Image

പ്രളയതാണ്ഡവം (ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 07 October, 2018
പ്രളയതാണ്ഡവം (ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)
നിനച്ചിരിക്കാത്തൊരു നേരം
സമസ്തകേരളദേശവും ആഴ്ത്തിയോ
പ്രളയപയോധിയില്‍ !!
സ്വന്തമെന്നോതി പുണര്‍ന്നതെല്ലാം
പ്രളയക്കെടുതി കവര്‍ന്നല്ലോ ദൈവമേ !
കവികള്‍ പുകഴ്ത്തിയ ഹരിതാഭ കേരളം
ശ്മശാനസമാനം ഞൊടിയിടമാത്രയില്‍ !
ജീവനോപായങ്ങള്‍ കൊള്ളയടിച്ചല്ലോ
നിര്‍ദ്ദയം പ്രളയ കരാളമാം കയ്യുകള്‍.
ദുര്‍വൃത്തികൊണ്ട് രമിച്ച് മദിച്ചൊരു
കേരളമക്കള്‍ തന്‍ കണ്മുന്നിലായി
സസ്യശ്യാമള കോമള കേരളം
ഹരിതവര്‍ണ്ണങ്ങളെ കൈവിട്ടരുവിയായ് !
മലനാടിന്‍ മക്കളെ ചേറാലും ചെളിയാലും
ജ്ഞാനസ്‌നാനം ചെയ്യിച്ചല്ലോ വരുണനും.
ജലാഭിഷേകേന നിമ്‌നോന്നതങ്ങളില്‍
ജലദേവതയാടി തിമിര്‍ത്തുല്ലസിച്ചു
കണ്ടു മടുത്തൂ പരിസ്ഥിതിപാലകര്‍
വെട്ടിനിരത്തും നിബിഡ വനങ്ങളെ
വയല്‍വേല, പാടങ്ങളൊക്കെ നിരത്തി,
മാളികമുകളേറിയ മന്നന്മാര്‍
നിലം തൊടാനാവാഞ്ഞ് കേണു വിളിച്ചു
കേരള സ്രഷ്ടാവാം ശ്രീ പരശുരാമനെ
ഖിന്നനാം ദേവന്‍ തരസായിറങ്ങി
കണ്ടു ഹതാശനായ് മലയാളനാടിനെ !
ദൈവത്തിന്‍ സ്വന്തം നാടെന്നൊരു കീര്‍ത്തിയില്‍
ഊറ്റം കൊണ്ടോരു നാടോയിത്!
ഇന്നതിന്‍ നിലയെത്ര പരിതാപപൂരിതം
നിയതി തന്‍ നിശ്ചയം നാമറിയുന്നുവോ?
മഴുവെറിഞ്ഞാഴിയില്‍ നിന്നും നികത്തിയ
ഭൂമിയും വെള്ളത്തില്‍ മുങ്ങി കിടക്കുന്നു
ശാപമോക്ഷം നല്‍കി കാത്തുരക്ഷിക്കണോ,
ശിക്ഷിക്കണോ, ഇവര്‍ പശ്ചാത്തപിക്കുമോ?
ചിന്തിച്ചു ചിന്തിച്ചോരുടയോനും സംസാര
സാഗരമദ്ധ്യേ ആണ്ടു സമാധിയില്‍.

Join WhatsApp News
Amerikkan Mollaakka 2018-10-07 14:39:26
അസ്സലാമു അലൈക്കും ഡോക്ടർ നന്തകുമാർ സാഹിബ്
ഇങ്ങളാ  കബിതയിൽ ഉടയോനെകൊണ്ട്ട്
സംശയിപ്പിക്കുന്ന ഭാഗത്തെക്കുറിച്ച്
ഞമ്മടെ അഭിപ്രായം  അവന്മാരെയൊക്കെ
ശിക്ഷിക്കണമെന്നാണ്. കാടും പടലവും
വെട്ടിവെളുപ്പിച്ച് പുഴയും വറ്റിച്ച്  പ്രളയം
വരെ വരുത്തിയ ഇബി ലീസുകൾ. അവന്മാര്
പരശുരാമനെയൊക്കെ ബിളിക്കുന്നത് കൊള്ളാം
ഓൻ  അവന്മാരുടെ കയ്‌തു ആ മഴുകൊണ്ട്
വെട്ടിയെടുക്കണം. എന്തായാലും അമേരിക്കയിൽ
ഇരുന്നു ഇങ്ങള് നാട്ടിലെ പ്രളയത്തത്തെക്കുറിച്ച്
എയ്തിയ കബിത അർത്ഥസമ്പുഷ്ടമാണ്. മാളിക
പുറത്ത് കയറി നിലം തൊടാനാവാഞ്ഞ അവർക്ക്
നിലത്തേക് ഇറങ്ങാൻ പറ്റാതായി. സാഹിബ് , നന്നായി
എന്ന് ഞ്ഞാമ്മന്റെ ചെറിയ അറിവിൽ തോന്നുന്നു.
നമ്മുടെ വിദ്യാധരൻ സാഹിബും , ശശി സാഹിബും
ആധികാരികമായി അഭിപ്രായം പറയുമെന്ന്
ആശിക്കാം. നല്ല വരികളിൽ ഒന്ന് " നിർദ്ദയം പ്രളയ
കരാളമാം കയ്യുകൾ".
Sudhir Panikkaveetil 2018-10-07 19:00:59
സമകാലിക  വിഷയങ്ങൾ എപ്പോഴും   ഡോക്ടർ നന്ദകുമാർ  എന്ന 
എഴുത്തുകാരനെ ആകർഷിക്കാറുണ്ട് . കവിതയായും  ലേഖനമായും 
അദ്ദേഹം പ്രതികരിക്കുന്നു. വളരെ ശക്തമായി പ്രതിഷേധിക്കേണ്ടി 
വരുമ്പോൾ അദ്ദേഹം കവിത എന്ന മാധ്യമം തിരഞ്ഞെടുക്കുന്നത് 
കാണാം.   തന്റെ നാടിനു  നേരിടേണ്ടി വന്ന 
പ്രകൃതിക്ഷോഭത്തിൽ വിലപിക്കുകയാണ്  അദ്ദേഹം. അതേസമയം 
അതിനുത്തരവാദിയായവർ അവിടത്തെ നിവാസികൾ തന്നെയെന്ന് 
മനസ്സിലാക്കി അവർ പശ്ചാത്തപിക്കേണമെന്ന് നിരൂപിക്കുന്നു. കാരണം ദൈവം 
ആഗ്രഹിക്കുന്നത് അവരുടെ പശ്ചാത്താപമാണ് . എന്നാൽ കവിതയുടെ 
അവസാന വരികൾ വളരെ ഗൗരവതരമായ ഒരു നർമ്മത്തിൽ 
വായനക്കാരനെ എത്തിക്കുന്നു. സമാധി ദൈവവുമായി ഒന്നുചേരുന്ന 
ഒരവസ്ഥയാണ്. അതിനു ധ്യാനവും, ഏകാഗ്രതയുമാവശ്യമാണ്. കവി 
പറയുന്നു ജനങ്ങൾ അവരുടെ മ്ലേച്ഛതരങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു 
ദൈവമോ അവർക്ക് ശിക്ഷ കൊടുക്കണോ, മാപ്പു കൊടുക്കണോ 
എന്നൊക്കെ ആലോച്ചിച് സ്വയം സമാധിയിലാണ്ടുപോകയാണ്. 
അതായത് ജനം നന്നാകാൻ പോകില്ലെന്ന് ഒരു സൂചന. 

വിദ്യാധരൻ 2018-10-07 19:04:19
"മലരണി കാടുകൾ തിങ്ങി വിങ്ങി
മരതക കാന്തിയിൽ മുങ്ങി പൊങ്ങി 
കരളും മിഴിയും കവ൪ന്നു മിന്നി 
കറയറ്റൊരാലസ ഗ്രാമഭംഗി"
കവിത ഞാൻ വായിച്ച നേരമെന്റെ
ഓർമ്മയിലീ വരികൾ പൊന്തി വന്നു
എവിടെപ്പോയി നമ്മുടെ ഗ്രാമെല്ലാം 
എവിടെപ്പോയിയാ ഗ്രാമഭംഗി 
മൊല്ലാക്ക എഴുതിയ വരികളോട് 
ഒന്നുമേ ചേർക്കുവാൻ ഇല്ലെനിക്ക് 
കാടും മരങ്ങളും വെട്ടി മാറ്റി 
മലകൾ ഇടിച്ചു നിരപ്പാക്കി വിറ്റും 
കേരള നാടിനെ  മുഴുവനിന്ന് 
മണലാരണ്യം പോലെയാക്കി മാറ്റി 
തിരയാറുണ്ട് ഞാനെന്റ  കൊച്ചുവീട് 
തിരികെ  ഗ്രാമത്തിൽ ചെല്ലും നേരം 
എന്നാൽ അനുഗ്രഹം നേടി പണ്ട് 
കുചേലൻ വന്നപ്പോൾ പറ്റിയ യപോലെ 
എൻ വീട് എങ്ങോ മറഞ്ഞുപോയി 
കോൺക്രീറ്റ്  വീടിന്റെ കൂനയ്ക്കുള്ളിൽ 
മഴവന്നാൽ ഇടമില്ല ഒഴുകിടുവാൻ 
കീഴോട്ട് താഴാനും നിവൃത്തിയില്ല 
പെട്ടന്ന് പൊങ്ങുന്നു വെള്ളമെങ്ങും 
മുക്കുന്നു ഗ്രാമവും വീടുമെല്ലാം 
ഉരുളുകൾ പൊട്ടുന്നു നഗ്നമായ 
മലകൾ ജലവുമായി പാഞ്ഞിടുന്നു 
എന്ന് മനുഷ്യൻ നിറുത്തിടുമോ 
പ്രകൃതിയെ  ചൂഷണം  ചെയ്യലന്നെ
ആ മടങ്ങുള്ളൂ നന്മ നാട്ടിൽ 
 
Nandakumar chanayil 2018-10-08 19:18:04
Kavitha vayichu vyakhyanam ezhuthiya emalayaleeyile 3 vikhyatharaya vimarshaka prathibhakalkku ente kooppukaiyodeyulla nanni.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക