Image

നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)

(ജോസഫ് പടന്നമാക്കല്‍ Published on 10 October, 2018
നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)
വടക്കേ ഇറാക്കില്‍ ജനിച്ചുവളര്‍ന്ന ഇരുപത്തിയഞ്ചു വയസുള്ള 'നാദിയ മുരദ്' എന്ന ഒരു യസ്ദി യുവതി നേടിയ ഈ വര്‍ഷത്തെ നോബല്‍ സമ്മാനം എന്തുകൊണ്ടും ലോകശ്രദ്ധയെ ആകര്‍ഷിച്ചിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ഭീകരരുടെ ക്രൂരമര്‍ദ്ദനങ്ങളും ലൈംഗിക അതിക്രമങ്ങളും അഭിമുഖീകരിച്ച അവരുടെ ജീവിതം ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിരുന്നു. ഭീകര പോരാളികള്‍ വടക്കേ ഇറാക്കില്‍ വന്നെത്തിയപ്പോള്‍ യുവതിയായ നാദിയ ഭീകരരുടെ പിടിയിലായതും അവരെ എവിടെയെല്ലാം ലൈംഗിക ഭോഗത്തിനായി കാഴ്ച വെച്ചെന്നുള്ളതും നിരവധി പോരാളികളുടെ ലൈംഗിക ഭോഗത്തിനുവേണ്ടി അവരെ വിറ്റതുമായ കഥകളും തന്മയത്വത്തോടെ സ്വന്തം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് അവര്‍ രക്ഷപ്പെട്ട സാഹസികതയുടേതായ കഥകള്‍ ആരിലും വൈകാരികത സൃഷ്ടിക്കുന്നതാണ്.

'ദി ലാസ്റ്റ് ഗേള്‍' (The last girl) എന്ന പുസ്തകത്തില്‍ക്കൂടി അവളുടെ ഹൃദയസ്പര്‍ശമായ കഥകള്‍ ലോകത്തെ അറിയിക്കുന്നുമുണ്ട്. ആയിരക്കണക്കിന് യസീദി സ്ത്രീകള്‍ക്കൊപ്പം അരണ്ട വെളിച്ചത്തില്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക പീഡനങ്ങളേറ്റു ഹൃദയം പൊട്ടി ജീവിച്ച ഒരു പാവം പെണ്‍കുട്ടിയുടെ ജീവിത കഥയാണിത്. മാറി മാറി പലരും അവളില്‍ ലൈംഗിക ഭോഗങ്ങള്‍ നടത്തി സംതൃപ്തി നേടി. ഐഎസ് തടവറയിലെ മൂന്നു മാസത്തെ അവളുടെ ജീവിതം ഭീതിയോടെ മാത്രമേ അവള്‍ക്ക് ഓര്‍ക്കാനാകു. നോബല്‍ പുരസ്‌കാരം ലഭിച്ച സന്തോഷത്തിനിടയിലും നാദിയ വിങ്ങി പൊട്ടി കരയുന്നുണ്ടായിരുന്നു. നോബല്‍ സമ്മാനം ലഭിച്ചതില്‍ അവള്‍ക്കു സന്തോഷമെങ്കിലും പുറകോട്ടു ചിന്തിക്കുമ്പോള്‍ ഇന്നും ഭീതിയുടെ ദിനങ്ങള്‍ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഐഎസ്ഐഎസ് പാളയത്തിലെ മനുഷ്യ ഭീകരര്‍ മതിയാവോളം അവളില്‍ കാമാസക്തി പൂണ്ടു ആനന്ദിച്ചിരുന്നു. അവള്‍ അവരുടെ ഒരു ലൈംഗിക ഭോഗ വസ്തുവായിരുന്നു. ഭീകര ക്യാമ്പിലെ മൂന്നുമാസത്തെ ജീവിതം നരക തുല്യമായിരുന്നു.

വടക്കേ മെസോപ്പൊട്ടേമിയയില്‍ യെസീദിസ് (Yezidis) കുര്‍ദി വംശക്കാര്‍ രക്തശുദ്ധിയില്‍ വിശ്വസിക്കുന്ന ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്നു. അവരുടെ സമൂഹത്തില്‍നിന്നു ആരെങ്കിലും മറ്റു മത വിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിച്ചാല്‍ സമുദായത്തില്‍ നിന്നും പുറത്താക്കുന്ന പാരമ്പര്യവും അവര്‍ക്കുണ്ട്. പ്രധാന മതമായ ഇസ്ലാമില്‍നിന്നും അകലം പാലിക്കുന്ന ഒറ്റപ്പെട്ട ഒരു സമൂഹമാണ് യെസീദിസുകള്‍. ഏക ദൈവത്തില്‍ വിശ്വസിക്കുകയും ഇസ്ലാം, ക്രിസ്ത്യന്‍, സൊറാസ്ട്രിയന്‍, യഹൂദ മതങ്ങളുടെ ഒരു സങ്കര വിശ്വാസം പിന്തുടരുകയും ചെയ്യുന്നു. ഒരിക്കല്‍ മറ്റു മതങ്ങളില്‍നിന്നും വിവാഹം ചെയ്താല്‍ പിന്നീട് അവരെ യെസീദിസ് എന്ന് വിളിക്കുകയില്ല. അര്‍മേനിയ, ടര്‍ക്കി, ഇറാന്‍, ഇറാക്ക്, സിറിയ, ജോര്‍ജ്ജിയാ എന്നീ രാജ്യങ്ങളില്‍ അവരുടെ സമൂഹങ്ങള്‍ ചിതറി കിടക്കുന്നു. ജര്‍മ്മനിയിലേക്കും യൂറോപ്പിലേക്കും യസീദികള്‍ കുടിയേറാന്‍ തുടങ്ങിയതോടെ മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ അവരുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. യസീദിസികള്‍, കുര്‍ദികളോ അതോ മറ്റേതെങ്കിലും സമൂഹമെന്നോ വ്യക്തമായ ഒരു ചരിത്രമില്ല. അവരുടെ രക്ത ശുദ്ധിവാദം (Endogamy)ഒരു കെട്ടുകഥയുടെ അടിസ്ഥാനത്തിലുള്ളതാണ്.

ഒരു സൃഷ്ടി കര്‍ത്താവില്‍, യെസീദിസികള്‍ വിശ്വസിക്കുന്നു. ഏഴു വിശുദ്ധ മാലാഖമാര്‍ സൃഷ്ടിയെ കാത്തു പരിപാലിക്കുന്നുവെന്നാണ് വിശ്വാസം. അതില്‍ മുഖ്യ മാലാഖ 'മേലേക് താഹൂസ്' അഥവാ 'മയൂര മാലാഖ'എന്നറിയപ്പെടുന്നു. മയൂര മാലാഖ സ്രഷ്ടാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ലോകത്തെ നയിക്കുന്നുവെന്നു യസീദികള്‍ വിശ്വസിക്കുന്നു. നന്മ തിന്മകളെ വേര്‍തിരിച്ചു വിധിക്കുന്നതും ഈ മാലാഖയെന്നുള്ള വിശ്വാസവും യസീദികള്‍ക്കുണ്ട്. ലോകൈക കാര്യങ്ങളില്‍ മാലാഖ ദൈവവുമായി ഒരു ആത്മീയ സഖ്യം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ വിശ്വാസപ്രമാണം പറയുന്നു. സൂഫികളുമായി ബന്ധം പുലര്‍ത്തിയിരിക്കുന്നതുകൊണ്ടു ഈ മതത്തെ സാത്താന്റെ മതമായും മറ്റു മതങ്ങള്‍ കണക്കാക്കുന്നു. സാത്താന്റെ ആരാധകരെന്ന നിലയില്‍ നൂറ്റാണ്ടുകളായി അവരെ ഇസ്ലാമികള്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.

യസീദിസികള്‍ ഇസ്ലാമിന് മുമ്പുള്ള മതമോ പേഗന്‍ മതത്തിന്റെ തുടര്‍ച്ചയോ എന്നതും പണ്ഡിതരുടെയിടയിലുള്ള തര്‍ക്ക വിഷയങ്ങളാണ്. ദൈവം ആദാമിനെ തന്റെ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചുവെന്ന് ഇവര്‍ വിശ്വസിക്കുന്നു. ആദാമിന്റെ മൂക്കില്‍ ഊതുകയും ജീവന്‍ നല്‍കുകയും ചെയ്തു. എല്ലാ മാലാഖമാരും ആദാമിന്റെ മുമ്പില്‍ നമസ്‌ക്കരിച്ചു. ആദാമും ഹവ്വയും തമ്മില്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് താവൂസ് (മയൂര മാലാഖ) ആദാമിന്റെ ഉത്ഭാദന ശേഷിയെ പരീക്ഷിച്ചിരുന്നു. ആദാമിന്റെ ബീജം പല ഭരണികളിലായി അനേകം മാസങ്ങള്‍ സൂക്ഷിക്കുകയും ചെയ്തു. ഇങ്ങനെ കുറെ മാസങ്ങള്‍ സൂക്ഷിച്ച ശേഷം ഭരണിയില്‍ 'ഹവ്വ'കണ്ടത് ചില പ്രാണികളെ മാത്രമായിരുന്നു. എന്നാല്‍ ആദം കണ്ടത് സുന്ദരനായ ഒരു കുഞ്ഞിനെയായിരുന്നു. ആ കുഞ്ഞിനെ 'ഷെഹീദ് ബിന്‍ ജെര്‍' (Shehid bin Jer) എന്നറിയപ്പെട്ടിരുന്നു. ആദാമിന്റെ ഈ മകന്റെ പിന്തലമുറകളാണ് യെസീദിസ് സമുദായമെന്നു വിശ്വസിക്കുന്നത്. അവരുടെ രക്തശുദ്ധി വാദത്തിന്റെ അടിത്തറയും ഈ കെട്ടുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഭീകരരുടെ തടങ്കലില്‍ യാതനകളനുഭവിക്കേണ്ടി വന്ന യസ്ദി യുവതി 'നാദിയ മുരദ്' ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടനയില്‍ തന്റെ ദുഃഖത്തിന്റെയും സാഹസികതയുടെയുമായ കഥകളുടെ സാക്ഷ്യപത്രം അവതരിപ്പിച്ചു കഴിഞ്ഞു. യസ്ദികളുടെ സമൂഹങ്ങള്‍ അവിടെനിന്നും പലായനം ചെയ്യുന്നതും അവിടുത്തെ മതന്യുനപക്ഷമായ യസ്ദികളുടെ ജീവന്മരണ പോരാട്ടങ്ങളും തന്റെ ജീവിത കഥാസാരമായ 'ലാസ്റ്റ് ഗേള്‍' പുസ്തകത്തില്‍ക്കൂടി വിവരിക്കുന്നുണ്ട്. അവള്‍ക്ക് സംഭവിച്ച ദുരിതങ്ങള്‍ എത്രമാത്രം വേദനാജനകമെന്നതും അവര്‍ണ്ണനീയമാണ്. പൂര്‍ണ്ണമായും അവളുടെ ഉള്ളിന്റെയുള്ളിലെ വേദനകളെ വായനക്കാരില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും അവള്‍ പറയുന്നു.

രണ്ടു ലക്ഷത്തി മുപ്പതിനായിരം യസീദികളെയാണ് ഐഎസ്‌ഐഎസ് ഭീകരര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ഇസ്ലാമില്‍ വിശ്വസിക്കാത്ത അവിശ്വസികളെ അവര്‍ കാഫിര്‍ എന്ന് വിളിച്ചിരുന്നു. 2014-ല്‍ ഭീകരര്‍ ഏകദേശം 5200 യെസീദികളെ തോക്കിന്‍ മുനകളില്‍ തട്ടിയെടുത്തുകൊണ്ടുപോയിരുന്നു. അവരില്‍ 3400 പേരെങ്കിലും ഇന്നും അവരുടെ പിടിയില്‍ തന്നെയെന്നും കരുതുന്നു. അവരുടെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം പേരും സ്ത്രീകളാണ്. പുരുഷന്മാരായവരെ നിര്‍ബന്ധപൂര്‍വം മതം മാറ്റി ഇസ്ലാമിക സ്റ്റേറ്റിനുവേണ്ടി യുദ്ധം ചെയ്യാന്‍ ആവശ്യപ്പെട്ടു. അല്ലാത്തവരെ തോക്കിനിരയാക്കി വധിക്കുകയും ചെയ്തു. ആയിരക്കണക്കിന് യെസീദീസുകളുടെ കഴുത്തുകള്‍ വെട്ടി ഭീകരര്‍ ശബ്ദാരോഹത്തോടെ കൊലവിളികള്‍ നടത്തിയിരുന്നു. ഏകദേശം നാലുലക്ഷം ജനം കൊടും ഭീകരതയ്ക്ക് ബലിയാടുകളായി. ലക്ഷക്കണക്കിന് യെസീദിസുകള്‍ ഭവനരഹിതരായി തീര്‍ന്നിരുന്നു.

വടക്കേ ഇറാക്കില്‍ കൃഷിക്കാരുടെയും ആടിനെ മേയ്ക്കുന്നവരുടെയും ഒരു ഗ്രാമത്തിലാണ് നാദിയ മുറേ വളര്‍ന്നത്. യാസിദി സമുദായത്തില്‍ വളര്‍ന്ന അവള്‍ (Yazidi) സഹോദരി സഹോദരന്മാരുമൊത്ത് ശാന്തമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. ഒരു ചരിത്ര അദ്ധ്യാപികയാകണമെന്ന മോഹവും നാദിയാക്കുണ്ടായിരുന്നു. താമസിയാതെ ഒരു ബ്യുട്ടി സലൂണ്‍ തുറക്കാനും മനസ്സില്‍ പദ്ധതിയിട്ടിരുന്നു. 2014 ആഗസ്റ്റ് പതിനഞ്ചാം തിയതി അവള്‍ മെനഞ്ഞെടുത്ത സ്വപ്‌ന കൂടാരങ്ങള്‍ മുഴുവനായും തകര്‍ന്നടിഞ്ഞു. അന്ന് അവളുടെ പ്രായം ഇരുപത്തിയൊന്ന്. ആ ഗ്രാമത്തില്‍ ഇസ്ലാമാകാന്‍ വിസ്സമ്മതിച്ചവരെയെല്ലാം ഐഎസ് ഭീകരര്‍ കൂട്ടക്കൊല ചെയ്തു. നാദിയായുടെ ആറു സഹോദരരും അമ്മയും ഇസ്ലാമിക ഭീകരരുടെ തോക്കിന്‍ മുനയില്‍ കൊല്ലപ്പെട്ടു.

2014-ല്‍ ഭീകരരുടെ കൈകളില്‍ പിടിപെടുന്ന സമയം വരെ സുന്ദരമായ ഒരു ലോകം നാദിയാക്കുണ്ടായിരുന്നു. ഒരു പൂമ്പാറ്റയെപ്പോലെ മറ്റു പെണ്‍കുട്ടികളോടൊപ്പം അവള്‍ ആ ഗ്രാമ പ്രദേശത്തില്‍ക്കൂടി തത്തിക്കളിച്ചു നടന്നിരുന്നു. ഗ്രാമീണയായി വളര്‍ന്ന നാദിയാക്ക് ശാന്തമായ ഒരു ബാല്യകാല ജീവിതമാണുണ്ടായിരുന്നത്. ലോകത്തു നടക്കുന്ന ഒന്നിനെപ്പറ്റിയും യാതൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഐഎസ്‌ഐഎസ് എന്തെന്നുപോലും അവള്‍ക്കറിവുണ്ടായിരുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും തികച്ചും അജ്ഞാതമായിരുന്നു. പിന്നീട് ടിവിയില്‍ വാര്‍ത്തകളും ഭീകര കൊലകളുടെ പടങ്ങളും കാണാന്‍ തുടങ്ങി. 2014 ജൂലൈവരെ നാദിയ ഇറാഖിലുള്ള 'കോച്ചോ'എന്ന ഗ്രാമത്തില്‍ അവളുടെ അമ്മയും സഹോദരന്മാരും സഹോദരികളുമൊത്തു ജീവിക്കുകയായിരുന്നു. അന്നവള്‍ക്കു പ്രായം ഇരുപത്തിയൊന്നു വയസ്സ്. കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു. ചരിത്രമായിരുന്നു ഐച്ഛികവിഷയമായി എടുത്തിരുന്നതും അവള്‍ക്കിഷ്ടവും.

2014 ആഗസ്റ്റില്‍ തന്റെ സഹോദരിയുമായി ഗ്രാമത്തില്‍ക്കൂടി നടക്കവേ അവള്‍ അവിടെ ആയുധധാരികളായ ഭീകരരെ കണ്ടു. ഇവരുതന്നെയാണ് കൊല്ലും കൊലയുമായി നാടാകെ ഭീകര വിളയാട്ടങ്ങള്‍ നടത്തുന്നവരെന്നും അവള്‍ക്കു മനസിലായി. വീണ്ടും അവിടെ ഭീകരരെ കാണുമെന്ന് അവള്‍ ചിന്തിച്ചിരുന്നില്ല.

2014 ആഗസ്റ്റ് പതിന്നാലാം തിയതി ഭീകരര്‍ അവളുടെ ഗ്രാമം പിടിച്ചടക്കി. എല്ലാവരോടുമായി ഗ്രാമത്തിനു വെളിയിലുള്ള ഒരു സ്‌കൂളിനുള്ളില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. അന്ന് ഉച്ചയൂണിന്റെ സമയമായിരുന്നു. നാദിയായും അവളുടെ കുടുംബവും ആയുധ ധാരികളായ ഐഎസ്ഐഎസ് ഭീകരന്മാര്‍ തങ്ങളുടെ ഗ്രാമത്തിലെവിടെയും തിങ്ങി നിറഞ്ഞിരിക്കുന്നതായി കണ്ടു. ഓരോ വീടുകളിലും തെരുവുകളിലും ഭീകരര്‍ നില്‍ക്കുന്നതായി കണ്ടതും നാദിയാക്ക് ഓര്‍മ്മയുണ്ട്. അവരില്‍ മുഖം മൂടി ധാരികളും അല്ലാത്തവരുമുണ്ടായിരുന്നു. അവരെല്ലാം സംസാരിച്ചിരുന്ന ഭാഷകള്‍ അവള്‍ക്കും കുടുംബത്തിനും മനസ്സിലായിരുന്നില്ല. പുരുഷന്മാരെയും സ്ത്രീകളെയും ഭീകരര്‍ വേര്‍തിരിച്ചു നിര്‍ത്തി. നാദിയായെയും മറ്റു ചില യുവതികളായ സ്ത്രീകളെയും സ്‌കൂളിന്റെ രണ്ടാംനിലയില്‍ ഒരു സ്ഥലത്ത് നിര്‍ത്തിയിരുന്നു.

യുഎന്‍ കണക്കനുസരിച്ച് അന്നത്തെ ദിവസം ഭീകരര്‍ ഒരു മണിക്കൂറിനുള്ളില്‍തന്നെ 312 പുരുഷന്മാരെ വധിച്ചുവെന്നാണ്. മരണപ്പെട്ടവരില്‍ നാദിയായുടെ ആറു സഹോദരരും അര്‍ദ്ധ സഹോദരന്മാരുമുണ്ടായിരുന്നു. ഓരോരുത്തരും മരിച്ചു വീഴുന്ന കാഴ്ച്ചകള്‍ക്കു സാക്ഷിയായി അവള്‍ നിശ്ചലയായി മരണത്തെയും മുമ്പില്‍ കണ്ടുകൊണ്ടിരുന്നു. അവളുടെ അമ്മയുള്‍പ്പടെ വൃദ്ധ സ്ത്രീകളെയും കണ്മുമ്പില്‍ത്തന്നെ ഭീകരര്‍ വെടിവെച്ചു കൊന്നു.

ഐഎസ്ഐഎസ് ഭീകരരില്‍നിന്നു സ്ഥലം വീണ്ടെടുത്തപ്പോള്‍ എണ്‍പതു വൃദ്ധസ്ത്രീകളെ മറവു ചെയ്തിരുന്ന സ്ഥലവും കണ്ടിരുന്നു. ആ സ്ത്രീകള്‍ പ്രായം ബാധിച്ചിരുന്നവരായതുകൊണ്ടാണ് അവരെയെല്ലാം വധിച്ചത്. അടിമകളായി വിറ്റാല്‍ ആരും വാങ്ങില്ലെന്നുള്ളതും അവരുടെ കൊലകള്‍ക്ക് കാരണമായിരുന്നു. ബാക്കി അവശേഷിച്ചവരില്‍ നാദിയ ഉള്‍പ്പടെയുള്ളവര്‍ ചെറുപ്പക്കാരികളായ സ്ത്രീകളായിരുന്നു. സുന്ദരികളുമായിരുന്നു. അവരെ മൊസൂള്‍ പട്ടണത്തില്‍ കൊണ്ടുപോയി. ഭീകരര്‍ക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് മൂന്നു ദിവസം നാദിയ ഉള്‍പ്പടെയുള്ളവര്‍ അവിടെ പട്ടണത്തില്‍ ഒരു തീവ്രവാദി ക്യാമ്പില്‍ താമസിച്ചു. ഭീകരര്‍ക്ക് തങ്ങളുടെ ആകാര ഭംഗി ഇഷ്ടപ്പെടാതിരിക്കാന്‍ ഏതാനും സ്ത്രീകള്‍ തങ്ങളുടെ തലമുടി മുറിക്കുന്നതു നാദിയാ കണ്ടു. ചിലര്‍ അവരുടെ മുഖം കൈകള്‍കൊണ്ടു മാന്തിയും അടിച്ചും വികൃതമാക്കാന്‍ ശ്രമിച്ചിരുന്നു. ചിലര്‍ ആസിഡ് മുഖത്തൊഴിച്ചു പൊള്ളിച്ചു. എന്നാല്‍ അതൊന്നും അവരുടെ രക്ഷയ്ക്ക് സഹായകമായിരുന്നില്ല. പ്രഭാതമാകുമ്പോള്‍ എല്ലാവരോടും മുഖം കഴുകാനും സുന്ദരികളായി മുഖത്ത് ചായം പൂശാനും ആവശ്യപ്പെട്ടിരുന്നു.

നാദിയായുടെ ഒരു സഹോദരി പുത്രി തന്റെ കൈകളിലെ ഞരമ്പുകള്‍ മറ്റൊരു സ്ത്രീയെക്കൊണ്ടു മുറിപ്പിക്കുന്നതും അവള്‍ കണ്ടു. ചിലര്‍ പുറത്തുപോയി ഒരു പാലത്തിന്റെ മുകളില്‍നിന്നും ആത്മഹത്യ ചെയ്ത കഥകളും അവള്‍ കേട്ടു. യുവതികളായ സ്ത്രീകളെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള മറ്റൊരു മുറിയില്‍നിന്നും കടുത്ത പീഡനങ്ങളും നിലവിളികളും കേള്‍ക്കാമായിരുന്നു. അവിടെ മുഴുവന്‍ മനുഷ്യക്കുരുതികളുടെ ചോരക്കളങ്ങള്‍ നിറഞ്ഞിരുന്നു. ചോരയില്‍ പതിഞ്ഞ കൈകളുടെ പാടുകളും എവിടെയും കാണാമായിരുന്നു. രണ്ടു സ്ത്രീകള്‍ പരസ്പ്പരം കൊന്നു ജീവനൊടുക്കി.

നാദിയാക്ക് സ്വയം മരിക്കാന്‍ ധൈര്യമില്ലായിരുന്നു. ഭീകരര്‍ അവളെ കൊന്നിരുന്നുവെങ്കില്‍ എന്നും ആഗ്രഹിച്ചിരുന്നു. അവള്‍ പറഞ്ഞു, 'എനിക്ക് ആത്മഹത്യ ചെയ്യുവാനുള്ള കരുത്തില്ല. എങ്കിലും ഭീകരര്‍ തന്നെ കൊന്നിരുന്നുവെങ്കില്‍' എന്ന് ചിന്തിക്കുമായിരുന്നു. ഓരോ ദിവസവും രാവിലെ സ്ത്രീകള്‍ പ്രഭാതത്തില്‍ ദേഹശുദ്ധി വരുത്തി കുളിച്ചൊരുങ്ങി പ്രധാന ഹാളില്‍ ഭോഗവസ്തുവായി വരണമായിരുന്നു. നാദിയ പറയുന്നു, 'രാവിലത്തെ സ്‌നാന ശേഷം അവരെ ഷാരിയാ കോടതിയില്‍ കൊണ്ടുപോകുമായിരുന്നു. അവിടെ അവരുടെ ഫോട്ടോകള്‍ എടുത്തിരുന്നു. ഫോട്ടോകള്‍ കോടതിമുറിയുടെ ഭിത്തികളില്‍ തൂക്കിയിട്ടിരുന്നു. എന്നിട്ടു സ്ത്രീകളെ അധീനതയിലാക്കിയിരിക്കുന്ന ഭീകരരുടെ ടെലിഫോണ്‍ നമ്പറുകള്‍ ഫോട്ടോയ്ക്കൊപ്പം ചേര്‍ത്തിരുന്നു. അതിനു ശേഷം ആവശ്യക്കാരായ ഭീകരര്‍ക്ക് സ്ത്രീകളെ കൈമാറുമായിരുന്നു.'

നിശബ്ദതയുടെ ഏകാന്തതയില്‍ എന്തൊക്കെയോ ചിന്തിച്ചിരുന്ന നാദിയാ തന്റെ കൂട്ടുകാരികള്‍ ഓരോരുത്തരായി ഭീകരരുടെ ഭോഗത്തിനായുള്ള കമ്പോളത്തില്‍ വിറ്റുപോകുന്നതും കണ്ടു. ഒരു ദിവസം അന്ന് നാദിയായുടെ ഊഴമായിരുന്നു. അവള്‍ മറ്റുള്ള യുവതികളുമൊത്ത് താഴേക്ക് നോക്കിയിരിക്കുകയായിരുന്നു. മഞ്ഞനിറമുള്ള ജാക്കറ്റും ധരിച്ചിരുന്നു. ഭീമാകാരനായ ഒരു ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരന്‍ അവിടെയെത്തി. 'മഞ്ഞ നിറമുള്ള ജാക്കറ്റ് ധരിച്ചിരിക്കുന്ന യുവതി തനിക്കുവേണ്ടി എഴുന്നേറ്റു നില്‍ക്കാന്‍' അയാള്‍ രൗദ്രഭാവത്തില്‍ നാദിയായോട് ആജ്ഞാപിച്ചു. ഏതോ ചിന്താലോകത്തില്‍ താഴേക്ക് നോക്കിയിരുന്ന അവള്‍ തലയുയര്‍ത്തി അയാളെ നോക്കി. മൃഗതുല്യമായി തോന്നിയ ആ മനുഷ്യന്‍ അവളെ തുറിച്ചു നോക്കുന്നതായിട്ടാണ് കണ്ടത്. അവള്‍ ഉറക്കെ കരഞ്ഞുകൊണ്ട് നിലവിളിച്ചു. നീണ്ട തലമുടിയും വികൃത മുഖഭാവവും താടിക്കാരനുമായ അയാളെ കണ്ടപ്പോള്‍ അവള്‍ ഭയംകൊണ്ട് വിറച്ചിരുന്നു. അവളുടെ സഹോദരന്മാരുടെ പെണ്‍മക്കളും തത്സമയം അവിടെയുണ്ടായിരുന്നു. അയാളോടൊപ്പം പോകാന്‍ വിസമ്മതിച്ച നാദിയായേ അയാള്‍ ബലമായി വലിച്ചിഴച്ചപ്പോള്‍ തന്റെ കൂടപ്പിറപ്പുകളുടെ മക്കള്‍ ആ മനുഷ്യന്റെ കൈകള്‍ വിടുവിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവളെ രക്ഷിക്കാനെത്തിയവരുടെ കൈകള്‍ വിടുവിച്ച് അവരെയെല്ലാം വടികള്‍ കൊണ്ട് അയാള്‍ മൃഗീയമായി പ്രഹരിച്ചു. ബലമായി നാദിയായേ താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. ഭീകരര്‍ കൊണ്ടുപോകുന്ന യുവതികളുടെ പേരുകളെല്ലാം കടലാസ്സില്‍ കുറിക്കുന്നുണ്ടായിരുന്നു.

നാദിയായും ആ മനുഷ്യനുമായുള്ള പോരാട്ടത്തിനിടയില്‍ നാദിയ മറ്റൊരു മനുഷ്യന്റെ ചെറിയ കാല്‍പ്പാദങ്ങള്‍ സമീപത്തു കണ്ടു. അത് അയാളുടെ സഹകാരി ഒരു ഐഎസ്ഐഎസ് ഭീകരനായിരുന്നു. അയാളും ഒരു യെസീദി അടിമപ്പെണ്ണിനെ കിട്ടാന്‍ കാത്തു നില്‍ക്കുകയായിരുന്നു. അയാള്‍ ശരീര പ്രകൃതിയില്‍ വണ്ണം കുറഞ്ഞവനും പൊക്കമുള്ള മനുഷ്യനായിരുന്നതുകൊണ്ടും നാദിയ അയാളോടൊപ്പം പോകാന്‍ താല്‍പ്പര്യം കാണിച്ചു. അയാളുടെ കാല്‍ക്കല്‍ വീണുകൊണ്ട് തന്നെ രക്ഷിക്കൂയെന്ന് അവള്‍ കേണു യാചിച്ചു. ആ മനുഷ്യനോടായി, 'നീ എന്നെ സ്വന്തമാക്കിക്കോളൂ, നീ എന്ത് ആവശ്യപ്പെട്ടാലും ഞാന്‍ ചെയ്യുമെന്ന്' പറഞ്ഞു. ഉടന്‍ അയാള്‍ അവളെയും കൂട്ടിക്കൊണ്ടു പോയി.

നാദിയായുടെ സൂക്ഷിപ്പുകാരന്‍ ഉയരമുള്ളവനും നീണ്ട തലമുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള ഹൃസ്വ ഗാത്രനുമായിരുന്നു. വൃത്തികെട്ട വായില്‍നിന്ന് അയാള്‍ സംസാരിക്കുമ്പോള്‍ പല്ലുകള്‍ പുറത്തു വരുകയും മുഖം വികൃത രൂപത്തില്‍ കാണുകയും ചെയ്തിരുന്നു. രണ്ടു വാതിലുകളുള്ള ഒരു മുറിക്കുള്ളില്‍ നാദിയായെ താമസിപ്പിച്ചു. ഒരു ദിവസം അഞ്ചു പ്രാവിശ്യം അയാള്‍ നിസ്‌ക്കരിക്കുമായിരുന്നു. അയാള്‍ക്ക് ഒരു ഭാര്യയും സാറായെന്ന ഒരു മകളുമുണ്ടായിരുന്നു. എന്നാല്‍ നാദിയ അവരെ ഒരിക്കലും കണ്ടുമുട്ടിയിട്ടുണ്ടായിരുന്നില്ല.

ഒരിക്കല്‍ അവളെ മൊസൂളിലുള്ള അയാളുടെ മാതാപിതാക്കളുടെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് അയാള്‍ക്കുവേണ്ടി നല്ല വസ്ത്രങ്ങള്‍ ധരിക്കാനും മുഖം സുന്ദരമാക്കാനും മുഖത്തു പൗഡറും ലിപ്സ്റ്റിക്കുമിടാനും പറഞ്ഞു. ആ കറുത്ത രാത്രിയില്‍ അവള്‍ അയാള്‍ പറഞ്ഞതുപോലെ ചെയ്തു. അന്നു രാത്രി അയാളുടെ കാമാസക്തി മതിയാവോളം അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ ബലം പ്രയോഗിച്ചുള്ള ക്രൂരമായ ലൈംഗിക പീഡനത്തില്‍ നിന്നും മറുവാതിലില്‍ക്കൂടി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അവളെ അയാള്‍ പിടികൂടി. അന്നു രാത്രി അയാള്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. ബലമായി വസ്ത്രങ്ങള്‍ അഴിപ്പിച്ചശേഷം ആറു ഭീകരര്‍ വസിക്കുന്ന മുറിയിലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ടുപോയി. അവളുടെ ബോധം മറയുന്നവരെ അവര്‍ അവളെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടും ഭോഗിച്ചുകൊണ്ടുമിരുന്നു.

ഒരു ദിവസം അവളെ ലൈംഗിക അടിമയായി സൂക്ഷിച്ചുകൊണ്ടിരുന്ന അവളുടെ തീവ്രവാദിയോട് മറ്റൊരാള്‍ 'നാദിയ' അയാളുടെ ഭാര്യയാണോയെന്നു ചോദിച്ചതും അവളുടെ ഓര്‍മ്മയിലുണ്ട്. 'അവളെന്റെ ഭാര്യയല്ല, വെപ്പാട്ടിയും അടിമയുമെന്നുള്ള' അയാളുടെ ഉത്തരവും നാദിയ സ്വന്തം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. സന്തോഷം കൊണ്ട് അയാള്‍ ആകാശത്തേയ്ക്ക് അതിനുശേഷം വെടിവെച്ചു. നാദിയാക്ക് പിന്നീട് പലരുടെയും ലൈംഗിക അടിമയായി അവിടെ കഴിയേണ്ടി വന്നു.

2014 നവംബര്‍ മാസത്തില്‍ അവളെ വെപ്പാട്ടിയായി സൂക്ഷിച്ചിരുന്ന ഭീകരന്റെ കൈകളില്‍ നിന്നും അവള്‍ക്കു രക്ഷപ്പെടാന്‍ സാധിച്ചു. അന്ന് അയാളുടെ വീട് പൂട്ടിയിട്ടില്ലായിരുന്നു. വളരെയധികം സുരക്ഷിതമായി അവള്‍ അവിടെനിന്നും ഒളിച്ചും പാത്തുമായി മൊസൂളിലെ തെരുവുകളില്‍ കൂടി രക്ഷപ്പെട്ടു. പിന്നീട് അവള്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പിലെത്തി. അവള്‍ എങ്ങനെ അവിടെയെത്തിയെന്നും നല്ല നിശ്ചയമില്ല. ആരെങ്കിലും അവളെ രക്ഷിച്ചുകാണുമെന്നും വിശ്വസിക്കുന്നു. ഒരു സുന്നി മുസ്ലിം കുടുംബത്തിലെ യുവാവ് സ്വന്തം ജീവിതം പണയം വെച്ചും അവളെ സുരക്ഷാ കേന്ദ്രത്തില്‍ എത്തിച്ചുവെന്നു അനുമാനിക്കുന്നു. അവിടെ നിന്നും ജര്‍മ്മനിയിലെ അഭയാര്‍ഥി ക്യാമ്പിലെ ഏതോ പദ്ധതിക്കായി അവളെ തെരഞ്ഞെടുത്തു. ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ അവള്‍ ജര്‍മ്മനിയിലെത്തി. അവിടെ നിന്നായിരുന്നു 'ലാസ്റ്റ് ഗേള്‍' എന്ന നോബല്‍ സമ്മാനാര്‍ഹമായ പുസ്തകം പ്രസിദ്ധീകരിച്ചത്. 'ലാസ്റ്റ് ഗേള്‍': (Last girl) എന്ന നാദിയായുടെ പുസ്തകത്തില്‍ അവളെ ഐഎസ് ഭീകരര്‍ പിടികൂടിയതും ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടങ്ങളും വളരെ ഹൃദയസ്പര്‍ശമായി വിവരിച്ചിരിക്കുന്നു. ജീവന്റെ ഭീക്ഷണിയോടൊപ്പം സ്വന്തം ജീവിതവുമായി മല്ലടിച്ച ഒരു പോരാട്ട വീരകഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവളുടെ ജീവിതം സ്വാതന്ത്ര്യ മോഹികളായ ജനതയ്ക്ക് എന്നും ഉത്തേജനം നല്‍കുന്നതാണ്.

ഇപ്പോള്‍ അവര്‍ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്തിന് സമീപം താമസിക്കുന്നു. എങ്കിലും അവിടം സ്വന്തം ഭവനമെന്ന തോന്നല്‍ അവള്‍ക്കില്ല. 'നാദിയ പറഞ്ഞു 'ഞാന്‍ എല്ലാവരെയും എനിക്ക് വേണ്ടപ്പെട്ടവരെയും എന്റെ സുഹൃത്തുക്കളെയും ഉപേക്ഷിച്ചു. ഇന്നും എന്റെ കുടുംബത്തിലുള്ള സഹോദരികളും അവരുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കള്‍ സഹിതമുള്ള കുടുംബാംഗങ്ങളും ആ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്നു. എങ്കിലും തനിക്ക് തീവ്രവാദികളുടെ അധീനതയില്‍ നിന്നും മോചനം നേടിയ സംതൃപ്തിയുമുണ്ട്.'

ക്യാമ്പിലെ ജീവിതത്തെപ്പറ്റിയും തടങ്കലില്‍ കഴിയുന്ന യസീദി പെണ്‍ക്കുട്ടികളുടെ വിവരങ്ങള്‍ അറിയാനും നാദിയായേ ന്യൂയോര്‍ക്കില്‍ കൊണ്ടുവന്നു. നാദിയ ക്രിസ്തുമസ് ആഘോഷിക്കാറില്ല. ക്രിസ്തുമസിനെപ്പറ്റി അവള്‍ ജര്‍മ്മനിയിലായിരുന്നപ്പോള്‍ നന്നായി അറിഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നവരോടായി അവള്‍ക്ക് ഒരു സന്ദേശമുണ്ട്, 'അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുവെങ്കില്‍ പാവങ്ങളെ സഹായിക്കുന്നതോടൊപ്പം തടങ്കലിലായിരിക്കുന്ന ഞങ്ങളുടെ യസീദികളെയും സഹായിക്കണമെന്ന ആഗ്രഹമുണ്ട്. അതാകട്ടെ നിങ്ങളുടെ ക്രിസ്തുമസ് സന്ദേശമെന്നു ഞാന്‍ ആഗ്രഹിച്ചുപോകുന്നു.'

ഇന്ന് നാദിയായുടെ കഥ ഇസ്ലാമിക്ക് ഭീകരരുടെ കൊടും ഭീകരതയ്ക്ക് സാക്ഷി നല്‍കുന്നു. ഇറാക്കിലെ കൂട്ടക്കൊലയുടെ യഥാര്‍ത്ഥ ചരിത്രം അവള്‍ ലോകത്തെ അറിയിക്കുന്നു. അനുഭവസ്ഥയായ അവള്‍ അതിനു സാക്ഷിയായിരുന്നു. അവളുടെ ചിതറി പോയ കുടുംബം, തകര്‍ന്ന സമൂഹം, സ്വന്തം ജന്മഭൂമിയോടുള്ള അവളുടെ അകം നിറഞ്ഞ സ്‌നേഹം, യുദ്ധം മൂലം താറുമാറായ അവളുടെ കുടുംബം എന്നിങ്ങനെ മനുഷ്യ ഹൃദയങ്ങളെ ചഞ്ചലങ്ങളാക്കുന്ന യാഥാര്‍ഥ്യങ്ങള്‍ നാദിയ വെളിപ്പെടുത്തുന്നുണ്ട്.

ആയിരക്കണക്കിനു സ്ത്രീകള്‍ ഇന്നും ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ അടിമത്വത്തിലുണ്ട്. അക്കൂടെ അവളുടെ കുടുംബാംഗങ്ങളുടെയും അവരുടെ പെണ്‍മക്കളുടെയും വിലാപങ്ങളുമുണ്ടാകാം. കാലിഫേറ്റ് സമ്പ്രദായ പ്രകാരം അടിമത്വം അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ബലാത്സംഗത്തിനും ലൈംഗിക പീഡനങ്ങള്‍ക്കും അമുസ്ലിം സ്ത്രീകള്‍ വഴങ്ങി കൊടുക്കണം. ലൈംഗിക പീഡനങ്ങളെ ഭീകരര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീയെ പത്തു പ്രാവിശ്യം ബലാല്‍സംഗം ചെയ്താല്‍ അവളെ പിന്നീട് മുസ്ലിമായി മാറ്റുന്നതിന് തടസ്സവുമില്ല. അടിമകളായ സ്ത്രീകളെ കച്ചവട വസ്തുക്കള്‍ പോലെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നു. യസീദി സ്ത്രീകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാദിയ ന്യൂയോര്‍ക്കിലായിരുന്നപ്പോള്‍ സംഘിടിത പ്രചാരണപ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്നു. 

അവരുടെ രാജ്യത്തെ മോചനമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം നാദിയ തന്റെ കദന കഥകളും ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നുമുണ്ട്. നീണ്ട പോരാട്ട വീര്യത്തിന്റെ നാലാം വര്‍ഷം അവള്‍ക്കു നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ യാതനകളുടെ കഴിഞ്ഞകാല ഭീകരദിനങ്ങളും അവളുടെ മനസ്സില്‍ ഓളം തട്ടിക്കൊണ്ടിരുന്നു.
നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)നാദിയായുടെ ദുഃഖവും നോബല്‍ സമ്മാനവും((ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
നന്മ്മകള്‍ നിറഞ്ഞവര്‍ 2018-10-10 21:37:10

from every dark night, thousands of red dawn is born.
arise early & gallop to embrace the new red dawns like a Mustang.
soar high to greet the glory & grace of the new dawn like an Eagle.
No! we cannot suffer more dark nights.
let us live in the glory of new red dawns.
let us be the glorious soldiers on the chariot
before the dark nights kill our days.

ഓരോ കറുത്ത രാത്രിയില്‍ നിന്നും ഒരായിരം ചുവന്ന പ്രഭാതം വിടരുന്നു.
ഉറക്കം ഉണര്‍ന്നു കാട്ടു കുതിരയെ പോലെ മുന്നോട്ടു കുതിക്കുക
പൊട്ടി വിടരും തേജസിനെ പുണരുവാന്‍ കഴുകനെപോല്‍ ഉയരുക ഉന്നതങ്ങളിലേക്ക് 
ഇനി രാത്രികള്‍ ഇല്ല ചുവന്ന ദിനങ്ങള്‍ മാത്രം 
അസ്തമയ പ്രകാശത്തിന്‍ തേരില്‍ വില്ലാളിയായി കുതിക്കു മുന്നോട്ട് 
രാത്രി പകലിനെ കൊന്നു തിന്നും മുമ്പേ

andrew


വിദ്യാധരൻ 2018-10-10 23:41:38
നാദിയാ മുരദയിൻ കഥവായിച്ചാൽ 
നനയാത്ത മിഴികൾ ഉണ്ടാവുകില്ല
മരിക്കാതിരുന്നതെന്തുകൊണ്ട് 
എന്നുള്ള ചോദ്യം പൊന്തിടുമ്പോൾ 
ഒരുപക്ഷെ ലോക മനഃസാക്ഷിയെ 
ഉണർത്തിടാനായ് ജീവിച്ചതാവാം 
എന്നുത്തരത്തിൽ സമാശ്വസിപ്പൂ 
മതവും യുദ്ധവും കാമവും ചേർന്നിവിടെ 
സംഹാര നൃത്തം ആടിടുന്നു 
ഇവിടൊരു പുത്തൻ സംസ്കാരം ജനിച്ചിടുന്നു 
മനുഷ്വത്വം തൊട്ടു തീണ്ടിടാത്ത 
നിർദയ നിഷ്ടൂര വികല നാഗരികത്വം 
ഇവിടെ കാമത്തിനന്ധത ബാധിക്കുമ്പോൾ 
ബലിയാടാവുന്നു കൊച്ചു കുഞ്ഞുങ്ങളും 
അവരുടെ രക്തം കുടിച്ചു ചീർത്തോർ 
അധികാരമാളുന്നു നീതി പീഠങ്ങളിൽ 
അവർക്കായി കിന്നരം വായിച്ചിടാൻ 
ഇവിടെ മലയാളികൾ നിരന്നു നിൽപ്പൂ
കപട ഭക്തരും പരീശരമായോർക്കുമുമ്പേ 
എത്തും വേശ്യകളും ചുങ്കക്കാരും തീർച്ച തന്നെ 
നിർത്തുന്നു ഞാനെന്റെ കുറിപ്പിവിടെ 
ഓക്കാനം വരുന്നെനിക്ക് ശർദ്ദിക്കേണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക