Image

ഹേലി ഇനി എന്തു ചെയ്യും? (ഏബ്രഹാം തോമസ്)

Published on 12 October, 2018
ഹേലി ഇനി എന്തു ചെയ്യും?  (ഏബ്രഹാം തോമസ്)
ന്യൂയോര്‍ക്ക് : പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ യു.എന്‍. അബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കിഹേലി രാജിവയ്ക്കുകയാണെന്നും 2018 ഡിസംബര്‍ 31ന് ശേഷം പദവിയില്‍ തുടരുകയില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ട്രമ്പിനെ ഈ വിവരം ഏതാണ്ട് 6 മാസം മുമ്പ് അറിയിച്ചിരുന്നുവെന്നും രഹസ്യവൃത്തങ്ങള്‍ പറയുന്നു.
53 കാരിയായ ഹേലി സൗത്ത് കരോലിനയില്‍ രണ്ട് തവണ ഗവര്‍ണ്ണറായിരുന്നു. 2016 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രമ്പിനെ പല കാര്യങ്ങളിലും വിമര്‍ശിച്ചിരുന്ന ഹേലിയെ തന്റെ ക്യാമ്പില്‍ ഉള്‍പ്പെടുത്തുക വഴി ട്രമ്പ് ഇരുവരും തമ്മിലുളഌബന്ധം മെച്ചപ്പെടുത്തിയതായി പലരും കരുതി. ട്രമ്പുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ പല ക്യാബിനറ്റ് അംഗങ്ങളും പിരിഞ്ഞുപോയി. പിരിച്ചു വിടുന്നതായി അറിയിക്കുന്ന പിങ്ക് സ്ലിപ്പുകള്‍ വൈറ്റ് ഹൗസില്‍ ധാരാളം തയ്യാറായി ഇരിപ്പുണ്ട് എന്നൊരു ഫലിതം പ്രചാരത്തിലുണ്ട്. രണ്ട് വര്‍ഷം തന്റെ പദവിയില്‍ തുടരുവാന്‍ ഹേലിക്ക് കഴിഞ്ഞത് വൈറ്റ് ഹൗസുമായുള്ള അകലം മൂലമാണെന്നും ചിലര്‍ വിശേഷിപ്പിച്ചിരുന്നു(വൈറ്റ് ഹൗസ് വാഷിംഗ്ടണ്‍ ഡിസിയിലും ഹേലിയുടെ ഓഫീസ് ന്യൂയോര്‍ക്കിലുമാണ്). ഹേലിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പിന്തുടര്‍ന്ന നയങ്ങളെകുറിച്ചും പൊതുവെ മതിപ്പാണ് ഉള്ളത്. പിരിഞ്ഞ് പോകാനുളള യഥാര്‍ത്ഥകാരണം വ്യക്തമല്ല. ഒരു പക്ഷെ ഒരിക്കലും പരസ്യമാക്കപ്പെട്ടു എന്നു വരില്ല. ഹേലിയുടെ പെരുമാറ്റത്തിലും പ്രഖ്യാപനങ്ങളിലും ഒരു ട്രമ്പിയന്‍ ഫ്‌ളെയര്‍ ദൃശ്യമായിരുന്നു.

ഹേലി ഇനി എന്ത് ചെയ്യും എന്ന് പല കഥകളും പ്രചരിക്കുന്നുണ്ട്. സൗത്ത് കരോലിന രാഷ്ട്രീയത്തില്‍ തിരികെ പ്രവേശിച്ച് വീണ്ടും ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. ശക്തമായ റിപ്പബ്ലിക്കന്‍ നേതാവായി ചിലര്‍ കരുതുന്ന ഹേലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാല്‍ 2020 ല്‍ ട്രമ്പ് വീണ്ടും മത്സരിച്ചാല്‍ താന്‍ മത്സരരംഗത്തുണ്ടാവില്ല എന്ന് ഇവര്‍ പറഞ്ഞു. തികച്ചും ബുദ്ധിപരമായ ഒരു പ്രഖ്യാപനമാണ് ഇത്. ട്രമ്പ് 2020 ല്‍ വീണ്ടും മത്സരിക്കുമെന്നത് ഉറപ്പാണ്. ട്രമ്പ് വീണ്ടും മത്സരിച്ചാല്‍ റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ വിജയിക്കുവാന്‍ തനിക്ക് കഴിയുകയില്ല എന്ന് ഹേലിക്കറിയാം.

ഹേലി ട്രമ്പ് ഭരണത്തില്‍ നിന്ന് വിടപറയുമ്പോള്‍ അവരുടെ സാമ്പത്തിക വിവരവെളിപ്പെടുത്തല്‍ അനുസരിച്ച് അവര്‍ക്ക് ഒരു മില്യന്‍ ഡോളറിന്റെ കടം ഉണ്ട്. കഴിഞ്ഞ വര്‍ഷം നിക്കിയും ഭര്‍ത്താവ് മൈക്കലും ഒരു റെന്റല്‍ പ്രോപ്പട്ടിയില്‍ നിക്ഷേപിക്കുവാനായി ഒരു മില്യന്‍ ഡോളര്‍ കടമെടുത്തിരുന്നു. നിക്കിയുടെ മാതാപിതാക്കളില്‍ നിന്ന് കടം വാങ്ങി ബാക്കിയുള്ള ഒരു വ്യാപാരസ്ഥാനപന വസ്തു നിക്കി- മൈക്കല്‍ ദമ്പതികള്‍ ഏറ്റെടുത്തു. ഇത് 2018 ജനുവരിയില്‍ ഇവര്‍ 1.2 മില്യന്‍ ഡോളറിന് വിറ്റു. 30 വര്‍ഷകാലാവധിയിലുള്ള മറ്റൊരു കടത്തിന് 2,5000 ഡോളര്‍ മുതല്‍ 5,00000 ഡോളര്‍ വരെ തിരിച്ചടയ്ക്കാനുണ്ട്.

2017 ല്‍ സൗത്ത് കരോലിന ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് 9,759 ഡോളര്‍ വരുമാനം ഉണ്ടായതായി ഇവര്‍ വെളിപ്പെടുത്തി. വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഒരു വാച്ച് ഡോഗ് ഗ്രൂപ്പ് നിക്കി ഹേലിക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഒരു സൗത്ത് കരോലിന വ്യവസായിയുടെ സ്വകാര്യ വിമാനങ്ങളില്‍ ഇവര്‍ യാത്ര ചെയ്തതായാണ് ആരോപണം സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്റ് എത്തിക്‌സ് എന്ന വാഷിംഗ്ടണ്‍ സംഘടന ഹേലി വിമാനയാത്രാ ചെലവ് കുറച്ച് കാണിച്ചു എന്നാരോപിച്ചു. നിക്കിയും ഭര്‍ത്താവ് മൈക്കലും ചേര്‍ന്ന് നടത്തിയ വിമാന യാത്രകള്‍ക്ക് 1,754 ഡോളറാണ് ചെലവ് എന്നാണ് ഇവര്‍ സാമ്പത്തിക വിവരങ്ങളില്‍ സമര്‍പ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ സ്വകാര്യ വിമാനത്തിലെ യാത്രയ്ക്ക് കുറഞ്ഞത് 24,000 ഡോളര്‍ ചെലവ് വരുമെന്ന് സംഘടന ആരോപിക്കുന്നു. ഗിബ്‌സ് ഇന്റര്‍ നാഷ്ണലിന്റേതാണ് വിമാനം. ഉടമ ജിമ്മി ഗിബ്‌സാണ്.

സൈമത്ത് മക്ക്‌സിക്കിന്റെ ആലീസ് മാനുഫാക്ചറിംഗ് കമ്പനിയുടെ വിമാനത്തില്‍ നടത്തിയ രണ്ട് യാത്രകളുടെ ചെലവുകളും ഹേലി വളരെ കുറച്ചു കാണിച്ചതായും  ആരോപണമുണ്ട്. കോക്‌സ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റും സിഇഓയുമായ മിക്കീ ജോണ്‍സണ്‍ ഹേലിയുടെ ദീര്‍ഘകാല സുഹൃത്താണ്. സൗത്ത് കരോലിന രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങി ചെല്ലുമ്പോള്‍ ഈ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി ഉയരും.

ഹേലി ഇനി എന്തു ചെയ്യും?  (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക