധ്വനിക്കെ

കണ്ടൂ കരിമിഴിയാളെ മുന്നില്‍
കണ്ണുകളഞ്ചിയടഞ്ഞൂ
കാഞ്ചനകാഞ്ചി കവര്‍ന്നൊരു ഞൊടിയിട
പഞ്ചമരാള വിഭൂതി!

വാരിയെടുത്തു പുണര്‍ന്നൊരുചൂടും
ഗന്ധവുമൊക്കെ നുകര്‍ന്നു
പറ്റിയിരുന്നൊരു പ്രാവിന്‍ കുഞ്ഞായ്
ഇരുവരുമൊരു ദേഹമതായ്

നാഥായിവളെന്‍ മാംസവുമസ്തിയു
മായതിനാലിവള്‍ നാരി!
അര്‍ത്ഥവു മാനന്ദവുമെന്‍ ജീവനി
ലിന്നു പകര്‍ന്നല്ലോ നീ!.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക