Image

ഓര്‍മ്മയിലെ വിദ്യാരംഭങ്ങള്‍ (ദീപ പ്രവീണ്‍)

ദീപ പ്രവീണ്‍ Published on 09 October, 2018
ഓര്‍മ്മയിലെ വിദ്യാരംഭങ്ങള്‍ (ദീപ പ്രവീണ്‍)
ഒരുപാടു ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടേയും കടന്നുപോയിട്ടുണ്ടെങ്കിലും മനസ്സിനോട് ഏറ്റവും അടുത്തു നില്‍ക്കുന്നത് വിദ്യാരംഭവും വിജയദശമിയുമാണ്.

പുസ്തകങ്ങള്‍ക്ക് അവധി നല്‍കുന്ന കേവലം മൂന്ന് ദിവസങ്ങള്‍ മാത്രമായിരുന്നില്ല അത്. കൂട്ടുകാരോടൊപ്പം അമ്പലപ്പറമ്പില്‍ ഓടിക്കളിക്കാം. മതിയാവോളം കാവിലെ കടുംപായസം കഴിക്കാം. പൂജവെപ്പിനായുള്ള പൂക്കള്‍ക്കായി ഏതു വീട്ടിലും കയറിച്ചെല്ലാം. കാശ് കൊടുത്തു പൂക്കള്‍ വാങ്ങാതെ അടുത്ത വീടുകളില്‍ നിന്നും കാവിലേയ്ക്കായി പൂക്കള്‍ ശേഖരിച്ചിരുന്ന ആ കാലത്ത് ആരുടെ പൂക്കുടയിലോ ഇലക്കുമ്പിളിലോ ആണ് ആദ്യം പൂ നിറയുക എന്നതില്‍ മത്സരമായിരുന്നു, ഞാനും പാര്‍വതിയും വിഷ്ണുവും തമ്മില്‍.

നിറയെ പൂക്കളുമായി ചെല്ലുമ്പോള്‍ പൂജാരി ഇലയില്‍ ത്രിമധുരം തരും. പഴവും അവിലും ശര്‍ക്കരയും നെയ്യും പിന്നെ ഏതൊക്കയോ പൂക്കളുടെ തേന്‍ മധുരവും. സാധാരണ കുട്ടികള്‍ക്ക് ഒരിത്തിരി ചന്ദനമോ കുങ്കുമമോ കൈക്കുമ്പിളിലാണ് കിട്ടാറുള്ളത്. അതുകൊണ്ട് തന്നെ ആ തളിരിലയില്‍ കിട്ടുന്ന ഇത്തിരി മധുരമോളം സ്വാദുള്ള ഒന്ന് പിന്നെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടോ എന്ന് സംശയമാണ്.

വഴി മുഴുവന്‍ വാഴപ്പോളയില്‍ കത്തിച്ചുവെച്ച വിളക്കുകള്‍. വിദ്യാരംഭത്തിനായി മാത്രം നീട്ടിക്കെട്ടിയ പുതിയ വിളക്കുമരങ്ങള്‍. അതുകൊണ്ട്, സന്ധ്യയിലും അമ്പലത്തിന്റെ അതുവരെ ഇരുളടഞ്ഞിരുന്ന കിഴക്കേഭാഗത്തെ നാട്ടുവഴികള്‍ നിലാവുമായി ചേര്‍ന്ന വെളിച്ചത്തില്‍ മയങ്ങി കിടക്കും. റബ്ബര്‍ കാടുകളില്‍ നിന്ന് ഒഴുകി വരുന്ന ഇളം തണുപ്പുള്ള മഞ്ഞില്‍ ഞങ്ങള്‍ കുട്ടികള്‍ അമ്പലത്തിലെ കല്‍വിളക്കില്‍ എണ്ണയും തിരിയും പകരും. അല്ലെങ്കില്‍ ദീപാരാധനയ്ക്ക് മുന്‍പേ വീട്ടില്‍ കയറേണ്ട നിയമം വിദ്യാരംഭ ദിവസങ്ങള്‍ക്ക് ബാധകമല്ല. അതുകൊണ്ടു തന്നെ ഓണത്തിനു കിട്ടിയ പട്ടുപാവാടകളും കൈയിലെ കുപ്പിവളകളും നിറയെ കിലുക്കമുള്ള കൊലുസ്സും ആ ദിവസങ്ങളുടെ സ്വകാര്യ സന്തോഷങ്ങളാവും. എന്നുമുള്ള യൂണിഫോമില്‍ നിന്ന് ഒരു മോചനം. 'ആയിഗിരി നന്ദിനിയും', ആംബ സംബവിയും നിറയുന്ന സന്ധ്യകള്‍.

പൂജവെയ്ക്കാനുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ഉണ്ട് ശ്രദ്ധ. പാര്‍വതിയുമായി നീളുന്ന നീണ്ട ചര്‍ച്ചകളും. പാറു ഇപ്പോഴും വിഷമം പിടിച്ച കണക്കുപുസ്തകമാവും പൂജവയ്ക്കാനായി ഒരുക്കുക. ഞാന്‍ എന്റെ ഒന്നും എഴുതാത്ത ഒരു നോട്ട്പുസ്തകം അടുത്ത ഒരു വര്‍ഷത്തെ കുത്തിക്കുറിക്കലിനു വേണ്ടിയുള്ളത്. (ഒരു പട്ടു പാവാടക്കാരിയില്‍ നിന്നു വളര്‍ന്നിട്ടും ഒരുപാട് വര്‍ഷങ്ങള്‍ പിന്നെയും അങ്ങനെ ഒരു നോട്ടുപുസ്തകം പൂജയ്ക്ക് വെയ്ക്കുമായിരുന്നു. ഒരു വരി പോലും അതില്‍ കുറിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിലും). 
പുസ്തകങ്ങള്‍ പൊതിയുന്നതും എത്ര ശ്രദ്ധയോടെ ആയിരുന്നു ? പുതിയ പത്ര കടലാസിലോ, ബ്രൗണ്‍ പേപ്പറിലോ അരികു ചുളിയാതെ പൊതിഞ്ഞു അതിനു മുകളില്‍ വൃത്തിയായി പേര് എഴുതി അമ്പലത്തില്‍ കൊണ്ടേ കൊടുക്കും, പിറ്റേന്ന് ശ്രീ കോവിലിനു പ്രദക്ഷിണം വയ്ക്കുമ്പോള്‍ കണ്ണ് പൂജക്ക് ഇരിക്കുന്ന പുസ്തക കൂമ്പാരങ്ങളില്‍ നിന്ന് എന്റെ പൊതിയെ തേടുകയാവും.

പിറ്റേന്നു പുസ്തകം കിട്ടുമ്പോള്‍ അതില്‍ ഒരു കുങ്കുമപ്പൊട്ടു കാണും. ചന്ദനത്തിന്റെയും പൂക്കളുടെയും മണം. ആ അമ്പലപ്പറമ്പില്‍ പൂഴിമണലില്‍ 'ഹരി:ശ്രീ എഴുതും' അപ്പോള്‍ കാണാം ആനക്കൊട്ടിലില്‍ ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങളുടെ നീണ്ടനിര. അറിവാണ് പരമമായ സത്യം. അതിനു തുടക്കം കുറിക്കുന്നത് അമ്മയുടെ വയറ്റില്‍ നിന്ന് തന്നെ എന്ന് ശാസ്ത്രങ്ങള്‍ പറയുന്നു. എന്നാല്‍ അറിവാണു മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ കാതല്‍. അവന്റെ കുതിപ്പും കിതപ്പും അവന്‍ ആര്‍ജിക്കുന്ന അറിവിന്റെ സന്തതിയാണ്.

'വാങ് മേ മനസി പ്രതിഷ്ഠിതാ 
മനോ മേ വാചി പ്രതിഷ്ഠിത
ആവിരാവീര്‍മ ഏധി ..
വേദസ്യ മ ആണീസ്ഥഃ 
ശ്രുതം മേ മാ പ്രഹാസീ
അനേനാധീതേനാഹോരാത്രാന്‍ സന്ദധാമ്യൃതം വദിഷ്യാമി സത്യം വദിഷ്യാമി .. തന്മാമവതു തദ്വക്താരമവത്വവതു മാമവതു വക്താരമവതു വക്താരം ..

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'

എന്റെ വാക്ക് മനസ്സില്‍ ഉറക്കണ്ണേ, എന്റെ മനസ്സ് വാക്കില്‍ ഉറക്കണ്ണേ, വെളിവേ വെളിവായി വരികെനിയ്ക്ക്. അല്ലയോ വാക്കേ മനസ്സേ നിങ്ങള്‍ വേദമെനിക്കാനായിപ്പോരക... ഇങ്ങനെ ഉളള പഠിപ്പിനാലേ പകലിരവൊടുമിണക്കിടുന്നേന്‍. ഋതം പറയു വേ ന്‍, സത്യം പറയുവേന്‍. ...'

തെളിമയുള്ള വാക്കു, തെളിമയുള്ള ചിന്ത, അതാണ് മനസ്സില്‍ ഉറക്കേണ്ടത്. ആ അറിവ് മനനം ചെയ്താവണം ഞാന്‍ സത്യത്തെയും മിഥ്യയെയും തിരിച്ചറിയേണ്ടത്. ആ സത്യം പറയാനുള്ള ആര്‍ജവം നീ എനിക്ക് തരിക.

എന്റെ സത്യത്തിനു വേണ്ടി എനിക്ക് നിലകൊള്ളാന്‍ കഴിയണം എന്ന പ്രധാനയോളം സുന്ദരവും അര്‍ത്ഥവത്തുമാതു മറ്റെന്തുണ്ട് ?

അതുകൊണ്ട് തന്നെ 'അറിവിന്റെ അനന്തസാഗരത്തില്‍ നിന്ന് തനിക്കു വേണ്ടത്, ഏറ്റവും ഉചിതമായതു തന്നെ തേടിയെത്തേണമേ' എന്ന പ്രാര്‍ഥനയ്ക്ക് വളരെ പ്രസക്തിയുണ്ട്.

നമുക്ക് മാത്രമല്ല മറ്റു സംസ്‌കാരങ്ങളിലും ഇതിനു സമാനമായ രൂപങ്ങള്‍ കാണാം. ഉദാഹരണത്തിന് വിയറ്റ്‌നാമില്‍ ബലൂണുകളും പൂക്കളുമായി ഒരു ദിവസം തന്നെ കുട്ടികള്‍ക്കായി മാറ്റിവെയ്കുന്നു. ഇന്തൊനേഷ്യയിലെ ബാലിയില്‍ ബാലിനീസുകാര്‍ സരസ്വതീ ദിവസം ആചരിക്കുന്നു.

അറിവിന്റെ ചുവടുവെപ്പുകള്‍ പിഴയ്ക്കാതിരിക്കാനുള്ള പ്രാര്‍ഥനകള്‍. പലരും പലരൂപത്തിലും ഭാവത്തിലും അറിവിനായി പ്രാര്‍ഥിക്കുന്നു എന്ന് മാത്രം.

ഓര്‍മ്മയിലെ വിദ്യാരംഭങ്ങള്‍ (ദീപ പ്രവീണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക