Image

മീടു; കേന്ദ്രമന്ത്രി എം.ജെ.അക്‌ബറിനോട്‌ നാട്ടിലേക്ക്‌ തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

Published on 11 October, 2018
 മീടു; കേന്ദ്രമന്ത്രി എം.ജെ.അക്‌ബറിനോട്‌ നാട്ടിലേക്ക്‌ തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍


ന്യൂദല്‍ഹി: ലൈംഗികാരോപണങ്ങളില്‍പ്പെട്ട വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബര്‍ രാജിവയ്‌ക്കുമെന്ന്‌ സൂചന. നൈജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രിയോട്‌ യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആവശ്യപ്പെട്ടു.

മീ ടൂ ക്യാംപെയിന്റെ ഭാഗമായി 7 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്‌ബറിനെതിരെ പീഡനശ്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ്‌ കേന്ദ്രത്തിന്റെ ഇടപെടല്‍.

ഇന്ത്യയില്‍ വ്യാപകമാകുന്ന മീ ടു ക്യാംപയിന്റെ ഭാഗമായി പത്രപ്രവര്‍ത്തക പ്രിയ രമണിയാണ്‌ എം.ജെ അക്‌ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ച്‌ രംഗത്തെത്തിയത്‌. പിന്നാലെ ആരോപണവുമായി കൂടുതല്‍ സ്‌ത്രീകള്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷവും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്‌ മന്ത്രി മേനക ഗാന്ധി ഉള്‍പ്പടെയുള്ളവരും അക്‌ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷം സര്‍ക്കാറിനെതിരെ ശക്തമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയതോടെയാണ്‌ വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ തയ്യാറായത്‌. വിശദീകരണം ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ്‌ സൂചന.

എം.ജെ. അക്‌ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്തു നടത്തിയ ലൈംഗികാതിക്രമ ആരോപണവുമായാണ്‌ മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയത്‌. ദേശീയ മാധ്യമത്തില്‍ 3 വര്‍ഷം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകയാണ്‌, 1997ല്‍ ആറുമാസക്കാലം തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്‌.

അക്‌ബറിന്റെ കണ്ണില്‍പ്പെട്ടാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു രക്ഷയില്ലാതിരുന്ന കാലമായിരുന്നു അതെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക