Image

ശബരിമല; സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ ജന്മഭൂമിയില്‍ ലേഖനം

Published on 04 October, 2018
ശബരിമല;  സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ ജന്മഭൂമിയില്‍ ലേഖനം


കോഴിക്കോട്‌: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനമനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്‌ജയന്റെ `ശബരിമല; അനാവശ്യവിവാദങ്ങള്‍ക്ക്‌ പ്രസക്തിയില്ല' എന്ന ലേഖനമാണ്‌ ജന്മഭൂമി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

നേരത്തെ സുപ്രീംകോടതി വിധിയ്‌ക്കെതിരെ സമരം ചെയ്യുമെന്നും സന്നിധാനത്ത്‌ വനിതാ പൊലീസിനെ നിയോഗിച്ചാല്‍ തടയുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ശബരിമല വിധിയുമായി ബന്ധപ്പെട്ട്‌ സമരം ചെയ്യുന്നവരെ പിന്തുണയ്‌ക്കുമെന്നാണ്‌ ബി.ജെ.പിയുടെ നിലപാട്‌.

എന്നാല്‍ ഇതിന്‌ വിരുദ്ധമായാണ്‌ ശബരിമല വിധിയെ വിലയിരുത്തിക്കൊണ്ടും പ്രത്യേകപ്രായക്കാര്‍ക്ക്‌ ശബരിമലയില്‍ പ്രവേശനം നിഷേധിച്ചത്‌ നൂറ്റാണ്ടുകളായുള്ള ആചാരമല്ല എന്നും വിശദീകരിക്കുന്ന സഞ്‌ജയന്റെ ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

`ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുംപെട്ട സ്‌ത്രീകള്‍ക്ക്‌ ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട്‌ സെപ്‌തംബര്‍ 28ന്‌ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്‌ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.'

സുപ്രീംകോടതി ഉത്തരവ്‌ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്‌ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല സ്‌ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത്‌ ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്‌തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്‌. അത്‌ ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്‌.- ലേഖനത്തില്‍ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക