Image

ധര്‍മ്മസങ്കടങ്ങള്‍-( കഥ: എന്‍.കെ. കണ്ണന്‍മേനോന്‍)

എന്‍.കെ. കണ്ണന്‍മേനോന്‍) Published on 06 October, 2018
 ധര്‍മ്മസങ്കടങ്ങള്‍-( കഥ: എന്‍.കെ. കണ്ണന്‍മേനോന്‍)
(എന്‍. കെ .കണ്ണന്‍ മേനോന്റെ നീണ്ട കഥ ഇമലയാളിയില്‍   ആരംഭിക്കുന്നു :കേരളത്തിലെ ചെറുകഥാകൃത്തുകളില്‍ ജീവിത ഗന്ധി യായ കഥകള്‍ കൊണ്ട് ശ്രദ്ധേയനായ കണ്ണന്‍മേനോന്‍ കാലിഫോര്ണിയയില്‍ താമസിക്കുന്നു ജീവിത്തിന്റെ ആഴകാഴ്ചകളില്‍ ഉയിര്‍കൊള്ളുന്ന അനുഭവ സാക്ഷ്യങ്ങളാണ് കണ്ണന്‍ മേനോന്‍ കഥകളെല്ലാം എറണാകുളം സ്വേദേശിയാണ് ഭാര്യ വിലാസിനി. മക്കള്‍ -ഡോക്ടര്‍ രാധിക,സുപ്രിയ )

നവംബറിലെ കൊടും തണുപ്പുള്ള  ഒരു രാത്രിയിലാണ് ഫ്രാന്‍സിസ് ജോണിനെ സ്വീകരിക്കുവാന്‍ ഞാന്‍ സാന്‍ഫ്രാന്‍സിസ്‌കൊ വിമാനത്താവളത്തിലെത്തിയത്. നിയമ വിദ്യാലയത്തിലെ അദ്ധ്യയനകാലത്ത് അവനെന്റെ ഉത്തമ മിത്രമായിരുന്നു. ഒരുമിച്ചെ നടക്കൂ, ഒരുമിച്ചെ ഉണ്ണൂ, ഒരുമിച്ചെ ഉറങ്ങൂ, എല്ലാം ഒരുമിച്ചായിരുന്നു.... ഞങ്ങള്‍ പഠിച്ച നിയമവിദ്യാലയമാകട്ടെ അച്ചടക്കമില്ലായ്മയുടെ കൂത്തരങ്ങായിരുന്നു. പഴക്കം ചെന്ന പേരുകേട്ട ആ വിദ്യാലയത്തില്‍ ഞങ്ങള്‍ രണ്ടു പേരും കാട്ടിക്കൂട്ടിയ വിക്രിയകളോര്‍ക്കുമ്പോള്‍ ഇന്ന് അപമാനം കൊണ്ട് ശിരസ് താനെ താഴ്ന്നു പോകുന്നു. കാംപസിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലൂടെ നഗ്ന ഓട്ടമത്സരം നടത്തിയ ഞങ്ങളെ രണ്ടുപേരെയും വിളിപ്പിച്ച് പ്രിന്‍സിപ്പല്‍ ആക്രോശിച്ചത്-യുആര്‍ എംപ്പൊഡിമെന്റ് ഓഫ് ഓള്‍ വൈസസ്- ഞങ്ങള്‍ രണ്ടുപേരും എല്ലാ തിന്മകളുടെയും മൂര്‍ത്തിയത് ഭാവമാണെന്ന്. ഞങ്ങള്‍ നമ്രശിരസ്‌കരായി ശാസനകള്‍ മുഴുവന്‍ കേട്ടു. പട്ടണത്തില്‍ നിന്നും പ്രഭാതത്തില്‍ ഇറങ്ങുന്ന പത്രങ്ങളിലെല്ലാം മുന്‍ പേജില്‍ തന്നെ ഈ വാര്‍ത്ത് സ്ഥലം പ്ിടിച്ചിരുന്നു. കലികെട്ടടങ്ങാത്ത പ്രിന്‍സിപ്പല്‍ വീണ്ടും ഞങ്ങളെ വിളിപ്പിച്ച് ഉറക്കെ അലറി: യു ആര്‍ സസ്‌പെന്റഡ്. ഇത് ആദ്യ അനുഭവമല്ലാത്ത ഞങ്ങള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരികെ മുറിയിലേക്ക് പോരുമ്പോള്‍ നോട്ടീസ് ബോര്‍ഡിനു മുന്നില്‍ കൂട്ടം കൂടി നിന്നിരുന്ന വിദ്യാര്‍ത്ഥികളുടെ പിന്നില്‍ ചെന്ന് ഞങ്ങള്‍ നോക്കി. നമ്മുടെ കോളേജിന്റെ അന്തസ്സിനും സല്‍പേരിനും കളങ്കം വരുത്തിവച്ച സേതുമാധവനെയും ഫ്രാന്‍സിസ് ജോണിനെയും സസ്‌പെന്‍ഡു ചെയ്തിരിക്കുന്നതായി ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാമ്പസ്സിനുള്ളില്‍ തന്നെയുള്ള ഹോസ്റ്റലിലേക്ക് അതിവേഗം നടന്നു. വാര്‍ഡന്‍ ഞങ്ങളെതന്നെ കാത്തു നിന്നിരുന്നു. അവിടെ നിന്നും ഞങ്ങള്‍ ബഹിഷ്‌കൃതരായി.
വിദ്യാര്‍ത്ഥിനികള്‍ ബഹുഭൂരിപക്ഷവും ഞങ്ങളെ ബഹിഷ്‌കരിച്ചിരുന്നു. അവര്‍ ഞങ്ങളെ കാണുമ്പോള്‍ അവര്‍ അടക്കം പറഞ്ഞ് ചിരിച്ചു. ഫ്രാന്‍സിസിന്റെ കാമുകി ആനി മാത്രം ഞങ്ങളെ കൈവെടിഞ്ഞില്ല.  അവളോടി വന്ന് ഞങ്ങളോട് സഹതാപം പ്രകടിപ്പിച്ചു. അവള്‍ സുന്ദരിയായിരുന്നു. ആരെയും കൂസാത്ത പ്രകൃതമായിരുന്നു. നന്നായി പഠിച്ചിരുന്നതുകൊണ്ട് അദ്ധ്യാപകരുടെ കണ്ണിലുണ്ണിയുമായിരുന്നു. സ്റ്റേജില്‍ കയറി സഭാകമ്പമില്ലാതെ ഇംഗ്ലീഷിലും മലയാളിത്തിലും നന്നായി പ്രസംഗിക്കുമായിരുന്നു.
മറ്റൊരു സംഭവം കൂടി തന്റെ മനസ്സിലോടിയെത്തി. ഓണം അവധിക്കാലത്ത് ഫ്രാന്‍സിസും ആനിയും കൊടെക്കനാലില്‍ പോയി താമസിച്ച വാര്‍ത്ത എങ്ങിനെയൊ കോളേജില്‍ പരസ്യമായി. സഹപാഠികളുടെ ഹാസ്യശരങ്ങളും കുത്തുവാക്കുകളും കേട്ട് സഹികെട്ട് ആനി ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ കൂടിനിന്നിരുന്ന ഒരു സദസ്സില്‍ ചെന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ശരിയാണ്. ഞാനും ഫ്രാന്‍സിസും ഒരുമിച്ചാണ് കൊടെക്കനാലില്‍ പോയത്. ഒരു മുറിയിലാണ് താമസിച്ചത്. ഒരു കട്ടിലിലാണ് കിടന്നത്. ഇനിയും വല്ലതും അറിയണോ ഫൂള്‍സ്. ഇഫ് ബോത്ത് പാര്‍ട്ടീസ് ആര്‍ വില്ലിംഗ് മെനിതിംഗ്‌സ വില്‍ ടേക് പ്ലേസ്. പിന്നെ എല്ലാവരും കാണ്‍കെ ഫ്രാന്‍സിസിനെ കെട്ടിപുണര്‍ന്ന് കവിളില്‍ ഒരു ചുംബനവും. എല്ലാവരും അന്ധാളിച്ച് നോക്കി നില്‍ക്കെ അവന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ കയറി അവര്‍ പോയി. അതോടെ അടക്കം പറച്ചിലും കുശുകുശുക്കലും നിന്നു. അന്നു മുതല്‍ ആനിക്ക് ഉണ്ണിയാര്‍ച്ചയെന്ന ഓമനപ്പേരും വീണു.

ഞാന്‍ ഇടതുപക്ഷെ വിദ്യാര്‍്തഥി സംഘടനയിലെയും ഫ്രാന്‍സിസ് എതിര്‍ സംഘടനയിലെയും അംഗങ്ങളായിരുന്നു. രണ്ടു സംഘടനകളും ഞങ്ങളെ കൈവെടിഞ്ഞു. തിരികെ ക്ലാസ്സില്‍ പ്രവേശിക്കുവാനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഗത്യന്തരമില്ലാതെ ഞങ്ങള്‍ക്ക് രക്ഷിതാക്കളെ അഭയം പ്രാപിക്കേണ്ടിവന്നു. അവര്‍ പ്രിന്‍സിപ്പലിന്റെ മുന്നില്‍ താണു വീണപേക്ഷിച്ചു. പ്രിന്‍സിപ്പല്‍ ഞങ്ങളെ അവരുടെ മുന്നില്‍ നിര്‍ത്തിപ്പൊരിച്ചു. ഏതൊ സിനിമയില്‍ കണ്ടതോര്‍ത്തിട്ടാകാം. അവര്‍ ഞങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ തന്നെയാണൊയെന്നാരാഞ്ഞു. ഇനിയൊരുതെറ്റും ഉണ്ടാവില്ലെന്ന ഉറപ്പ് എഴുതിക്കൊടുത്തു. ഒരു വിധം ഞങ്ങള്‍ രണ്ടു പേരും മൂന്നാം ക്ലാസ്സോടെ നിയമബിരുദം കൈക്കലാക്കി.

യാത്രാവിമാനം വന്നിറങ്ങുന്നതിന്റെ അറിയിപ്പു കേട്ടാണ് ഞാന്‍ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്. പ്രത്യേക അനുമതി വാങ്ങിയിരുന്നതു കൊണ്ട് യാത്രക്കാര്‍ വിമാനം ഇറങ്ങിവരുന്ന കവാടത്തിനു മുന്നില്‍തന്നെ ഞാന്‍ ഫ്രാന്‍സിസിനെ നോക്കിനിന്നു. അവസാനമാണ് റവ.ഫാദര്‍ ഫ്രാന്‍സിസ് ജോണ്‍ എന്നെഴുതിയ ബോര്‍ഡ് പൊക്കിപിടിച്ചുകൊണ്ട് അവന്‍ വന്നെത്തിയത്. ഞാന്‍ സൂക്ഷിച്ചുനോക്കി. അതെ, അവന്‍ തന്നെ. ഓടിച്ചെന്ന് അവനെ മാറോടണച്ചു. ഹസ്തദാനം ചെയ്തു. കുറച്ചുനേരം ഞങ്ങള്‍ നിശ്ശബ്ദരായി മുഖാമുഖം നോക്കിനിന്നു. അവന്‍ പട്ടം സ്വീകരിച്ചതിനുശേഷം ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുകയായിരുന്നു. പതിനൊന്നു വര്‍ഷം പിന്നിട്ടിരിക്കുന്നു. അവനില്‍ ഒരു മാറ്റവും വന്നതായി എനിക്ക് തോന്നിയില്ല. കടിച്ചിട്ടില്ല. കുടവയറില്ല. നരച്ചിട്ടില്ല. എന്റെ സ്ഥിതി നേരെ മറിച്ചാണ്. ഒരു ചുടു കാപ്പി കുടിക്കുവാനായി ഞങ്ങള്‍  ഏറോഡ്രോമില്‍ തന്നെയുള്ള സ്റ്റാര്‍ ബക്ക്‌സില്‍ കയറി. ബാഗേജ് എടുക്കേണ്ടയിടത്തിലേക്ക് തിരിയുമ്പോള്‍ അവന്‍ വിലക്കി: വേണ്ട. ഈ തോളില്‍ ഇട്ടിരിക്കുന്ന ബാഗില്‍ എല്ലാമുണ്ട്. എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. പാതിരയായതുകൊണ്ട് തെരുവുകള്‍ വിജനമായിരുന്നു. നാല്‍പതുമിനിറ്റുകൊണ്ട് ഞങ്ങള്‍ എന്റെ ഫഌറ്റിലെത്തി. ഡ്രൈവ് ചെയ്യുന്നതിനിടെ ഞാന്‍ പഴയ സഹപാഠികളെക്കുറിച്ച് തിരക്കി. ഒരാള്‍ കാര്‍ ആക്‌സിഡണ്ടിലും മറ്റൊരാള്‍ കാന്‍സര്‍ പിടിപെട്ടും മരിച്ചുയെന്ന ദുഃഖവാര്‍ത്ത ഞാനറിഞ്ഞിരുന്നില്ല. സഹപാഠികളില്‍ ജയകൃഷ്ണന്‍ മജിസ്‌ട്രേറ്റായി. ബിന്ദു മേനോനും സ്റ്റാന്‍ലി ഫെര്‍ണാണ്ടസും ഗവണ്‍മെന്റ് പ്ലീഡര്‍മാരായി. അങ്ങിനെ പോയി സഹപാഠികളുടെ കഥകള്‍.

അവനുള്ള മുറി ഞാന്‍ തയ്യാറാക്കിയിരുന്നു. അത്താഴം കരുതിയിരുന്നു. ഉറക്കവും യാത്രാക്ഷീണവും അവനെ അവശനാക്കിയിരുന്നു. ഭക്ഷണം കഴിയാതെ അവന്‍ ഉറക്കത്തിന് തയ്യാറെടുത്തു. ഞാന്‍ നോക്കിനില്‍ക്കെത്തന്നെ മൂടി പുതച്ചുകിടന്നുകൊണ്ട് അവന്‍ പറഞ്ഞു: ഇനിയെല്ലാം നാളെ. താംഗ്‌സ് ഫോര്‍ എവരിത്തിംഗ്. ഗുഡ്‌നൈറ്റ്. കിടന്നതും അവന്‍ ഉറങ്ങി ഉറക്കെ കൂര്‍ക്കം  വലിച്ചു.

രണ്ട്
ലൊ കോളേജില്‍ നിന്നും പോന്ന ശേഷം ഒന്നൊ രണ്ടൊ തവണ മാത്രമേ നാം തമ്മില്‍ കണ്ടിട്ടുള്ളൂ. പ്രഭാതത്തില്‍ ഡൈനിംഗ് ടേബിളിനരികിലിരുന്ന് ചുടുചായ നുകരുന്നതിനിടയില്‍ ഫ്രാന്‍സിസ്  പറഞ്ഞു.
ആനിയുടെ വിവാഹത്തിനല്ലെ നമ്മള്‍ അവസാനമായി കണ്ടത് ഞാനോര്‍മ്മിപ്പിച്ചു.
അതെ. നിനക്കറിയാമല്ലോ. അതിനുശേഷം എന്റെ ജീവിതഗതിതന്നെ ആകെ മാറി. ആനിയുടെ തീരുമാനം എനിക്കേറ്റ വലിയ പ്രഹരമായിരുന്നു. ആത്മഹത്യ ഭീരുത്വമാണെന്നെനിക്കറിയാമായിരുന്നു. ഞാന്‍ പ്രാക്ടീസ് ആരംഭിച്ചിരുന്നെയുള്ളൂ. വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു. സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ ഞാന്‍ തെരഞ്ഞെടുത്ത ജീവിതപാത മാതാപിതാക്കളെ അറിയിച്ചു. തികഞ്ഞ മതവിശ്വാസികളായ അവര്‍ക്ക് മറിച്ചൊന്നും എന്നോട് പറയുവാനുണ്ടായിരുന്നില്ല. അന്നെനിക്ക് ഇരുപത്തിനാലു വയസ്സായിരുന്നു. പതിനാറു വര്‍ഷം പിന്നിട്ടിരിക്കുന്നു അയാള്‍ പെട്ടെന്ന് നിശ്ശബ്ദനായി. എന്റെ മനസ്സും കുറച്ചുപുറകോട്ടുപോയി. അവന്‍ ആലുവ സെമിനാരിയില്‍ വൈദിക പഠനത്തിനുചേര്‍ന്നതും, പട്ടം ലഭിച്ചതും ബീഹാറിലെ ആദിവാസി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടെ സേവനത്തിനു നിയോഗിക്കപ്പെട്ടതും, അവന്റെ ഉറ്റ സുഹൃത്തുക്കളായ ചുരുക്കം പേര്‍ക്കെ അറിയാമായിരുന്നുള്ളൂ. ഫ്രാന്‍സിസ് ദൈവ വിശ്വാസിയായിരുന്നില്ല.

ഫ്രാന്‍സിസ് തുടര്‍ന്നു: എന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്കേറെ ആത്മസംതൃപ്തിയുണ്ട്. ബീഹാറിലെ ആദിവാസി ഗോത്രവര്‍ഗ്ഗക്കാരുടെ കൂടെ കഴിഞ്ഞ പത്തു കൊല്ലമായി ഞാന്‍ ജീവിക്കുന്നു. പോഷകാഹാരക്കുറവു മൂലം മരണ വക്ത്രത്തില്‍ കിടന്ന് പിടഞ്ഞിരുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും, വസ്ത്രവും, മരുന്നുകളും നല്‍കുവാന്‍ എനിക്ക് കഴിഞ്ഞു. പട്ടിണിയും പരിവട്ടവും കാര്‍ന്നുതിന്ന, ചലശേഷി നഷ്ടപ്പെട്ട വൃദ്ധരെ താഴ് വാരത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുവാന്‍ കഴിഞ്ഞു. നിരക്ഷരരായ ആദിവാസികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിച്ചു. എഴുത്തും വായനയും പഠിപ്പിച്ച് അറിവിന്റെ പുതിയ ലോകത്തേക്ക് അവരെ ആനയിച്ചു. രണ്ടുമൂന്ന് പ്രാഥമിക വിദ്യാലയങ്ങള്‍ കോളനികള്‍ക്കുള്ളില്‍ തന്നെ പണിതു. പാട്‌നയില്‍ നിന്നും സേവനസന്നദ്ധരായ കോളേജുവിദ്യാര്‍ത്ഥികള്‍ ഒഴിവു ദിവസങ്ങളില്‍ വന്ന് കോളനിയിലെ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. സേവനതല്‍പരരയാ ഡോക്ടര്‍മാര്‍ ഡോ.സെന്നിന്റെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചകളിലും കോളനികള്‍ സന്ദര്‍ശിച്ച് വൈദ്യപരിശോധന നടത്തി. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി  മരുന്നും നല്‍കി. ഇതെല്ലാം ഭരണകൂടത്തിന്റെ പ്രാഥമിക ചുമതലകളാണെന്നു പോലും പ്രാദേശിക അധികാരികള്‍ക്ക് അറിയാമായിരുന്നില്ല.

ഫ്രാന്‍സിസ് നിറുത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു: നമുക്കൊന്ന് പുറത്തിറങ്ങേണ്ടെ?
ഫ്രാന്‍സിസ് സമ്മതിച്ചില്ല: വേണ്ട ഇന്നു മുഴുവന്‍ എനിക്ക് റസ്റ്റ് ചെയ്യണം. നമ്മള്‍ തമ്മില്‍ പിരിഞ്ഞകാലത്തെ എന്റെ മുഴുവന്‍ കഥയും നീ കേള്‍ക്കണം.
തുടരും....)

 ധര്‍മ്മസങ്കടങ്ങള്‍-( കഥ: എന്‍.കെ. കണ്ണന്‍മേനോന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക