Image

വിമാനത്തില്‍ പിഞ്ചുകുഞ്ഞ് കരഞ്ഞു, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ക്ഷോഭിച്ചു

Published on 02 October, 2018
വിമാനത്തില്‍ പിഞ്ചുകുഞ്ഞ് കരഞ്ഞു, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ക്ഷോഭിച്ചു
സാന്‍ഫ്രാന്‍സിസ്‌കോ: വിമാന യാത്രയ്ക്കിടെ കരഞ്ഞ പിഞ്ചുകുഞ്ഞിനു നേരേ ആക്രോശിച്ച വനിതാ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഇന്ത്യക്കാരിയായ അമ്മയെ താക്കീത് ചെയ്തു. കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേയ്ക്കുള്ള യാത്രയില്‍ യുണൈറ്റഡ് എയര്‍ലൈനില്‍ വച്ചായിരുന്നു സംഭവം. കൃപാ പട്ടേല്‍ ബാലയും ഭാര്യയും തങ്ങളുടെ എട്ടുമാസം പ്രായമുള്ള മകനോടൊപ്പം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു. കുട്ടി കരയാന്‍ തുടങ്ങി. ഏതാണ്ട് അഞ്ച് മിനിറ്റോളം കരച്ചില്‍ നീണ്ടു നിന്നു.

പെട്ടെന്ന് ഒരു വനിതാ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അവരുടെ സീറ്റിനടുത്തെത്തുകയും ബേബി ബാസ്‌കറ്റില്‍ കിടക്കുകയായിരുന്ന കുട്ടിയുടെ നേരേ തിരിഞ്ഞ് ''ഇതൊരിക്കലും അംഗീകരിക്കാനാവില്ല...'' എന്ന് ആക്രോശിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ എടുത്ത് ഉയര്‍ത്തിപ്പിടിച്ച് സമാശ്വസിപ്പിക്കാന്‍ പറഞ്ഞ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്, ചില വിമാനക്കമ്പനികള്‍ കുട്ടികളെ ബിസിനസ് ക്ലാസില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് മാതാപിതാക്കള്‍ക്ക് താക്കീത് നല്‍കുകയായിരുന്നു. 

''വിമാനത്തില്‍ കുട്ടികള്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ കരയാന്‍ പാടില്ലെന്ന് റൂള്‍ ബുക്കിലുണ്ടെന്നാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്   ശാസനം നല്‍കിയത്. എന്നിട്ട് അവര്‍ തന്റെ ഫോണ്‍ വൈഫെയുമായി കണക്ട് ചെയ്യുകയും യുണൈറ്റഡ് എയര്‍ ലൈന്‍സിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുട്ടികളുടെ കരച്ചില്‍ സംബന്ധിച്ച സമയദൈര്‍ഘ്യത്തെപ്പറ്റി ഒരു പരാമര്‍ശവും അതിലില്ലായിരുന്നു...'' കൃപാ പട്ടേല്‍ ഫെയ്‌സ് ബുക്കില്‍ ഇങ്ങനെ പോസ്റ്റ് ചെയ്തു. 

തര്‍ക്കം നടക്കുന്നതിനിടെ വിമാനത്തിന്റെ ക്യാപ്റ്റന്‍ എത്തുകയും ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ ശാസിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു. ക്യാപ്റ്റന്‍ അപ്പോള്‍ തങ്ങളോട് ക്ഷമാപൂര്‍വമാണ് സംസാരിച്ചതെന്ന് കൃപാ പട്ടേല്‍ പറയുന്നു. എന്നാല്‍ വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലാന്‍ഡ് ചെയ്തയുടന്‍ വിവരമറിഞ്ഞെത്തിയ യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രതിനിധികള്‍ സംഭവത്തില്‍ മാപ്പ് പറയാനും ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യാനും തയ്യാറായി. ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ പെരുമാറ്റം തങ്ങളുടെ ഉപഭോക്താക്കളുടെ ഇടയില്‍ മോശം പ്രതിഛായയുണ്ടാക്കുമെന്നായിരുന്നു അവരുടെ നിലപാട്. 

എന്നാല്‍ പട്ടേലും കുടുംബവും വഴങ്ങിയില്ല. മാത്രവുമല്ല, ഇനിമേല്‍ യുണൈറ്റഡ് എയര്‍ ലൈന്‍സിന്റെ വിമാനങ്ങളില്‍ സഞ്ചരിക്കില്ലെന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു. ''ഞങ്ങള്‍ യുണൈറ്റഡ് അധികൃതരുമായി സംസാരിച്ചു. ക്യാപ്റ്റനെയും മറ്റ് ക്യാബിന്‍ ക്രൂകളെയും ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. അവര്‍ നല്ലവരാണ്. പക്ഷേ ആ വനിതാ ക്രൂവിന്റെ പെരുമാറ്റം മോശമായി. യുണൈറ്റഡ് എയര്‍ലൈന്‍സ് ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണം...'' പട്ടേലിന്റെ ഭാര്യ ചൂണ്ടിക്കാട്ടി.

വിമാനത്തില്‍ പിഞ്ചുകുഞ്ഞ് കരഞ്ഞു, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ക്ഷോഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക