Image

മാന്ത്രിക സ്പര്‍ശം (ഭാഗം: 2 -ജോയി ഇല്ലത്തുപറമ്പില്‍.ജി)

ജോയി ഇല്ലത്തുപറമ്പില്‍.ജി Published on 05 October, 2018
മാന്ത്രിക സ്പര്‍ശം (ഭാഗം: 2 -ജോയി ഇല്ലത്തുപറമ്പില്‍.ജി)
അത്ഭുതമാതാവെ ഞാനെന്റെ എല്ലാം അമ്മയെ ഏല്‍പിക്കുന്നു മുങ്ങി മുങ്ങി... മുന്നോട്ട് കുറെ അകന്നിരിക്കുന്നു.... എങ്കിലും പല സാഹസിക ചെറുപ്പക്കാര്‍ അധികം അകലെയല്ലാതെയുണ്ട്. അവര്‍ക്കൊന്നും സംശയം നല്‍കാതെ മുന്നോട്ട്--- പിന്നെ കുറച്ച് ദൂരം പിന്നോട്ട്- കരയിലേക്ക്... അതെ രണ്ടു മൂന്നു പ്രാവശ്യം മാത്രം! അതും കഴിഞ്ഞിരിക്കുന്നു..... നിവര്‍ന്നുനിന്ന് കരയിലേക്ക് ഒന്നുകൂടി നോക്കി.... ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി....
വാശിയോടെ കടയിലോട്ട് നീന്തി...മുങ്ങിത്തന്നെ. ആഴങ്ങളിലേക്കായിരുന്നു അവള്‍ നോട്ടമിട്ടത്.... കടലലകളുടെ ഭീകര ഏന്തലുകള്‍ക്കിടയിലൂടെ... ആഴങ്ങളിലേക്ക്.... പെട്ടെന്ന് സര്‍വ്വവും നിലച്ചപോലെ.... കണ്‍മുന്നിലൊരു പ്രകാശക്കെട്ട്.... കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല.... പ്രകാശക്കൊട്ട് നീണ്ടുനിവര്‍ന്ന്. തന്റെ നേര്‍ക്കടുക്കുന്നു!! ഓ, പ്രകാശക്കെട്ടല്ല, അത്ഭുതമാതാവിന്റെ രൂപമാണത്.... രൂപമല്ല. തന്നെ അണച്ചു പുല്‍കാനെന്നണ്ണവണ്ണം ഇരു കരങ്ങളും നീട്ടി ഒഴുകി ഒഴുകി മുന്നോട്ടുവരുന്ന അത്ഭുതമാതാവ്... മാതാവിന്റെ മുന്‍പില്‍ മനസ്സും ശരീരവും നമിക്കാനൊരുങ്ങവെ മാതാവിന്റെ വിളി മുഴങ്ങി.
'സ്റ്റെല്ല, സ്റ്റെല്ലമോളെ'---
'ഓ. മാതാവെ, അത്ഭുതമാതാവെ'
വിളികേട്ടത് കാതുകളിലല്ല; മനസ്സിലാണ്. മനസ്സില്‍ത്തന്നെ അമ്മയെവിളിച്ചു. 'നിന്റെ മനസ്സ് എനിക്കറിയാം'.... എല്ലാം ശരിയാകും, നീ തിരികെപ്പോകുക'....
'അമ്മേ.... സ്‌റ്റെല്ല മാതാവിനെ നോക്കി.... വെണ്ണക്കല്ലില്‍ തീര്‍ത്ത അത്ഭുതമാതാവ്, അതുപോലെ കൈകള്‍ വിരിച്ച് തന്റെ അരികില്‍ വന്നിരിക്കുന്നു. തന്റെ കൈപിടിച്ച് അമ്മയോടൊപ്പം ഉയര്‍ത്തി. തന്നെ കൈപിടിച്ച് നയിക്കുന്നു.... കരയിലേക്ക്.... ഓ! അത്ഭുതമാതാവെ....
കരയിലെത്തിയതും സമയം സന്ധ്യയായിരിക്കുന്നതറിഞ്ഞു. എത്രനേരമായിരിക്കുന്നു താന്‍ കടലില്‍ മാതാവിനോടൊപ്പം ചിലവഴിച്ചത്? ആളുകള്‍ തിരിച്ചുപോയിക്കൊണ്ടിരിക്കുന്നു. പിന്നെ സമയം കളഞ്ഞില്ല; Fresh Water Spray കുളിച്ചെന്ന് വരുത്തി തിരികെ അപ്പാര്‍ട്ടുമെന്റിലേക്ക്.... മാതാവിന്റെ സാന്നിദ്ധ്യം തനിക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. സ്‌നേഹസാന്ദ്രമായി വിളി മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അത്ഭുത മാതാവെ എന്നോട് ക്ഷമിക്കണെ!
നൂറ്റാണ്ട് പിന്നിട്ട ദേവാലയം. എങ്കിലും ആധുനികത കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. പള്ളിക്കകത്ത് കയറുന്നതിന് വിശാലമായ Room Lift ഉപയോഗിക്കുന്നു. അകം മുഴുവന്‍ മാര്‍ബിള്‍ പാകിയിരിക്കുന്നു. നിരനിരയായി അടുക്കിവച്ച ബെഞ്ചുകള്‍ കഴിയുന്നത്ര വിശ്വാസികളെ സമാധാനമായി ഇരിക്കാന്‍ കഴിയുംവിധം സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ അള്‍ത്താരയില്‍ ദിവസവും പലതവണ ദിവ്യബലി നടന്നുകൊണ്ടിരിക്കുന്നു. വലതുഭാഗത്തെ മാര്‍ബിളില്‍ നിര്‍മ്മിതമായ അത്ഭുതമാതാവ് നില്‍ക്കുന്നു.
ഇരുകൈകളും മുന്നോട്ടു തിരിച്ച് നമ്മെ പൊക്കി ഉയര്‍ത്തി അണയ്ക്കാന്‍ വെമ്പുന്ന അത്ഭുത മാതാവ്!! മുമ്പില്‍ അരമതില്‍.... താഴെ സ്റ്റെപ്പില്‍ മുട്ടുകുത്തി, അരമതിലില്‍ കൈകള്‍ വച്ച്, തലയുയര്‍ത്തി മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ എത്രപേര്‍....
'മോനെ ഇങ്ങനെ വിഷമിച്ച് നടക്കല്ലെ; അത്ഭുതമാതാവിനെപ്പറ്റി കേട്ടിട്ടില്ലേ? അത്ഭുതമാതാവിന്റെ Shrins ല്‍ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി, മാതാവ് എല്ലാം ശരിയാക്കിത്തരും'.... അമ്മച്ചിയുടെ വാക്കുകള്‍ കാതുകളില്‍ മുഴങ്ങുന്നു. ഹൃദയത്തുടിപ്പോടെ പറഞ്ഞു.

'ഞാന്‍ അടുത്തു തന്നെ അത്ഭുതമാതാവിന്റെ Shrine ല്‍ പോകുന്നുണ്ട്'....
കുറെ നാളുകളായി തനിക്ക് തന്നെ തോന്നുന്നുണ്ട് ഒരു മ്ലാനത.... അത് മറക്കാന്‍ കൃത്രിമമായി സന്തോഷപ്രകടനം നടത്തുന്നതൊക്കെ അമ്മച്ചിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ആണ്‍കുട്ടികള്‍ക്ക് ഇങ്ങനെ നിരാശവരാല്‍ പാടില്ലാത്തതാണ്. എന്നിരുന്നാലും!! തന്റെ ഈ ജീവിതത്തില്‍ രണ്ടു പെണ്‍കുട്ടികളാണ് Sorry  പറഞ്ഞ് പിന്‍വാങ്ങിയത്.

ആദ്യത്തെ പെണ്‍കുട്ടി താഴ്ന്ന ക്ലാസ്സുകളില്‍ തന്റെ സഹപാഠിയായിരുന്നു. ഇത്ര നാളും കൂടുതല്‍ ബന്ധങ്ങളൊന്നും ഇല്ലാതിരുന്ന അവര്‍ ചില സ്‌നേഹിതന്മാര്‍ വഴി ഒത്തുകൂടുകയായിരുന്നു. പിന്നീടവര്‍ പരസ്പരം അറിയാന്‍ ശ്രമിക്കുകയും വിവാഹബന്ധത്തില്‍ തീരുമാനിച്ചതുമായിരുന്നു. എന്താണെന്നറിയില്ല, അവള്‍ തന്നെ അധികം വിഷമിപ്പിക്കരുതെന്ന് കരുതിയാകണം, മയത്തില്‍ അവള്‍ക്ക് താല്‍പര്യക്കുറവുണ്ടെന്ന് പറഞ്ഞു, പിരിഞ്ഞു. നേരത്തെ പറഞ്ഞു പിരിഞ്ഞത് നന്നായി എന്ന് താനും വിശ്വസിച്ചിരുന്നു. അമ്മച്ചിയും അടുത്ത ബന്ധുക്കളും വിവരം അറിഞ്ഞെങ്കിലും അതൊക്കെ സാധാരണമെന്ന് കരുതി വിശ്വസിച്ചിരുന്നു.
അടുത്ത ബന്ധുക്കള്‍ മുഖേനയാണ് രണ്ടാമതും യുവതിയുമായി ബന്ധപ്പെടാന്‍ ഇടയായത്. അവളുടെ ബന്ധുക്കള്‍ തന്റെ അമ്മച്ചിയെയും അടുത്ത ബന്ധുക്കളുമായും കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തിയതായിരുന്നു. അങ്ങനെയാണ് താന്‍ അവളുമായി ബന്ധപ്പെട്ടത്. അധികം താമസിയാതെ വിവാഹനിശ്ചയം വരെ എത്തിയതുമായിരുന്നു. താനും വിവാഹത്തിന് തയ്യാറായി സന്തോഷിച്ചിരുന്നു. എവിടെ, എങ്ങിനെയാണെന്നറിഞ്ഞില്ല, ആ യുവതിയും അവളുടേതായ രീതിയില്‍ തന്നില്‍നിന്നും സ്വതന്ത്രയായി.

ആ സംഭവം എല്ലാവരെയും വിഷമിപ്പിച്ചു കളഞ്ഞു. തന്റെ മനസ്സും വിഷമിച്ചുപോയി. വിവരം കേട്ട ബന്ധുക്കള്‍ തന്നെ ആശ്വസിപ്പിച്ച് ആശ്വസിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ സംഭവശേഷം തോന്നിയിരുന്ന തന്റേടം അതോടെ നഷ്ടമായിരിക്കുന്നു.... എന്തോ?.... എന്താണിത്?....
Internet വഴിയാണ് താമസിക്കാന്‍ സ്ഥലം കണ്ടുപിടിച്ചത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ആഴ്ച അവസാനം താമസിക്കാന്‍ പറ്റിയ മുറി കിട്ടി. 8-ാം നിലയില്‍! എവിടെ ആയാലെന്താ, വീട്ടില്‍ വച്ചുതന്നെ എല്ലാ കാര്യങ്ങളും ശരിയായിരുന്നു. സന്ധ്യയായപ്പോഴാണ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. കാര്‍ പാര്‍ക്ക് ചെയ്ത് കൗണ്ടറില്‍ റിപ്പോര്‍ട്ടു ചെയ്തു. താക്കോള്‍ കിട്ടി. നേരത്തെ പറഞ്ഞു വച്ചിരുന്നതിനാല്‍ മുറി നന്നായി ഫര്‍ണിഷു ചെയ്തിട്ടുണ്ടെന്നും എന്തെങ്കിലും കൂടുതല്‍ ആവശ്യം ഉണ്ടെങ്കില്‍ Room-Service ല്‍ ഫോണ്‍ ചെയ്താല്‍ മതിയെന്നും പറഞ്ഞു. പുറത്തിറങ്ങി ലിഫിറ്റിലേക്ക് നടക്കുമ്പോഴാണ് ലിഫിറ്റിന്റെ ഡോര്‍ അടയുന്നതും മുകളിലേക്ക് പുറപ്പെടാന്‍ തുടങ്ങുന്നതും മനസ്സിലായത്. ഓടിച്ചെന്ന് ബലമായി ഡോര്‍ തുറന്നപ്പോള്‍ ലിഫിറ്റ് നിലയ്ക്കുകയും ഡോര്‍ തുറക്കുകയും ചെയ്തു. ആശ്വാസം ഇനി ലിഫ്ടിനായി കാത്തു നില്‍ക്കേണ്ടല്ലോ. അകത്തു കടന്നപ്പോഴാണ് അതിനുള്ളിലുണ്ടായിരുന്നയാളെ ശ്രദ്ധിച്ചത്. ഒരു യുവതിയാണ്. തിക്കിത്തിരക്കി ലിഫ്ടില്‍ കയറിയതിന് ക്ഷമ ചോദിക്കുക തന്നെ. 'ക്ഷമിക്കണെ, ധൃതിപിടിച്ച് അകത്തു കയറിയതിന്'
'ഓ.സാരമില്ല; ഇനി ലിഫ്ട് കാത്തു നിന്ന് മുഷിയേണ്ടല്ലോ?' അവള്‍ പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ മുഖം ശാന്തവും വളരെ പ്രസന്നവും ആകര്‍ഷണീയവുമായി തോന്നി.
'ഞാനിവിടെ ആദ്യമായാണ്' ലിഫ്ട് ഉയരുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
അത്ഭുത മാതാവിനെ കണ്ട്, ഈ വീക്കെന്‍ഡ് ചിലവഴിക്കാന്‍ വന്നതാണ്.
(തുടരും..)

മാന്ത്രിക സ്പര്‍ശം (ഭാഗം: 2 -ജോയി ഇല്ലത്തുപറമ്പില്‍.ജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക