Image

പണം വാങ്ങി സ്ത്രീകള്‍ ആരോപണം ഉന്നയിക്കാറുണ്ട്- മീ ടൂ ക്യാമ്പയിനെതിരെ ബി.ജെ.പി എം.പി

Published on 09 October, 2018
പണം വാങ്ങി സ്ത്രീകള്‍ ആരോപണം ഉന്നയിക്കാറുണ്ട്-  മീ ടൂ ക്യാമ്പയിനെതിരെ ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മീ ടൂ കാമ്പയിന്‍ തെറ്റായ രീതിയുടെ തുടക്കമാണെന്ന് ബി.ജെ.പി എം.പി ഉദിത് രാജ്. സ്ത്രീകള്‍ രണ്ടു മുതല്‍ നാലു ലക്ഷംവരെ വാങ്ങി പുരുഷന്മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാറുണ്ടെന്ന് ഉദിത് രാജ് പറഞ്ഞതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

മീ ടൂ കാമ്പയിന്‍ ആവശ്യമാണ്. എന്നാല്‍ പത്തു വര്‍ഷത്തിനുശേഷം ആര്‍ക്കെങ്കിലും എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതില്‍ എന്തുകാര്യമെന്ന് അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിയുമോ. എന്നാല്‍ ആരോപണ വിധേയനായ വ്യക്തിയുടെ പ്രതിച്ഛായ തകരുന്നു. ഇത് തെറ്റായ രീതിയുടെ തുടക്കമാണെന്ന് ബി.ജെ.പി എം.പി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

പിന്നീട് കൂടുതല്‍ കടുത്ത ഭാഷയിലാണ് അദ്ദേഹം ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. പുരുഷന്മാരുടെ സ്വഭാവം താന്‍ അംഗീകരിക്കുന്നു. എന്നാല്‍, സ്ത്രീകള്‍ എല്ലാം തികഞ്ഞവരാണോയെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ കഴിയില്ലേ ? പുരുഷന്മാരുടെ ജീവിതം ഇതുമൂലം തകരുന്നുവെന്ന് അദ്ദേഹം എ.എന്‍.ഐവാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നാനാ പടേക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ബി.ജെ.പി എം.പിയുടെ പ്രതികരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക