Image

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി; ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയിലേക്ക്

Published on 06 October, 2018
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി; ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയിലേക്ക്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിനെ ഇന്ന് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ വാങ്ങാതിരുന്നതോടെ റിമാന്‍ഡില്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് പാലാ സബ് ജയിലില്‍ അദ്ദേഹത്തെ തിരികെ പ്രവേശിപ്പിച്ചു

കന്യാസ്ത്രീയുടെ പരാതിയില്‍ സെപ്തംബര്‍ 21ന് അറസ്റ്റിലായ ബിഷപ്പിനെ പിറ്റേന്ന് പോലീസ് കോടതിയില്‍ ഹാജരാക്കുകയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് 24 മുതല്‍ റിമാന്‍ഡിലാണ് ബിഷപ്പ് ഫ്രാങ്കോ. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ആദ്യഘട്ടത്തില്‍ മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, ജാമ്യാപേക്ഷയുമായി ബിഷപ്പ് അടുത്തയാഴ്ച വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെതിരെ ഹൈക്കോടതിയെ ഒരിക്കല്‍ കൂടി സമീപിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക