Image

നേതാക്കന്മാരെ, 150 കോടി രൂപയുടെ കാര്യം എന്തായി? (കേഴ്‌വിക്കാരന്‍)

Published on 04 October, 2018
നേതാക്കന്മാരെ, 150 കോടി രൂപയുടെ കാര്യം എന്തായി? (കേഴ്‌വിക്കാരന്‍)
അമേരിക്കയിലെ വിവിധ ദേശീയപ്രാദേശിക സംഘടനാ നേതാക്കളോട് കേഴ്‌വിക്കാരന് ഒരു കാര്യം ചോദിക്കുവാനുണ്ട്. പ്രളയം നക്കിത്തുടച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ച 150 കോടി രൂപയുടെ കാര്യം എന്തായി?

സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന അമേരിക്കന്‍ മലയാളികളില്‍ നിന്ന് 150 കോടി രൂപയാണ്പ്രതീക്ഷിക്കുന്നതെന്ന് എല്ലാവരും കേള്‍ക്കെ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ നിലയ്ക്കാത്ത കൈയ്യടി കേട്ട് ഈ കേഴ്‌വിക്കാരനും ഒന്ന് ഞെളിഞ്ഞിരുന്നു. അവസാനം കമ്മ്യൂണിസ്റ്റ് സഖാക്കള്‍ വരെ അമേരിക്കന്‍ കാപ്പിറ്റലിസത്തിന്റെ ഗുണഭോക്താക്കളാവാന്‍ യാതൊരു മറയുമില്ലാതെ മുന്നോട്ട് വരുന്നല്ലോ എന്നോര്‍ത്ത്. അങ്ങനെയെങ്കിലും അമേരിക്കയില്‍ താമസിക്കുന്ന മലയാളികള്‍ ദാനശീലരാണെന്ന് മനസിലാക്കിയതില്‍ പിണറായിക്ക് ഒരു ലാല്‍സലാം.

അതവിടെ നില്‍ക്കട്ടെ, എന്തായി ഇമ്മടെ 150 കോടിയുടെ കാര്യം. പൈസ വാങ്ങാനും കാര്യങ്ങള്‍ ഏകോപിപ്പിക്കാനുമായി ധനമന്ത്രി തോമസ് ഐസക്ക് ഈ മാസം 18 ന് ഇങ്ങെത്തും. വല്ലോം നടക്കുവോ അതോ ധനമന്ത്രിക്ക് വെറും കയ്യോടെ മടങ്ങേണ്ടി വരുമോ?

മയോ ക്ലിനിക്കില്‍ എന്തോ ഒരു ശസ്ത്രക്രിയ നടത്തിയ ശേഷം മതിയായിട്ടൊന്നു വിശ്രമിക്കാന്‍ കൂടി കൂട്ടാക്കാതെയാണ് മുഖ്യമന്ത്രി ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനാ നേതാക്കന്മാരെ കാണാനെത്തിയത്. ഏറെ ക്ഷീണിതനായിരുന്നുവെങ്കിലും കേരള ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിന്റെ ചിത്രം അരമണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തിലൂടെ അദ്ദേഹം വരച്ചുകാട്ടി.

ആധികാരികമായ രേഖകളുടെ പിന്‍ബലത്തില്‍ പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളും നാലുഘട്ടങ്ങളിലായി നടപ്പിലാക്കാനിരിക്കുന്ന പുനര്‍നിര്‍മ്മാണങ്ങളുടെ വെറുമൊരു ബ്ല്യൂപ്രിന്റ് അല്ല ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ് മുഖ്യമന്ത്രി സംഘടനാ നേതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. കേരളത്തില്‍ പ്രളയമുണ്ടായതു മുതല്‍ ഇന്നു വരെ അമേരിക്കന്‍ മലയാളികള്‍ നല്‍കിയ പിന്തുണ എടുത്തു പറഞ്ഞ മുഖ്യമന്ത്രി ചിക്കാഗോയിലെ രണ്ടു മിടുമിടുക്കന്മാര്‍ 10 കോടിരൂപയുടെ ചെക്കുമായി തന്നെ കാണാന്‍ വന്ന കാര്യവും അനുസ്മരിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അമേരിക്കന്‍ മലയാളികളില്‍ നിന്ന് നല്ല സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ചചെയ്യുവാന്‍ ആഹ്വാനം ചെയ്ത് അരമണിക്കൂര്‍ നീണ്ട പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം മുറിയിലേക്ക് പോയി. കാരണം വളരെ ക്ഷീണിതനായിരുന്ന അദ്ദേഹം കടുത്ത വേദന കടിച്ചമര്‍ത്തിയാണ് വേദിയിലിരുന്നത്.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയുടെ സ്‌പോണ്‍സറും അടുത്ത സുഹൃത്തും ഫൊക്കാന പ്രഥമ പ്രസിഡന്റുമായ ഡോ.അനിരുദ്ധനായിരുന്നു സ്വാഗത പ്രസംഗം നടത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇരുത്തം വന്ന ഒരു ഭരണാധികാരിയുടെ എല്ലാ ആധികാരികതയും നിറഞ്ഞതായിരുന്നു. അദ്ദേഹം എല്ലാ കാര്യത്തിലും നേരിട്ട് ഇടപെടുന്നുണ്ടെന്ന് വ്യക്തമായി തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അളന്നു മുറിച്ചുള്ള ഓരോ വാക്കുകളും.

അദ്ദേഹം വേദിയിലുണ്ടായിരുന്നപ്പോഴും വേദി വിട്ടതിനുശേഷംകണ്ടത് അക്രാന്തം മൂത്ത് മൈക്ക് കൈയ്യിലെടുത്ത അമേരിക്കന്‍ സംഘടനാ നേതാക്കളുടെ പതിവു വാചക കസര്‍ത്തുകളാണ്. മുഖ്യമന്ത്രി വേദി വിട്ടതിനാല്‍ പലരും പരിധികള്‍ ലംഘിച്ചുവരെ വാചക കസര്‍ത്തു തുടര്‍ന്നു. എന്നാല്‍ ഇതെല്ലാം മുറിയിലിരുന്നുകൊണ്ട് കമ്പ്യൂട്ടറില്‍ ലൈവായി മുഖ്യമന്ത്രി കാണുന്നുണ്ടായിരുന്നുവെന്ന് പലരും അറിഞ്ഞില്ല.

സ്വീകരണ ഹാളിലേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി ചര്‍ച്ച പെട്ടെന്ന് അവസാനിപ്പിച്ചു ചോദ്യോത്തര നടപടിക്രമങ്ങളൊന്നും വേണ്ടെന്നു പറഞ്ഞു. വീണ്ടും അദ്ധേഹം മൈക്ക് കയ്യിലെടുത്തത്പ്രസംഗിച്ചവരുടെ നിഷ്ക്രിയാത്മകമായ വാചക കസര്‍ത്തുകളില്‍ മനം മടുത്തായിരുന്നുവെന്ന് കേഴ് വിക്കാരന്‍ കേട്ടറിഞ്ഞു.

'ഇനി ചോദ്യവും ഉത്തരവുമൊന്നും വേണ്ട' എന്ന മുഖവുരയോടെയായിരുന്നു അദ്ദേഹം വീണ്ടും പ്രസംഗം ആരംഭിച്ചത്.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നിങ്ങള്‍ക്ക് (അമേരിക്കന്‍ മലയാളികള്‍) എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ നിങ്ങള്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഞാനൊരു തീരുമാനം പറയാമെന്നും പറഞ്ഞുകൊണ്ടാണ് 150 കോടിരൂപ അമേരിക്കന്‍ മലയാളികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിപറഞ്ഞത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ സംഘടനകളുടെ നേതാക്കന്മാര്‍അഭ്യര്‍ത്ഥനയെ നിലയ്ക്കാത്ത കൈയ്യടികളോടെ വരവേറ്റപ്പോള്‍ കേഴ് വിക്കാരന്റെ കണ്ണ് തള്ളിപ്പോയി! 150 കോടി രൂപ നല്‍കാന്‍ അമേരിക്കന്‍ മലയാളികള്‍ ഇത്ര ഉദാരമതികളോ!

ഞെക്കിയും ഞെരങ്ങിയും പല സംഘടനകളും കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരം നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ ഈ കേഴവിക്കാരനെപ്പോലെ മറ്റുള്ളവരും കേട്ടിട്ടുണ്ടാകുമല്ലോ. അങ്ങനെയിരിക്കെ മുഖ്യമന്ത്രിക്കു നല്‍കിയ സ്വീകരണത്തില്‍ തങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് നന്ദി പറയാന്‍ മാത്രമായി വന്നതാണ് അദ്ദേഹമെന്നാണ് പലരും കരുതിയത്.

മഹാപ്രളയകാലത്ത് ഓരോ സംഘടനയും അരിയും പലവ്യഞ്ജനങ്ങളും വാങ്ങിക്കൊടുത്തും ബെഡ്ഷീറ്റും വസ്ത്രങ്ങളും നല്‍കിയതും കിണറു വൃത്തിയാക്കി നല്‍കിയതുമായ കാര്യങ്ങളാണ് പലര്‍ക്കും പറയാനുണ്ടായത്. ലക്ഷങ്ങളും കോടികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കാര്യങ്ങളും ചിലര്‍ അഭിമാനപൂര്‍വ്വം എടുത്തു പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് എന്തു നല്‍കാന്‍ കഴിയുമെന്ന് ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും ആരുടെ പക്കല്‍ നിന്നുണ്ടായില്ല. പ്രളയം കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളും പൂട്ടി. ഇനിയെന്ത് പുനരധിവാസം എന്ന ചിന്തയായിരുന്നു പലര്‍ക്കുമെന്നു തോന്നുന്നു.

എല്ലാം തകര്‍ന്നു തരിപ്പണമായ കേരളത്തില്‍ ഇനി ഒന്നു മുതല്‍ പുനര്‍നിര്‍മ്മാണം ആവശ്യമായ വസ്തുകള്‍ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ സ്വന്തം സംഘടനയുടെ പൊങ്ങച്ചങ്ങള്‍ എടുത്തുപറയാനും മറ്റുമല്ലാതെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ വച്ചത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.

ഫണ്ടുകള്‍ വിനിയോഗിക്കുന്നതിലെ സുതാര്യതയാണ് ചിലര്‍ ഉയര്‍ത്തി കാട്ടിയ പ്രശ്‌നങ്ങള്‍. അവര്‍ക്ക് വ്യക്തമായ മറുപടിയും മുഖ്യമന്ത്രി നല്‍കി. ദുരിതാശ്വാസ നിധിയിലേക്കും നല്‍കുന്ന ഒരു ചില്ലിക്കാശുപോലും ദുര്‍വിനിയോഗം ചെയ്യുകയോ വകമാറ്റി ചെലവഴിക്കുകയോ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ഫണ്ട് വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. എത്ര ഫണ്ടു ലഭിച്ചുവെന്നും എന്തിനൊക്കെ എത്രയൊക്കെ തുക ചെലവാക്കി എന്നതിനെല്ലാം വ്യക്തമായ കണക്കുകള്‍ തയ്യാറാക്കി അപ്പോഴപ്പോള്‍തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കികഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ച് എന്ന നിര്‍ദ്ദേശം കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ച രീതി ജന്മനാടിനു വേണ്ടി അമേരിക്കന്‍ മലയാളികളും അവലംബിക്കുന്നതു നല്ലതാണെന്നു പറഞ്ഞപ്പോള്‍ അതുവരെ കൈയ്യടിച്ച പലരുടെയും മുഖം ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെയായി. അമേരിക്കക്കാര്‍ ഒരു മാസത്തെ ശമ്പളം തന്നില്ലെങ്കിലും ഒരാഴ്ചത്തെ ശമ്പളം പല ഘട്ടങ്ങളായി തന്നാല്‍ മതിയെന്ന നിര്‍ദ്ദേശത്തിനുപോലും വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് പാര്‍ട്ടി അനുഭാവികളായ രണ്ടു സംഘടനാ നേതാക്കന്മാര്‍ മാത്രമാണ് പറഞ്ഞത്. ഇത് തങ്ങളുടെ സംഘടനയിലെഎല്ലാവരെക്കൊണ്ടും നടപ്പിലാക്കുമെന്ന് പാര്‍ട്ടിയോഗത്തിലെ പ്രസംഗത്തിലെന്ന പോലെ മുഖ്യമന്ത്രിക്ക് ലാല്‍സലാം പറഞ്ഞും സഖാവേ എന്ന പലകുറി അഭിസംബോധന ചെയ്തും പല നേതാക്കന്മാരും അദ്ദേഹത്തെ സുഖിപ്പിക്കാന്‍ നോക്കി. ആ പരിപ്പുണ്ടോ അവിടെ വേവുന്നു?

അത്തരം സുഖിപ്പിക്കലുകളൊക്കെ അങ്ങ് പാര്‍ട്ടി ഓഫീസില്‍ എന്ന മട്ടിലായിരുന്നു മുഖ്യമന്ത്രി.
ന്യൂയോര്‍ക്കിലെ യോഗത്തില്‍ അമേരിക്കയിലെ സമ്പന്നരായ മലയാളി വ്യവസായികളെ കണ്ട് സഹായം തേടാമെന്നു കരുതിയാണ് അദ്ദേഹം എത്തിയത്.എന്നാല്‍ വിരലില്‍ എണ്ണാവുന്ന ബിസിനസുകാരെ മാത്രമേപങ്കെടുപ്പിക്കാന്‍സംഘാടകര്‍ക്കു കഴിഞ്ഞുള്ളൂ.

എല്ലാ സംഘടനകള്‍ക്കും പ്രാതിനിധ്യം കൊടുക്കാനെന്നവിധം പ്രസംഗിക്കുന്നവരുടെ എണ്ണം കൂടികൂടി വന്നപ്പോള്‍ ആരോഗ്യപരമായ ഒരു ചര്‍ച്ച നടത്തുവാനോ മുഖ്യമന്ത്രിയോട് എന്തെങ്കിലും ചോദ്യം ചോദിക്കുവാനോ അതിനായി ഒരുങ്ങി വന്നവര്‍ക്കുപോലും കഴിഞ്ഞില്ല. മൈക്ക് കിട്ടാന്‍ സംഘാടകരെ പിന്‍വാതിലിലൂടെ സ്വാധീനിച്ച് ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത സംഘടനകളുടെ പേരില്‍ പോലും പഠനം സംസാരിച്ചു.

സംഘാടകരില്‍ പ്രമുഖര്‍ ഫൊക്കാന നേതാക്കന്മാരായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ അവരുടെ കൈയ്യില്‍ നിന്നും നിയന്ത്രണം പോയി. കടലാസു സംഘടനകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെ രണ്ട് മിനിറ്റ് സംസാരിക്കാനെത്തി മുഴുവന്‍ പേരെയും പരിചയപ്പെടുത്തി നാലും അഞ്ചും മിനിറ്റു സംസാരിച്ചുകൊണ്ട് ആറരയ്ക്കു തുടങ്ങിയ യോഗം രാത്രി ഒന്‍പതു വരെ ഒരു തീരുമാനവുമെടുക്കാതെ നീട്ടി വലിച്ചു. ഇതിനിടെ ഫൊക്കാന, ഫോമ എന്നിവയുടെ നിലവിലുള്ള നേതാക്കന്മാരെ വരെ തഴഞ്ഞ് മുന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും വരെ പ്രസംഗിക്കാന്‍ തരമൊപ്പിച്ചു.

ഫോമയുടെ സെക്രട്ടറി ജോസ് ഏബ്രഹാം ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍ ഹാളിലുണ്ടായിട്ടും അവരെ ഒന്നു സ്വാഗതം ചെയ്യാനോ അവരുടെ സാന്നിദ്ധ്യമറിയിക്കാനോ പോലും സംഘാടകര്‍ തുനിഞ്ഞില്ല. പ്രസംഗിക്കാനും പറ്റിയില്ലെന്നു പോകട്ടെ മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ മൈക്ക് കൈയ്യില്‍കിട്ടിയ ഫോമ സെക്രട്ടറിക്ക് അതിനുള്ള അവസരവും പിന്നീട് നിഷേധിക്കപ്പെട്ടു.

ബിസിനസ് മേഖലയില്‍ പ്രമുഖരായ മലയാളികളെ യോഗത്തില്‍ പങ്കെടുപ്പിച്ച് അവരില്‍ നിന്ന് നല്ലൊരു തുക സംഭാവന നല്‍കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ എത്തിയത്. ഒരു കോടി രൂപ പോലും കൊടുക്കാമെന്ന് ചങ്കുറപ്പോടെ പറയാന്‍ സംഘടനകളുടെ പേരില്‍പ്പോലും ആര്‍ക്കും കഴിഞ്ഞില്ല. അതേ സമയം എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് കൊടുത്തതിന്റെ കണക്കുകള്‍ മാത്രം.

സ്വീകരണം പങ്കാളിത്തം കൊണ്ട് വിപുലമായിരുന്നുവെങ്കിലും ലക്ഷ്യബോധമില്ലാത്ത വിരസമായ ചര്‍ച്ചകള്‍ കൊണ്ട് മുഖരിതമായിരുന്നു. ചര്‍ച്ചകള്‍ എങ്ങുമെത്താതിരുന്നതുകൊണ്ടാകാം ഡോ. അനിരുദ്ധന്‍, പോള്‍ കറുകപ്പള്ളില്‍ എന്നിവരുമായി ആലോചിച്ച് തുക സമാഹരിക്കാന്‍ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ മാസം 18ന് ധനമന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി മടങ്ങിയത്.

മുഖ്യമന്ത്രി രണ്ടാഴ്ചയ്ക്കകം പണം വാങ്ങിക്കൊണ്ടുവരാന്‍ ധനമന്ത്രിയെ ഇങ്ങോട്ടയയ്ക്കും. ധനമന്ത്രിക്കും നല്‍കുമായിരിക്കും വീരോചിതമായ സ്വീകരണം. പക്ഷേ 150 കോടിരൂപ എങ്ങനെ പിരിക്കും? പണം ആരു നല്‍കും? എങ്ങനെ വാങ്ങും? കേഴ് വിക്കാരന്‍ കാത്തിരിക്കുകയാണ്‌നല്ല വിശേഷങ്ങള്‍ കേള്‍ക്കാന്‍.
Join WhatsApp News
Vayanakkaran. 2018-10-05 08:46:34
Kure pazhakiya nethakkanmar coat & suit ittu photoyikku njelinjathallathe pathu paisa kodukkan poyathano kezhvikkara!!! Pavam Pinarayi! Oro american malayaliyum $2000 vachu kodukkumennum chilar thatti vidunnathu kettu!
Malayalee 2018-10-05 08:56:18
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് എത്തിച്ചുകൊടുക്കാൻ അഭിനവ സഖാക്കന്മാർ ഇറങ്ങിയിട്ടുണ്ട് . സ്വന്തമായി ഒരു പണിയുമെടുക്കാതെ അമേരിക്കയിലുള്ള സംഘടനകൾ വലിയ അധ്വാനത്തിലൂടെ പിരിച്ചെടുത്ത തുകകൾ മുഖ്യമന്ത്രിക്ക് എത്തിച്ചുകൊടുക്കുക വഴി ഇപ്പോഴത്തെ സർക്കാരും അതുപോലെ ഉദ്യോഗസ്ഥരുമായും ഒരു ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പുതിയ പരിപാടി തുടങ്ങിയത്. സംഘടനാ നേതാക്കളെ നിങ്ങൾ പിരിച്ചെടുത്ത തുക നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുക. സ്വാർത്ഥ താൽപര്യത്തോടെ ഇറങ്ങിത്തിരിച്ച അഭിനവ സഖാക്കന്മാരെ കണ്ടെത്തുക..... തടയുക....
പുണ്യാളന്‍ 2018-10-05 11:23:28
ഒരു നേതാവ് നേരത്തെ എഴുതി തയാറാക്കിയ പ്രസംഗം മുഖ്യമന്ത്രിയുടെ അടുത്തിരുന്നു കാണാപടം പഠിക്കുന്നത് ഫോട്ടോകളില്‍ വ്യക്തമായിരുന്നു. ഒരു കഴിവുമില്ലെങ്കിലും താനാണ്‌ അമേരിക്കന്‍ മലയാളികളുടെ നേതാവെന്നാണ് ഈ പ്രാഞ്ചിയുടെ വിചാരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക