Image

ശബരിമല: ചീഫ് ജസ്റ്റീസ് പോകുന്ന പോക്കില്‍ മുഖം മിനുക്കിയതൊ? (ഷോളി കുമ്പിളുവേലി)

Published on 12 October, 2018
ശബരിമല: ചീഫ് ജസ്റ്റീസ് പോകുന്ന പോക്കില്‍ മുഖം മിനുക്കിയതൊ? (ഷോളി കുമ്പിളുവേലി)
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം', എന്നാലും ഒരു സംശയം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര, നഷ്ടപ്പെട്ട തന്റെ പ്രതിഛായ മിനുക്കുന്നതിന് വേണ്ടിയാണോ ശബരിമല സ്ത്രീ പ്രവേശനം ഉള്‍പ്പെടെ ചില സുപ്രധാന വിധികള്‍ വിരമിക്കുന്നതിന് തൊട്ടു മുമ്പ് നടത്തിയത്?

അങ്ങനെ സംശയിക്കുന്നതിനും ചില കാരണങ്ങള്‍ ഉണ്ട്. ഓര്‍മ്മയില്ലേ? ജസ്റ്റീസ് ചെല്ലമേശ്വര്‍ ഉള്‍പ്പെടെ നാലു സീനിയര്‍ സുപ്രീം കോടി ന്യായാധിപന്‍ന്മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍? ഏകപക്ഷീയവും, രാഷ്ട്രീയ വല്‍ക്കരിച്ചതുമായ ജസ്റ്റീസ് ദീപക് മിശ്രയുടെ ഇടപെടലുകളും നിലപാടുകളും കോടതിക്ക് അകത്തും പുറത്തും ചോദ്യം ചെയ്യപ്പെട്ടതും, ചീഫ് ജസ്റ്റീസ് എന്ന സമുന്നതമായ സ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കിയ വായനക്കാര്‍ മറന്നു കാണുവാന്‍ ഇടയില്ല!

കൂടാതെ പാര്‍ലമെന്റിലെ ഒന്‍പത് പാര്‍ട്ടികള്‍ ചേര്‍ന്ന്, ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിക്ക് നിവേദനം കൊടുത്തതും ഒക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തിന് തീരാകളങ്കം വരുത്തിയിരുന്നു! അങ്ങനെ മോശമായ പ്രതിഛായയില്‍ നിന്നും കര കയറാന്‍ വേണ്ടിയാണോ ചരിത്രവിധികള്‍ ആഴ്ചകള്‍ മുമ്പ് പുറപ്പെടുവിച്ചത്?

ആധാര്‍ സംബ്ബന്ധിച്ച വിധി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഫോണ്‍ വാങ്ങുന്നതിനോ, ലൈസന്‍സ് എടുക്കുന്നതിനോ ഒന്നും ഇനിമേല്‍ ആധാര്‍ വേണ്ടാ എന്ന വിധി, കേന്ദ്ര സര്‍ക്കാരിന് തന്നെ വലിയ തിരിച്ചടിയായിരുന്നു.
വിവാഹേതര ബന്ധങ്ങള്‍ സംബന്ധിച്ച വിധി: വിവാഹിതരായ പുരുഷനും സ്ത്രീയും പരസ്പരസമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധങ്ങള്‍ ഇനി മുതല്‍ നിയമവിധേയമാണ്.

കോടതി വിധി 'ലൈവ്' ആയി കാണിക്കുന്നതിനുള്ള അനുമതി: വ്യക്തിപരമല്ലാത്ത കേസുകളിലെ വാദപ്രതിവാദങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അനുമതി! ഇതിന്റെ എല്ലാം പുറമേ ശബരിമല സ്ത്രീ പ്രവേശനാനുമതിയും! പത്തിനും അമ്പതിനും ഇടക്കു പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമല കയറാമെന്നും, സ്ത്രീകളും പുരുഷന്മാരും തുല്യരുമാണെന്ന പ്രശ്സ്തമായ വിധി- ഈ വിധികളെല്ലാം ജ.ദീപക് മിശ്രയുടെ തലയിലെ പൊന്‍തൂവലുകളായി മാറി ഇതെല്ലാം അദ്ദേഹം ചെയര്‍മാനായ അഞ്ച് അംഗ ഭരണഘടനാ ബഞ്ച്, ദീപക് മിശ്രയുടെ മുഖം നന്നാക്കുന്നതിനു വേണ്ടി അറിഞ്ഞുകൊണ്ട് എടുത്തതാണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ കുറ്റം പറയുവാന്‍ പറ്റുമോ?

ശബരിമല കേസ് വാദം നടക്കുമ്പോള്‍  അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പറായ അജയ് തറയില്‍ സുപ്രീം കോടതിയില്‍ നേരിട്ട് കണ്ട കാഴ്ച കഴിഞ്ഞ ദിവസം ഒരു ചാനലില്‍ പറയുകയുണ്ടായി. വിസ്താരത്തിന്റെ ഇടയില്‍, പലപ്പോഴും ജ. ദീപക് മിശ്ര ദേവസം ബോര്‍ഡ് വക്കീലിന്റെ വാദങ്ങളില്‍ പരിഹാസപൂര്‍വ്വം കമന്റുകള്‍ പറയുമായിരുന്നു. ഒരു വേള ആ ബ്ഞ്ചില്‍ അംഗമായിരുന്ന ഏക അന്യ മതസ്ഥനുമായ ജസ്റ്റീസ് കുര്യന്‍ ജോസഫ്, ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലായെന്നും, പുരുഷന്മാര്‍ മലക്കു പോകുവാന്‍  വ്രതമെടുത്തുകഴിഞ്ഞാല്‍, സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ ഞങ്ങളുടെ ഒക്കെ വീടുകളില്‍ ആണ് അന്തിയുറങ്ങാറുള്ളതെന്നുമെല്ലാം പറഞ്ഞു മനസിലാക്കാന്‍ നോക്കി.

എന്നാല്‍ പിന്നീട് ജസ്റ്റീസ് കുര്യന്‍ ജോസഫിനെ അഞ്ച് അംഗഭരണഘടനാ ബഞ്ചില്‍ നിന്നും ജ.ദീപക് മിശ്ര മാറ്റുകയാണ് ചെയ്തത്.
അപ്പോള്‍ എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ജ.ദീപക് മിശ്ര അറിഞ്ഞുകൊണ്ടു തന്ന പണിയാണ് 'ശബരിമല' വിധി! പക്ഷെ ശരിക്കും പെട്ടു പോയത് കേരളാ സര്‍ക്കാരും, മുഖ്യമന്ത്രി പിണറായി വിജയനുമാണ്. വിധി വന്നപ്പോള്‍ കൈ അടിച്ച് സ്വാഗതം ചെയ്ത കോണ്‍ഗ്രസും ബി.ജെ.പി.യും, നേരം ഇരുണ്ട് വെളുത്ത- റോഡിലിറങ്ങി, സമരവും സത്യാഗ്രവും, പോരാത്തതിന് പോര്‍ വിളിയും നടത്തി. കേരളത്തിന്റെ തെരുവുകളെ പ്രക്ഷുബ്ധമാക്കുന്നു.
മഹാ പ്രളയം വന്നപ്പോള്‍ നമ്മള്‍ പ്രകടിപ്പിച്ച സ്നേഹവും, ഒരുമയും എല്ലാംനഷ്ടമായി. ദുരിതത്തില്‍ നിന്നും മോചിതരാകാത്ത ആയിരക്കണക്കിന് മനുഷ്യര്‍ ഇന്നും ഉണ്ട്. അവര്‍ക്ക് വീടും, നഷ്ടപ്പെട്ട ഉപജീവന മാര്‍ഗങ്ങളും തിരികെ നല്‍കാന്‍ കേരള സര്‍ക്കാര്‍ കഠിന പ്രയത്നം നടത്തി വരികയാണ്.

അതിനെ എല്ലാം പുറകോട്ട് അടിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. സ്വാമി വിവേകാനന്ദന്‍ പണ്ട് പറഞ്ഞതു പോലെ, ഒരു ഭ്രാന്താലയമായി, നമ്മുടെ സുന്ദരമായ കൊച്ചു കേരളത്തെ മാറ്റാതിരിക്കാന്‍ എല്ലാ രാഷ്്ട്രീയ പാര്‍ട്ടികളും പരിശ്രമിക്കണം. എല്ലാവരേയും അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ.
ഷോളി കുമ്പിളുവേലി 
Join WhatsApp News
James Rockland 2018-10-12 15:11:57
താൽപ്പര്യം ഉള്ളവർ മല കയറട്ടെ ! വിവാദം ഉണ്ടാക്കാൻ മാത്രമായി ആരും അങ്ങോട്ട് പോകേണ്ട ! ഇപ്പോൾ നടക്കുന്ന ബഹളങ്ങൾ വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ! ബിജെപി യുടേയും കോൺഗ്രെസ്സിന്റെയും കേന്ദ്ര നേതൃത്വം ശബരിമല വിധിക്കു അനുകൂലമാണ് !
ഇവിടെ പിണറായിക്കു ഒരു കൊട്ട് കൊടുക്കാമെന്ന
പ്രതിസക്ഷയിലാണ് ഇവരെല്ലാം !!!
സ്വാമി ശരണം !!! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക