Image

ഇന്ന് ഞാന്‍ ഛര്‍ദ്ദിച്ചു; ന്യൂയോര്‍ക്ക് ഡോക്ടറുടെ വീഡിയോ കണ്ടിട്ട് (Dr. S.S. ലാല്‍)

Published on 02 October, 2018
ഇന്ന് ഞാന്‍ ഛര്‍ദ്ദിച്ചു; ന്യൂയോര്‍ക്ക് ഡോക്ടറുടെ വീഡിയോ കണ്ടിട്ട് (Dr. S.S. ലാല്‍)
In these days of degenerating decency ... Miami beach to

മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു എന്ന പ്രിയദര്‍ശന്‍ സിനിമയിലെഡയലോഗ് മലയാളിയ്ക്ക് മറക്കാന്‍ കഴിയില്ല. മോഹന്‍ലാല്‍ ജഗതിയോട് പറയുന്നതാണ്.

'കന്നിനെ കയം കാണിക്കരുത് എന്നൊരു ചൊല്ലുണ്ട്. Well, ഇംഗ്ലീഷില്‍, communication of the inferior democrats. Kilometres and kilometres ... Washington ..... when diplomacy .... and from complicated America to America .... '

ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള ഈ വരികളിലെ തമാശ പൊതുവെ നമുക്കെല്ലാം മനസ്സിലാകും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്കും പഠിച്ചിട്ടും ഇംഗ്ലീഷ് മനസ്സിലായിട്ടില്ലാത്തവര്‍ക്കും ഇതിലെ തമാശ മനസ്സിലാകില്ല. മോഹന്‍ലാല്‍ എന്തോ കൂടിയ ഇംഗ്ലീഷ് പറയുന്നതായി തെറ്റിദ്ധരിക്കും. ജഗതിയുടെ കഥാപാത്രത്തിന് സംഭവിക്കുന്നതുപോലെ. ആ കഥാപാത്രത്തിനും ഭാര്യയ്ക്കും മനസ്സിലാകുന്ന മലയാളത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ട് പിന്നാലെ അവര്‍ക്കറിയാത്ത ഇംഗ്ലീഷില്‍ വലിയ മണ്ടത്തരങ്ങള്‍ മോഹന്‍ലാല്‍ വിളിച്ചു പറയുന്നു. മലയാളത്തില്‍ പറയുന്നത് മനസ്സിലാകുന്നതുകൊണ്ട് ബാക്കിയുള്ള ഇംഗ്ലീഷും ശരിയാണെന്ന് തെറ്റിദ്ധരിക്കുകയോ ഇംഗ്ലീഷ് ഭാഗം മനസ്സിലായെന്ന് ഭാവിക്കുകയോ ചെയ്യുകയാണ് ജഗതിയും ഭാര്യയും. തിരുത്താന്‍ നോക്കുന്ന, ഇംഗ്ലീഷ് അറിയാവുന്ന, ശ്രീനിവാസനെ ജഗതി ആട്ടിപ്പായിക്കുന്നു. മണ്ടത്തരങ്ങള്‍ ഫലപ്രദമായും വിശ്വാസയോഗ്യമായും മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു.

ന്യൂയോര്‍ക്കില്‍ നിന്നെന്നു പറഞ്ഞ് ഒരു ലേഡീ ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോയെപ്പറ്റി മേല്പറഞ്ഞതേ പറയാനുള്ളൂ. ശബരിമലയും ഗര്‍ഭപാത്രവും ആണ് വിഷയം. ഡോക്ടര്‍ എന്ന് അവകാശപ്പെടുന്ന അവര്‍ മെഡിക്കല്‍ സയന്‍സിന്റെ പേരില്‍ ഇതുവരെ ഒരു നാട്ടിലും മെഡിക്കല്‍ കോളേജില്‍ പോയി പഠിച്ചവരാരും പഠിച്ചിട്ടില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ വച്ച് കാച്ചുകയാണ്. ഏതൊക്കെയോ ബാലമാസികകളിലും അമ്പലക്കമ്മിറ്റികളുടെ ഉത്സവനോട്ടീസിലും വന്നിട്ടുള്ള കഥകള്‍ ശാസ്ത്രമാണെന്ന് തട്ടിവിടുകയാണ്. ഏതോ യോഗ ക്ലാസില്‍ കേട്ട കാര്യങ്ങളും മെഡിക്കല്‍ സയന്‍സായി തട്ടിവിടുന്നുണ്ട്.

ആ വീഡിയോ ഒരു മുഴുനീള കോമഡിയാണ്. അത് മനസ്സിലാകണമെങ്കില്‍ മെഡിക്കല്‍ സയന്‍സ് അറിഞ്ഞിരിക്കണം. കുറഞ്ഞപക്ഷം ശാസ്ത്രബോധവും വായനയും വേണം. ഇതൊന്നുമില്ലെങ്കില്‍ ആ ഡോക്ടര്‍ പറഞ്ഞത് മഹത്തായ കാര്യങ്ങളായി തോന്നും. ഏതുപോലെ? ഇതുപോലെ: In these days of degenerating decency, Miamy beach to Washington ..... when diplomacy .... and from complicated ....

ഡോക്ടറുടെ പ്രഭാഷണം കേട്ട് കയ്യടിക്കുന്ന ചില 'ശാസ്ത്രജ്ഞരും' ഉണ്ട്. അവരെപ്പോലുള്ളവരുടെ കാര്യമാണ് നേരത്തെ പറഞ്ഞത്. ഇംഗ്ലീഷ് പഠിച്ചിട്ടും മനസ്സിലായിട്ടില്ലാത്തതിനാല്‍ മോഹന്‍ലാലിന്റെ വരികള്‍ ഷേക്‌സ്പീയറിന്റെ വരികള്‍ക്ക് തുല്യമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍. ത്രേതായുഗത്തില്‍ ജെറ്റ് വിമാനം ഉണ്ടായിരുന്നെന്ന് സയന്‍സ് കോമഡിയില്‍, സോറി, കോണ്‍ഫറന്‍സില്‍, പ്രബന്ധം അവതരിപ്പിച്ച മഹാനെപ്പോലെയുള്ളവര്‍. ഗണപതിയുണ്ടായത് പ്ലാസ്റ്റിക് സര്‍ജറി വഴിയാണെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍. റോക്കറ്റ് വിടുന്നതിനു മുമ്പ് ഓടിപ്പോയി തേങ്ങയുടയ്ക്കുന്ന ശാസ്ത്രജ്ഞര്‍.

മെഡിക്കല്‍ സയന്‍സ് എന്ന വ്യാജേന, ഡോക്ടര്‍ എന്ന മേല്‍വിലാസം ഉപയോഗിച്ച്, ശാസ്ത്രമല്ലാത്തതും ശാസ്ത്രവിരുദ്ധവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും നൈതികതയ്ക്ക് എതിരുമാണ്. ചില മെഡിക്കല്‍ അസോസിയേഷനുകള്‍ നിയമ നടപടിയ്ക്ക് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

ഡോക്ടറായിക്കഴിഞ്ഞിട്ടും മതവും ജാതിയും അന്ധവിശ്വാസവും ദുരാചാരങ്ങളും ഒക്കെ ജീവിതത്തില്‍ കൊണ്ടുനടക്കുന്നവരുണ്ട്. അത് അവരുടെ വ്യക്തി ജീവിതത്തില്‍ ഒതുങ്ങിനിന്നാല്‍ പിന്നെയും സഹിക്കാം. എന്നാല്‍ ഡോക്ടര്‍ എന്ന പദവി ഉപയോഗിച്ച് ഇത്തരം വിഷയങ്ങളിലെ മണ്ടത്തരങ്ങള്‍ ആധികാരിക ശാസ്ത്രമായി വിളമ്പുന്നത് നിയമവിരുദ്ധമാണ്, നൈതികതയ്ക്ക് വിരുദ്ധമാണ്. ഉടനടി നിയന്ത്രിക്കേണ്ടതാണ്.

അമേരിക്കന്‍ ഡോക്ടറുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടി പറയണമെന്ന് പലരും ഫേസ്ബുക്കിലും പുറത്തും എന്നോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ സയന്‍സിലെ വിഷയങ്ങള്‍ സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാന്‍ കാല്‍ നൂറ്റാണ്ടിലധികമായി ശ്രമിക്കുന്ന ഒരു ഡോക്ടറെന്ന നിലയില്‍ എനിയ്ക്കുള്ള ഉത്തരവാദിത്തം ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ഇതിനും സമയം കണ്ടെത്തുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ പടം പൂര്‍ണ്ണമായി കണ്ട ഒരു സിനിമാ നിരൂപകനെപ്പറ്റി ഓര്‍ക്കുക. പണ്ഡിറ്റിന്റെ പടം ഒരിക്കലും കാണാതിരിക്കുക എന്നത് ആണ് ആദ്യം ചെയ്യേണ്ട കാര്യം. അഥവാ ഇനി അതിലെ മണ്ടത്തരങ്ങള്‍ അറിയാനായി പടം കണ്ടവനോട് പടം എങ്ങനെയെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്താ മറുപടി പറയുക? 'ആ വഴി പോകല്ലേ, മുഴുവന്‍ മണ്ടത്തരങ്ങളാ' എന്ന് മാത്രം. അല്ലാതെ ഓരോ സീനും വിശകലനം ചെയ്യാന്‍ ആരെങ്കിലും മിനക്കെടുമോ?

ഈ ഡോക്ടറുടെ വീഡിയോയെപ്പറ്റിയും അത്രേ പറയാനുള്ളൂ. മുഴുവന്‍ മണ്ടത്തരങ്ങളാ. കാണാതിരിക്കുക.

ഈ പറയുന്നത് വലിയ ഉത്തരവാദിത്തത്തോടെയാണ്. ഏഷ്യാനെറ്റില്‍ 1993 -ല്‍ ഇന്ത്യയിലെ ആദ്യ തുടര്‍ ടെലിവിഷന്‍ ആരോഗ്യ പരിപാടിയായ 'പള്‍സ്' തുടങ്ങിയ ഡോക്ടര്‍ എന്ന നിലയില്‍. അഞ്ഞൂറോളം എപ്പിസോഡുകളും രണ്ടായിരത്തിലധികം ഡോക്ടര്മാരെയും അവതരിപ്പിച്ച ആളെന്ന നിലയില്‍. ആരോഗ്യ മാസികകള്‍ എഡിറ്റ് ചെയ്യുകയും അവയില്‍ എഴുതുകയും ചെയ്ത, ചെയ്യുന്ന ഡോക്ടറെന്ന നിലയില്‍. വളരെക്കാലം ലോകാരോഗ്യസംഘടനയില്‍ വിവിധ രാജ്യങ്ങളില്‍ ജോലിചെയ്ത ആളെന്ന നിലയില്‍. വികസിതവും അവികസിതവുമായ ഒരുപാട് രാജ്യങ്ങളിലെ ആരോഗ്യകാര്യങ്ങളില്‍ ഇടപെടുന്ന ആളെന്ന നിലയില്‍. എല്ലാറ്റിലുമുപരിയായി, മെഡിക്കല്‍ സയന്‍സിനെ ജനനന്മയ്ക്കായി ഉപയോഗിക്കുന്നവര്‍ക്കൊപ്പം മാത്രം നിന്നിട്ടുള്ള ഒരു ഡോക്ടറെന്ന നിലയില്‍. വിശ്വസിക്കുക, ആ വീഡിയോ മണ്ടത്തരവും കാപട്യവുമാണ്.

ജീവിതത്തില്‍ ഞാന്‍ അപൂര്‍വമായേ ഛര്‍ദ്ദിച്ചിട്ടുള്ളൂ. പാവയ്ക്ക എനിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്. കയ്പ്പ് സഹിക്കാന്‍ എനിക്ക് നന്നായി കഴിയും എന്നതിന് തെളിവാണത്. വായ്ക്ക് രുചിയില്ലാത്ത, ഓര്‍ക്കാനമുള്ള, പനി സമയത്തുപോലും ഞാന്‍ പാവയ്ക്ക കഴിച്ചിട്ടുണ്ട്. ഛര്‍ദിച്ചിട്ടില്ല. കയ്പുള്ള മരുന്നുകളും കഴിച്ചിട്ടുണ്ട്, ഛര്‍ദ്ദിച്ചിട്ടില്ല.

ഇന്ന് ഞാന്‍ ഛര്‍ദ്ദിച്ചു. ന്യൂയോര്‍ക്ക് ഡോക്ടറുടെ വീഡിയോ കണ്ടിട്ട്. ഛര്‍ദ്ദിച്ച് അവശനായിപ്പോയി.
ഇന്ന് ഞാന്‍ ഛര്‍ദ്ദിച്ചു; ന്യൂയോര്‍ക്ക് ഡോക്ടറുടെ വീഡിയോ കണ്ടിട്ട് (Dr. S.S. ലാല്‍)
Join WhatsApp News
vayanakaaran 2018-10-02 09:20:10
തീണ്ടാരിയായിരിക്കുമ്പോൾ ശബരിമലയിൽ 
പോയാൽ ഗർഭാശയ രോഗങ്ങൾ ഉണ്ടാകുമെന്നു 
ഒരു ഡോക്ടർ തട്ടിവിട്ടാൽ പാവം സ്ത്രീകൾ 
വിശ്വസിക്കും. ബുദ്ധിമുട്ടി  പഠിച്ച്     മെ ഡിക്കൽ ഡിഗ്രി 
സമ്പാദിച്ച ആരെങ്കിലും ഇതേപ്പറ്റി വിവരിക്കയാണ് 
ചെയ്യേണ്ടത്. പാവം ഡോക്ടറോട് ക്ഷമിക്കുക. 

Kirukan Vinod 2018-10-02 09:24:07
Totally agree. Non sense in that video.
savarnnan 2018-10-02 10:06:02
സവർണ്ണരായ  ആരും തന്നെ സുപ്രീം കോടതി 
വിധിയോട് അനുകൂലിക്കുന്നില്ല. മാധ്യമങ്ങളി ൽ 
വരുന്ന വിവരങ്ങൾ അനുസരിച്ച് പറയുവാ. കാരണം 
അവർ സനാതന ധർമ്മം അനുസരിച്ച് 
ആചാരാനുഷ്ഠാനങ്ങൾ ആചരിച്ച് ജീവിക്കുന്നവരാണ് 
വാസ്തവത്തിൽ അവർണ്ണർക്ക് എല്ലാ സ്വാതന്ത്ര്യവും 
കൊടുത്തതാണ് ഈ കാണുന്ന പ്രശ്നങ്ങൾക്ക് 
ഉത്തരവാദിത്വം. ഒരു ഡോക്റ്ററുടെ വീഡിയോവിനെ 
വിമർശിക്കുന്നതും അവർ സവർണ്ണ ആയത്കൊണ്ടായിരിക്കാം.
ഞങ്ങളുടെ പൂണുലിനും പേരിന്റെ പുറകിലെ വാലിനും 
ദൈവീകത്വമുണ്ടെന്നു മറക്കരുത്. യുവതികളായ സവർണ്ണ സ്ത്രീകൾ 
ശബരിമല കയറില്ല.
അവര്‍ണന്‍ 2018-10-02 10:11:28
അവര്‍ണര്‍ക്ക് അരെങ്കിലും സ്വാതന്ത്ര്യം തരണോ? അതു ഞങ്ങളുടെ ജന്മാവകാശം. ആരാണു ഞങ്ങളെ അവര്‍ണര്‍ ആക്കിയത്? അതിനു നിങ്ങള്‍ക്ക് എന്ത് അവകാശം?
അവര്‍ണന്‍ 

CID Moosa 2018-10-02 11:06:25
ശബരിമല പ്രശ്നം ആളിക്കത്തുമ്പോൾ ഫ്രാങ്കോ അതിന്റെ ഇടയിലൂടെ രക്ഷപ്പെടാതെ നോക്കണം 
franco supporter 2018-10-02 11:15:58
Did Franco commit rape? No. If that is the truth, why put him on the words of a disgruntled middle aged woman?
I will not say he did not have any physical relation... But it was no rape. If it was no rape, he cannot be in jail.
The nuns are playing in the hands of anti-Chrisitians

George 2018-10-02 18:33:28
Dr. Nelson Joseph's post ;  സ്ത്രീകൾ എന്തുകൊണ്ട് ശബരിമലയിൽ പ്രവേശിക്കരുതെന്ന് ' ശാസ്ത്രീയമായി ' വിശദീകരിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ തന്നെ ഒരു ലേഡി ഡോക്ടറുടെ വീഡിയോ കണ്ടിരുന്നു. അവസാനം നോക്കുമ്പൊ രണ്ട് ലക്ഷത്തോളം പേർ ആ വീഡിയോ കണ്ടുകഴിഞ്ഞു.
ഇതൊക്കെ വളരെ ശാസ്ത്രീയമാണെന്ന് ആയമ്മ വീഡിയോയിൽ ആണയിട്ട് പറയുന്നുണ്ട്. തുറന്ന് പറയുന്നതിൽ വിരോധമൊന്നും തോന്നരുത്..It is just well prepared well presented plain bull s**t sprinkled with misleading words masquerading as scientific jargon...ഒറ്റവാക്കിൽ പറഞ്ഞാൽ തേങ്ങാക്കൊല...
ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടറെന്ന സ്റ്റാറ്റസ് ദുരുപയോഗം ചെയ്ത് സയൻസെന്ന പേരിൽ വാസ്തവവിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ട് മാത്രം ഇടപെടുകയാണ്.. ആയിരത്തമ്പത്തൊന്ന് സെക്കൻഡിലായി നൂറുകണക്കിനബദ്ധങ്ങൾ വാരിവിതറിയത് മുഴുവൻ ഖണ്ഡിക്കാൻ ഒരു ചെറുപുസ്തകം തന്നെ വേണ്ടിവരുമെന്നതിനാൽ അതിനു മുതിരുന്നില്ല. മെയിൻ അബദ്ധങ്ങൾ മാത്രമെടുത്ത് വിശദീകരിക്കാം..
5018പത്താം ക്ലാസ് വരെ മര്യാദയ്ക്ക് പഠിച്ച, അല്ലെങ്കിൽ പ്രമേഹബാധിതരെങ്കിലും സ്വന്തമായിട്ടുള്ളവർക്ക് മനസിലാകുന്ന ഒരു സംഗതിയിൽ നിന്നാകട്ടെ തുടക്കം..ഒന്നാം വർഷ മെഡീക്കൽ വിദ്യാർഥികൾക്ക് പോലും പറ്റാനിടയില്ലാത്ത ഒരു തെറ്റാണത്.

1.  41 ദിവസ വ്രതം ശാസ്ത്രീയമായി വിശദീകരിക്കാൻ അവർ പറയുന്ന വാദമിതാണ്. " ഒരു കമ്പ്ലീറ്റ് സെൽ സൈക്കിളിലൂടെ നമ്മുടെ ശരീരം പോകാൻ നമുക്ക് വേണ്ടത് 21 ദിവസമാണ്. അങ്ങനെ രണ്ട് 21 ചേർന്നാണ് ഈ 41 ...42 ദിവസമാണ് പക്ഷേ 41 ദിവസം " കണക്ക് പോലും ശരിയാകുന്നില്ല. പോട്ട്. കമ്പ്ലീറ്റ് സെൽ റീജനറേഷനിലൂടെ രണ്ട് വട്ടം പോയി വിശുദ്ധനാവുമെന്നാണല്ലോ പറഞ്ഞുവരുന്നത്. 

കഴിഞ്ഞ ഒന്നുരണ്ട് മാസങ്ങളിലെ ആവറേജ് ഷുഗർ നോക്കുന്ന ഒരു ടെസ്റ്റിനെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞ് കേട്ടവരാവും മിക്ക പ്രമേഹബാധിതരും.HbA1C എന്നാണ് ആ ടെസ്റ്റിൻ്റെ പേര്. ചുവന്ന രക്താണുക്കളുടെ ആവറേജ് ജീവിതകാലയളവ് 120 ദിവസത്തോളമാണ് എന്ന അറിവാണ് ഈ ടെസ്റ്റിൻ്റെ അടിസ്ഥാനങ്ങളിലൊന്ന്. 

ഒരു പേച്ചുക്ക് അഞ്ച് ലിറ്റർ രക്തം ശരീരത്തിലുണ്ടെന്ന് വച്ചോ. അതിൽ ഒരു മില്ലിയിൽ 45 ലക്ഷത്തിനു മേൽ കാണും ഈ ചുവന്ന രക്താണുക്കൾ. അതുപോലും ഒരുതവണ ജീവിതകാലയളവ് പൂർത്തിയാക്കണമങ്കിൽ ഇപ്പറയുന്ന 41 മൂന്ന് തവണ കറങ്ങണം.. അപ്പൊ അത് തീരുമാനമായി...

2. " പ്രസൂതിവായു "

എട്ട് മാസങ്ങൾക്ക് ശേഷം കുഞ്ഞിൻ്റെ തല താഴേക്ക് വരാനും ആർത്തവരക്തം താഴേക്ക് വരാനുമൊക്കെ കാരണമായി ഡോക്ടർ പറയുന്നത് ശരീരത്തിലെ ഒരു വായുവാണെന്നാണ്. പ്രസൂതിയെന്നാണ് പേര്.കുഞ്ഞിൻ്റെ തല താഴേക്ക് വരുന്നതെങ്ങിനെയാണെന്നും പ്രസവം നടക്കുന്നതെങ്ങിനെയാണെന്നുമൊക്കെ വളരെ വിശദമായി പഠിപ്പിക്കുന്നുണ്ട് നാലോ അഞ്ചോ സെമസ്റ്ററുകളിലായി. പഠിക്കാത്തതാണോ അതോ മറന്നതാണോ, ആർക്കറിയാം?

 ആർത്തവ രക്തമെന്നല്ല എന്ത് വസ്തുവും " താഴേക്ക് " വരാനുള്ള കാരണത്തെക്കുറിച്ച് സയൻസ് വളരെ മുൻപേ പറഞ്ഞിട്ടുണ്ട്...ഗൂഗിൾ സേർച്ച് ചെയ്താ ചെലപ്പൊ കിട്ടിയേക്കും...

അപ്പൊ അമ്പലത്തിലെ കാന്തിക മണ്ഡലവുമായിട്ട് സമ്പർക്കത്തിൽ വന്നാൽ ഈ പ്രത്യേക മാഗ്നറ്റിക് ഫീൽഡ് രക്തത്തെ മേലോട്ടുയർത്തുമെന്നും അത് അവിടെയും ഇവിടെയുമൊക്കെ പോയി പറ്റിപ്പിടിച്ച് എൻഡോമെട്രിയോസിസ് ഉണ്ടാക്കുമെന്നുമാണല്ലോ വാദം.

കുറച്ച് നാൾ മുൻപ് വന്ന ഒരു വാർത്ത ഓർമിക്കുന്നുണ്ടാവും. തോക്കുമായിട്ട് എം.ആർ.ഐ ചെയ്യാൻ കയറിയ മന്ത്രിയുടെ തോക്കിനെ മെഷീൻ വലിച്ചെടുത്തതും മന്ത്രി ഇറങ്ങി പേടിച്ചോടിയതും. അതായത് ശക്തിയേറിയ ഇലക്ട്രോമാഗ്നറ്റുകളാണ് എം.ആർ.ഐ മെഷീനിൽ ഉപയോഗിക്കുന്നത്. 

ഈ തിയറിയനുസരിച്ച് എം.ആർ.ഐ എടുത്താൽ ഒടനേ ഗർഭമലസലും ഇൻഫെർട്ടിലിറ്റിയും ഇനി ചുരുങ്ങിയപക്ഷം  അരക്കെട്ടിനടുത്തിരിക്കുന്ന ഗർഭപാത്രത്തെ കാന്തം വലിച്ച് നെഞ്ചാം കൂടിനടുത്തെങ്കിലും എത്തിക്കേണ്ടതാണ്. ഇതൊന്നും സംഭവിക്കുന്നില്ലെന്ന് നമുക്കറിയാം. അത്ര ശക്തിയേറിയ കാന്തികാകർഷണമുള്ള ക്ഷേത്രങ്ങളും ഇവിടെയാരും കണ്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നുമില്ല..

ഈ കാന്തികത വച്ച് തട്ടിപ്പ് നടത്തുന്ന ഒരു കൂട്ടരൂടെയുണ്ട്... അപൂർവലോഹം അരിമണിയാകർഷിക്കുന്നത് കാണിച്ച് കാശ് തട്ടുന്നവർ..

3. " ബേസിക് ലൈഫ് ഫോഴ്സും അഞ്ച് വായുക്കളും "

ബലേ ഭേഷ്....ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്നുള്ള വിശദീകരണം കണ്ട് വിജൃംഭിച്ചുപോയി.. അഞ്ച് വായുക്കളാണത്രേ. ഹൃദയത്തിൻ്റെ പ്രവർത്തനം വായുവാണെന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ അവരുടെ ജോലിസ്ഥലത്തേക്കൊരു മെയിലെങ്കിലും ഞാനയച്ചേനെ...

വിവിധ ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മോളിക്യുലാൽ ലെവലിൽ വരെ പഠിക്കുകയും അറിയുകയും കാൻസർ ചികിൽസിക്കാനും വിവിധ രോഗങ്ങളെ നിയന്ത്രണത്തിലാക്കാനുമൊക്കെ ശ്രമിക്കുകയും അതിനുള്ള നൊബേൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ദിവസത്തിലാണ് ഈ വായു ഇളകിയതെന്നോർക്കുമ്പൊ....ഹോ..

4. " എൻഡോമെട്രിയോസിസ് "

ക്വാണ്ടം തിയറി തുടങ്ങി അരച്ചുചേർത്ത് സ്ത്രീകളെ അമ്പലങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നവരുടെ പ്രധാന ആയുധമാണ് എൻഡോമെട്രിയോസിസ്. ലളിതമായിപ്പറഞ്ഞാൽ ഗർഭപാത്രത്തിനുള്ളിലെ പാളിയിലെ കോശങ്ങൾ അവിടെയല്ലാതെ മറ്റെവിടെയെങ്കിലും കാണുന്ന അവസ്ഥ.

എന്തുകൊണ്ടാണിങ്ങനെയെന്നതിന് അംഗീകരിക്കപ്പെട്ട തിയറികൾ വൈദ്യശാസ്ത്രത്തിനുണ്ട്. അതേതായാലും ഗ്രാവിറ്റിക്ക് തല തിരിയുന്നകൊണ്ടാണെന്നല്ല.. ഒരെണ്ണം പറയുന്നത് ഗർഭപാത്രത്തിനു പുറത്ത് മൾട്ടി പൊട്ടൻ്റ് (മറ്റ് കോശങ്ങളായി മാറാൻ കഴിയുന്ന കോശങ്ങൾ) കോശങ്ങളുണ്ടെന്നും അവ എൻഡോമെട്രിയമാവുന്നുവെന്നാണ്. രണ്ടാമത്തേത് ഇതിനു ജനിതക കാരണങ്ങളാവാം കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന തിയറി.

ഇതൊക്കെപ്പറഞ്ഞുകഴിഞ്ഞ് അവസാനമൊരു കസർത്തുണ്ട്...ദേവിയെ വച്ച്....അതായത് നിങ്ങൾക്ക് മനശുദ്ധിയുണ്ടെങ്കിൽ പൊയ്ക്കോളൂ , രോഗം വരുന്നത് നിങ്ങൾക്കാവില്ലേ എന്ന്. അതെന്താ തോന്ന്യവാസം നടക്കുന്ന ആണുങ്ങൾക്കൊന്നും ഒന്നും വരില്ലേ?

അമ്പലത്തിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്തോളൂ. ഒരു കുഴപ്പവുമില്ല. പക്ഷേ നിങ്ങൾ ചെയ്ത തെറ്റുകൾ പലതാണ്. 

ഒന്ന് 25 വർഷം പ്രാക്റ്റീസ് ചെയ്ത ഡോക്ടറാണെന്ന് പറയുക വഴി ആ വിശ്വാസ്യതയെ നിങ്ങൾ ദുരുപയോഗിച്ചു. രണ്ട്, സ്വന്തം മനസാക്ഷിയെയും പഠിച്ച വിഷയങ്ങളെയും തള്ളിപ്പറഞ്ഞു. മൂന്ന്, നിങ്ങൾ പഠിച്ചത് മറച്ചുവച്ച് യാതൊരു തെളിവുകളുമില്ലാത്ത അബദ്ധങ്ങൾ സത്യങ്ങളെന്ന പേരിൽ പ്രചരിപ്പിച്ചു..

ഇതൊക്കെ സയൻ്റിഫിക്കാണെന്ന് വീഡിയോയിൽത്തന്നെ പറഞ്ഞല്ലോ...

സയൻ്റിഫിക് ആയ വിവരങ്ങൾ ആദ്യമായി പങ്കുവയ്ക്കപ്പെടുന്നത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ജേർണലുകളിലൂടെയാണെന്ന് ഡോക്ടർക്കറിവുണ്ടാവും (ആവോ....ആർക്കറിയാം)... എടുത്ത ഹിപ്പോക്രാറ്റിക് ഓത്തിനോട് അല്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ആ പതിനേഴ് മിനിറ്റിനുള്ള ശാസ്ത്രീയ തെളിവുകൾ കൊണ്ടുവരൂ

വെല്ലുവിളിതന്നെയാണ്...

Dr. Nelson Joseph 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക