Image

ഏഴു രോഹിംഗ്യകളെ നാടുകടത്തുന്നത്‌ തടയാനാകില്ലെന്ന്‌ സുപ്രീം കോടതി

Published on 04 October, 2018
  ഏഴു രോഹിംഗ്യകളെ നാടുകടത്തുന്നത്‌ തടയാനാകില്ലെന്ന്‌ സുപ്രീം കോടതി
ന്യൂദല്‍ഹി: ആസാമിലെ തടവുകേന്ദ്രത്തില്‍ കഴിയുന്ന ഏഴ്‌ രോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാരിന്‌ മുന്നോട്ട്‌ പോകാമെന്ന്‌ സുപ്രീം കോടതി. ഇവരെ നാടുകടത്തുന്നതിന്‌ എതിരെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷന്‍ നല്‍കിയ ഹര്‍ജി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അധ്യക്ഷനായ ബഞ്ച്‌ തള്ളി.

` കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ല.' റോഹിംഗ്യകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന കേന്ദ്രനിലപാട്‌ അംഗീകരിച്ചുകൊണ്ട്‌ കോടതി പറഞ്ഞു.

2012ല്‍ രാജ്യത്ത്‌ നിയമ വിരുദ്ധമായി കടന്നവരാണ്‌ എഴുപേരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്‌. നിയവിരുദ്ധമായി ഇന്ത്യയില്‍ കുടിയേറിയവരാണ്‌ ഇവരെന്നും മ്യാന്‍മര്‍ തന്നെ ഇവര്‍ മ്യാന്‍മര്‍ പൗരന്മാര്‍ ആണെന്ന്‌ സമ്മതിച്ചിട്ടുണ്ടെന്നതും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.



മധ്യ റാഖിനിയിലെ ക്യൗക്‌ ഡോ ടൗണില്‍ ഷിപ്പില്‍ നിന്നുള്ളവരാണ്‌ ഏഴുപേരും. രാജ്യത്ത്‌ നിയമവിരുദ്ധമായി കുടിയേറിയെന്നാരോപിച്ച്‌ 2012 മുതല്‍ ഇവരെ തടവിലിട്ടിരുന്നു. നാടുകടത്താന്‍ വേണ്ടി കഴിഞ്ഞദിവസം ഇവരെ അതിര്‍ത്തിയിലേക്ക്‌ കൊണ്ടുപോയിരുന്നു.

കേന്ദ്രനിലപാടിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്തുവന്നിരുന്നു. മ്യാന്‍മറില്‍ സുരക്ഷ ഭീഷണി ഉള്ളതിനാല്‍ രോഹിംഗ്യകളെ തിരിച്ചയക്കരുതെന്നു ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

രോഹിന്‍ഗ്യകളുടെ ജീവിക്കാന്‍ ഉള്ള അവകാശം സംരക്ഷിക്കാന്‍ ഉള്ള ഉത്തരവാദിത്തം സുപ്രീം കോടതി തിരിച്ചറിയണമെന്നാണ്‌ പ്രശാന്ത്‌ ഭൂഷന്‍ കോടതിയില്‍ വാദിച്ചത്‌. ജീവിക്കാനുളള അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അറിയാമെന്നും അത്‌ ആരും ഓര്‍മ്മിപ്പിക്കേണ്ടതില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ മറുപടി നല്‍കി.
40,000 റോഹിംഗ്യകളാണ്‌ ഇന്ത്യയില്‍ കഴിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക