Image

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട്‌ എംടി കോടതിയിലേക്ക്‌

Published on 11 October, 2018
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട്‌ എംടി കോടതിയിലേക്ക്‌


കോഴിക്കോട്‌: രണ്ടാമൂഴം നോവലിനെ ആസ്‌പദമാക്കിയുള്ള സിനിമയില്‍നിന്ന്‌ രചയിതാവ്‌ എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട്‌ എം ടി കോടതിയെ സമീപിക്കും. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്‌ എം ടിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി രണ്ടാമൂഴം സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നത്‌.

നാലുവര്‍ഷം മുമ്പ്‌ ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.

ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്‌. പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്‌. ആയിരം കോടി രൂപ മുടക്കിയാണ്‌ സിനിമ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്‌.

തുടര്‍ന്ന്‌ ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ്‌ തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുന്നത്‌. മുന്‍കൂറായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എം ടി വ്യക്തമാക്കിയിട്ടുണ്ട്‌. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ്‌ എം ടി സംവിധായകന്‌ കൈമാറിയത്‌.

എന്നാല്‍ എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണമെന്നാണ്‌ ആഗ്രഹമെന്നും അതു താന്‍ നിറവേറ്റുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക