Image

ഹോളിവുഡിന്റെ സ്വന്തം പ്രേതകഥകള്‍ (ഏബ്രഹാം തോമസ്)

Published on 10 October, 2018
ഹോളിവുഡിന്റെ സ്വന്തം പ്രേതകഥകള്‍ (ഏബ്രഹാം തോമസ്)
എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് ഹാലോവീന്‍ ആഘോഷിച്ചു വരുന്നു. മരിച്ചു പോയവരുടെ ആത്മാക്കളും പ്രേതങ്ങളുമെല്ലാം നിര്‍ബാധം വിഹരിക്കുന്ന ഒരു ദിനമാണെന്നു കഥയ്ക്കും പ്രചുരപ്രചാരമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായ രംഗമായ ഹോളിവുഡ് ഹാലോവീന് പ്രത്യേക പ്രാധാന്യം നല്‍കുന്നു. പ്രേതങ്ങളും ഭീതിപ്പെടുത്തുന്ന പ്രമേയങ്ങളും ആഴ്ചകള്‍ക്ക് മുന്‍പു തന്നെ ഹോളിവുഡ് തിയേറ്ററുകളില്‍ എത്തിക്കുന്നു. വളരെ വലിയ ഹിറ്റുകളായി മാറുന്ന ചിത്രങ്ങളും വന്‍ പരാജയങ്ങളും മുറയ്ക്ക് ഈ ആഴ്ചകളില്‍ തന്നെ റിലീസാവുന്നു.

പ്രേതബാധ സിനിമാ പ്രമേയങ്ങളില്‍ മാത്രമല്ല, ഹോളിവുഡും പ്രേതബാധിത മാണെന്ന് ഈ രംഗത്തുള്ളവര്‍ ആണയിടുന്നു. ഉദാഹരണമായി അനേകം സംഭവകഥകള്‍ വിവരിക്കുന്നു.

ഗ്രിഫിത് പാര്‍ക്കില്‍ ഹോളിവുഡ് ഹില്‍സിന്റെ കിഴക്കേ അറ്റത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന പടുകൂറ്റന്‍ അക്ഷരങ്ങള്‍ക്ക് താഴെ ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ കാണാറുണ്ടെന്ന് ചിലര്‍ പറയുന്നു. പെഗ് എന്‍ട്വി എന്ന പുതുമുഖ നടി തന്റെ ചിത്രം തെര്‍ട്ടീന്‍ വിമന്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഹോളിവുഡ് ഹില്‍സിന് മുകളില്‍ നിന്ന് ചാടി മരണം വരിച്ചു. 1932 ലായിരുന്നു സംഭവം. പലപ്പോഴും 1930 കളിലെ വസ്ത്രം ധരിച്ച ഒരു സ്ത്രീ ഗ്രിഫിത് പാര്‍ക്കിന്റെ താഴ് വരകളില്‍ രാത്രികാലങ്ങളില്‍ അലഞ്ഞ് നടക്കുന്നതായി സന്ദര്‍ശകര്‍ പറയുന്നു.

വുഡ്രോ വില്‍സന്‍ ഡ്രൈവിലുള്ള നടന്‍ അയ്ക് റോയ്‌സിന്റെ ഭവനം നതാലിവുഡ്, മാമ കാസ് എലിയട്ട് എന്നിവരുടെയും വാസസ്ഥമായിരുന്നു. വീട്ടിലേയ്ക്ക് താമസം മാറി കുറെക്കഴിഞ്ഞ് അയ്ക്‌റോയ്ഡ് ഇത് പ്രേതബാധിതമാണെന്ന് തിരിച്ചറിഞ്ഞു എന്ന് പറഞ്ഞു. സ്റ്റെയര്‍ മാസ്റ്ററില്‍ ചില അനക്കങ്ങള്‍ പിയാനോയില്‍ സ്വയം സംഗീതം കേള്‍ക്കുക, തന്റെ ബെഡ്ഡിലേയ്ക്ക് ആരോ ഇഴഞ്ഞു കയറുക എന്ന് അനുഭവപ്പെട്ടതായി ഇയാള്‍ വിവരിച്ചു. ഇവ പ്രേതാത്മാക്കളാണെന്ന് ഇയാള്‍ വിശ്വസിച്ചു. മാമാസ് ആന്റ് ദ പപ്പാസ് ഗായക സംഘത്തിലെ മരിച്ചു പോയവരുടെ പ്രേതങ്ങളാണെന്ന് ഇയാള്‍ പറയുന്നു. 1974 ല്‍ 32 -ാം വയസില്‍ ഹൃദയ സ്തംഭനം മൂലം മരിച്ച മാമാകാസിന്റെ പ്രേതമാണ് ഒന്ന് എന്നയാള്‍ ഉറപ്പിച്ചു. 1984 ലെ കോമഡി ചിത്രം ഗോസ്റ്റ് ബസ്റ്റേഴ്‌സ് ഹരോള്‍ഡ് റാമിനൊപ്പം ചേര്‍ന്ന് എഴുതുവാന്‍ അയ്ക റോയിഡിന് പ്രചോദനമായത് ഈ വീട്ടിലെ താമസം ആയിരുന്നു. അയ്കറോയിഡ് വീട് വില്ക്കുകയും താമസം മാറ്റുകയും ചെയ്തു.

ഒരു തികഞ്ഞ അമേരിക്കന്‍ പിതാവായി ദ അഡ് വെഞ്ചേഴ്‌സ് ഓഫ് ഓസി ആന്‍ഡ് ഹാരിയറ്റ് ടിവി ഷോയില്‍ അഭിനയിച്ച ഓസി നെല്‍സന്‍ 1975 ല്‍ 69-ാം വയസില്‍ അന്തരിച്ചു. അതിനുശേഷം അയാളുടെ വീട് വാങ്ങിയവര്‍ വീട്ടില്‍ കാലൊച്ചകള്‍ കേള്‍ക്കുന്നതായും കമ്പിളി മേലങ്കി ധരിച്ച ഒരു പ്രേതം നടക്കുന്നതായി കണ്ടതായും പറഞ്ഞു. ഒരിക്കല്‍ ഒരു സന്ദര്‍ശകയ്ക്ക് തന്റെ കിടക്കയില്‍ ആരോ തന്നോടൊപ്പം കിടക്കുന്നതായും തന്നെ ചുംബിക്കുന്ന തായും അനുഭവപ്പെട്ടു. ലൈറ്റിട്ട് നോക്കിയപ്പോള്‍ ആരെയും കാണാന്‍ കഴിഞ്ഞില്ല എന്നവര്‍ പറഞ്ഞു.

സണ്‍സെറ്റ് മുകളില്‍ സ്ഥിതി ചെയ്യുന്ന താരനിബിഡമായ ചാറ്റോ മാര്‍മോണ്ട് ഹോട്ടലിലെ പാര്‍ട്ടികള്‍ ഒരിക്കലും അവസാനിക്കാറില്ല. കൊമേഡിയന്‍ ജോണ്‍ ബെലൂഷിയുടെയും ഗായകന്‍ ജിം മോറിസണിന്റെയും ഡ്രിമ്മര്‍ ജോണ്‍ ബോണ്‍ഹാമിന്റെയും ആത്മാക്കള്‍ പാര്‍ട്ടികളില്‍ കറങ്ങി നടക്കുന്നു. ബെലൂഷിക്ക് മരിക്കുമ്പോള്‍ 33 വയസായിരുന്നു. അമിത മയക്ക് മരുന്ന് ഉപയോഗമാണ് മരണത്തിലേയ്ക്ക് നയിച്ചത്. മോറിസണും ബോണ്‍ഹാമും ഹോട്ടലില്‍ വച്ചല്ല മരിച്ചത്. എന്നാല്‍ അധികം അകലെയല്ലാതെ ദാരുണമായി കൊല്ലപ്പെട്ടു.

ഹോളിവുഡിന്റെ വ്യവസായ അതികായനായിരുന്ന ഹൊവാര്‍ഡ് ഹ്യൂഗ്‌സ് പാന്റേജസ് തിയേറ്ററുകളുടെ ഇടനാഴികകളിലൂടെ ഇപ്പോഴും നടന്ന് നീങ്ങുന്നത് കാണാറുണ്ടെന്ന് ചിലര്‍ പറയുന്നു. 1949 ലാണ് ഹ്യൂഗ്‌സ് ഈ തിയേറ്ററുകള്‍ വാങ്ങിയത്. 1950 മുതല്‍ 1960 വരെ ഓസ്‌കര്‍ അവാര്‍ഡ് നിശകള്‍ നടന്നിരുന്നത് ഇവിടെയാണ്.

1901 ല്‍ ഒരു തീ പിടുത്തത്തില്‍ നശിച്ച എലിമെന്ററി സ്‌കൂളിന്റെ സ്ഥലത്താണ് വോഗ് നിര്‍മ്മിച്ചത്. തീ പിടുത്തത്തിന്റെ 25 കുട്ടികളും ഒരു അധ്യാപകനും മരിച്ചിരുന്നു. വോഗില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇവരുടെ ആത്മാക്കളെ സ്റ്റേജില്‍ കാണാറുണ്ടെന്ന് ചിലര്‍ പറയുന്നു. ഇവരില്‍ ഒരു ചെറിയ പെണ്‍കുട്ടി റോപ്‌സ്‌ക്കിപ്പിംഗും ചെയ്യാറുണ്ടത്രേ.

മുന്‍പ് ഗ്രോമാന്‍സും മാന്‍സും ആയിരുന്ന ഇപ്പോഴത്തെ ടിസിഎല്‍ ചൈനീസ് തിയേറ്ററില്‍ തിരശ്ശീല വളരെ ശക്തിയോടെ ഇളകി മറിയുന്നത് സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് പലരും പറയുന്നു. മരവിപ്പിക്കുന്ന തണുത്ത കാറ്റും തോട്ടിലെ തട്ടും മറ്റ് അനുഭവങ്ങളാണ്. സ്വയം കെട്ടിത്തൂങ്ങി മരിച്ച ഒരു മുന്‍ ജീവനക്കാരന്റെ പ്രേതമാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് വിശ്വാസം.

നിശ്ശബ്ദ ചിത്രങ്ങളിലെ ഇതിഹാസമായിരുന്ന റുഡോള്‍ഡ് വാലന്റിനോ 1926 ല്‍ 31-ാം മത്തെ വയസില്‍ മരിച്ചു. ചെറുപ്പത്തിലേയുള്ള മരണം കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു. നടന്റെ ചിത്രങ്ങളിലെ അഭിനയം കണ്ടിട്ടുള്ളവരെക്കാള്‍ കൂടുതല്‍ പേര്‍ നടന്റെ പ്രേതത്തിന്റെ പ്രകടനം കണ്ടിട്ടുണ്ടായിരിക്കണം.

വാലന്റിനോ ഒരു ഡസനിലധികം സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ലോസ് ആഞ്ചലസിലുണ്ടായിരുന്ന നടന്റെ രണ്ട് ഭവനങ്ങളിലും നടന്റെ ആത്മാവിനെ കണ്ടവരുണ്ടെന്നാണ് പറയുന്നത്. ഈ വീടുകള്‍ പൊളിച്ചുകളഞ്ഞു. ഹോളിവുഡ് ഫോറെവര്‍ സെമിട്രിയിലാണ് നടനെ സംസ്‌കരിച്ചത്. അതിനെതിരെയുള്ള പാരമൗണ്ട് പിക്‌ചേഴ്‌സിന്റെ കോസ്റ്റ്യൂം ഡിപ്പാര്‍ട്ടുമെന്റിലും എല്‍ എ ഹോട്ടലുകളിലും ഒരല്പം അകലെയുള്ള നടന്‍ ഇടയ്ക്കിടെ വിശ്രമിച്ചിരുന്ന കടല്‍ തീരത്തും ആത്മാവിനെ കണ്ടതായി പലരും സാക്ഷ്യപ്പെടുത്തുന്നു.

1982 ലെ പോള്‍ട്ടെര്‍ ജിസ്റ്റ് പലരും മറന്നിട്ടുണ്ടാവില്ല. പ്രേതബാധിതയായ പെണ്‍കുട്ടിയെയും ആരും മറക്കുകയില്ല. പ്രധാന കഥാപാത്രങ്ങളായി എത്തിയ രണ്ട് പെണ്‍കുട്ടികളും അകാലത്തില്‍ മരിച്ചു. ജ്യേഷ്ഠത്തി ഡൊമിനിക്ക് ഡണിനെ കാമുകന്‍ കൊലപ്പെടുത്തി. ചിത്രം റിലീസായതിന് തൊട്ടടുത്തായിരുന്നു സംഭവം. അനുജത്തിയായി അഭിനയിച്ച ഹെതര്‍ ഒ റൗര്‍കെ പന്ത്രണ്ടാമത്തെ വയസില്‍ സെപ്ടിക് ബാധമൂലം മരിച്ചു.

1955 ലെ റിബല്‍ വിതൗട്ട് എ കോസില്‍ അഭിനയിച്ച മൂന്ന് പേരും - ജെയിംസ് ഡീന്‍, സാല്‍ മിനെയോ, നതാലിവുഡ് അപകട മരണത്തില്‍ വേര്‍ പിരിഞ്ഞപ്പോള്‍ ഈ ചിത്രം മൂവര്‍ക്കും അവശകുനമായിരുന്നു എന്ന് ആരാധകര്‍ വിധിയെഴുതി.

അ ടൂക്ക് എന്ന കോമഡി ചിത്രം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ എല്ലാ താരങ്ങളും ജോണ്‍ ബെലൂഷി, സാം കിനിസണ്‍, ജോണ്‍ കാന്‍ഡി, ക്രിസ് ഫാര്‍ലി മരിച്ചു. ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. ബ്രാന്‍ഡന്‍ ലീ 28-ാം വയസില്‍ ചിത്രീകരണത്തിനിടയില്‍ (1994 ലെ ദ ക്രോ എന്ന ചിത്രം) മരിച്ചു. പിതാവ് , മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇതിഹാസ താരം ബ്രൂസ് ലീ 32 -ാം വയസില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നേരത്തെ മരിച്ചു.

1926 ല്‍ ഹാലോ വീന്‍ ദിനത്തില്‍ മരിക്കുന്നതിന് മുന്‍പ് മരണശേഷം താന്‍ ഭാര്യ ബെസ്സിനെ സന്ദര്‍ശിക്കുവാന്‍ വരുമെന്ന് മാസ്റ്റര്‍ മജീഷ്യന്‍ ഹാരി ഹൗഡിനി അവരോട് പറഞ്ഞിരുന്നു. ഇത് നടന്നില്ല. എന്നാല്‍ ഇരുവരും ജീവിച്ചിരുന്ന ലോറല്‍ കാനിയന് അടുത്തുള്ള സ്ഥലത്ത് അത്ഭൂതകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നതായി ചിലര്‍ പറയുന്നു.

മാന്‍ഷന്‍ എന്ന പേരിലുള്ള റിക്കാര്‍ഡിംഗ് സ്റ്റുഡിയോ ആണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. റിക്കാര്‍ഡിംഗിന് എത്തുന്ന സംഗീതജ്ഞര്‍ അവിടെ വിചിത്ര സംഭവങ്ങള്‍ നടക്കുന്നതായി പറയുന്നു.

ഈ വീട്ടില്‍ നിശ്ചയമായും പ്രേതങ്ങളുണ്ട്. പക്ഷെ അവര്‍ സൗഹൃദ സ്വഭാവക്കാരാണ്. റെഡ് ഹോട്ട് ചിലി പെപ്പേഴ്‌സിന്റെ ഗിറ്റാറിസ്റ്റ് ജോണ്‍ ഫ്രൂസിയാന്റേ പറഞ്ഞു.

നിഴല്‍ പോലെ ഒരു മനുഷ്യരൂപം പുല്‍ത്തകിടിയില്‍ നടക്കുന്നതായി കണ്ടവരുണ്ട്. തന്റെ ഭാര്യ ബെസ്സിന് നല്‍കിയ വാഗ്ദാനം പാലിക്കുവാന്‍ സന്ദര്‍ശനം നടത്തുന്ന ഹൗഡിനിയാണ് ഇത് എന്ന് വാദിക്കുന്നവരുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക