Image

മോഹം (കവിത: സോയ നായര്‍)

Published on 08 October, 2018
മോഹം (കവിത: സോയ നായര്‍)
ഭൂമിയിലിനി ബാക്കിയുള്ള
എണ്ണപ്പെട്ട ദിനങ്ങളുമെണ്ണി
വിരലുകള്‍ മെല്ലെ മടക്കവെ
എന്നെ കാണാന്‍ വന്നവരുടെ
കൂട്ടത്തില്‍ നിന്നും
അറിയാതെ വന്നൊരു പിന്‍വിളി
കരളിലൊരു കുളിരായ് പെയ്തിറങ്ങീ..
അര്‍ബുദവടുക്കളിലെ
ഉറവവറ്റാത്തൊരരുവിയില്‍
നീര്‍ത്തുള്ളിയായ് പറ്റിച്ചേര്‍ന്ന
പ്രണയം വീണ്ടും എന്റെ
മനസ്സിനെ തഴുകീ..

ഓര്‍മ്മവഴികളില്‍ പിന്തിരിഞ്ഞ് നടക്കവെ
കണ്ടത് വാകപ്പൂമരമായിരുന്നു
ചിരിച്ചും കളിച്ചും ഓടി നടന്നത്
കുസ്യതിക്കാറ്റിനെ തേടിയായിരുന്നു
മൊഴികള്‍ തേടിയത്
വാചാലമായ നിമിഷങ്ങളെ ആയിരുന്നു..
കാത്ത് നിന്ന പകലുകള്‍
രാത്രികളിലേക്ക് ഒളിപ്പിച്ചത്
ഒരായിരം സ്വപ്നങ്ങളായിരുന്നു..
കടല്‍ക്കരയിലെ കുളിര്‍മ്മയുള്ള
അലകള്‍
ചേര്‍ത്ത് വെച്ചത്
നമ്മുടെ നിഴലുകളെയായിരുന്നു
ഒടുവിലീ കൈയും പിടിച്ച്
ഒരു വാക്ക് പറയാന്‍,
ഒരു ചുംബനമധു പകരാന്‍
നീയരികിലിരിക്കുമ്പോള്‍
എണ്ണമില്ലാതാകാന്‍ പോകുന്ന ഈ
എണ്ണപ്പെട്ട ദിനങ്ങള്‍
നീട്ടിക്കിട്ടിയിരുന്നെങ്കില്‍
എന്നൊരു വെറും മോഹം ..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക