Image

ജഡ്ജ് ബ്രെറ്റ് കാവനാ: അഞ്ചു സെനറ്റ് വോട്ടുകള്‍ നിര്‍ണായകം (ഏബ്രഹാം തോമസ്)

Published on 04 October, 2018
ജഡ്ജ് ബ്രെറ്റ് കാവനാ: അഞ്ചു സെനറ്റ് വോട്ടുകള്‍ നിര്‍ണായകം (ഏബ്രഹാം തോമസ്)
ജഡ്ജ് ബ്രെറ്റ് കാവനായെ സുപ്രീം കോടതി ജസ്റ്റിസായി സ്ഥിരപ്പെടുത്തുവാനുള്ള സെനറ്റിലെ വോട്ടിങ് ആസന്നമായിരിക്കുകയാണ്. കാനായ്‌ക്കെതിരെ മൂന്നു സ്ത്രീകള്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളെക്കു റിച്ചുള്ള എഫ്ബിഐ അന്വേഷണം അന്തിമഘട്ടത്തിലാണ്.

സെനറ്റില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ അഞ്ചു സെനറ്റര്‍മാരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കും. മൂന്നു പേര്‍ - മെയിനില്‍ നിന്നുള്ള സൂസന്‍ കൊളിന്‍സ്, അലാസ്‌കയില്‍ നിന്നുള്ള ലിസ മര്‍ക്കോവിസ്‌കി, അരിസോണയില്‍ നിന്നുള്ള ജെഫ് ഫ്‌ലേക്ക് റിപ്പബ്ലിക്കനുകളാണ്. ശേഷിച്ച രണ്ടു പേര്‍ - ഹൈഡി ഹെയ്റ്റ് കാമ്പ് (നോര്‍ത്ത് ഡക്കോട്ട), ജോ മന്‍ചിന്‍ (വെസ്റ്റ് വെര്‍ജിനിയ) ഡെമോക്രാറ്റുകളാണ്. റിപ്പബ്ലിക്കനുകള്‍ മൂന്നു പേരും ഇത്തവണ ജനവിധി തേടുന്നില്ല. കൊളിന്‍സിനും മര്‍ക്കോവ്‌സ്‌കിക്കും ഇനി രണ്ടു വര്‍ഷം കൂടിയുണ്ട് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാന്‍. ഫ്‌ലേക്ക് റിട്ടയര്‍ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡെമോക്രാറ്റുകളായ ഹെയ്റ്റ് കാമ്പും മന്‍ചിനും റിപ്പബ്ലിക്കന്‍ മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളില്‍ കടുത്ത മത്സരം നേരിടുകയാണ്.

മര്‍കോവിസ്‌കി കൊളിന്‍സിനെ പോലെ മിതവാദിയ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ആയാണ് അറിയപ്പെടുന്നത്. പാര്‍ട്ടി ലൈനില്‍ നിന്നു വ്യതിചലിച്ച് ഗര്‍ഭഛിദ്രാവകാശത്തെ പിന്തുണച്ചു. മര്‍കോവിസ്‌കിയും കൊളിന്‍സും എതിര്‍ത്ത് വോട്ടു ചെയ്താണ് അഫോഡബിള്‍ കെയര്‍ ആക്ട് റദ്ദ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തിയത്. എന്നാല്‍ കാവനാ പ്രശ്‌നത്തില്‍ മര്‍കോവിസ്‌കി സ്വന്തം അഭിപ്രായം പറഞ്ഞു: ജഡ് കാവനാ യോഗ്യനാണോ അല്ലയോ എന്നതല്ല വിഷയം. ജീവിതത്തില്‍ ഒരവസരത്തില്‍ ഇരയാകേണ്ടി വന്ന സ്ത്രീ പറയുന്നത് വിശ്വസിക്കണോ എന്നതാണു പ്രശ്‌നം.

അലാസ്‌കയിലെ ആദിമ നിവാസികള്‍(അമേരിക്കന്‍ ഇന്ത്യക്കാര്‍) ഒരു നല്ല ശതമാനം വോട്ടര്‍മാരാണ്. ഇവര്‍ക്ക് കാവനായോട് എതിര്‍പ്പുണ്ട്. ഇവരെ പിണക്കി കാവനായെ സ്ഥിരപ്പെടുത്തുവാന്‍ മര്‍കോവിസ്‌കി വോട്ട് ചെയ്യുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഗര്‍ഭചിദ്ര അവകാശങ്ങളെ കൊളിന്‍സും പിന്തുണയ്ക്കുന്നു. കാവനാ റോ വേഴ്‌സസ് വെയ്ഡ് വിധിയെ കാവനാ അനുകൂലിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. കാവനായുടെ 2003 ലെ ഒരു ഇമെയില്‍ ഉപയോഗിച്ച് അദ്ദേഹം വിധിക്കെതിരാണെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നതിനോട് കൊളിന്‍സ് യോജിക്കുന്നില്ല. സുപ്രീം കോടതി സ്വന്തം വിധി തിരുത്തി എഴുതാന്‍ കഴിയും എന്നാണ് 2003 ല്‍ കാവനാ എഴുതിയത്.

ഏറ്റവും കൂടുതല്‍ പ്രതിഷേധക്കാരെ കാവനാ പ്രശ്‌നത്തില്‍ നേരിടേണ്ടി വന്ന സെനറ്റര്‍മാരില്‍ ഒരാളാണ് കൊളിന്‍സ്. ഇവര്‍ കാവനായ്ക്ക് അനുകൂലമായി വോട്ടു ചെയ്താല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ (202 ല്‍) ഇവര്‍ക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ സഹായിക്കുവാന്‍ എതിരാളികള്‍ ഇതിനകം 1.75 മില്യന്‍ ഡോളര്‍ സമാഹരിച്ചു കഴിഞ്ഞു.

സെനറ്റര്‍ ജെഫ് ഫ്‌ലേക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥിരം വിമര്‍ശകനാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വോട്ടിന് മേല്‍ സമ്മര്‍ദ്ദം ഒന്നും തന്നെയില്ല. കാവനാ ലൈംഗിക അതിക്രമം നടത്തിയെന്നോ സെനറ്റ് ജൂഡീഷ്യറി കമ്മിക്കുറ്റു മുമ്പാകെ കളവ് പറഞ്ഞുവെന്നോ എഫ്ബിഐ കണ്ടെത്തിയില്ലെങ്കില്‍ താന്‍ സ്ഥിരപ്പെടുത്തിലിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് ഫ്‌ലേക്കിന്റെ നിലപാട്. എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ ജഡ്ജിന്റെ സ്ഥിരപ്പെടുത്തലിനുവേണ്ടി വോട്ട് ചെയ്യുമെന്ന് വ്യക്തി. ഫ്‌ലേക്കിന്റെ ഈ സ്ഥിരതയില്ലാത്ത നിലപാടാണ് വോട്ട് നിര്‍ണായകമാക്കുന്നത്.

റെഡ് സംസ്ഥാനങ്ങളില്‍ നവംബര്‍ ആറിന് വീണ്ടും ജനവിധി തേടുന്ന മന്‍ചിനും ഹെയ്റ്റ് കാമ്പിനും തങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പാത അന്ധമായി പിന്തുടരുന്നവരല്ല എന്ന് തെളിയിക്കേണ്ടതുണ്ട്. വോട്ടര്‍മാരെ ഏത് സ്ഥാനാര്‍ത്ഥിക്കാണ് ഭയമില്ലാത്തത് ? 2017 ല്‍ ജഡ്ജ് നീല്‍ ഗോര്‍സചിനെ സ്ഥിരപ്പെടുത്താന്‍ മന്‍ചിന്‍ വോട്ട് ചെയ്തിരുന്നു. മറ്റൊരു ട്രംപ് നോമിനിയെ അനുകൂലിക്കുന്നത് മന്‍ചിന് രാഷ്ട്രീയമായി ഗുണം ചെയ്യും.

എന്നാല്‍ മന്‍ചിന്റെ യഥാര്‍ത്ഥ പ്രശ്‌നം അഫോഡബിള്‍ കെയര്‍ ആക്ടിന്റെ റദ്ദാക്കലിനെതിരെ എപ്പോഴും വോട്ടു ചെയ്തിരുന്ന താന്‍ എങ്ങനെ കാവനായെ പിന്തുണയക്കും എന്നതാണ്. എങ്കിലും എഫ്ബിഐ അന്വേഷണ ഫലത്തിന് അനുസരിച്ചായിരിക്കും തന്റെ വോട്ട് എന്ന് ഒരു ചാനലിനോട് മന്‍ചിന്‍ തുറന്നു പറഞ്ഞു.

ഹെയ്റ്റ് കാമ്പ് മറ്റൊരു ശക്തനായ റിപ്പബ്ലിക് നേതാവിനെ തിരഞ്ഞെടുപ്പില്‍ നേരിടുന്നു. കെവിന്‍ ക്രേമര്‍ പ്രസിഡന്റിന്റെ ഒരു വിശ്വസ്തനായി അറിയപ്പെടുന്നു. 2016 ല്‍ ട്രംപ് 36 പോയിന്റുകള്‍ക്ക് വിജയിച്ച സംസ്ഥാനമാണ് നോര്‍ത്ത് ഡക്കോട്ട.

മൂന്ന് സ്ത്രീകള്‍ കാവനായ്‌ക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ട് വരുന്നതിന് മുന്‍പ് കാവനായ്‌ക്കെതിരെ മോശമായി ഒന്നും പറയുവാനില്ലെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഒരു നിലവാരമുള്ള യാഥാസ്ഥിതികനായ, അസാധാരണ യോഗ്യതയുള്ള ജഡ്ജായാണ് കാവനായെ ഇവര്‍ വിശേഷിപ്പിച്ചത്. ഗോര്‍സചിനെ സ്ഥിരപ്പെടുത്താന്‍ അനുകൂലിച്ച ഇവര്‍ കാവനായെയും അനുകൂലിക്കും എന്നാണ് കരുതിയിരുന്നത്.

എന്നാല്‍ അടുത്തയിടെ നടത്തിയ ചില അഭിപ്രായങ്ങള്‍ അവര്‍ നിലപാട് മാറ്റിയേക്കും എന്നു സൂചന നല്‍കുന്നു. കാവനായ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ തന്നെ വിഷമാവസ്ഥയില്‍ ആക്കിയിരിക്കുകയാണ് എന്ന് അവര്‍ ഈയിടെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക