Image

സാന്ത്വനഗീതം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 02 October, 2018
സാന്ത്വനഗീതം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
പകലിന്റെ യാമങ്ങളില്‍ നിന്‍ പ്രകാശമായ്
പകലോന്റെ കാന്തിയായ് ഞാനുദിക്കാം
രാവുകളില്‍ ഇരുളേറിടും വേളയില്‍
പാല്‍നിലാശോഭയായ് പുഞ്ചിരിക്കാം!

വാടിത്തളരുന്ന നേരമീ ജീവിത-
യാത്രയില്‍ ദാഹജലം നല്‍കിടാം
ഒരു മേഘത്തേരേറിവന്നു നിന്നെ ഞാന്‍
കുളിര്‍മഴത്തുള്ളികളായ് പൊതിയാം!

പരിഹാസവാക്കുകളേറിടും നേരം
പതറാതിരിക്കുവാന്‍ കൂടെ നില്‍ക്കാം
കരുതും കരങ്ങളില്‍ സ്പര്‍ശമേകാം ഞാന്‍
കനിവേകും സാന്ത്വന വാക്കു ചൊല്ലാം!

ആശകള്‍ തേടി നിനക്കുയര്‍ന്നീടുവാന്‍
ആയിരം ചിറകുകള്‍ നല്‍കിടാം ഞാന്‍
ഒരുമാത്രനേരമൊന്നാശ്വസിച്ചീടുവാന്‍
ഒരു മരക്കൊമ്പ് നിനക്കേകിടാം!

ഒളിയമ്പിനാല്‍ മുറിവേല്‍കാതെ നിത്യം
ഒരുനല്ല പരിചയായ് കൂടെ നില്‍ക്കാം
സുഖദുഖസമ്മിശ്രമീ വാസമെങ്കിലും
സഖിയായ് ഞാനെപ്പോഴും ചേര്‍ന്നിരിക്കാം;
ഒരുനൂറു ജന്മം കഴിഞ്ഞുവെന്നാലും
കരുതുന്ന സ്‌നേഹമായ് ചേര്‍ന്നിരിക്കാം!!
Join WhatsApp News
വിദ്യാധരൻ 2018-10-02 19:46:50
നൽകുവാൻ എളുതാണ് വാഗ്‌ദാനമൊക്കെ 
നടപ്പിൽ വരുത്തുവാൻ ബുദ്ധിമുട്ടും.
ഗുരുവിനായ്  പ്രാണൻ കൊടുത്തിടുവാൻ 
പത്രോസ് സന്നദ്ധനായിരുന്നു 
എന്നാൽ ആ കോഴി മൂന്നു കൂവും മുൻപ് 
ഗുരുവിനെ തള്ളി  ഓടിയവൻ 
പ്രേമത്താൽ  ഒരാളെ  പുൽകും നേരംതന്നെ 
മറ്റൊരാളെ  നാം  മാറോടു ചേർത്തിടുന്നു 
നന്മ ചെയ്യാൻ ഉള്ളത്തിൽ മോഹമുണ്ട് 
തിന്മയിൽ ചെന്നു കലാശിക്കുന്നു 
എങ്കിലും മോഹങ്ങൾ കൈവിടാ നാം 
പ്രതീക്ഷ വിടാതെ  ശ്രമിച്ചിടുക 
Amerikkan Mollaakka 2018-10-04 14:58:56
ഡോക്ടർ  പൂമൊട്ടിൽ സാബ് ഇങ്ങടെ കബിതകൾ
 ഞമ്മള് ബെല്ലാണ്ട് മിസ്  ചെയ്തു.  ഈ കബിത
ഞമ്മള് ബീവിമാരെ ബായിച്ച് കേൾപ്പിച്ച്.
പാൽ നിലാ ശോഭയായ്  അവരൊക്കെ
  പുഞ്ചിരിച്ചപ്പോൾ ഞമ്മടെ കൺട്രോൾ പോയി. ഒരു
നൂറു ജന്മം ഇങ്ങനെ കായിയണം  എന്ന് മോഹമുണ്ട്.
പൂമൊട്ടിൽ സാബ് അഭിനന്ദനം. കബിത
ഞമ്മടെ അമ്പത് കയിഞ്ഞ ഹൃദയത്തെ
ചെറുപ്പക്കാരനാക്കി. നല്ല കബിത. യുവഹൃദയങ്ങൾ
ചിന്തിക്കുന്നപോലെയുള്ള വികാരങ്ങൾ
മിന്നി തിളങ്ങുന്നു.
Sudhir Panikkaveetil 2018-10-04 17:08:16
പ്രണയസുധാരസം  തുളുമ്പുന്ന വരികൾ. പ്രണയിനിയോടുള്ള അനുരാഗവായ്‌പ്പിൽ 
വാഗ്  ദാ ന ങ്ങളുടെ പെരുമഴ പെയ്യിക്കുന്നു കവി. ക്ടർ സാറിന്റെ തത്വചിന്താപരവും പ്രബോ ധനാപരവുമായ 
കവിതകളിൽ നിന്ന്  വ്യത്യസ്തമായി യൗവന തീഷ്ണമായ വികാരങ്ങളുടെ ഹൃദ്യമായ അവതരണം.
Easow Mathew 2018-10-05 10:55:02
കവിത വായിച്ച് പ്രോല്ത്സാഹന വാക്കുകളിലൂടെ പ്രതികരണം അറിയിച്ച വിദ്യാധരന്‍ , അമേരിക്കന്‍ മൊല്ലാക്ക , സുധീര്‍ പണിക്കവീട്ടില്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, പ്രിയ മൊല്ലാക്കയുടെ തിരുച്ചുവരവില്‍ വളരെ അധികം സന്തോഷിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ നര്‍മ്മമുള്ള കമന്‍റുകളില്‍ സ്നേഹം നിറഞ്ഞ ഹൃദയത്തിന്റെ ഭാഷ നിറഞ്ഞു നില്‍ക്കുന്നു. Dr. E.M. Poomottil  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക