Image

നീലനിറമുള്ള പാപ്പാത്തികള്‍ (മിനി വിശ്വനാഥന്‍ )

മിനി വിശ്വനാഥന്‍ Published on 09 October, 2018
നീലനിറമുള്ള  പാപ്പാത്തികള്‍ (മിനി വിശ്വനാഥന്‍ )
നീലനിറമുള്ള കുറെ പാപ്പാത്തികള്‍ അവളുടെ വീടിന് പുറത്ത് എപ്പോഴും പാറിക്കളിക്കുമായിരുന്നെന്ന് അവള്‍ പെട്ടെന്ന് ഓര്‍ത്തു.

ആ പാപ്പാത്തിക്കൂട്ടങ്ങള്‍ മുറ്റത്തെ മന്ദാരച്ചെടിയിലും കനകാംബരക്കൂട്ടങ്ങള്‍ക്കിടയിലും പാറി നടന്ന് കുറ്റിമുല്ലച്ചെടികള്‍ക്കിടയിലൂടെ പറന്ന് ആകാശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് മായുമായിരുന്നു. മഞ്ഞ നിറമുള്ള സൂര്യന്‍ ചാഞ്ഞ് ചാഞ്ഞ് വന്ന് ചെമ്പരത്തിവേലിയും കടന്ന് ഗുളികത്തറയിലൂടെ പടിഞ്ഞാറ് ഭാഗത്തെ പാലമരത്തില്‍ ചെന്നവസാനിച്ചു.എല്ലാ ദിവസവും ഒരേ സമയത്ത് പറന്നു വരുന്ന ആ പാപ്പാത്തികള്‍ എന്നുമെന്നും അവളില്‍ സങ്കടമുണര്‍ത്തിയിരുന്നു. ഓര്‍മ്മകളില്‍ നിന്ന് ഓര്‍മ്മകളിലേക്ക് മനസ് പായുമ്പോഴൊക്കെ ആ പാപ്പാത്തിക്കൂട്ടം അവളെ അനുഗമിച്ചിരുന്നു.

അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണി യില്‍ നിന്ന് നോക്കിയാല്‍ കാണുന്ന മഞ്ഞ നിറമുള്ള ഇലകള്‍ നിറഞ്ഞ ആ ഒറ്റമരത്തിന്റെ കാഴ്ച എന്നും അവളെ അലോസരപ്പെടുത്തി .പണ്ട് അവളില്‍ നിന്ന് പറന്ന് നീങ്ങിയ പാപ്പാത്തികളെ ഓര്‍മ്മിപ്പിച്ചു അത്.കിണറ്റിലേക്ക് വേഗത്തില്‍ വീഴുന്ന ബക്കറ്റിന്റെ ശബ്ദത്തോടൊപ്പം വെള്ളം നിറഞ്ഞ ബക്കറ്റ് വലിച്ച് കയറ്റുമ്പോള്‍ കൈയിലുരഞ്ഞ് വേദനിപ്പിക്കുന്ന കയറിന്റെ ഓര്‍മ്മകള്‍ എപ്പോഴും അതുമായി ഇഴചേര്‍ന്നു.
അവളുടെ ഓര്‍മ്മകള്‍ പലപ്പോഴും അങ്ങനെയായിരുന്നു.രണ്ടു വശത്തും മുടി മുറുക്കിപിന്നി സ്‌കൂള്‍ ബസിനെ നോക്കി ഓടുന്ന അടുത്ത വീട്ടിലെ കുട്ടി അവളിലുണര്‍ത്തുന്നത് കതിര് പൊട്ടിയ നെല്‍വയലുകളില്‍ നിന്ന് ഉയരുന്ന കാറ്റിന്റെ ചളിമണമായിരുന്നു.

ചെറിയ ആ ബാല്‍ക്കണിയില്‍ നിന്ന് പുറത്ത് കാണുന്നതായിരുന്നു അവളുടെ ഇപ്പോഴത്തെ ലോകം.പാല്‍ക്കാരന്റെ സൈക്കിള്‍ ഉരുണ്ട് നീങ്ങുന്നതിനൊപ്പം തന്നെ പച്ചക്കറിക്കാരന്റെ ഉന്ത് വണ്ടി കടന്ന് വന്ന് മുന്‍വശത്തെ ചെറിയ ചായക്കടയുടെ കാഴ്ച പകുതി മായ്കും.ചെറിയ തോള്‍മാറാപ്പുകളുമായി വേഗത്തില്‍ നടന്ന് നീങ്ങുന്ന ബായിമാരുടെ കാല്‍ മണികളുടെ താളത്തിനൊത്ത് തലയിരിക്കുന്ന ചെമ്പ് കുടങ്ങളില്‍ നിന്ന് വെള്ളം തുളുമ്പിത്തെറിക്കുന്നുണ്ടായിരുന്നു. എച്ചില്‍ പാത്രങ്ങള്‍ നിറഞ്ഞ സിങ്കുകളായിരിക്കും അവരെ കാത്തിരിക്കുന്നതെന്നറിയാമായിരുന്നിട്ടും അവര്‍ പ്രസരിപ്പോടെ വേഗത്തില്‍ നടന്നു നീങ്ങി.. അവരെയോര്‍ത്ത് സങ്കടപ്പെടാനാരെങ്കിലും ഉണ്ടായിരിക്കുമോ? ഇന്നലെ വന്ന അമ്മയുടെ എഴുത്തിലും നിറയെ വേവലാതികളായിരുന്നു. എഴുതി തീര്‍ക്കാനുള്ള പരീക്ഷകളെക്കുറിച്ച് അച്ഛനും .

പലചരക്കുകടയില്‍ തൂങ്ങിക്കിടക്കുന്ന അഗര്‍ബത്തി മാലകളും മസാല പാക്കറ്റുകളും അമ്മയുടെ അടുക്കളയിലെ പുക പിടിച്ച മൂലയില്‍ ഉമിനിറച്ച പാത്രത്തിലെ കോഴിമുട്ടകളെ ഓര്‍മ്മിപ്പിച്ചു. തൊട്ടടുത്ത ഇറച്ചിക്കടയില്‍ കൂട്ടില്‍ വെറുതെ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികളുടെ നിസ്സഹായമായ കണ്ണുകളുമായി അറിയാതെ ഒരു നിമിഷമൊന്നിടഞ്ഞു. 

കഴുത്തില്‍ കറുത്ത നൂലില്‍ ദൈവത്തിന്റെ പടമുള്ള വലിയ ഒരു ലോക്കറ്റ് കെട്ടിത്തൂക്കിയ ചെറുക്കന്‍ കോഴികളോട് എന്തൊക്കെയോ സംസാരിക്കുന്നത് അവളുടെ കണ്ണില്‍ പെട്ടു .അവനാണ് ആ കടയുടെ സൂക്ഷിപ്പുകാരന്‍. കോഴിത്തൂവലുകളൊന്നും പുറത്ത് പറക്കാനനുവദിക്കാതെ അവന്‍ ആ കട എന്നും വൃത്തിയായി സൂക്ഷിക്കാറുണ്ട്. ചെറിയ ഒരു പാത്രത്തില്‍ വെള്ളം റോഡിലേക്കും കോഴിക്കൂട്ടിലേക്കും പാറ്റി ഒഴിക്കുന്നത് അവന്റെ വിനോദങ്ങളിലൊന്നായിരുന്നു. കോഴികള്‍ വെള്ളം ശരീരത്തില്‍ വീഴുമ്പോള്‍ ചിലച്ച് ശബ്ദമുണ്ടാക്കി വശങ്ങളിലേക്ക് ഒതുങ്ങും. ചിലപ്പോഴൊക്കെ തിന നിറച്ച പാത്രങ്ങള്‍ കൂടുകളില്‍ നിന്ന് കൂടുകളിലേക്ക് മാറ്റി സ്ഥാപിക്കുന്നതും അവന്റെ ഒരു വിനോദമാണെന്ന് അവള്‍ക്ക് മനസ്സിലായി. ആകാശത്തേക്ക് നോക്കി ഏതോ ഒരു നാടോടി ഗാനം മൂളി അവന്‍ നിശ്ചലനായിരിക്കും ചിലപ്പോള്‍... 

ഓരോ കസ്റ്റമര്‍ വരുമ്പോഴും അവന്റെ മുഖഭാവം മാറും ഗൗരവക്കാരനായി കൈയിലുള്ള വലിയ വടി അവന്റെ ഇരിപ്പിടത്തില്‍ സ്ഥാപിച്ച് കൂട്ടത്തിലൊരു കോഴിയെയും തൂക്കി അകത്ത് പോലും. ഒരു പാട് ചോദ്യോത്തരങ്ങളില്ലാതെ തന്നെ. 

മരണപിടച്ചിലിനോടൊപ്പമുള്ള കോഴിയുടെ കാറല്‍ പെട്ടെന്നവളെ വീട്ടിലെ പശുത്തൊഴുത്തിലെ ചാണകമണത്തിലാഴ്ത്തി... തെരുവിന്റെ വീതി അത്രയും കുറവാണെന്ന് അവളെ ഓര്‍മ്മിപ്പിച്ചു ചെവിയിലാഴ്ന്നിറങ്ങിയ കോഴിയുടെ പിടച്ചില്‍ ശബ്ദത്തോട് ചേര്‍ന്ന ചിറകടികള്‍.
നിമിഷങ്ങള്‍ക്കകം ഇത്രയും നേരം അവനോട് മിണ്ടിപ്പറഞ്ഞ ആ കോഴികളിലൊന്നിനെ ഇറച്ചിക്കഷണങ്ങളാക്കി കസ്റ്റമര്‍ക്ക് നേരെ നീട്ടും. പാക്കറ്റ് കൈമാറുന്നതിന് മുന്‍പ് അവന്‍ കാശു വാങ്ങിയിരിക്കും. എന്നാല്‍ കോഴിയെ കാലുകളില്‍ തൂക്കി അകത്തേക്ക് കൊണ്ടു പോവുന്ന സമയത്ത് തൂക്കം വിളിച്ച് പറയുകല്ലാതെ കാശ് വാങ്ങാറില്ല അവന്‍.
അടുത്ത നിമിഷം തന്നെ ഇതൊന്നും ചെയ്ത് തീര്‍ത്തത് അവനല്ലെന്ന ഭാവത്തില്‍ കോഴിക്കൂട്ടിലേക്ക് കൈയിലെ വടിയിട്ടിളക്കി അവരോട് കിന്നാരിക്കുകയും ചെയ്യും. പടപടാ ന്ന് ശബ്ദമുണ്ടാക്കുന്ന ഒരു മോപ്പഡില്‍ അധികഭാരം കൊണ്ട് ശ്വാസം മുട്ടുന്ന അവന്റെ മുതലാളി വന്നാല്‍ പോലും അവന്‍ കോഴികളോടുള്ള സംസാരം നിര്‍ത്താറില്ല..
അവന്‍ കോഴികളോട് പറയുന്നതെന്തായിരിക്കും ഇത്ര സന്തോഷത്തോടെ ..

അവനോട് ആദ്യമായി സംസാരിച്ചത് കാറ്റില്‍ താഴെ വീണുപോയ ബാല്കണിയിലെ പൂപ്പാത്രങ്ങളിലൊന്ന് എടുത്തു തരണമെന്നതായിരുന്നു. ചിരപരിചിതനെ പോലെ അവന്‍ ഓടി വന്ന് സന്തോഷത്തോടെ ചട്ടിയില്‍ നിന്ന് വേര്‍പെട്ടു പോയ ചെടിസ്ഥാനത്ത് വെച്ച് മുകളിലെത്തിച്ചു.ദൂരെ നിന്ന് കാണുന്നതിനേക്കാളും ചെറുപ്പമാണവന്. അവന്റെ നിരതെറ്റിയ ഒരു പല്ല് പെട്ടെന്നവളിലേക്ക് ഏതോ ഓര്‍മ്മകള്‍ ചെയ്തിറക്കി.

മരണമടുത്ത കോഴികളിലോരോന്നിനെയും അവന്‍ കൂടുകളില്‍ നിന്ന് മാറ്റി മാറ്റിവെക്കുമായിരുന്നു. അവന്‍ കൂടി ന്റെ വാതില്‍ തുറക്കുമ്പോള്‍ കോഴികള്‍ ചിറകിട്ടടിച്ച് വശങ്ങളിലേക്ക് മാറും. അവന്‍ ഓരോന്നിനെയും തൊട്ട് തലോടി തിരികെ വന്നിരിക്കും. 
എന്തിനാണ് നീയീ കോഴികളെ ഇങ്ങനെ ശല്യം ചെയ്യുന്നതെന്ന് അന്നവനോട് ചോദിച്ചു. കണ്ണടച്ചിരിക്കുന്ന കോഴികളെ വെറുതെ ഉണര്‍ത്തി പരിഭ്രമിപ്പിച്ച്..... എന്തിനാണ് വെറുതെ ....

ഇതിലാരൊക്കെയാണ് ബീബി ,ബാപ്, ബച്ച എന്നു നമുക്കറിയില്ലല്ലോ ... എല്ലാരുമൊന്ന് കണ്ട് യാത്ര പറയട്ടെ എന്ന് കരുതും ഞാന്‍ ... ഏതായാലും മരിക്കാനുള്ളവരല്ലെയെന്ന് നിഷ്‌കളങ്കനായി അവന്‍ പറഞ്ഞപ്പോള്‍ പെട്ടെന്നവന് ചുറ്റും പാപ്പാത്തിക്കൂട്ടങ്ങള്‍ പറക്കുന്നതായി അവള്‍ക്ക് തോന്നി. ഇത്തവണ നീല നിറത്തിലുള്ളത് മാത്രമായിരുന്നില്ല ... 

ചുവപ്പും മഞ്ഞയുമൊക്കെ ഇടകലര്‍ന്ന നിറങ്ങളിലുള്ള നിരവധി പാപ്പാത്തികള്‍ അവന് ചുറ്റും പറന്ന് നടന്നു.

അവയ്ക്കിടയിലൂടെ പാറി വന്ന സൂര്യനും അപ്പോള്‍ നല്ല വെള്ള വെളിച്ചമായിരുന്നു.

വെയിലിന്റെ വെളിച്ചം. തെളിഞ്ഞ വെയിലിന്റെ വെളിച്ചം.

നീലനിറമുള്ള  പാപ്പാത്തികള്‍ (മിനി വിശ്വനാഥന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക