Image

എല്ലാ വിധികളും നടപ്പിലാക്കാന്‍ പോയാല്‍ (ബാലഗോപാല്‍ ബി. നായര്‍)

ബാലഗോപാല്‍ ബി. നായര്‍ Published on 04 October, 2018
എല്ലാ വിധികളും നടപ്പിലാക്കാന്‍ പോയാല്‍ (ബാലഗോപാല്‍ ബി. നായര്‍)
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് അല്ല എന്റെ വിയോജിപ്പ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയോട് ആണ്. ഇത് രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടോ എന്ന് ചോദിക്കുന്നവര്‍ ഉണ്ടാകും. ഉണ്ട് എന്ന് തന്നെ ആണ് എന്റെ വ്യക്തിപരം ആയ അഭിപ്രായം.

എല്ലാ കോടതി വിധികളും സ്വാഗതം ചെയ്യപ്പെടേണ്ടത് ആണോ ? അല്ല എന്ന് ഉത്തരം. മതം, വിശ്വാസം ആചാരം എന്നിവയും ആയി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അവസാന രണ്ട് ദിവസം പുറപ്പടിവിച്ച രണ്ട് വിധികള്‍ പരിശോധിക്കാം. 1. അയോധ്യ കേസ്. 2. ശബരിമല കേസ് 

1. അയോധ്യ കേസ് 

ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന് 1994 ല്‍ ഇസ്മായീല്‍ ഫാറൂഖികേസില്‍ അഞ്ച് അംഗ ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച ഉത്തരവ് ഉയര്‍ന്ന ബെഞ്ച് പുനഃ പരിശോധിക്കേണ്ടത് ഇല്ല എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിരമിക്കുന്നതിന് തൊട്ട് മുമ്പത്തെ ആഴ്ച പ്രസ്താവിച്ചിരുന്നു. മൂന്ന് അംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, ജസ്റ്റിസ് അശോക് ഭൂഷണും ഈ നിലപാട് സ്വീകരിച്ചപ്പോള്‍ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ ഈ വിധിയോട് വിയോജിപ്പ് രേഖപെടുത്തി.

ഈ കേസിനെ കുറിച്ച് വിശദീകരിച്ച് കൊണ്ട് ഞാന്‍ എന്റെ നിലപാട് പറയാം. 1994 ല്‍ അയോധ്യ ആക്ട് സംബന്ധിച്ച കേസ് പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ ആയിരുന്ന ചീഫ് ജസ്റ്റിസ്  എം എന്‍ വെങ്കിട്ടചെല്ലയ്യ, ജെ എസ് വര്‍മ്മ, ജി എന്‍ റേ എന്നിവര്‍ ആണ്  ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന് വിധിയില്‍ എഴുതി വച്ചത്. ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ ആയിരുന്ന  ജസ്റ്റിസ്  എ എം അഹമ്മദിയും ജസ്റ്റിസ് എസ് പി ബറൂച്ചയും ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. 

1994 ല്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും, 2018 ല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിലെ രണ്ട് അംഗങ്ങളും  ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന നിലപാട് ആണ് ശരി എന്ന അഭിപ്രായം എനിക്ക് ഇല്ല. കോടതി ഇങ്ങനെ വിധിച്ചല്ലോ, അത് കൊണ്ട് അതിനെ വേദവാക്യം ആയി കരുതി രാജ്യത്ത് പള്ളികള്‍ ഒന്നും ഇനി ആവശ്യം ഇല്ലല്ലോ എന്ന് ഏതെങ്കിലും ഭരണാധികാരി പറഞ്ഞാല്‍ അതിനോട് ഒരു തരിമ്പും യോജിക്കാന്‍ സാധിക്കില്ല. 

2. ശബരിമല കേസിലെ വിധി 

ഒരു മതത്തിലും ലിംഗ വിവേചനം ഉണ്ടാകരുത് എന്നാണ് എന്റെ നിലപാട്. ഹിന്ദു മതത്തില്‍ അത് ഒട്ടും ഉണ്ടാകാന്‍ പാടില്ല. പക്ഷേ ഓരോ മതത്തിനും അതിന്റെതായ ആചാരങ്ങള്‍ ഉണ്ട്, വിശ്വാസം ഉണ്ട്. ആചാരങ്ങളും വിശ്വാസങ്ങളും കാലത്തിന് അനുസരിച്ച് മാറണം. പക്ഷേ അത് മതത്തിന് ഉള്ളില്‍ നിന്നാകണം ഉണ്ടാകേണ്ടത്. മറ്റ് ആരും അടിച്ച് ഏല്‍പ്പിക്കുന്നത് ആകരുത്.

ശബരിമല ഒരു പൊതു ആരാധനാലയം ആണ്. നിയമസഭ പാസ്സാക്കിയ 1965 ലെ  കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായം ഉള്ള സ്ത്രീകളെ വിലക്കിയിരുന്നത്. ആര്‍ ശങ്കര്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഈ നിയമം കേരള നിയമസഭ പാസാക്കുന്നത്. 

ശങ്കറിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്നത് ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടും, സി അച്യുതമേനോനും ആയിരുന്നു. കെ കരുണാകരകന്‍, പി കെ വാസുദേവന്‍ നായര്‍, സി എച്ച് മുഹമ്മദ് കോയ, ഇ കെ നായനാര്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവരുടെ ഒക്കെ മന്ത്രിസഭകള്‍ കേരളത്തില്‍ പിന്നീട് ഉണ്ടായി. നല്ല ഭൂരിപക്ഷത്തില്‍ ആണ് ഈ സര്‍ക്കാരുകളില്‍ പലരും അധികാരത്തില്‍ ഇരുന്നത്. എന്നിട്ടും 1965 ലെ നിയമത്തില്‍ ലിംഗ വിവേചനത്തിന് കാരണം ആകുന്ന  3 ബി വകുപ്പ് ഭേദഗതി ചെയ്യാന്‍ ഈ സര്‍ക്കാരുകള്‍ ഒന്നും മുന്നോട്ട് വരാത്തത് എന്തേ ? 

ഇവിടെ ആണ് എന്റെ വിഷയം. കേരളത്തിലെ ജനങ്ങള്‍ തെരെഞ്ഞെടുത്ത 140 അംഗങ്ങള്‍ ആണ് നിയമസഭയില്‍ ഉള്ളത്. നിയമത്തില്‍ ലിംഗ വിവേചനം ഉണ്ടായിരുന്നു എങ്കില്‍ ആദ്യ ഇടപെടല്‍ ഉണ്ടാകേണ്ടിയിരുന്നത്  നിയമസഭയില്‍ നിന്നായിരുന്നു. ഭൂരിപക്ഷ ജനവികാരം അവിടെ പ്രതിഫലിക്കും ആയിരുന്നു.  

സുപ്രീം കോടതിയിലെ അഞ്ച് ന്യായാധിപന്‍മാര്‍ തങ്ങളുടെ വിശ്വാസം ജനങ്ങളെ അടിച്ച് ഏല്‍പ്പിക്കുന്നത് ജനാധിപത്യത്തിന് ഗുണം ചെയ്യില്ല. പ്രത്യേകിച്ച് മതം, വിശ്വാസം, ആചാരം തുടങ്ങിയ വിഷയങ്ങളില്‍. വൈവിധ്യത ആണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി. ഇന്ത്യയിലെ മതങ്ങള്‍ക്കും ആ വൈവിധ്യത ഉണ്ട്. ആ വൈവിധ്യതകളലില്‍ പലതും കോടതികള്‍ നടത്തുന്ന ഭരണഘടനപരം ആയ പരിശോധനകളില്‍ വിജയിക്കാന്‍ സാധ്യത ഇല്ല. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ സമൂഹത്തില്‍ ആണ് കൂടുതല്‍ ചര്‍ച്ച നടക്കേണ്ടത്. 

ബ്രിട്ടണില്‍ ബിഷപ്പ് ആയി വനിതയെ നിയമിച്ചിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്. ഇന്ത്യയിലും അങ്ങനെ വനിതകളെ നിയമിക്കണം എന്നാണ് എന്റെ വ്യക്തിപരം ആയ നിലപാട്. എന്നാല്‍ അത് ഏതെങ്കിലും കോടതിയിലെ രണ്ട് അംഗ ബെഞ്ചോ, അഞ്ച് അംഗ ബെഞ്ചോ പുറപ്പടിവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആകാന്‍  പാടില്ല. െ്രെകസ്തവ വിശ്വാസികളില്‍ നിന്നും, െ്രെകസ്തവ പുരോഹിതന്മാരില്‍ നിന്നും ഒക്കെ ആണ് ആ നിര്‍ദേശം ഉണ്ടാകേണ്ടത്. ആ സഭാ വിശ്വാസികള്‍ക്ക് ഇടയില്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനനത്തില്‍ ആകണം ആ നിയമം ഉണ്ടാകേണ്ടത്. ഒരു ആരാധന മൂര്‍ത്തിയുടെ സ്വഭാവം കോടതി നിര്‍വചിചിക്കുന്നത് ഇന്ത്യ പോലെ ഒരു രാജ്യത്തിന് ഒട്ടും ഭൂഷണം അല്ല. 

ശബരിമലയില്‍ ഈ മണ്ഡല മകര വിളക്ക് സീസണ്‍ മുതല്‍ സ്ത്രീ പ്രവേശനം ഉണ്ടാകും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. അതിന് സര്‍ക്കാരിന് ഏത് തരത്തില്‍ ഉള്ള അധികാരവും വിനിയോഗിക്കാം. എന്നാല്‍ കോടതികള്‍ പുറപ്പടിവിക്കുന്ന ഇത്തരത്തില്‍ ഉള്ള എല്ലാ വിധികളും നടപ്പിലാക്കാന്‍ പോയാല്‍ അത് മതേതര ഇന്ത്യക്ക് കനത്ത വെല്ലു വിളി ആകും. എന്റെ എതിര്‍പ്പ് അതിനോട് ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക