Image

ഗുജറാത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്ക്‌ നേരെ വ്യാപക അക്രമം; 180 പേരെ അറസ്റ്റ്‌ ചെയ്‌തു

Published on 07 October, 2018
ഗുജറാത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്ക്‌ നേരെ വ്യാപക അക്രമം; 180 പേരെ അറസ്റ്റ്‌ ചെയ്‌തു


ഗുജറാത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്‌ നേരെ വ്യാപക ആക്രമണം. ബിഹാര്‍, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളിലെ തൊഴിലാളികളെ തുരത്തി ഓടിക്കുകയാണ്‌ പ്രക്ഷോഭകരുടെ ലക്ഷ്യം.



ആക്രമണങ്ങളെ തുടര്‍ന്ന്‌ ഇവര്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. കഴിഞ്ഞ ആഴ്‌ച സംസ്ഥാനത്തെ സബര്‍കന്ത ജില്ലയില്‍ ബിഹാര്‍ തൊഴിലാളി 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കിയതിതില്‍ പ്രതിഷേധിച്ചാണ്‌ ഇതര സംസ്ഥാനക്കാര്‍ക്കെതിരേ വ്യാപക അക്രമം അഴിച്ചുവിടുന്നത്‌. വര്‍ഷങ്ങളായി ഗുജറാത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്‌ സ്വന്തം സംസ്ഥാനങ്ങളിലേക്ക്‌ മടങ്ങിപ്പോവാന്‍ നിര്‍ബന്ധിതരാവുന്നത്‌.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്‌ നേരെ ബുധനാഴ്‌ച ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്‌. ഗാന്ധിനഗര്‍, അഹമ്മദാബാദ്‌, പാടന്‍, സബര്‍കന്ത, മെഹ്‌സാന എന്നീ അഞ്ചു ജില്ലകളിലായി 180 പേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

കലാപമുണ്ടാക്കല്‍, പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുക എന്നീ കുറ്റം ചുമത്തി 23പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ്‌ അറിയിച്ചു. മെഹ്‌സാനയിലാണ്‌ ഏറ്റവും മോശപ്പെട്ട സ്ഥിതിഗതിയുണ്ടായത്‌. തൊട്ടുപിന്നാലെ സബര്‍കന്ത, മഹേന്ദ്രസിന്‍ ചാവ്‌ദ മേഖലയിലാണ്‌ വ്യാപക നാശനഷ്ടവും ആക്രമണവും ഉണ്ടായതെന്നും പൊലീസ്‌ വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 28നാണ്‌ ഗുജറാത്തിലെ സബര്‍കന്ത ജില്ലയില്‍ 14 മാസം പ്രായമുള്ള കുഞ്ഞിനെ ബിഹാര്‍ തൊഴിലാളിയായ രവീന്ദ്ര സാഹു എന്നയാള്‍ പീഡനത്തിനിരയാക്കിയത്‌. സംസ്ഥാനത്തെ ഒരു ഫാക്ടറി ജീവനക്കാരനായ ഇയാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. ഇതിനു ശേഷമാണ്‌ ഇതരസംസ്ഥാനക്കാരെ ഓടിക്കാന്‍ സംസ്ഥാനത്ത്‌ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുന്നത്‌. ഠാകുര്‍ സമുദായ വിഭാഗത്തിലുള്ള കുട്ടിയാണ്‌ പീഡനത്തിനിരയായത്‌.

സംഭവത്തെ തുടര്‍ന്ന്‌ സോഷ്യല്‍ മീഡിയയില്‍ ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടുന്ന നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. പിന്നീട്‌ ആക്രമണം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഗുജറാത്ത്‌ വിട്ട്‌ പോകാന്‍ തൊഴിലാളികളോട്‌ ഒരു സംഘം ആളുകള്‍ ഭീഷണി മുഴക്കുന്ന വീഡിയോ ഇതിനോടകം പൊലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌.

പ്രധാനമായും ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ക്ക്‌ നേരെയാണ്‌ അക്രമം നടക്കുന്നത്‌. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം നടത്തുന്ന 70ഓളം ഫെയ്‌സ്‌ബുക്ക്‌ പ്രൊഫൈലുകള്‍ അഹമ്മദാബാദ്‌ സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക