Image

മലയാള സിനിമയ്ക്ക് വഴിയിടറുന്നത് എവിടെ?

Published on 04 April, 2012
മലയാള സിനിമയ്ക്ക് വഴിയിടറുന്നത് എവിടെ?
ചുറ്റുവട്ടം - ശ്രീപാര്‍വതി

മലയാള സിനിമ വഴിയരികില്‍ നിന്ന് ഒരുപാട് ദൂരം മുന്നോട്ടു പോയി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടിരുന്ന തിരക്കഥാ ദാരിദ്ര്യവും, നല്ല സംവിധായകരുടെ അഭാവവും മറി കടക്കാന്‍ ഇത്തവണ മലയാള സിനിമയ്ക്ക് കഴിഞ്ഞു എന്ന് അതിന്‍റെ പ്രവര്‍ത്തകര്‍ക്ക് അഭിമാനത്തോടെ പറയാം.

എല്ലാം കൊണ്ടും കഴിഞ്ഞ വര്‍ഷം അവസാനം ഇറങ്ങിയ ട്രാഫിക്ക് ഒരു മാറ്റമായിരുന്നു. പുതുമുഖ സംവിധായകനായ രാജേഷ് പിള്ള കൊണ്ടു വന്ന ട്രെന്‍ഡ്, തീര്‍ച്ചയായും നമ്മുടെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ്, സ്വീകരിച്ചത്. തുടര്‍ന്ന് മേല്‍വിലാസം, ചാപ്പാ കുരിശ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇന്ത്യന്‍ റുപ്പീ, പ്രണയം, ബ്യൂട്ടിഫുള്‍, ഇപ്പോഴിതാ.., നിദ്ര, ഈ അടുത്ത കാലത്ത്, ഓര്‍ഡിനറി, എന്നിങ്ങനെ സിനിമകള്‍ നീളുന്നു. ഇതില്‍ പകുതിയും പുതുമുഖങ്ങളായ സംവിധായകരുടേതാണ്. കഴിവുള്ള നിരവധി ചെറുപ്പക്കാര്‍ ഇവിടെയുണ്ട് എന്നു തെളിയിക്കുന്നതാണ്, ഇവയുടേ എല്ലാം വിജയം.

പക്ഷേ കഥ നന്നെങ്കിലും, അവതരണം മികച്ചതെങ്കിലും ഈ സിനിമകള്‍ക്ക് തീയറ്റര്‍ അധികൃതര്‍ നല്‍കുന്ന മൂല്യം എന്താണ്? ഇതില്‍ പല സിനിമകളും രണ്ടാഴ്ച്ച തികച്ച് ഓടാതെ തീയറ്റര്‍ വിട്ട ചിത്രങ്ങളാണ്.

അടുത്ത കാലത്ത് ഈ അവഗണയക്ക് നിന്നു കൊടുക്കേണ്ടി വന്ന നല്ല രണ്ടു ചിത്രങ്ങളാണ്, സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത "നിദ്ര"യും, അരുണ്‍ കുമാര്‍ അരവിന്ദിന്‍റെ "ഈ അടുത്ത കാലത്ത്"ഉം. വളരെ മനോഹരവും വ്യത്യസ്തവുമാര്‍ന്ന കഥകളും അവതരണ രീതിയും കൊണ്ട് നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ രണ്ടു ചിത്രങ്ങളും തീയറ്ററുകളില്‍ ഓടിയത് വെറും രണ്ടാഴ്ച്ച. എന്തു കൊണ്ടാണ്, ഇത്ര പെട്ടെന്ന് സിനിമകള്‍ മാറ്റിയത്, എന്ന് ചോദ്യത്തിന്, പ്രതീക്ഷിച്ച ആള്‍ വന്നില്ല എന്നാണ്, തീയറ്റര്‍ ഉടമകളുടെ മറുപടിയെങ്കിലും പുറകേ വന്ന തമിഴ് സിനിമകളൂടേയും ഹിന്ദി സിനിമകളൂടേയും കളക്ഷന്‍ ആണ്, കാരണമെന്ന് പരസ്യമായ രഹസ്യം.

നിദ്ര അന്തരിച്ച സംവിധായകന്‍ ഭരതന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ചിത്രമാണ്. എന്നാല്‍ അത് അദ്ദേഹത്തിന്‍റെ മകന്‍ സിദ്ധാര്‍ത്ഥ് നവകാലത്തിന്‍റെ കാഴ്ച്ചകളുമായി ബന്ധിപ്പിച്ചാണ്, റീമേക്ക് ചെയ്തത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒറിജിനല്‍ സിനിമയേക്കാള്‍ നന്നായി തന്നെ സിദ്ധാര്‍ത്ഥ് "നിദ്ര"ഒരുക്കി. ഇതു വരെ ഇറങ്ങിയിട്ടുള്ള റീമേക്ക് സിനിമകളെല്ലാം തന്നെ, രതി എന്ന വികാരത്തെ പഴയ സിനിമയില്‍ നിന്ന് എടുത്തിയര്‍ത്തി പൊലിപ്പിച്ചു കാണിച്ചപ്പോള്‍ നിദ്ര, പ്രണയം എന്ന വികാരത്ത്നാണ്, കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

സന്തൊഷ് പണ്ടിറ്റിന്‍റെ"കൃഷ്ണനും രാധയും" ഇവിടെ ഇറങ്ങിയപ്പോള്‍ മലയാളിയ്ക്ക് പരാതിയോട് പരാതിയായിരുന്നു. മലയാള സിനിമയുടെ അധ:പതനം, നല്ല കഥയില്ല, എന്നിങ്ങനെ വായില്‍ കൊള്ളാത്ത പല വാക്കുകളും പലരും എടുത്തിട്ട് അലക്കി. പക്ഷേ അതേ കൃഷ്ണനും രാധയും സപ്പോര്‍ട്ട് ചെയ്തവര്‍ എന്തു കൊണ്ട് നല്ല കഥയുമായി ഇറങ്ങുന്ന, പുതുമയുള്ള സംവിധാന മികവുമായി ഇറങ്ങുന്ന ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് മനസ്സിലാകുന്നില്ല.

ഒരു ചാനല്‍ ഡിസ്കഷനില്‍ ഫിലിം എക്സിബിറ്റേഴ്സ് ഭാരവാഹി പ്രസംഗിക്കുന്നതു കണ്ടു, നല്ല കഥയുള്ള സിനിമയാനെങ്കില്‍ കാണാനും ആളുണ്ടാകുമെന്ന്, പക്ഷേ ഇവിടെ ചോദ്യം, മുത്ത് പബ്ലിസിറ്റി പോലും കിട്ടുന്നതിനു മുന്‍പേ ഒരു സിനിമ തീയറ്ററില്‍ നിന്ന് മാറ്റനമെങ്കില്‍ അതില്‍ മലയാള സിനിമയെ നശിപ്പിക്കാനുള്ള കപട തന്ത്രമല്ലേ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാറ്റ് സര്‍ക്കാര്‍ മലയാള സിനിമകളെ അവഗണിച്ചപ്പോഴും നമ്മുടെ തീയറ്ററുകളില്‍ നിറഞ്ഞോടിയിരുന്നത് തമിഴ് സിനിമ തന്നെ. ഇതിനെതിരേ ആര്‍ക്കാണ്, പ്രതികരിക്കന്‍ ധൈര്യം? വ്യാജസീഡി ഇരങ്ങുന്നതോ, ഇന്‍റര്‍നെറ്റില്‍ സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭിയ്ക്കുന്നതോ ഒന്നുമല്ല മലയാല സിനിമയെ തളര്‍ത്തുന്നത്. നല്ല കാമ്പുള്ള സിനിമകളെ അവഗണിക്കുന്ന തീയറ്ററുകള്‍ തന്നെയാണ്.

പിന്നെ മലയാളി പ്രേക്ഷകരോട്, മനോഹരമായ ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുമ്പോഴും ഗ്ലാമറിനും, തല്ലിക്കൂട്ട് ചിത്രങ്ങള്‍ക്കും പുറകേ കാശു ചിലവാക്കുന്ന നിങ്ങള്‍ മുറ്റത്തെ മുല്ലയുടെ സുഗന്ധം എപ്പോഴാണ്, മനസ്സിലാക്കുക?

അത് തിരിച്ചറിയാതെ എന്തു വൃത്തികേടുകളും കാണിക്കുന്ന സിനിമയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ന്നിങ്ങള്‍ ചെയ്യുന്നത് ആത്മവഞ്ചനയാണ്.
http://mangalam.com/index.php?page=detail&nid=564983&lang=malayalam
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക