Image

ദുരന്തങ്ങളും ഐക്യരാഷ്ട്രസഭയും (മുരളി തുമ്മാരുകുടി)

Published on 04 October, 2018
ദുരന്തങ്ങളും ഐക്യരാഷ്ട്രസഭയും (മുരളി തുമ്മാരുകുടി)
കേരളത്തില്‍ വന്‍ പ്രളയമുണ്ടായ ദിവസങ്ങളില്‍ അനവധി പേര്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റു ചിലര്‍ 'കേരളം പോലൊരു സ്ഥലത്ത് ഐക്യരാഷ്ട്രഭയ്ക്ക് ഒന്നും ചെയ്യാനില്ല, എന്നും പറഞ്ഞിരുന്നു. ഏതൊരു ദുരന്തത്തിന്റെയും ആദ്യദിനങ്ങള്‍ ലോകത്തെവിടെയും രാഷ്ട്രീയവല്‍കൃതം ആയതിനാല്‍ ആ വിഷയത്തില്‍ അപ്പോള്‍ ഞാന്‍ അഭിപ്രായം പറഞ്ഞില്ല. മലയാളികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായതുകൊണ്ട് ഇനി അതേപ്പറ്റി പറയാം.

1. ഐക്യരാഷ്ട്രസഭ എന്നാല്‍ ഒരു സ്ഥാപനമല്ല. സാധാരണയായി ജനങ്ങള്‍ കാണുന്ന ന്യൂയോര്‍ക്കിലെ ജനറല്‍ അസ്സംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലും അടങ്ങിയ, നിങ്ങള്‍ കേട്ടിട്ടുപോലുമില്ലാത്ത United Nations Research Institute for Social Development (UNRISD) വരെ ഉള്‍പ്പെട്ട അന്‍പതോളം വ്യത്യസ്ത സ്ഥാപനങ്ങളെല്ലാം U N എന്ന പേരിലാണ് അറിയപ്പെടുന്നത്.

2. 193 അംഗരാജ്യങ്ങളാണ് ഇപ്പോള്‍ ഐക്യരാഷ്ട്രസഭയ്ക്ക് ഉള്ളത്. ലോകത്തെ മൊത്തം രാജ്യങ്ങളുടെ എണ്ണം അതിലും കൂടുതലാണ്. അവിടെ എവിടെയെങ്കിലും ദുരന്തമുണ്ടായാല്‍ അതിലിടപെടാന്‍ ഐക്യരാഷ്ട്രസഭ സന്നദ്ധമാണ്.

3. ലോകത്തെവിടെയും ഒരു ദുരന്തം ഉണ്ടായാല്‍ വേഗത്തില്‍ ഇടപെടാനുള്ള ഐക്യരാഷ്ട്രസഭയുടെ സംവിധാനത്തെ U N Disaster Assessment and Cordination team (UNDAC) എന്നാണ് വിളിയ്ക്കുന്നത്. ജനീവയാണ് ഈ സംവിധാനത്തിന്റെ ആസ്ഥാനം. U N ന്റെ Office for the Coordination of Humanitarian Affairs (OCHA) ആണ് ഈ സംഘത്തിന്റെ സെക്രട്ടറിയേറ്റ് സംവിധാനം നോക്കിനടത്തുന്നത്.

4. ദുരന്തം, ലോകത്ത് എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നതിനാലും, അത് ഓയില്‍ സ്പില്‍, ഉരുള്‍പൊട്ടല്‍, ഫാക്ടറി അപകടം, സുനാമി തുടങ്ങി എന്തുമാകാം എന്നതിനാലും ഏതാനും ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സംഘമല്ല അത്. യുദ്ധോപകരണങ്ങള്‍ തൊട്ട് മീഡിയ വരെയുള്ള വിഷയങ്ങളില്‍ അറിവുള്ള അന്താരാഷ്ട്ര വിദഗ്ദ്ധരുടെ ഒരു കൂട്ടായ്മയാണ്. ഇതില്‍ അംഗങ്ങളായവരെല്ലാം U N ഉദ്യോഗസ്ഥരല്ല. അതേസമയം ദുരന്തസമയത്ത് ഉപകാരപ്പെടുന്ന ഏതെങ്കിലും കഴിവുകള്‍ ഉള്ളവരും, മറ്റേതെങ്കിലും സ്ഥാപനത്തില്‍ സ്ഥിരം ജോലിയുള്ളവരും, ദുരന്തസമയത്ത് ഐക്യരാഷ്ട്രസഭയുടെ സേവനത്തിന് സമയം വിട്ടുകൊടുക്കാമെന്ന് അവരുടെ തൊഴില്‍ദാതാക്കള്‍ ഉറപ്പു കൊടുത്തിട്ടുള്ളവരുമായ ആളുകളെയാണ് ഐക്യരാഷ്ട്രസഭ സംഘത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാഴ്ച നീണ്ട പരിശീലനം നല്‍കും, ഇടയ്ക്കിടയ്ക്ക് റിഫ്രഷന്‍ കോഴ്സുകളും. ഞാന്‍ ഈ സംഘത്തില്‍ അംഗമാണ്.

5. ലോകത്തെവിടെ ദുരന്തമുണ്ടായാലും ജനീവയിലെ ആസ്ഥാനത്ത് ആ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. ദുരന്തശേഷം ദുരന്തബാധിത പ്രദേശത്തെ കേന്ദ്രസര്‍ക്കാരിനോ, ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന U N സംവിധാനത്തിനോ UNDAC സംവിധാനത്തിന്റെ സഹായം ആവശ്യപ്പെടാം.

6. ദുരന്തമുഖത്ത് നിന്നും ആവശ്യപ്പെട്ടാല്‍ ആറു മണിക്കൂറിനകം ഉടന്‍ അങ്ങോട്ട് തിരിയ്ക്കാന്‍ ഒരു സംഘത്തെ - ദുരന്തത്തിന്റെ രീതി, രാജ്യം, ഭാഷ എന്നിവയനുസരിച്ച് സംഘടിപ്പിക്കും. ഇവരെ ആ രാജ്യത്ത് എത്തിയ്ക്കാന്‍ സ്വിസ്സ് ഗവണ്മെന്റിന്റെ ഒരു വിമാനം ലഭ്യമാണ്.

7. ദുരന്തബാധിത രാജ്യത്തെത്തുന്ന സംഘം ആ രാജ്യത്തെ സര്‍ക്കാര്‍ സംവിധാനവുമായിട്ടും UN സംവിധാനവുമായിട്ടും ബന്ധപ്പെടും. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുകയാണ് ആദ്യപടി. ദുരന്തമുണ്ടായ രാജ്യത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ ഏകോപിപ്പിക്കുകയാണ് അടുത്ത ജോലി.

8. U N നല്‍കിയ പ്രത്യേക പരിശീലനം ഉപയോഗിച്ച് ആദ്യത്തെ നാല്പത്തിയെട്ട് മണിക്കൂറില്‍ തന്നെ ദുരന്തത്തിന്റെ ആഘാതം എത്രയെന്ന് അന്താരാഷ്ട്രസമൂഹത്തെ അറിയിക്കുന്ന ഒരു Strategic Response Plan തയ്യാറാക്കും. ദുരന്തം നടന്ന രാജ്യത്തിന് ആവശ്യമായ അത്യാവശ്യ സഹായങ്ങള്‍ എത്രയെന്ന് ലോകത്തെ അറിയിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

9. ഐക്യരാഷ്ട്രസഭ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങള്‍ അതിവേഗത്തില്‍ രക്ഷാ പ്രവര്‍ത്തകരെയും ഫണ്ടുകളും വസ്തുക്കളും ലഭ്യമാക്കിത്തുടങ്ങും.

10. ഇതേസമയം രാജ്യത്തുനിന്നും മറുനാട്ടില്‍ നിന്നുമുള്ള നൂറുകണക്കിന് സര്‍ക്കാര്‍ - ഇതര ഏജന്‍സികളും മാധ്യമങ്ങളും ദുരന്തമുഖത്ത് എത്തിയിട്ടുണ്ടാകും. ഭൂകന്പം കഴിഞ്ഞ ഹെയ്ത്തിയില്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ 1400 സന്നദ്ധസംഘടനകളാണ് ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയത്. ഇവര്‍ക്ക് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമാക്കുക, ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക ഇവയെല്ലാം ഐക്യരാഷ്ട്രസഭ സംഘത്തിന്റെ ജോലിയാണ്. ആരോഗ്യം, പാര്‍പ്പിടം, വെള്ളം, സാനിറ്റേഷന്‍, കുട്ടികളുടെ കാര്യങ്ങള്‍, ടെലികോം എന്നിങ്ങനെ പല ക്ലസ്റ്ററുകള്‍ ആയിട്ടാണ് യു എന്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുന്നത്.

11. ഏതെങ്കിലും കാരണവശാല്‍ ഏതെങ്കിലും വിഭാഗത്തില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് ആളോ പണമോ ലഭ്യമല്ലെങ്കില്‍ ലോകത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്തം എന്ന നിലയില്‍ ആ വിഷയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭയ്ക്കുണ്ട്. Provider of last resort എന്നാണ് ഇതിന്റെ പേര്. ആരോഗ്യത്തിന് ലോകാരോഗ്യ സംഘടന, ഭക്ഷണത്തിന് ലോക ഭക്ഷ്യ പ്രോഗ്രാം, എന്നിങ്ങനെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഏജന്‍സികളുണ്ട്. അവരതിന് സദാ തയ്യാറായിരിക്കും.

12. ദുരന്തത്തിന്റെ കടുപ്പം അനുസരിച്ച് ദുരന്തങ്ങളെ L1, L2, L3 എന്നിങ്ങനെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടുനിന്നും എല്ലാ പ്രധാന U N ഏജന്‍സികളും ഇടപെടേണ്ടി വരുന്ന ദുരന്തങ്ങള്‍ Level 3 ആണ്. രണ്ടായിരത്തി നാലിലെ സുനാമിയും, ഇപ്പോഴത്തെ സിറിയയും L3 ആണ്.

13. എല്ലാ U N ഏജന്‍സികളും ഇടപെടേണ്ടി വരാത്ത ദുരന്തങ്ങളുമുണ്ട്. ഉദാഹരണത്തിന് ആരോഗ്യരംഗത്തെ എമര്‍ജന്‍സിയാണെങ്കില്‍ ലോകാരോഗ്യ സംഘടനയും, ന്യൂക്ലിയര്‍ എമര്‍ജന്‍സിയാണെങ്കില്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുമായിരിക്കും ഇടപെടുന്നത്.

14. ഓരോ വര്‍ഷവും ശരാശരി പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെ ദുരന്തങ്ങളില്‍ ഐക്യരാഷ്ട്രസഭ ഇപ്പോള്‍ ഇടപെടുന്നുണ്ട്. ഇതില്‍ ഏറിയ പങ്കും കാലാവസ്ഥാ ബന്ധിതമാണ് (വരള്‍ച്ച, കാട്ടുതീ, കൊടുങ്കാറ്റ്, പ്രളയം). ഇത് ഓരോ വര്‍ഷവും കൂടിവരികയാണ്.

15. ഓരോ വര്‍ഷാവസാനവും ആ വര്‍ഷം നടന്ന ദുരന്തങ്ങളെ പറ്റി അതില്‍ പങ്കെടുത്തവരെ വിളിച്ചു ചര്‍ച്ച നടത്തും. അറിവുകള്‍ മറ്റ് അംഗങ്ങളും ആയി പങ്കുവെക്കും. ഇങ്ങനെ സംഘാംഗങ്ങള്‍ക്ക് അനുഭവങ്ങളുടെ വലിയൊരു ഭണ്ഡാരം ഉണ്ടാകുന്നു. ഓരോ ദുരന്തവും എങ്ങനെയാണ് ഉണ്ടാകുന്നത്, അതിലെ പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, എവിടെയാണ് രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത്, എവിടെയാണ് സഹായം ലഭ്യമായത്, എന്ന് തുടങ്ങിയ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ എളുപ്പത്തില്‍ പറയാന്‍ കഴിയും. ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിക്കുമെന്ന് പറയുന്‌പോള്‍ അത് സംഭവിക്കില്ല എന്നും, വെള്ളമിറങ്ങുന്നതിന് മുന്‍പുതന്നെ ദുരന്തമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വെല്ലുവിളി ആകുമെന്നും, അതിന് സംസ്ഥാനം തയ്യാറെടുക്കണമെന്നും പറയാന്‍ എനിക്ക് സാധിച്ചത് അതുകൊണ്ടാണ്. അനുഭവങ്ങളുടെ ഒരു ബാങ്കായിട്ടാണ് U N നെ കാണേണ്ടത്.

16. ലോകത്തില്‍ എവിടെ നടക്കുന്ന ദുരന്തങ്ങളും ഈ സംഘം എപ്പോഴും നിരീക്ഷിക്കാറുണ്ട്. എന്നാല്‍ ദുരന്തസമയത്ത് അന്താരാഷ്ട്ര സഹായം ആവശ്യപ്പെടില്ല എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നയം. അതിനാല്‍ ഐക്യരാഷ്ട്രസഭയില്‍ നിന്നും മുന്‍നിര പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. ഇപ്പോള്‍ ലോകത്തെ തന്നെ മുന്‍ നിര സാമ്പത്തിക ശക്തി ആയ ഇന്ത്യക്ക് മറ്റു പല രാജ്യങ്ങളേയും പോലെ ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ ഒന്നും ആവശ്യമില്ലല്ലോ.

17. അതേ സമയം ചൈനയും ജപ്പാനും ഉള്‍പ്പെടെ ഇന്ത്യയേക്കാള്‍ സാമ്പത്തികവും സാങ്കേതികവുമായി ഏറെ മുന്നേറിയ രാജ്യങ്ങള്‍ പോലും വന്‍ദുരന്തങ്ങളുടെ സമയത്ത് ഐക്യരാഷ്ട്രസഭയുടെ സഹായം തേടാറുണ്ട്. അത് ഭക്ഷണത്തിനോ വസ്ത്രത്തിനോ ഒന്നുമല്ല, ചില സാങ്കേതിക വിഷയത്തിലെ അനുഭവങ്ങള്‍ നേടാനാണ്. ചൈനയിലെ ഭൂകമ്പത്തിനു ശേഷം ആസ്ബസ്റ്റോസിന്റെ നിര്‍മ്മാര്‍ജ്ജനത്തിനും, ജപ്പാനിലെ സുനാമിക്ക് ശേഷം ദശലക്ഷക്കണക്കിന് ഖരമാലിന്യത്തിന്റെ നിര്‍മ്മാര്‍ജ്ജനത്തിനും ആ സര്‍ക്കാരുകള്‍ ഇന്ത്യയുടെ മുന്‍കാല പരിചയത്തിന്റെ പാഠങ്ങള്‍ ആവശ്യപ്പെട്ടു. അത്തരം പരിചയസന്പന്നരായ സംഘങ്ങളെ നയിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.

18. ഇന്ത്യ കൂടി അംഗമായ - ഇന്ത്യക്കാര്‍ ഏറെ ജോലിചെയ്യുന്ന - ഇന്ത്യ വര്‍ഷാവര്‍ഷം പണം സംഭാവന ചെയ്യുന്ന ഇന്ത്യയുടെ കൂടി സ്ഥാപനമാണ് ഐക്യരാഷ്ട്രസഭ. അതിനാല്‍ ദുരന്തസമയത്ത് സാങ്കേതിക ഉപദേശത്തിനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും ഇന്ത്യയും, ഇന്ത്യയെ സമീപിക്കുന്നതില്‍ മറ്റു രാജ്യങ്ങളും ഒരു മടിയും കാണിക്കേണ്ടതില്ല.

ദുരന്തത്തിന് ശേഷം നഷ്ടത്തിന്റെ കണക്കെടുക്കാനും പുനര്‍ നിര്‍മ്മാണം വിഭാവനം ചെയ്യാനും ഐക്യരാഷ്ട്ര സഭക്ക് വേറെ വിഭാഗങ്ങള്‍ ഉണ്ട്. അവയെപ്പറ്റി പിന്നീടൊരിക്കല്‍ പറയാം.
ദുരന്തങ്ങളും ഐക്യരാഷ്ട്രസഭയും (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക